ഈ എഴുത്തുപുരയില്‍..

31 May 2019

റമളാൻ: ഖുർആൻ അവതീർണ മാസം

വ്രതമാസത്തിലെ ധന്യമായ ദിനരാത്രങ്ങൾ കടന്നു പോകുകയാണ്. എണ്ണമറ്റ പുണ്യങ്ങൾ ഉൾച്ചേർന്ന അനുഷ്ഠാന ചര്യയുടെ ആന്തരാർഥങ്ങളിലേയ്ക്ക് സഞ്ചരിക്കുമ്പോൾ സുപ്രധാനമായൊരു കാമ്പ് വിശ്വാസിയുടെ മനതലങ്ങളിലേയ്ക്ക് വിരുന്നെത്തണം. മാനവ സമൂഹത്തിന്റെ മാർഗദർശനത്തിനായി സ്രഷ്ടാവ് സംവിധാനിച്ചൊരുക്കിയ വിശുദ്ധ ഗ്രന്ഥത്തിന്റെ അവതീർണ വാർഷികം; അതാണ് റമളാൻ.

നബി തങ്ങൾ അരുളി:
''ആര് ഭക്ഷണമുണ്ടാക്കിയാലും
മറ്റുള്ളവർ അത് കഴിക്കാൻ തൃപ്തിപ്പെടും വിധം
അല്ലാഹുവിന്റെ
(ആത്മീയ) ഭക്ഷണമാണ് ഖുർആൻ.
അത് കഴിക്കണം (പാരായണം ചെയ്യണം) അതിൽ ഉപേക്ഷ കാണിക്കരുത്.
[ബൈഹഖി ] മറ്റൊരു വേളയിൽ പ്രവാചകർ ഉപമിച്ചത് ഇങ്ങനെയാണ്:
"ഇരുമ്പിൽ വെള്ളം എത്തുമ്പോൾ തുരുമ്പിക്കും പോലെ ഹൃദയങ്ങൾ തുരുമ്പിക്കും. എങ്ങനെയാണ് ആ തുരുമ്പ്  മായ്ച്ചുകളയുക ?
മരണ ചിന്തയും
ഖുർആൻ പാരായണവും വർധിപ്പിക്കുക എന്നതാണ് അതിന് പരിഹാരമായി പ്രവാചകൻ നിർദേശിച്ചത്.
ആർക്കങ്കിലും തന്റെ റബ്ബിനോട് സംഭാഷണം നടത്താൻ

താൽപര്യമുണ്ടങ്കിൽ അവൻ
ഖുർആൻ പാരായണം ചെയ്യട്ടെയെന്നായിരുന്നു തിരുമൊഴി.
[ ദൈലമി ]

ഖുർആന്റെ ശ്രേഷ്ഠതയും പാരായണത്തിലൂടെ കരഗതമാകുന്ന സുകൃതങ്ങളും വിവരണാതീതമാണ്. ലോകനാഥൻ വിവിധ ജനവിഭാഗങ്ങൾക്കായി അവതരിപ്പിക്കുകയും അവയുടെ സാധുതകൾ  സമയബന്ധിതമായി പിൻവലിക്കുകയും ചെയ്ത പൂർവ ഗ്രന്ഥങ്ങളെ മുഴുവൻ ഉൾക്കൊണ്ടു കൊണ്ടു തന്നെ കാലാതീതമായ രൂപത്തിൽ  ഇറക്കിയ വിശുദ്ധ ഖുർആൻ, വിശ്വാസി സമൂഹത്തേക്കാൾ ഭൗതികതലത്തിൽ ഉപയോഗപ്പെടുത്തിയത് ബൗദ്ധിക ലോകത്തെ വിശാരദന്മാരാണ് ! ശാസ്ത്രലോകത്തെ ഗവേഷണകുതുകികൾ ഖുർആൻ സൂചനകൾ വച്ചു നോക്കി ആധുനികതയുടെ അടിത്തറയുള്ള പുതു ലോകം പണിതുയർത്തി എന്നു പറഞ്ഞാൽ അതിൽ അതിശയോക്തിക്കു വകയില്ല.

ഭൗതികവും ആധ്യാത്മികവുമായ നേട്ടങ്ങൾക്കു പിൻബലമേകുന്ന ഒരു വേദഗ്രന്ഥം മാനവ സമൂഹത്തിനു മുന്നിൽ മലർക്കെ തുറന്നു കിടക്കുമ്പോഴും അതിനെ യഥോചിതം മനസ്സിലാക്കാൻ സ്വീകൃത സമുദായം വൈകിപ്പോയി എന്നത് സങ്കടകരമാണ്.

ഖുർആൻ പുണ്യത്തിന് ബലമേകുന്ന ഏതാനും തിരുമൊഴികളും ഇലാഹീ വചനങ്ങളും ഇവിടെ കുറിക്കുന്നത് ഉചിതമാകുമെന്ന് വിചാരപ്പെടട്ടെ..

"എന്റെ ഉമ്മത്തിന്റെ ശ്രേഷ്ഠമായ ആരാധന ഖുർആൻ പാരായണമാ ണ് " [ ദൈലമി]

"ഖുർആൻ ഓതാൻ എന്നോട് കൽപ്പിക്കപ്പെട്ടു." 
[ സൂറത്തുന്നംല്]

"താങ്കൾ ഖുർആൻ പാരായണം ചെയ്യുകയാണങ്കിൽ ശപിക്കപ്പെട്ട പിശാചിൽ നിന്ന്
അല്ലാഹുവോട് ശരണം തേടുക ''.
[സുറത്തുന്നഹ്ല്ല് ]
"ഖുർആൻ സാവകാശത്തിൽ പാരായണം ചെയ്യുക "
[സുറത്തുൽ മുസമ്മിൽ]
"ഖുർആൻ നിങ്ങൾ പാരായണം ചെയ്യുക. തീർച്ച;
അന്ത്യ നാളിൽ പരായണം ചെയ്തവർക്ക് വിശുദ്ധ ഗ്രന്ഥം ശിപാർശകനായി വരും"
[മുസ്ലിം ]

"നിങ്ങളിൽ ഏറ്റവും ഉത്തമർ
ഖുർആൻ പഠിക്കുന്നവരും
പഠിപ്പിക്കുന്നവരുമാകുന്നു ''
[ബുഖാരി ]

ആയിശ ബീവി സാക്ഷ്യപ്പെടുത്തിയ ഒരു പ്രവാചക മൊഴി ഇങ്ങനെയാണ്:
"നല്ലത് പോലെ പഠിച്ച് മനസ്സിലാക്കിയ  ഒരു മാഹിർ
ഖുർആൻ പാരായണം ചെയ്യുന്നുവെങ്കിൽ അവൻ
'അസ്സഫറത്തിൽ കിറാമിൽ ബറ-റത്തി' എന്ന പ്രത്യേകക്കാരുടെ കൂട്ടത്തിൽ ഉൾപ്പെടും.
മറ്റൊരാൾക്ക് നല്ലത് പോലെ ഓതാൻ അറിയില്ല; എങ്കിലും
വളരെ പ്രയാസപ്പെട്ട്  തെറ്റ് വരാതെ ശ്രദ്ധിച്ച് തപ്പിത്തടഞ്ഞ്
ഓതിയാൽ അദ്ദേഹത്തിന് രണ്ട് കൂലി നൽകപ്പെടും"
[ഒന്ന്: പാരായണ പ്രതിഫലം. രണ്ട്: അതിന് വേണ്ടി കഷ്ടപ്പെട്ട കൂലി ]

അല്ലാഹുവിന്റെ പള്ളികളിൽ
ഖുർആൻ പാരായണം ചെയ്യുകയും അത് ദർസ് നടത്തുകയും ചെയ്യുന്ന ഏതൊരു ജനതയിലും
ശാന്തി സമാധാനം ഇറക്കപ്പെടുമെന്നും
അനുഗ്രഹങ്ങൾ പൊതിയപ്പെടുമെന്നും മാലാഖമാരുടെ സാന്നിധ്യവും. സംരക്ഷണവും കൊണ്ട് വലയംനൽകപ്പെടുമെന്നും 
അല്ലാഹുവിന്റെ സാമീപ്യമുള്ളവരുടെ (മലക്കുകൾ, പുണ്യാത്മാക്കൾ) സാന്നിധ്യത്തിൽ അവർ സ്മരിക്കപ്പെടുമെന്നും പ്രവാചക മൊഴികളിൽ കാണാം!
[മുസ്ലിം]

പ്രിയപ്പെട്ട സത്യവിശ്വാസികളെ, നമുക്ക് അല്ലാഹു നൽകിയ പുണ്യമാസമാണ്  ജീവിതത്തിലൂടെ കടന്നുപോകുന്നത്. 

ഒരോ സുകൃത നിമിഷങ്ങൾക്കും എഴുപത് ഇരട്ടിയുടെ പ്രതിഫലമുള്ള പകലിരവുകൾ!
ഒരു സുബ്ഹി നിസ്ക്കരിച്ചാൽ 70 സുബ്ഹി
നിസ്ക്കരിച്ച പ്രതിഫലം! 
രണ്ട് റക്അത്ത് തറാവീഹ് നിസ്ക്കരിച്ചാൽ ഒരു ഫർള് നിസ്ക്കരിച്ച പ്രതിഫലം..!
അഥവാ  ഒരു ഫർളിന് 70 ഫർളിന്റെയും ഒരു സുന്നതിന് ഒരു ഫർളിന്റെയും ശ്രേഷ്ഠതകൾ!
ഈ ഉമ്മത്തിന് മാത്രം സൗഭാഗ്യമായി സർവ്വാധിപൻ സമ്മാനിച്ച ആനുകൂല്യങ്ങളുടെ കലവറയാണിത്. നമ്മുടെ സ്നേഹ പാത്രമായ മുഹമ്മദ് നബി (സ)യെ കൊണ്ട് കിട്ടിയ ബഹുമതി!
കൂടാതെ ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിച്ച് 
കാത്തിരിപ്പിന്‌ സഫല പൂർണതയുണ്ടായാൽ
1000 മാസത്തെ പുണ്യം പുണരാനുമാകും! 

83 വർഷവും 4 മാസവും നാം നിസ്ക്കരിച്ചതും നോമ്പനുഷ്ഠിച്ചതും ദിക്ക്റ്സ്വലാത്തുകൾ ചൊല്ലിയതും ഖുർആൻ പാരായണം നിർവഹിച്ചതും ദാനധർമങ്ങൾ ചെയ്തതും നല്ല വാക്ക് പറഞ്ഞതും സർവ നന്മകളും
വാരിക്കൂട്ടിയ
പ്രതിഫലത്തിന്  ആയിരം മാസം അർഹനാകുന്ന മഹാരാവ്!

അതെ, മുകളിൽ പരാമർശിച്ച 
ആയത്തുകളുടെയും ഹദീസുകളുടെയും ആശയങ്ങൾ നിങ്ങൾ ഗ്രഹിച്ചുവല്ലോ?
ഖുർആൻ അവതരിക്കപ്പെട്ടു എന്നതാണ് റമളാൻ എന്ന ഈ മാസം ഇത്രക്കും വിലപ്പെട്ടതെന്നു ചുരുക്കം.
ആ ഖുർആൻ ഓതിയാൽ
കിട്ടുന്ന പ്രതിഫലം; അതനുസരിച്ച് പണ്ഡിതന്മാർ പറഞ്ഞ നിയമങ്ങൾ പിൻപറ്റി ജീവിച്ചാൽ ലഭിക്കുന്ന പ്രതിഫലം
നൂറുമേനി മികച്ചതാകും. അങ്ങനെ പുണ്യാത്മാവായി സ്വർഗ പ്രവേശം സാധ്യമാക്കാം. അല്ലാഹുമ്മ യാഅല്ലാഹ്! അസ്അലുക്കൽ ജന്ന: വ അഊദുബിക മിന ന്നാർ .. യാ റബ്ബൽ ആലമീൻ!
..........................................................

( സയ്യിദ് സൈനുദ്ദീൻ തങ്ങൾ അൽ ബുഖാരി [കുരിക്കുഴി തങ്ങൾ ] എഡിറ്റ് ചെയ്യാനായി അയച്ചു തന്ന കുറിപ്പ് ചിട്ടപ്പെടുത്തി, 'സിറാജ് ' തൃശൂർ ജില്ലാ എഡിഷനിൽ പ്രസിദ്ദീകരിച്ചത്) 

ഭാഗ്യത്തിന്റെ ഭാഗധേയം നിർവഹിച്ച് കുഞ്ഞി ബാവഹാജി വിടവാങ്ങുമ്പോൾ..

തീർഥാടക മനസുകളെ ഹൃദയത്തിലേറ്റി, ഹജ് സേവനത്തിൽ നിസ്തുല മാതൃക തീർത്തു കൊണ്ടാണ് അത്തക്ക വീട്ടിൽ കുഞ്ഞി ബാവ ഹാജി വിശ്വാസി ഹൃദയങ്ങളിൽ വിതുമ്പുന്ന ഓർമയാകുന്നത്.

ജീവിത സായന്തനം ഹാജിമാർക്കായി സമർപ്പിച്ച സേവനത്തിന്റെ ആ സൽസ്വരൂപം ഇന്നലെ (21ശനി ) പൊന്നാനിയിലെ   സ്വവസതിയിൽ വെച്ച് ചരിത്രത്തിലേയ്ക്ക് കുഴഞ്ഞു വീഴുമ്പോൾ ആ ആകസ്മിക വിയോഗം അനേകം മനസ്സുകൾക്ക് താങ്ങാനാവാത്ത വേദന ബാക്കിയാക്കുന്നു..

ഈ വർഷത്തെ ഹജ് യാത്രയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് സേവന പ്രവർത്തനങ്ങളിൽ വ്യാപൃതനായി നാടു മുഴുവൻ ഓടി നടന്ന ബാവഹാജിയുടെ വിടവാങ്ങൽ.

റെയിൽവേയിൽ ന്യായാധിപനായിരിക്കേ, ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ച ശേഷം അദ്ദേഹം സംസ്ഥാന സർക്കാറിന്റെ ഹജ് വളണ്ടിയറായി ദീർഘകാലം പ്രവർത്തിച്ചു. 

ഈ രംഗത്ത് അർപ്പിച്ച സംഭാവനകൾ അക്ഷരങ്ങൾക്കതീതമായി വിശ്വാസികൾക്ക്; വിശിഷ്യാ തീർഥാടക സഹസ്രങ്ങൾക്ക് അനുഭവേദ്യമായിട്ടുണ്ട്! 

സാമ്പത്തിക ലക്ഷ്യങ്ങളില്ലാതെ 
സ്വകാര്യ യാത്രാ സംഘങ്ങൾക്കു കൂടി സേവനങ്ങൾ ചെയ്ത സ്മര്യ പുരുഷൻ, അനേകം പേരുടെ ഹജ് തീർഥാടനം അർഥപൂർണമാക്കുന്നതിൽ ഭാഗ്യപൂർണമായ ഭാഗധേയം നിർവഹിച്ചു കൊണ്ടാണ് സർവാധിപന്റെ സവിധത്തിലേയ്ക്ക് മടങ്ങുന്നത്.

പന്താവൂർ ഇർശാദ്, നടുവട്ടം നന്മ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ കാലങ്ങളിൽ സംഘടിപ്പിച്ച ഹജ് ക്യാമ്പുകൾക്ക് നേതൃപരമായും നിർദേശപരമായും സഹായങ്ങൾ ചെയ്തു തന്ന ബാവഹാജി, അവ വിശ്വാസി സമൂഹത്തിന് സർവ സ്വീകാര്യമാക്കുന്നതിൽ സ്നേഹ സാമീപ്യമായി നിലകൊണ്ടു.

അദ്ദേഹത്തിന്റെ ഉദാത്ത മാതൃക മുൻനിർത്തി നടുവട്ടം 'നന്മ' 2017 മെയ് 10ന് ബാവഹാജിയെ ഉപഹാരം നൽകി ആദരിച്ചിരുന്നു.

കേരള ഹജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയിൽ നിന്നാണ് നന്മയുടെ ആദരവ് അദ്ദേഹം ഏറ്റുവാങ്ങിയത്.

ഈ ആദരവിനേക്കാൾ തീർത്തും അനശ്വരമാകട്ടെ, അല്ലാഹുവിന്റെ അതിഥികൾക്കായി ആദരവിന്റെയും സ്നേഹത്തിന്റെയും പരിപാലനങ്ങളുടെയും സേവനങ്ങളുടെ പൂർണ മുഖ- ഹൃദയങ്ങൾ തുറന്നിട്ട് ജീവിതം തീർത്ത കുഞ്ഞിബാവഹാജിയുടെ ബർസഖീ ജീവിതം എന്ന് പ്രാർഥിക്കുന്നു..

29 May 2019

ഈ വായന പോലും ഒരു സാന്ത്വനമാണ്..

ഈ ശീർഷകം അങ്ങയെ ആകർഷിപ്പിച്ചുവെങ്കിൽ കരുണാർദ്രമായ ഒരു മനസ്സുടമ തന്നെയായിരിക്കും താങ്കൾ!

കാരണം, ഈ വായന പോലും ഒരു സാന്ത്വനമായി അനുഭവപ്പെടുന്ന ഒരു സംരംഭത്തിന്റെ കാര്യം കേൾക്കാൻ താങ്കൾ സമയം കണ്ടുവല്ലോ.!

രോഗങ്ങൾ കൊണ്ട് പൊറുതിമുട്ടിയും ചികിത്സിക്കാൻ പണമില്ലാതെയും ഞ്ഞെരുങ്ങിക്കഴിയുന്ന ഒരു കൂട്ടം നിരാലംബർക്ക് ആരോഗ്യ ജീവിതം പ്രധാനം ചെയ്യുന്ന എടപ്പാൾ സാന്ത്വനം മെഡിക്കൽ സെന്ററിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. നടുവട്ടത്തിനു സമീപം സ്റ്റേറ്റ് ഹൈവേയിൽ 'കണ്ണംചിറ'യിൽ പ്രവർത്തിച്ചു വരുന്ന സാന്ത്വനം മെഡിക്കൽ സെന്റർ ജനസേവനത്തിന്റെ മൂന്നാം വർഷത്തിലേയ്ക്ക് പ്രവേശിക്കുകയാണ്.

ഒരു എംബിബിഎസ് ഡോക്ടറും ഒരു മെഡിക്കൽ സ്റ്റോറുമായി ഈ കേന്ദ്രം 2017 ലാണ് പ്രവർത്തനം തുടങ്ങിയത്. 'ജനസേവനം' എന്ന ലക്ഷ്യത്തിലൂന്നി മുന്നോട്ടുവച്ച പ്രവർത്തന പാദങ്ങൾ ഈ ആരോഗ്യ കേന്ദ്രത്തെ സാമൂഹ്യ പരിപാലനവഴിയിൽ അനുകരണീയ സ്ഥാപനമാക്കി വളർത്തിക്കൊണ്ടുവരികയാണ്.

പൂർണ സൗജന്യത്തോടും അല്ലാതെയും ചികിത്സാ പരിശോധന നടത്തി അസുഖബാധിതനെ അൽഭുതപ്പെടുത്തുകയും ശമനം വരുത്തുകയും ചെയ്തു സാന്ത്വനം മെഡിക്കൽ സെന്റർ!

ദന്തരോഗങ്ങൾ സാർവത്രികമാവുകയും  ചികിത്സാ ചൂഷണങ്ങൾ അതോടൊപ്പം നടമാടുകയും ചെയ്തeപ്പാൾ പാവപ്പെട്ടവർക്ക് രോഗം മാറ്റി മന്ദഹസിക്കാൻ സാന്ത്വനം സെന്റർ 'ഡന്റൽ വിഭാഗം' തുറന്നു. സ്ഥാപനത്തിന്റെ ഒന്നാം വാർഷികത്തിൽ ആരംഭിച്ച ഈ ഡന്റൽ സെൻറർ, സമാനസ്വഭാവത്തോടെ പ്രവർത്തിക്കുന്ന മറ്റു സ്വകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തികക്കൊള്ള വെളിച്ചത്താക്കുകയും 'സാന്ത്വന'ത്തിന്റെ മാനുഷിക മുഖത്തെ അനാവൃതമാക്കുകയും ചെയ്തു.

പാവപ്പെട്ടവർ താമസിക്കുന്ന വിവിധ ഗ്രാമപ്രദേശങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ തുറന്ന് അവരുടെ രോഗ ദുസ്സഹതകൾക്ക് ആശ്വാസമെത്തിക്കുന്നുണ്ട് ഇന്ന് സാന്ത്വനം മെഡിക്കൽ സെന്റർ!

സൗജന്യ പരിശോധനകൾ ലഭ്യമാക്കുകയും വിദഗ്ധ ചികിത്സകൾ ആവശ്യമുള്ളവർക്ക് അനുബന്ധ സഹായങ്ങൾ ചെയ്തു കൊടുത്തും കൈതാങ്ങുകളായി കരം പിടിക്കുകയാണ് സാന്ത്വനം മെഡിക്കൽ സെന്റർ!

വീട്ടകങ്ങളിൽ തളർന്നു കിടക്കുകയോ കിടപ്പു നീണ്ട് ശരീരം പൊട്ടിയൊലിക്കുകയോ ചെയ്ത വയോജനങ്ങളെ പരിപാലിച്ച് സ്നേഹാശ്വാസം പകരുന്നുണ്ട് സാന്ത്വനം മെഡിക്കൽ സെന്റർ. പരിശീലനം ലഭിച്ച മെഡിക്കൽ വളണ്ടിയർ ആവശ്യമുള്ളവരുടെ ഭവനങ്ങളിലെത്തി രോഗീപരിചരണവും സമാശ്വാസ പ്രവർത്തനവും ഏറ്റെടുക്കുകയാണ് ചെയ്യുന്നത്.

സൗജന്യമായി നൽകുന്ന വീൽ ചെയറുകളിലൂടെ പ്രതീക്ഷകളിലേയ്ക്ക് നടത്തുകയും വാട്ടർ ബെഡുകൾ നൽകി ആശ്വാസ ശയ്യയൊരുക്കുകയും ചെയ്ത് ദുരിതങ്ങളെ പടി കടത്തുകയാണ് സാന്ത്വനം മെഡിക്കൽ സെന്റർ!

വിവിധ പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ വിദ്യാർഥികൾക്ക് പ്രത്യേക മെഡിക്കൽ കാർഡ് വഴി സൗജന്യ പരിശോധന നൽകി വരികയാണ് സാന്ത്വനം മെഡിക്കൽ സെന്റർ!

ഇതിനു പുറമെ ഫിസിയോ തെറാപ്പി, കൗൺസിലിംഗ്, ബ്ലഡ് ഡോണേഷൻ, വളണ്ടിയേഴ്സ് സർവീസ് തുടങ്ങി എല്ലാ വിഭാഗം മെഡിക്കൽ എയ്ഡുകളും സേവന മന:സ്ഥിതിയോടെ നിർവഹിച്ചു വരികയാണ് ഈ സാന്ത്വന കേന്ദ്രം!

ഒട്ടനവധി സമൂഹങ്ങൾ ഒരുമയോടെ കഴിയുന്ന നാട്ടിൽ അവരുടെ ക്ഷേമവും സൗഖ്യവും ഉറപ്പുവരുത്താനായി ഒരാരോഗ്യ പരിസരം പ്രധാനം ചെയ്യേണ്ടത് സർക്കാരുകളുടെ മാത്രം ഉത്തരവാദിത്തമല്ല; മറിച്ച്, വിദ്യാസമ്പന്നരും വിവേകമതികളും ധർമബോധമുൾക്കൊണ്ടവരും കൂടി അതേറ്റെടുക്കുമ്പോൾ ആരോഗ്യ പൂർണമായ സാമൂഹ്യ പരിപാലനം സമ്പൂർണമാകുന്നു.

ഈ ഉത്തരവാദിത്വം ഉൾക്കൊണ്ടു കൊണ്ടാണ് ഹൃദയ വിശുദ്ധിയും നന്മയും ഉൾച്ചേർന്ന ഒരു കൂട്ടായ്മ 'സാന്ത്വനം മെഡിക്കൽ സെന്റ'റിന് നാന്ദി കുറിച്ചത്. 

ലാഭേഛയില്ലാതെ, ജനക്ഷേമം മുൻനിർത്തിയുള്ള ആരോഗ്യ പ്രവർത്തനങ്ങളാണ് ഈ കേന്ദ്രത്തിന്റെ ലക്ഷ്യവും കർമവും. കഴിഞ്ഞ രണ്ട് വർഷക്കാലത്തിനിടയിൽ കാഴ്ചവച്ച പ്രവർത്തനങ്ങൾ സാന്ത്വനം മെഡിക്കൽ സെന്റർ സമൂഹത്തിനു നൽകിയ ആരോഗ്യ പുരോഗതിയിലേയ്ക്ക് വെളിച്ചം വീശുന്നു. 

എന്നാൽ, അശരണരായ അനേകം മനുഷ്യർക്കായി നടപ്പാക്കേണ്ട അനിവാര്യമായ ആരോഗ്യ / ജീവകാരുണ്യ പദ്ധതികൾ വിഭവങ്ങളുടെ അഭാവങ്ങളിൽ തുടങ്ങാനാവാതെ തടസ്സപ്പെട്ടു നിൽക്കുന്ന സ്ഥിതിവിശേഷമുണ്ട്.

രോഗങ്ങളെയും ദുരിതങ്ങളേയും ഇല്ലായ്മ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് പകരം അവയെ സാമ്പത്തിക ചൂഷണോപാധിയായി മാറ്റുന്ന കോർപറേറ്റ് ലക്ഷ്യങ്ങൾക്ക് തടയിടണമെങ്കിൽ  സഹജീവി സ്നേഹവും നന്മകളും ഹൃദയത്തിൽ സൂക്ഷിക്കുന്ന നാട്ടിൻപുറംകൂട്ടായ്കളുടെ കാരുണ്യ സംരംഭങ്ങൾക്ക് പിന്തുണയുണ്ടാകണം. സാന്ത്വനം മെഡിക്കൽ സെന്റർ പോലെയുള്ള ധാർമ്മികച്ചുവയുള്ള ആരോഗ്യ കേന്ദ്രങ്ങൾക്ക് ബലവും പിന്തുണയുമേകാൻ താങ്കളോട് ഞങ്ങൾ അഭ്യർഥിക്കട്ടെ. 

മികച്ച ആശയങ്ങൾ പങ്കുവച്ചും സാമ്പത്തിക സഹായങ്ങൾ ചെയ്തു തന്നും സാന്ത്വനം മെഡിക്കൽ സെന്റർ എന്ന കാരുണ്യ സംരംഭം അഭിവൃദ്ധിപ്പെടുത്തുമല്ലോ..

ദാനധർമങ്ങൾക്ക് ധാരാളം പ്രതിഫലങ്ങൾ നൽകപ്പെടുന്ന വിശുദ്ധ റമസാനിലും തുടർന്നും താങ്കളുടെ കൈ നീട്ടങ്ങൾ  ഞങ്ങൾക്ക് കൂടി എത്തിച്ചു തരണമെന്നുണർത്തുന്നു.

അനേകം മനുഷ്യരുടെ അകം പുറങ്ങളിൽ സാന്ത്വന സ്പർശമാകാൻ, തണലായ് മാറാൻ, താങ്കളുടെ ഈ വായനയും സദ് വിചാരങ്ങളും നിമിത്തമാകട്ടെ എന്ന് പ്രാർഥിക്കുന്നു..

സ്നേഹാദരങ്ങളോടെ,

സാന്ത്വനം മെഡിക്കൽ സെന്റർ പ്രവർത്തകർ

എടപ്പാൾ

വൈവിധ്യ ചരിത്രങ്ങളുടെ വിളനിലമായി നടുവട്ടം - പിലാക്കൽ ജുമുഅത്ത് പള്ളി

*വൈവിധ്യ ചരിത്രങ്ങളുടെ വിളനിലമായി നടുവട്ടം -പിലാക്കൽ ജുമുഅത്ത് പള്ളി*
.........................................
*റഫീഖ് നടുവട്ടം*
എടപ്പാൾ
...........................................
അറിവും ആധ്യാത്മികതയും അധിനിവേശ വിരുദ്ധതയും അധികാര വാഴ്ചയോടുള്ള വിയോജിപ്പും ഉൾച്ചേർന്ന ചരിത്ര വൈവിധ്യങ്ങളുടെ ദേശമാണ് പൊന്നാനി താലൂക്കിലെ എടപ്പാളിനു സമീപമുള്ള നടുവട്ടം.

'പിലാക്കൽ' എന്ന പേരിൽ പ്രശസ്തമായ ഇവിടുത്തെ മഹല്ല് പള്ളി വൈവിധ്യങ്ങളോട് വേരുബന്ധങ്ങൾ പുലർത്തി അതിന്റെ പൊലിമകളെ വർത്തമാനത്തിന്റെ അഭിമാനതലങ്ങളിലേയ്ക്ക് കൊണ്ടുവന്ന അനുഗൃഹീത മണ്ണാണ്.

ഒന്നേകാൽ നൂറ്റാണ്ടോളം പഴക്കമുള്ള മഹല്ലും പള്ളിയും ഔപചാരികമായ ചരിത്രരേഖകളിൽ ഇടം പിടിച്ചിട്ടില്ലങ്കിലും അവ, പൂർവിക മാനസങ്ങളിൽ നിന്ന് പുതുതലമുറയുടെ ചിന്താധാരകളിൽ അന്തസ്റ്റാർന്ന ഗാഥകളായി ഊർജ്ജം പകരുന്നു..

അനേകം ഇസ്‌ലാമിക പണ്ഡിതർക്കും അവരുടെ സദ്ഗുരുവായി ഒരു സൂഫീവര്യനും ജന്മവും ജീവിതവും നൽകിയ നടുവട്ടം എന്ന ഈ നാട്, സ്വാതന്ത്ര്യ സമരങ്ങളുടെ സമരാഗ്നിയിൽ ജ്വലിച്ചു നിന്ന ഒരു സേനാനിയേയും രാജ്യത്തിനു സംഭാവന നൽകി.

ജന്മിത്വം വാണരുളിയ പൂർവകാലത്ത് കുടിയാനേയും കീഴ്ജാതിക്കാരനേയും പീഡിപ്പിച്ച ഒരു അധികാരിയുടെ ചെങ്കോൽ വലിച്ചെറിയാൻ നിർബന്ധിതനാക്കി ഉച്ചനീചത്വങ്ങളെ ഉഛാടനം ചെയ്ത പാരമ്പര്യം കൂടിയുണ്ട്, പൊന്നാനിയുടെ കൊളോണിയൽ വിരുദ്ധ പോരാട്ടം നെഞ്ചോടു ചേർത്ത ഈ അയൽദേശത്തിന്!

പ്രശസ്തമായ ഒരു തറവാട്ടു നാമത്തിലാണ് നടുവട്ടം -പിലാക്കൽ ജുമുഅത്ത് പള്ളി ചരിത്രത്തോടൊപ്പം സഞ്ചരിക്കുന്നത്.
തിരു കൊച്ചി സംസ്ഥാനത്ത് പാലക്കാട് തെക്കേമലയാളം ജില്ലയിൽ പൊന്നാനി താലൂക്കിലെ വട്ടംകുളം അംശം കാലടിത്തറ ദേശത്ത നായാടിക്കുന്ന് / പറൂക്കാട് പേരുകൾ പറയപ്പെട്ട കോച്ചേരിപ്പറമ്പായിരുന്നു ഇന്നത്തെ നടുവട്ടം.

ലഭ്യമായ രേഖകൾ പ്രകാരം AD 1902ലായിരുന്നു പിലാക്കൽ പളളിയുടെ സ്ഥാപിതം.
1971ലാണ് (1391 സഫർ ) തറവാട്ടു കാരണവന്മാരുടെ കൈകളിൽ നിന്ന് ജനകീയ ഭരണത്തിലേയ്ക്ക് പള്ളി പരിപാലനങ്ങൾ എത്തിയത്. പിലാക്കൽ തറവാട്ടുകാർ വഖഫ് ചെയ്ത് സംരക്ഷിച്ചു വന്ന ഭൂമിയാണ് ഇവരുടെ വസ്വിയ്യത്ത് പ്രകാരം 'നജാത്തുൽ ഇസ് ലാം സഭ ' എന്ന പേരിൽ രൂപീകൃതമായ ഭരണ സമിതിയും നിയമാവലിയുമനുസരിച്ച് തീർച്ചപ്പെടുത്തി മഹല്ലും പളളിയുമായി സ്ഥിരപ്പെടുത്തിയത്.

*_പണ്ഡിത വര്യരുടെ പുണ്യ മണ്ണ്_*
........................................
പ്രഭാഷണ കലയിലെ മിന്നും താരകം മുതൽ മതാധ്യാപന മേഖലയിലെ മാതൃകായോഗ്യരായ വ്യക്തിത്വങ്ങളുടെ പാദം പതിഞ്ഞ ഈ മണ്ണ്, ആ വ്യക്തിപ്രഭാവങ്ങളിൽ ഇന്നും നാടിന് വെളിച്ചം ചുരത്തുന്നു!

ഗതകാല മതപ്രഭാഷണ വേദികളിൽ നിറഞ്ഞു നിന്ന ബാപ്പുട്ടി മുസലിയാർ (1916 - 1986), മദ്രസാ പ്രസ്ഥാനത്തിന്റെ ജീവവായുവായിരുന്ന ആലിക്കുട്ടി മുസ് ലിയാർ (1922 - 1998), ആയുഷ്ക്കാലം മുഴുവൻ ജ്ഞാന പ്രകാശനത്തിന് ജീവിതം ഉഴിഞ്ഞുവച്ച മൊയ്തുണ്ണി മുസ് ലിയാർ (1930-2006), പള്ളിയുടെ ഭരണനിർവഹണത്തിൽ പ്രമുഖ സാരഥ്യം വഹിച്ച പിലാക്കൽ മുഹമ്മദ് മുസ് ലിയാർ (1921-2006) തുടങ്ങിയ മഹത്തുക്കൾ പിലാക്കൽ മഹല്ലിന് ദീനീ ചൈതന്യത്തിന്റെ ശോഭ പകർന്നവരാണ്.

മതപരമായ ഏത് കാര്യത്തെ കുറിച്ചും സംസാരിക്കാനും വിശകലനം ചെയ്യാനും പ്രാപ്തിയുണ്ടായിരുന്ന പണ്ഡിതനായിരുന്നു ബാപ്പുട്ടി മുസലിയാർ. മലപ്പുറം മുതൽ കാസർഗോഡു വരെയുള്ള വടക്കൻ ജില്ലകളിലെ 'പരമ്പര പ്രസംഗ' വേദികളിലെ സ്ഥിര സാന്നിധ്യമായിരുന്ന ഇദ്ദേഹത്തെ, വാർത്താവിനിമയ സൗകര്യങ്ങൾ വികസിതമല്ലാതിരുന്ന അക്കാലത്തു പോലും വഅളുകൾക്ക് വേണ്ടി ഏർപ്പാട് ചെയ്യാൻ വിദൂരങ്ങളിൽ നിന്ന് ആ ളുകളെത്തിയിരുന്നു.

വേതനം സ്വീകരിക്കാതെ ദീർഘകാലം അധ്യാപനത്തിലേർപ്പെട്ടും പഠന പുരോഗതികൾക്കായി വിഭവങ്ങൾ സ്വരൂപിച്ചും മദ്രസാ പ്രസ്ഥാനത്തെ വളർത്തിയ ആലിക്കുട്ടി മുസ് ലിയാർ, ഒരു ആത്മാർഥ ഹൃദയം മഹല്ലിനു സംഭാവന ചെയ്ത നിസ്വാർഥനായ പണ്ഡിതനായിരുന്നു.

ആധ്യാത്മിക ഗുരു ശൈഖ് അഹ്മദ് അൽ ഖാദിരി (ന.മ:) യുടെ ശിഷ്യനായും സേവകനായും ജീവിതമാരംഭിച്ച ചെമ്പേല വളപ്പിൽ മൊയ്തുണ്ണി മുസ് ലിയാർ, മത വിഷയങ്ങളിൽ നല്ല അവഗാഹമുള്ള വ്യക്തിത്വമായിരുന്നു. വൈയക്തികമായ വിഷമഘട്ടങ്ങളിൽ പോലും അവധിയെടുക്കാതെ മദ്രസയിലെത്തിയ അദ്ദേഹം, ലാളിത്യപൂർണതയോടും സൂക്ഷമതയോടും കൂടി ജീവിതം നയിച്ചു.

മഹല്ലു ജനതയുടെ മനസുകളിൽ ആദരവിന്റെ രൂപങ്ങളായ ഈ പണ്ഡിതവ്യക്തിത്വങ്ങൾ പ്രദേശത്തെ പുതുതലമുറകളിലേയ്ക്കും അഭിമാനകരമായ തുടർച്ചയുണ്ടാക്കുന്നുണ്ട്.

*_ഓത്തുപള്ളികളുടെ ദേശം_*
.........................................
പൂർവ തലമുറകളിൽ അറിവിന്റെ ആദ്യക്ഷരം കുറിച്ചിരുന്ന ഓത്തുപളളികൾ സജീവമായിരുന്ന നാടായിരുന്നു നടുവട്ടം -പിലാക്കൽ പ്രദേശം.

തെങ്ങോലകൾ കൊണ്ട് ചുറ്റും മറച്ച്, കരിമ്പനയോലകൾ കൊണ്ട് തടുക്കുകൾ നെയ്തിട്ട പ്രദേശത്തെ ഓത്തുപള്ളികളിൽ ഒട്ടനവധി മൊല്ലമാർ അനേകം പേർക്ക് അറിവു പകർന്നു.

മഹല്ലിന്റെ വിവിധ ഭാഗങ്ങളിൽ അഞ്ചിൽ പരം ആത്മീയ പാഠശാലകൾ തുറന്ന പ്രമുഖനായിരുന്നു ഹൈദർ എന്ന അപ്പങ്ങാട്ടുവളപ്പിൽ കുഞ്ഞുട്ടി മൊല്ല. (1915-1980)
സ്വന്തം വീട്ടുമുറ്റത്ത് ഓലപ്പുരകൾ കെട്ടിയുണ്ടാക്കി ഒട്ടനവധി കാലം ഓത്തുപഠിപ്പിച്ച മറ്റൊരു മഹദ് വ്യക്തിയായിരുന്നു ആലി മുഹമ്മദ് മൊല്ല.(1924-1994)

മരപ്പലകയിലും തറയിൽ വിരിച്ച മണൽ പരപ്പുകളിലുമായിരുന്നു ഇവരുടെ അക്ഷര പരിശീലനങ്ങൾ.
നല്ല പരപ്പും മിനുസവുമുള്ള മരപ്പലകയിൽ ചകിടി മണ്ണു തേച്ച് വടിച്ചെടുത്ത് ഉണക്കാൻ വെക്കും. ഉണങ്ങിക്കഴിഞ്ഞാൽ മുളക്കൊമ്പ് കൊണ്ടുള്ള 'ഖലമും' മഷിയുമുപയോഗിച്ച് ഖുർആൻ മൂന്നാം ജുസ്അ വരെ എഴുതിക്കൊടുക്കുമായിരുന്നു. പഠനശേഷം പലക വെള്ളത്തിൽ കഴുകി വീണ്ടും പഴയപടിയാക്കും.

വിശപ്പകറ്റാനുള്ള വിശേഷ വിഭവങ്ങളായ മധുരക്കിഴങ്ങോ അരി വറുത്തതോ കഴിച്ചാണ് കുട്ടികൾ ഓത്തുപളളിയിലെത്തുക.  യാസീൻ ചൊല്ലിത്തന്നാൽ കാൽ ഉറുപ്പിക - അതായത്; രണ്ട് അണ മൊല്ലക്ക് ദക്ഷിണ നൽകും.

ഓത്ത് നിർത്തുന്ന ദിവസം പാവപ്പെട്ടവൻ രണ്ടണയും മറ്റുള്ളവർ ഇന്നത്തെ 25 പൈസക്ക് തുല്യമായ പണവും കൊണ്ട് പോകും.
തേങ്ങാചോർ വെച്ച്, ചുട്ട പപ്പടവും കൂട്ടി വയർ നിറയെ ഭക്ഷണം കഴിക്കാൻ ഓത്ത് നിർത്തുന്ന കാലത്തെ കാത്തിരുന്നുവത്രേ കുട്ടികളും  മുതിർന്നവരും!

പൂളയിൽ മൊയ്തുണ്ണി മുസ് ലിയാർ, വെട്ടിക്കാട്ട് വളപ്പിൽ ആലിക്കുട്ടി മുസ് ലിയാർ, ഏന്തു മൊല്ല, കുട്ടി അഹ്മദ് മൊല്ല, അബ്ദുല്ല മൊല്ല, കുണ്ടു പറമ്പിൽ ബാപ്പു മൊല്ല, പൂക്കറത്തറ മുഹമ്മദ് മുസ്‌ലിയാർ തുടങ്ങിയവരും നടുവട്ടം പ്രദേശത്തിന്റെ അറിവിന്റെ ജീനുകളെ വിജ്ഞാനം കൊണ്ട് സമ്പന്നമാക്കി ചരിത്രത്തിലിടം പിടിച്ച ആദരപുരുഷന്മാരാണ്.

*_മഹാഗുരുവിന്റെ ആധ്യാത്മ സന്നിധി_*
..........................................
അനേകം പണ്ഡിതരുടേയും ആത്മീയ ജ്യോതിസ്സുകളുടേയും ഗരുവര്യനായ ഒരു സൂഫീ പ്രമുഖന്റെ അന്ത്യവിശ്രമസ്ഥാനം കൊണ്ട് അനുഗൃഹീതമാണ് നടുവട്ടം -പിലാക്കൽ ജുമുഅത്ത് പള്ളി.

കൊടക്കാട്ടുവളപ്പിൽ അഹ്മദ് മുസ് ലിയാർ എന്ന ശൈഖ് അഹ്മദ് അൽ ഖാദിരി (ന.മ:)യുടെ ആധ്യാത്മിക സാന്നിധ്യം ഈ മഹല്ലിനെ വെളിച്ചത്തിലേയ്ക്കും വിശ്രുതിയിലേയ്ക്കും നയിക്കുന്നു.

പ്രമുഖരായ സൂഫീവര്യന്മാരുടെ ഗുരുവാണ് , ശൈഖ് അഹ്മദ് മുസ് ലിയാർ.

കക്കിടിപ്പുറം വല്യ മൂപ്പർ എന്നറിയപ്പെട്ടിരുന്ന അബൂബക്കർ മുസ് ലി യാർ, കക്കിടിപ്പുറം അബ്ദു റഹ്മാൻ കുട്ടി മുസ് ലിയാർ എന്നിവരുടേയും  ആനക്കര കുഞ്ഞി മുസ് ലിയാർ, അറക്കൽ മുഹമ്മദ് മുസ് ലിയാർ, നടുവട്ടം ബാപ്പുട്ടി മുസ് ലിയാർ, കപ്പൂർ മൊയ്തുണ്ണി മുസ് ലിയാർ,  ആലൂർ മുഹമ്മദ് മുസ് ലിയാർ, കക്കിടിപ്പുറം മുഹമ്മദ് കുട്ടി മുസ് ലിയാർ, നയ്യൂർ കുഞ്ഞിമുഹമ്മദ് മുസ് ലിയാർ എന്നീ പ്രമുഖരുടേയും ഉസ്താദ് ആയിരുന്നു  മഹാൻ.

വിവിധ നാടുകളിൽ ദർസ് നടത്തുകയും മത ഗ്രന്ഥങ്ങളോടും അദ്ധ്യാത്മ ചിന്തകളോടും ജീവിതം ചെലവിടുകയും ചെയ്ത ശൈഖ് അഹ്മദ് മുസ് ലിയാർ, നാനാവിധ ജനങ്ങളുടെയും ഒട്ടേറെ പ്രശ്നങ്ങൾക്ക് സമാശ്വാസവും പരിഹാരവും ജീവിതകാലത്തു തന്നെ നൽകി അഭയ കേന്ദ്രമായി മാറി.

ശൈഖ് അവർകളുടെ കിതാബുകൾ അനർഘമായ അറിവുകളുടെ കലവറയാണ്.
ഈ ഗ്രന്ഥങ്ങളിൽ അദ്ദേഹം നടത്തിയിട്ടുള്ള അനുബന്ധ രചനകൾ അപൂർവ ജ്ഞാനങ്ങളുടെ അഗാധതലങ്ങളിലേയ്ക്ക് കെണ്ടു പോകുന്നവയാണന്ന് ആധുനിക പണ്ഡിതർ അഭിപ്രായപ്പെടുന്നുണ്ട്.

കിതാബുകൾ ഇന്നും സൂക്ഷിക്കപ്പെടുന്നു.
മഴക്കു വേണ്ടി പ്രാർഥിക്കാൻ ജനങ്ങൾ അഹ്മദ് മുസ്‌ലിയാരെ വിവിധ ദിക്കുകളിലേയ്ക്ക് കൊണ്ടു പോയിരുന്നു.

കാര്യസാധ്യങ്ങളുടെ അനവധി അനുഭവങ്ങൾ ജീവിതകാലത്തു തന്നെ ഉണ്ടായിരുന്ന ആത്മീയത്തണലായിരുന്നു മഹാൻ.

അയിലക്കാട് ജുമുഅത്ത് പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് സിറാജുദ്ദീൻ (നമ:)യുടെ ത്വരീഖത്ത് വഴിയിൽ ആത്മജ്ഞാനത്തിന്റെ അന്തർധാരകളിൽ എത്തിപ്പെട്ടിരുന്നു അഹ്മദ് മുസ് ലിയാർ. ഈ ബന്ധം വഴി 'അൽഖാദിരി' എന്ന വിശേഷണത്തിൽ വിശ്രുതനാകുന്ന മഹാൻ അക്കാലത്ത് 'കേരള ഇബ്നു ഹജർ' എന്ന പേരിലും അറിയപ്പെട്ടിരുന്നതായി ചില ചരിത്ര രേഖകളിലുണ്ട്.

കർമശാസ്ത്ര വിഷയങ്ങളിലെ അഗ്രഗണ്യനായി അക്കാലത്ത്  അഹ്മദ് മുസ്‌ലിയാർ തിളങ്ങിയിരുന്നത്രേ.
ഗുരുവര്യന്മാരുടെ ഗുരുവായി ജീവിത വഴികളിൽ പ്രകാശം പരത്തുകയും പിലാക്കൽ ദേശത്തിന്റെ ആത്മീയ സൗഭാഗ്യമാവുകയും ചെയ്ത ശൈഖ് അഹ്മദ് അൽ ഖാദിരി (നമ:) 1945ൽ റ. അവ്വൽ 8 നായിരുന്നു വഫാത്തായത്.

ശിഷ്യരിൽ പ്രമുഖനായിരുന്ന കക്കിടിപ്പുറം അബ്ദുറഹ്മാൻ കുട്ടി മുസ്‌ലിയാരുടെ നിരന്തര നിർദേശത്തെ തുടർന്നാണ് മഹാന്റ ഖബർ പ്രത്യേകം സംരക്ഷിക്കപ്പെട്ടത്. ശൈഖ് അവർകളുടെ മഹാത്മ്യങ്ങൾ കേട്ടറിഞ്ഞ് ധാരാളം പേർ പിലാക്കൽ പള്ളിയിലെ മഖ്ബറയിൽ സിയാറത്തിനെത്തുന്നുണ്ട്.
മത സാമൂഹ്യ വിദ്യാഭ്യാസ മേഖലയിൽ  പ്രാധാന്യപൂർവമായ പ്രാതിനിധ്യമാണ് ശൈഖ് അവർകളുടെ കുടുംബത്തിന് പ്രദേശത്തുള്ളത്. ഇവർ സംയുക്തമായി നടത്തി വരുന്ന ശൈഖ് അവർകളുടെ ഉറൂസ്, ഈ സൂഫീ പണ്ഡിതനെ അടുത്തറിയാനും അനുഭവിക്കാനും അവസരമൊരുക്കുന്നു.

*_വാഗൺ ട്രാജഡിയുടെ നടുക്കുന്ന ഓർമകൾ_*
..........................................
സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേയ്ക്ക് നടുവട്ടം ദേശത്ത് നിന്നൊരു സമര പോരാളി രാജ്യത്തിനു വേണ്ടി എടുത്തു ചാടിയിട്ടുണ്ട്.
ചേനാംപറമ്പിൽ യുസുഫ് (1894-1975) എന്ന ഇരുപതുകാരനാണ് പാരതന്ത്ര്യങ്ങൾക്കെതിരെ പോരാട്ടത്തിനിറങ്ങിയത്.

ഒരു മദ്യഷാപ്പിനെതിരെ സമരം സംഘടിപ്പിച്ചതിന്റെ പേരിൽ ഐപിസി 143,144 വകുപ്പുകൾ പ്രകാരം ബ്രിട്ടീഷ് പോലീസാണ് 1922 മാർച്ച് 28ന് ഇദ്ദേഹത്തെ ബെല്ലാരി ജയിലിലടച്ചത്.

അഞ്ചു വർഷത്തിനു ശേഷം മോചനം ലഭിച്ചെങ്കിലും മറ്റൊരു കേസിൽ പ്രതി ചേർക്കപ്പെട്ട് കോടതി 60 കൊല്ലത്തേക്ക് യൂസുഫ് സാഹിബിനെ തടവിലിടാൻ ഉത്തരവിട്ടു.
അധിനിവേശ പോലീസിന്റെ വലയിലകപ്പെട്ട അദ്ദേഹം, നടുക്കുന്ന നിഷ്ഠൂരതകളുടെ നേർ ചിത്രങ്ങൾ നേരിട്ടു കണ്ടു.

രാജ്യത്തെ പിടിച്ചുലച്ച 'വാഗൺ ട്രാജഡി'യിൽ എഴുപത് പേർ പിടഞ്ഞുമരിച്ചെങ്കിലും യൂസുഫ് സാഹിബും മറ്റു 29 പേരും ആയുർദൈർഘ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു!
മരണത്തിന്റെ ബീഭൽസത മുഖാമുഖം കണ്ട ഇദ്ദേഹത്തിന് ജീവിക്കുന്ന രക്തസാക്ഷിയാകാനാണ് വിധിയുണ്ടായത്.

വർഷങ്ങൾ കഴിഞ്ഞ്, സ്വാതന്ത്ര്യത്തിന്റെ സിൽവർ ജൂബിലി ആഘോഷവേളയിൽ രാഷ്ട്രത്തിന്റെ ആദരവ് അദ്ദേഹം ഏറ്റുവാങ്ങി.

പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സമ്മാനിച്ച ആദര ഫലകം യൂസുഫ് സാഹിബിന്റെ അനന്തരവർ ഇന്നും അമൂല്യ വസ്തുവായി കാത്തു സൂക്ഷിക്കുന്നു.

പിറന്ന മണ്ണിനു വേണ്ടി പീഢനങ്ങൾ ഏറ്റുവാങ്ങിയ ഇദ്ദേഹത്തെ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഉചിതമായി ആദരിക്കുക കൂടി ചെയ്തപ്പോൾ നാടിന്റെ കീർത്തിയുയർത്തി യൂസുഫ് സാഹിബ് വിശ്രുതനായി.

*_അധികാര വാഴ്ചക്കെതിരെ കാരണവക്കരുത്ത്_*
..........................................
പ്രതാപത്തിന്റെ ഉത്തുംഗതയിൽ വിരാജിച്ചു വന്ന 'പിലാക്കൽ' തറവാട്ടുകാരിൽ നീതിബോധവും തീരുമാനങ്ങളെടുക്കുന്നതിലെ വൈദഗ്ധ്യവും മേളിച്ച മൊയ്തുപ്പാവ എന്നൊരാൾ ജീവിച്ചിരുന്നു.
സ്വത്തുവഹകളുടെ നികുതി കുടിശ്ശികകൾ വീടുകൾ കേന്ദ്രീകരിച്ച് തഹസിൽദാരാണ് പിരിച്ചെടുത്തിരുന്നത്.
ഒരിക്കൽ, കുടിശ്ശികയടക്കാൻ തഹസിൽദാരുടെ അടുക്കലെത്തിയ മൊയ്തുപ്പാവ നികുതിയടവിൽ വീഴ്ച വരുത്തിയ കുടിയാന്മാരെ ക്രൂരമായി ശിക്ഷിക്കുന്ന കാഴ്ച കണ്ടു. ഇതിൽ കലി കയറിയ ഇദ്ദേഹം അധികാരിയോട് കയർക്കുകയും ഇരകളെ രക്ഷപ്പെടുത്തുകയും ചെയ്തു.

മൊയ്തുപ്പാവയുടെ ശൗര്യത്തിലും ആജ്ഞയിലും ചകിതനായിപ്പോയ തഹസിൽദാർ ഉത്തരവാദിത്വങ്ങൾ ഇട്ടെറിഞ്ഞ് സ്ഥലം വിട്ടെന്നും ദിവസങ്ങൾക്ക് ശേഷം ഒരു ഗുമസ്ഥൻ വഴി നികുതി പിരിവ് ഏറ്റെടുക്കാനും മറ്റു കാര്യങ്ങൾ ചെയ്തു കൊള്ളാനും നിർദേശിച്ചുവെന്നാണ് പഴമക്കാരുടെ മൊഴി. ഇതോടെ, പിലാക്കൽ മൊയ്തുപ്പാവ "അധികാരി മൊയ്തുപ്പാവ " എന്ന പേരിൽ അറിയപ്പെട്ടു എന്നാണ് ചരിത്രം.

*_നടുവട്ടത്തിന്റെ ഇടം_*
....................................
സംസ്ഥാന പാത 69ൽ സുപ്രധാനമായൊരു നാൽവഴിക്കവലയാണ് നടുവട്ടം.

വടക്ക് കോഴിക്കോട്ടേക്കും തെക്ക് തൃശൂരിലേക്കും പടിഞ്ഞാറ് പൊന്നാനി / പുത്തൻപള്ളിയിലേക്കുമുള്ള പ്രധാന റോഡുകൾ.
കിഴക്ക് ടിപ്പു സുൽത്താൻ റോഡ് പാലക്കാട്ടേക്കുള്ള എളുപ്പവഴിയാണ്. പടയോട്ടത്തിൽ ടിപ്പുവിന്റെ ഇടത്താവളമായിരുന്നത്രേ എടപ്പാൾ.
ഇടപ്പാളയം ലോപിച്ചാണ് എടപ്പാൾ രൂപപ്പെട്ടത് എന്ന് ചരിത്രം പറയുന്നു. ടിപ്പു കോട്ട കെട്ടിയത് നടുവട്ടത്തിന്റെയും എടപ്പാളിന്റെയും മധ്യത്തിലുള്ള ഇന്നത്തെ വള്ളത്തോൾ കോളേജ് നിൽക്കുന്ന പറമ്പിലായിരുന്നുവെന്ന് പൂർവിക സാക്ഷ്യവുമുണ്ട്.
......................................
റഫീഖ് നടുവട്ടം
Mob: 9495808876/
          9207336380