ഈ എഴുത്തുപുരയില്‍..

06 July 2022

കെ ജി വിദ്യാർഥിയുടെ വാട്ടർ ബോട്ടിലിൽ ചത്ത എലി; പരിഭ്രാന്തരായി അധ്യാപകർ

മലപ്പുറം : ഭക്ഷണ സമയത്ത് വെള്ളം ആവശ്യപ്പെട്ട എൽ കെ ജി വിദ്യാർഥിക്ക് ബോട്ടിൽ തുറന്നു കൊടുത്ത അധ്യാപിക കാഴ്ച കണ്ടു ഞെട്ടി; വെള്ളക്കുപ്പിയിൽ ചത്ത എലിക്കുഞ്ഞ് !

ഉച്ചഭക്ഷണത്തിനിടെ,  
വീട്ടിൽനിന്നു കൊണ്ടുവന്ന വെള്ളക്കുപ്പി 
തുറന്നു കൊടുക്കാൻ എൽ കെ ജി വിദ്യാർഥി സഹായം ആവശ്യപ്പെട്ടപ്പോഴാണ് അധ്യാപിക ചത്ത എലിയെ കണ്ടത്. തിരൂരിനടുത്ത സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സംഭവം.

പുറമെ സ്റ്റീൽ കോട്ടിംഗ് ഉള്ള ബോട്ടിലിന്റെ അടപ്പു തുറന്നപ്പോൾ എന്തോ വസ്തു  വെള്ളത്തിൽ പൊന്തിക്കിടക്കുന്നതായി ക്ലാസ് അധ്യാപികയുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. പുറത്തെടുത്തപ്പോഴാണ് എലിയാണന്ന് മനസ്സിലായത്. ബോട്ടിലിൽ നിന്ന് കുട്ടി രാവിലെ വെള്ളം കുടിച്ചതായി തോന്നുന്നു എന്ന് കൂട്ടുകാർ പറഞ്ഞതോടെ പരിഭ്രാന്തരായ സ്കൂൾ അധികൃതർ വിദ്യാർഥിയുമായി ആശുപത്രിയിലേക്ക് പാഞ്ഞു. 

വിവരം അറിഞ്ഞ് ആശുപത്രിയിൽ  കുട്ടിയുടെ രക്ഷിതാക്കളും കുതിച്ചെത്തി. പരിശോധനയ്ക്കു ശേഷം അടിയന്തിര പ്രതിരോധ മരുന്നുകൾ നൽകിയ ഡോക്ടർ, നിരീക്ഷണവും ലാബ് പരിശോധനകളും നിർദേശിച്ചാണ് മാതാപിതാക്കൾക്കൊപ്പം വിദ്യാർഥിയെ വീട്ടിലേക്കയച്ചത്.

****       ****      ****       ****
കോവിഡാരംഭത്തിനു മുമ്പുള്ള അധ്യയന വർഷത്തിൽ തിരൂരിനടുത്ത് ഒരു സ്കൂളിൽ ഉണ്ടായ ഈ സംഭവം, പഴയ പോലെ വിദ്യാലയങ്ങൾ തുറന്ന ഈ സന്ദർഭത്തിൽ പങ്കുവയ്ക്കുന്നത് പ്രസക്തമെന്നു തോന്നി.

അതീവ ശ്രദ്ധയും പരിചരണവും സ്നേഹവും ഒക്കെ നൽകിയാണ് ഓരോ രക്ഷിതാവും തങ്ങളുടെ കുരുന്നുകളെ സ്കൂളുകളിലേയ്ക്ക് അയക്കുന്നത്. 
അവർ തിരിച്ചെത്തും വരെ ആധിയൊഴിയുന്നില്ല മാതാപിതാക്കളുടെ മനസ്സുകളിൽ. 

എന്നാൽ, എത്ര കരുതൽ നൽകിയാലും സംഭവിച്ചു പോകാവുന്ന അപകടങ്ങളിലേയ്ക്ക് വിരൽ ചൂണ്ടാനാണ് രണ്ടു വർഷം മുമ്പ് ഉണ്ടായ സ്വന്തം അനുഭവം മുകളിൽ കുറിച്ചത്.

ഷൂവിനുള്ളിലും ചെരുപ്പിനുള്ളിലും പാമ്പുകളും ക്ഷുദ്ര ജീവികളും കയറിക്കിടക്കും എന്ന അനുഭവത്തിൽ, അവ കാലിൽ ധരിക്കും മുമ്പ് നാം തട്ടിക്കുടയാറുണ്ട്; പ്രത്യേകിച്ചും കുട്ടികളുടെ പാദരക്ഷകൾ.

പുസ്തകങ്ങൾ കൊണ്ടുപോകുന്ന ബാഗുകൾ പോലും ചില രക്ഷിതാക്കൾ പരിശോധിക്കാറുണ്ടങ്കിലും ആഹാര വസ്തുക്കൾ കൊടുത്തയക്കുന്ന പാത്രങ്ങൾ  സൂക്ഷ്മമായി ചിലർ നോക്കാറില്ല എന്നതാണ് വസ്തുത.

തലേന്നു കഴുകി തുറന്നുവെച്ച ഫ്ളാസ്ക്  പോലെയുള്ള വെള്ളപ്പാത്രത്തിൽ കയറിക്കൂടിയ എലിക്കുഞ്ഞിനെ ശ്രദ്ധയിൽപെടാതെ കുട്ടിക്കു കുടിക്കാനുള്ള വെള്ളം രാവിലെ
അതിൽ നിറച്ചു കൊടുക്കുകയായിരുന്നു തിരൂരിലെ തിരക്കുപിടിച്ച വീട്ടമ്മ !

ഭാഗ്യവശാൽ വഴിമാറിപ്പോയ ഒരു അത്യാഹിതത്തിനു വഴിവെച്ച ആ അശ്രദ്ധ എല്ലാ കുടുംബിനികൾക്കും ഇനി പാഠമാകണം. പ്രത്യേകിച്ചും, സ്കൂൾ ദിനങ്ങളിൽ അതിരാവിലെ മുതൽ തിരക്കിലമരുന്ന അമ്മമാർ മക്കളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തിയേ പറ്റൂ..

സ്വകാര്യ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളെ സംബന്ധിച്ചെടുത്തോളം അവരെ നേരത്തെ ഒരുക്കേണ്ടതും വീട്ടുപടിക്കൽ എത്തുന്ന വാഹനങ്ങളിൽ കൃത്യസമയത്തിനു കയറ്റേണ്ടതും ഭഗീരഥ പ്രയത്നം തന്നെയാണ് ! 
പക്ഷേ, ഇതിനിടയിൽ വന്നു പോകുന്ന ബോധപൂർവകമല്ലാത്ത വീഴ്ചകൾക്ക് ഒരു പക്ഷേ വലിയ വില തന്നെ നാം നൽകേണ്ടിവരും.

ഒരു കുരുന്നു ബാലനെ അപകടത്തിൽ നിന്നു കാത്തു രക്ഷിച്ച തിരൂരിലെ ആ  അധ്യാപികയെ മാതൃകയാക്കി എല്ലാവരും  കുറച്ചു കൂടി കരുതൽ നൽകിയാൽ മക്കളുടെ പുഞ്ചിരികൾ നമുക്ക് മായാതെ സൂക്ഷിക്കാം !

റഫീഖ് നടുവട്ടം
9495808876

No comments: