ഈ എഴുത്തുപുരയില്‍..

22 May 2010

അനുശോചനക്കുറിപ്പ്

മംഗലാപുരം:
സങ്കടങ്ങളില്‍ പങ്കുചേരുന്നു..
പിന്നെയും ഒരു ദുരന്തം മലയാളിയെ കൂടി കണ്ണീരില്‍ കുതിര്‍ത്തുന്നു. പ്രയാസങ്ങളുടെ നടുക്കടലില്‍ നിന്ന് പ്രശാന്തിയുടെ തീരത്തേക്ക് - സ്വകുടുംബത്തിന്‍റെ സ്വസ്ഥതയിലേക്ക് പറന്നു വന്ന നൂറില്‍പരം ഹതഭാഗ്യര്‍ പിറന്ന മണ്ണിന്‍റെ മണം അനുഭവിക്കും മുമ്പ് ദുരന്തത്തില്‍ അകപ്പെട്ടു പോയത് ഒരു ദേശത്തിന്‍റെ ദുഃഖ:മായിരിക്കുന്നു.
                വാക്കുകള്‍ കൊണ്ടൊന്നും തിട്ടപ്പെടുത്തുവാനാവാത്ത, ഈ വലിയ വിപത്തില്‍ പൊലിഞ്ഞവരുടെ സ്മരണകളാല്‍ വൈവിധ്യമായ ജീവിത ചുറ്റുപാടുകളില്‍ അവര്‍ നല്‍കിയ പ്രാധാന്യങ്ങളോര്‍ത്ത് കണ്ണീര്‍ പൊഴിക്കുന്നവരെ അക്ഷരങ്ങള്‍ കൊണ്ടൊന്നും ആശ്വസിപ്പിക്കാനാവില്ല. സര്‍ക്കാര്‍ സഹായങ്ങള്‍ക്കും മോഹന വാഗ്ധാനങ്ങള്‍ക്കും എത്രതന്നെ തുടച്ചാലും നിലച്ചുപോകാത്ത ആ ചുടു കണങ്ങളുടെ വിലയറിയാനുമാവില്ല..
                പ്രിയപ്പെട്ടവരെ സ്വീകരിക്കാന്‍ വെമ്പിനിന്ന ആഹ്ലാദചിത്തരായ ബന്ധുജനങ്ങളുടെ കണ്ടങ്ങളില്‍ നിന്നുയര്‍ന്ന കൂട്ടനിലവിളികളും, ഒരാലിംഗനത്തിനായ് കൊതിച്ചിരുന്ന അറേബ്യന്‍ അത്തറിന്‍റെ സുഗന്ധമൂറുന്ന പൂമേനികളെ കരിഞ്ഞ മാംസക്കഷ്ണങ്ങളായ് ഏറ്റുവാങ്ങേണ്ടി വന്ന ദുര്യോഗവും ഈ ദുരന്തത്തിന്‍റെ വന്യതയായി അനുഭവപ്പെടുന്നു..
               ഈ കദനം പ്രവാസിയുടെയും കൂടിയാണ്.
ജീവസന്ധാരണത്തിന്‍റെ കൊടുംചൂടില്‍ നമ്മോടൊപ്പം ഉരുകിയൊലിച്ച ഒരുപറ്റം പച്ചമനുഷ്യരായിരുന്നു, അവരും!
ആ സഹജീവികളുടെ ജീവത്യാഗങ്ങള്‍ ലോകത്തെമ്പാടുമുള്ള പ്രവാസി സമൂഹത്തിന്‍റെ നീറുന്ന നൊമ്പരങ്ങളാണ്. ദേശ ഭാഷകള്‍ക്കും വര്‍ഗ ജാതികള്‍ക്കും അതില്‍ പക്ഷാന്തരം വന്നുകൂടാ..
ശോകാത്മകമായ ഈ അന്തരീക്ഷത്തില്‍ മനുഷ്യ മനസ്സുകളില്‍ സ്നേഹം കൊതിയ്ക്കുന്ന ഈ ബ്ലോഗറും നമ്മുടെ നാടിന്‍റെ തീരാവേദനയില്‍ പങ്കു ചേരുന്നു.. പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ട കുടുംബത്തിന്‍റെയും ബന്ധു മിത്രാദികളുടെയും വ്യസനങ്ങളില്‍ അലിഞ്ഞു ചേരുന്നു.. തേങ്ങുന്ന ഹൃദയങ്ങളില്‍ സാന്ത്വനമേകാന്‍ ഈ മുറിഞ്ഞ വാക്കുകളല്ലാതെ എന്നില്‍ മറ്റൊന്നുമില്ല..
കെടുതികളുടെ ഇടിമിന്നലുകള്‍ ഇനിയും മുഴങ്ങാതിരിക്കട്ടെ..
ദുരന്തങ്ങളുടെ പേമാരികള്‍ ഇനിയും പെയ്യാതിരിക്കട്ടെ..
പ്രാര്‍ഥനാപര്‍വമായ ആദരാഞ്ജലികള്‍!
                    

9 comments:

അലി said...

സ്വപ്നംങ്ങൾ തേടി പലായനം ചെയ്ത് തിരിച്ചെത്തിയപ്പോൾ ഉറ്റവരുടെ മുമ്പിൽ ചാമ്പലാകേണ്ടിവന്ന സഹോദരങ്ങൾക്ക് വേദനയോടെ ഒരുപിടി കണ്ണീർപൂക്കൾ!

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

നിമിഷാര്‍ദ്ധത്തില്‍ സ്വപ്നങ്ങളും ഒപ്പം ദേഹവും കരിഞ്ഞുപോയ മനുഷ്യമക്കള്‍ക്ക് ഒരിറ്റു കണ്ണുനീര്‍. ഒപ്പം പ്രാര്‍ഥനയും..
ദുരന്തം മനുഷ്യകരങ്ങള്‍ കാരണമാകുമ്പോള്‍ ദുഖവ്യാപ്തി കൂടുന്നു.
അതിന്‍ വേദന മറന്നു തുടങ്ങുമ്പോള്‍ വീണ്ടും വരും പൂര്‍വാധികം ആഘാതത്തോടെ മറ്റൊരു ദുരന്തം...
ഈശ്വരാ രക്ഷതു..

mini//മിനി said...

ദുരന്തത്തിനു മുന്നിൽ ഒരു കാഴ്ചക്കാരായി നിൽക്കാതെ എന്ത് ചെയ്യാൻ കഴിയും. അനുശോചനത്തിന്റെ ഒരു പിടി കണ്ണീർപൂക്കൾ.

Anonymous said...

പ്രവസത്തിന്റെ ചൂടും ചൂരും മാറ്റി വെച്ചു തന്റെ പ്രിയപ്പെട്ടവരുടെ കൂടെ കുറച്ചു കാലം സന്തോഷം പങ്കു വെച്ച് തിരിച്ചു വരാം എന്ന പ്രതീക്ഷയോടെ മോഹത്തോടെ നാടു തേടി പോയ നമ്മുടെ സഹോദരങ്ങൾ....... നിമിഷ നേരം കൊണ്ട് എല്ലാം ചാമ്പലായി .. ഇനി അവർക്കു നൽകാനുള്ളത് പ്രാർത്ഥനകൾ മാത്രം....

MT Manaf said...

ദു ഖ ത്തില്‍ പങ്കുചേരുന്നു
പ്രാര്‍തഥിക്കുന്നു
നിറയെ മോഹങ്ങളുമായി നാട്ടിലേക്ക് പറന്ന നമ്മുടെ പ്രിയപെട്ടവര്‍...സ്വീകരിക്കാന്‍ കാത്തിരുന്ന സ്വന്തക്കാരുടെ മുന്നില്‍ എത്തും മുമ്പേ ....
വല്ലാത്ത ദുരന്തം!തീക്ഷ്ണ പരീക്ഷണം!!
നമ്മുടെ നിസ്സഹായതയുടെ വിളംബരം
ജീവിതത്തിന്‍റെ നിസ്സാരത ബോധ്യപ്പെടുത്തുന്ന സംഭവം
നമുക്ക് ആഴത്തില്‍ ചിന്തിക്കാന്‍ ഒരു പാഠം
നാഥാ...കാത്തു രക്ഷിക്കണേ...

Kutty said...

പ്രകൃതി ദുരന്തങ്ങളും അപ്രതീക്ഷിത അപകടങ്ങളും നമ്മെ തെര്യപ്പെടുത്തുന്ന ഒരു നഗ്നസത്യമുണ്ട്; എല്ലാം നേടുകയും സര്‍വവും കൈപിടിയില്‍ ഒതുക്കിയെന്ന് ഊറ്റം കൊള്ളുകയും ചെയ്യുന്ന മനുഷ്യന്‍ എത്ര നിസ്സാരന്‍! അവന്റെ ബലഹീനത സ്വയം ബോധ്യപ്പെടാനും അഹങ്കരിക്കാതിരിക്കാനുമാണ് വാഹനത്തില്‍ കയറുമ്പോള്‍ "സുബ്‌ഹാനല്ലദീ സഖ്ഖറ ലനാ ഹാദാ വമാ കുന്നാ ലഹൂ മുഖ്റിനീന്‍; വ ഇന്നാ ഇലാ റബ്ബിനാ ല മുന്‍ഖലിബൂന്‍" (ഞങ്ങള്‍ക്ക്‌ വേണ്ടി ഇതിനെ വിധേയമാക്കിത്തന്നവന്‍ എത്ര പരിശുദ്ധന്‍! ഞങ്ങള്‍ക്കതിനെ ഇണക്കുവാന്‍ കഴിയുമായിരുന്നില്ല. തീര്‍ച്ചയായും ഞങ്ങള്‍ രക്ഷിതാവിങ്കലേക്ക്‌ തിരിച്ചെത്തുന്നവര്‍ തന്നെയാകുന്നു.) എന്ന സുരക്ഷാ മന്ത്രം ചൊല്ലാന്‍ പ്രകൃതിമതമായ ഇസ്‌ലാം കല്പിച്ചത്. ഈ രക്ഷാകവചം ധരിച്ചയാള്‍ക്ക് പിന്നെ ആത്മധൈര്യത്തോടെ യാത്ര തുടരാം. ഈ മന്ത്രം ചൊല്ലിയ യാത്രകളിലോന്നും ഈയുള്ളവന് ഒരുവിധ അപകടമോ പ്രയാസമോ നേരിടേണ്ടി വന്നിട്ടില്ല.. അതേ സമയം, വാഹന യാത്രകളില്‍ അപൂര്‍വമായി സംഭവിച്ച ചില അപകടങ്ങള്‍ തലനാരിഴ കീറി പരിശോധിച്ചപ്പോള്‍ അവിടെയൊക്കെ ഈ മന്ത്രം മറവി മൂലമോ ശ്രദ്ധക്കുറവുകൊണ്ടോ ചൊല്ലിയിട്ടില്ലെന്നു ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്..
അല്ലെങ്കില്‍ തന്നെ കാര്യങ്ങളെല്ലാം നമ്മുടെ നിയന്ത്രണത്തിലാണെന്ന് പറയുന്നതിലും വലിയ മൌഡ്യം മറ്റെന്താണ് ഉള്ളത്?!
അപകടങ്ങളില്‍ നിന്നും അപകട മരണങ്ങളില്‍ നിന്നും എല്ലാവരെയും (വിശിഷ്യ നമ്മെയും ബന്ധപ്പെട്ടവരെയും) ജഗന്നിയന്താവ് കാത്തുസംരക്ഷിക്കട്ടേ.. അപകടത്തില്‍ പെട്ട സഹോദരങ്ങളുടെ ബന്ധുമിത്രാദികള്‍ക്ക് നാഥന്‍ ക്ഷമിക്കാനുള്ള കരുത്തുനല്‍കുകയും നഷ്ടപ്പെട്ടവരെക്കള്‍ മെച്ച്ചപ്പെട്ടവരെ പകരം നല്‍കുകയും ചെയ്യട്ടെ.. പരേതത്മാക്കള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു!

ഒഴാക്കന്‍. said...

:(((

ഹംസ said...

കണ്ണിരും പ്രാര്‍ത്ഥനയും.!!

ആയിരത്തിയൊന്നാംരാവ് said...

ജീവിതം ചിലപ്പോള്‍ ഇങ്ങനെയാണ്