ഈ എഴുത്തുപുരയില്‍..

28 April 2011

കാഴ്ചകളില്‍ കനക്കുന്ന കദനങ്ങള്‍

ആദ്യ ഭാഗങ്ങള്‍  :
8) അടിമത്തത്തിന്‍റെ അകംവിളികള്‍

അടുത്തറിയുമ്പോള്‍ അനുകമ്പാര്‍ദ്രമാണ്
മൊസാംബിക്ക് മനുഷ്യരുടെ ജീവിതങ്ങള്‍..
------------
താമസിക്കുന്ന വില്ലയില്‍ നിന്ന് കടയിലേക്കുള്ള കാല്‍നടയ്ക്ക് പത്തു മിനുട്ട് ദൈര്‍ഘ്യമേയുള്ളൂ.
അന്നും പതിവ് പോലെ നടന്ന് ജോലിക്കെത്തിയപ്പോള്‍ കടയുടെ മുന്നില്‍ 'ധര്‍ണ്ണ' കണക്കേ ഒരാള്‍ക്കൂട്ടം! ഊന്നുവടിയും ഭാണ്ടക്കെട്ടുകളുമായി ഒരു വയോധിക വൃന്ദം വരാന്തയില്‍ നിരന്നിരിക്കുന്നു.
മിക്കവരുടെയും മാറിലും മടിയിലും കൈക്കുഞ്ഞുങ്ങള്‍! വേഷങ്ങളില്‍ നിന്ന് ദുര്‍ഗന്ധവും വീശുന്നു..


 ഒരു 'പത്രാവു' വിന്‍റെ ഗമയില്‍ കാവല്‍ക്കാരന്‍റെ കൈയ്യില്‍ ഞാന്‍ കട തുറക്കാനായി താക്കോല്‍ക്കൂട്ടമേല്‍പ്പിച്ചു. അപ്പോള്‍, താഴിട്ടു പൂട്ടിയ ഇരുമ്പ് ഗേറ്റിന്‍റെ താഴ്ഭാഗത്തിരുന്ന കുറച്ചു പേര്‍ ധൃതിയില്‍ പിടഞ്ഞെഴുന്നേറ്റ് അല്‍പം മാറിയിരുന്നു. വാക്കുകള്‍ക്കതീതമായ വിനയഭാവങ്ങളോടെ എന്നെത്തന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു ആ വൃദ്ധവൃന്ദം.

എനിക്കൊന്നും മനസ്സിലായില്ല.

അസാധാരണമായ ആള്‍ക്കൂട്ടം കണ്ട് ഒരുവേള പകച്ചുപോയ ഞാന്‍, ജോലിയില്‍ തന്നെ പ്രവേശിച്ചു.

അതൊരു വെള്ളിയാഴ്ചയായിരുന്നു.

കാരുണ്യത്തിന്‍റെ അപ്പക്കഷ്ണങ്ങള്‍ക്കായി ഗ്രാമങ്ങളില്‍ നിന്നും  നഗരത്തിന്‍റെ പുറമ്പോക്കുകളില്‍ നിന്നും 'ദാരിദ്ര്യക്കൂട്ടം' പട്ടണത്തിലെത്തുന്ന ദിവസം.

മൊസാംബിക്കിലെ മുസ്‌ലിം വ്യാപാരികള്‍ പണമായും ഭക്ഷണമായും ധാരാളം കാരുണ്യം ചൊരിയുന്ന ദിനമാണ് വെള്ളിയാഴ്ചകള്‍. അങ്ങനെയൊരു ആശ്വാസം ഏറ്റുവാങ്ങാനായിരുന്നു അന്നും ആ ആള്‍ക്കൂട്ടം അവിടെയും എത്തിപ്പെട്ടത്.

ഒരു കൊറിയന്‍ വംശജന്‍റെ 'ഫോട്ടോ അമീഗു' എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നത് ഞങ്ങളുടെ തൊട്ടാണ്.
മിക്ക വാരങ്ങളിലും അദ്ദേഹവും അത്തരം 'അന്നദാന'ത്തില്‍ പങ്കാളിയാകുന്നുണ്ട്. അന്ന്,  അദ്ദേഹത്തോടൊപ്പമായിരുന്നു ഈ സുകൃത കര്‍മത്തിന് മാനേജറില്‍ നിന്ന് ഞങ്ങള്‍ക്ക് നിര്‍ദേശം കിട്ടിയത്.

വരാന്തയിലെ വെറും നിലത്തിരിക്കുന്ന അക്ഷമയുടെ വൃദ്ധജന്മങ്ങളെ  ഒന്നൊതുക്കിയിരുത്താന്‍  ഞങ്ങളുടെ കാവല്‍ക്കാരന്‍ സാന്തുവിന് ഒച്ചയിടെണ്ടി വന്നു.
ഭാണ്ഡങ്ങളും കൈക്കുഞ്ഞുങ്ങളും മടിയില്‍ വച്ചിരുന്ന അവര്‍ക്ക് കാവല്‍ക്കാരന്‍റെ കല്‍പ്പന അല്‍പം പ്രയാസം സൃഷ്ടിച്ചതായി എനിയ്ക്ക് തോന്നി. പക്ഷെ, അനുസരണയുള്ള കുഞ്ഞുങ്ങളെപ്പോലെ അവര്‍ ഒരുങ്ങിയിരുന്നു; 'വിഹിതം' ലഭിക്കാന്‍!

രണ്ട് വലിയ ചാക്കുകളില്‍ നിറച്ചു വെച്ചിരുന്ന 'നീളന്‍ പാവു' നല്‍കുന്നതിനിടെയാണ് കൂട്ടത്തില്‍പെട്ട രണ്ട് പീറചെറുക്കന്മാര്‍ പിറകില്‍ വന്ന് അധികം തട്ടിപ്പറിക്കാനൊരു ശ്രമം നടത്തിയത്.
കൈയ്യില്‍ വടി കരുതിയിരുന്ന ഞങ്ങളുടെ മറ്റൊരു ജീവനക്കാരന്‍ അവസരോചിതമായി 'രണ്ടെണ്ണം' നല്‍കിയതോടെ അവര്‍ ചിതറിയോടുകയും ചെയ്തു.

പിന്നെ, 'അന്നം' കിട്ടിയവര്‍ ഒന്നൊന്നായി പോയിത്തുടങ്ങി.

ദൈന്യപൂര്‍ണമായിരുന്നു ആ മടക്കം
.
വേച്ചു വേച്ച്, ഊന്നു വടികളില്‍ ചെരിഞ്ഞ് വിദൂരതയിലേക്ക് ചലിച്ച അവര്‍ എന്‍റെ കാഴ്ചയില്‍ നിന്ന് വൈകാതെ അകന്നുപോയി..
അവരെക്കുറിച്ചും അവരുടെ ഇനിയുള്ള ലകഷ്യങ്ങളെക്കുറിച്ചും കടയിലെ ജീവനക്കാര്‍ പിന്നീടെനിക്ക് പറഞ്ഞു തന്നു.

നഗരപ്രാന്തങ്ങളില്‍ നിന്ന് ആഹാരം തേടി ആഴ്ചയിലൊരിക്കല്‍ ആഗാതരാകുന്നവരാണവര്‍.
ഒരിടത്തു നിന്നും സ്വരുക്കൂട്ടിയ അന്നവുമായി താന്താങ്ങളുടെ കുടിലുകള്‍ തേടിയോ, അല്ലെങ്കില്‍ അന്നത്തെ തീര്‍ന്നുപോയിട്ടില്ലാത്ത കാരുണ്യത്തിന്‍റെ മറ്റൌദാര്യങ്ങള്‍ തേടിയോ ആണ് അവര്‍ യാത്രയാകുന്നത്.
വാരാന്ത്യമെത്തുമ്പോള്‍ ഇനിയും അവര്‍ ഇങ്ങനെ കടന്നു വരും..

                                    ***
ഉച്ചയ്ക്ക് ഭക്ഷണത്തിനും വിശ്രമത്തിനുമായി പോകുമ്പോള്‍ സുഹൃത്ത്‌ പറഞ്ഞു:
''നമുക്ക് മറ്റൊരു വഴിക്ക് പോകാം;ഒരു കസ്റ്റമറെ കാണാനുണ്ട്''.

പതിവ് പാത പിന്നിട്ട് ഞങ്ങള്‍ പുതുവഴിയെ പ്രാപിച്ചു.

നിര നിരയായി പന്തലിച്ചു നില്‍ക്കുന്ന കൊച്ചു മരങ്ങള്‍ക്ക് താഴെ ഊഴം കാത്തിട്ട ലൈന്‍ മിനി ബസുകളുടെ ഓരം ചേര്‍ന്ന് നടന്ന് വീതിയേറിയ ഒരു ചെമ്മണ്‍ പാതയിലേക്ക് നീങ്ങുമ്പോള്‍ കണ്ടു; പൊരിവെയിലിനെ  വകവയ്ക്കാതെ സാധനങ്ങള്‍ നിരത്തിവച്ച് കച്ചവടം ചെയ്യുന്ന നിരവധി യുവാക്കള്‍.
കണ്ണാടികള്‍, ചീര്‍പ്പുകള്‍, സോക്സുകള്‍, മൊട്ടുസൂചികള്‍, കളിക്കോപ്പുകള്‍, മൊബൈല്‍ ചാര്‍ജ്ജറുകള്‍/കൂടുകള്‍, കത്രികകള്‍ തുടങ്ങി നമ്മുടെ നഗരനിരത്തിലെ സ്ഥിരം വിഭവങ്ങള്‍!
ആവശ്യമെന്ന് തോന്നിച്ച ഒരു വസ്തുവില്‍ ശ്രദ്ധ പതിഞ്ഞപ്പോള്‍ ഒന്ന് നോക്കാമെന്ന് നിനച്ച് ഞാന്‍ നിശ്ചലനായതേ ഉള്ളൂ;  'പത്രാവൂ..പത്രാവൂ..' എന്ന് വിളിച്ച് കച്ചവടക്കാരായ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഞങ്ങളെ പൊതിഞ്ഞു.
ചോദിച്ചപ്പോള്‍ വില പറഞ്ഞെങ്കിലും 'ഓ ദാര്‍ ബോം പ്രേസു'(നല്ല വിലയ്ക്ക് തരാം) എന്ന് പറഞ്ഞ് കാപ്പിരിച്ചെറുക്കന്മാര്‍ അത് വാങ്ങാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. പക്ഷെ, മടങ്ങിവരുമ്പോള്‍ വാങ്ങിക്കാമെന്നു പറഞ്ഞ് ഞങ്ങളുടന്‍ അവിടം വിട്ടു.
കണ്ടല്‍ ചെടികള്‍ വളര്‍ന്നു നില്‍ക്കുന്ന ഒരു അഴുക്കു ചാലിന്മേല്‍ പാലം പണിത മറ്റൊരു റോഡിലേക്കാണ് ചെമ്മണ്‍പാത ചേര്‍ന്നത്.
മൂന്നു മീറ്ററോളം നീളമുള്ള ആ പാലത്തിലേയ്ക്ക് പാദമൂന്നിയപ്പോള്‍ എന്നെ വരവേറ്റത് കദനം കനക്കുന്ന കാഴ്ചകള്‍!
വശങ്ങളില്‍ ഹതാശരായി കിടക്കുന്നുണ്ടായിരുന്നു കുറെ മനുഷ്യ ജന്മങ്ങള്‍..
അന്ധതയും അംഗവൈകല്യവും ബാധിച്ചവരും ഉണങ്ങാത്ത മുറിവുകള്‍ വ്രണമായ് പരിണമിച്ച്‌ വേദനയുടെ നാദവും നീറ്റലൊമൊലിക്കുന്നവരുമായ പത്തിരുപതു പേര്‍..

ചില്ലറത്തുട്ടുകള്‍ക്കായി തുണി വിരിച്ചുകിടക്കുന്ന ആ മനുഷ്യര്‍ സഹായത്തിനായി ഇങ്ങനെ നിലവിളിച്ചു കൊണ്ടിരുന്നു.
''അജൂദ പത്രാവു... അജൂദ പത്രാവു...''
(കഴിവുള്ളവരെ കനിയുവീന്‍..കഴിവുള്ളവരെ കനിയുവീന്‍...)

വിണ്ണില്‍ നിന്നും മണ്ണിലേക്ക് കഠിനമായ വെയില്‍ പതക്കുമ്പോഴും അവരിലൊരു അംഗവിച്ചേദം ചെയ്യപ്പെട്ട അന്ധമനുഷ്യന്‍റെ പരിസരം തിരിച്ചറിയാതെയുള്ള ആര്‍ത്തനാദം, ആറേഴു വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരഗ്നിമിന്നലായി എന്‍റെ കണ്ണിലും കാതിലും കടന്നു വരുന്നുണ്ട്..


എളുപ്പത്തില്‍ എത്താവുന്ന ഒരു വഴിയെന്ന നിലയില്‍ വില്ലയിലേക്കും കടയിലേക്കും മിക്കപ്പോഴും ഞാന്‍ തെരെഞ്ഞെടുത്തത് ആ പാലമാണ്.
സുരക്ഷിതത്വം കൊണ്ട് ഏറെ പ്രായോഗികവും കൂടിയായിരുന്നു  ആ വഴി.  ആ മാര്‍ഗമധ്യേയുള്ള  ആഗമന നിര്‍ഗമനങ്ങളിലെല്ലാം പാലത്തിനു മുകളിലെ വിലാപങ്ങള്‍ ഞാന്‍ കേള്‍ക്കുമായിരുന്നു.


അതീവ ദുരിതങ്ങളുടെ അസഹനീയ നിലവിളികളായി അവയെന്നും എന്‍റെ കര്‍ണപുടങ്ങളില്‍ വന്നണഞ്ഞു.


എന്നാല്‍, ഒരിക്കല്‍ കണ്ട മുഖങ്ങളും നഖ ചിത്രങ്ങളും അത്യപൂര്‍വമായ കാഴ്ചകളായിരുന്നു അവിടെ!
കാരുണ്യത്തിന്‍റെ നാണയത്തുട്ടുകള്‍ കാത്തുകിടക്കുന്ന ആ മനുഷ്യരെല്ലാം ദുരിതപര്‍വങ്ങളുടെ പുതിയ ഇരകളായിരുന്നുവെന്നതാണ്‌  സത്യം.

കവിളുകളില്‍ കണ്ണീര്‍പാടുകള്‍ പതിഞ്ഞു കൊണ്ടേയിരുന്ന ആ കറുത്ത മനുഷ്യരുടെ മുഖങ്ങള്‍ മാറുമ്പോഴും അവരുടെ വേദനകള്‍ക്കൊരിക്കലും വൈരുദ്ധ്യങ്ങള്‍ വന്നിരിക്കില്ല; അന്തരീക്ഷത്തിലലിഞ്ഞുപോയ വിലാപ വാക്യങ്ങള്‍ക്കും..

''അജൂദ പത്രാവു... അജൂദ പത്രാവു...''

കാരുണ്യത്തിന്‍റെ കണിക തേടുന്ന ആ വചസ്സുകള്‍ക്കിപ്പോഴും ഊഷര മനസ്സുകളെ നനയ്ക്കാനാവാത്ത പോലെ...

***
ചതുര്‍പാതകള്‍ സന്ധിക്കുന്ന നഗരപ്രാന്തത്തിലെ കുറ്റിച്ചെടികള്‍ വച്ചുപിടിപ്പിച്ച 'റൌണ്ട് ബോട്ടം'.

കടയിലേക്ക്‌ മടങ്ങുമ്പോള്‍ അന്ന് ഉച്ച സമയം 2 മണി കഴിഞ്ഞിരുന്നു.

ആറ് വയസ്സ് തോന്നിക്കുന്ന ഒരു കാപ്പിരിക്കുട്ടി പെട്ടെന്നാണ് എന്‍റെ മുന്നിലേക്ക്‌ എവിടെ നിന്നോ ഓടിവന്നത്.

കിതക്കുന്നുണ്ടായിരുന്നു അവന്‍.

''ബോതാര്‍ദ് പത്രാവു''

''ബോതാര്‍ദ്''. ഞാനും പ്രതിവചിച്ചു.

കവിളൊട്ടിയ കറുത്ത മുഖത്ത് വ്യാകുലതയുടെ നിഴല്‍പ്പാട് പരന്നു വരികയായിരുന്നു.
അവന്‍ എന്നോട് കെഞ്ചി:
''തു പിദീര്‍ ത്രേഷ് കൌണ്ട് പത്രാവു....''

''ത്രേഷ് കൌണ്ട്'' ! 

എന്തിനാണ്? ഞാന്‍ ചോദിച്ചു.

അവന്‍ പറഞ്ഞു:
''യേവു കേര്‍ കൊംബ്രാര്‍ ഊമ കദേര്‍നു പ്ര എസ്കോള..''
(എനിയ്ക്ക് സ്കൂളിലേക്ക് ഒരു നോട്ടു പുസ്തകം വാങ്ങിക്കാനാണ്..)

ഞാനവനെ ആപാദചൂഡമൊന്ന് വീക്ഷിച്ചു.

കളങ്കം വിളയുന്ന കവിള്‍ത്തുടമൊന്നും ആ മുഖത്ത് കണ്ടില്ല.
സന്തോഷിപ്പിക്കണമെന്ന  ഉദ്ദേശത്തോടെ ഞാനെന്‍റെ കൈകള്‍ കീശയിലേക്ക്‌ കൊണ്ടുപോയി.
പക്ഷെ, സ്വയം ലജ്ജിക്കാനേ അപ്പോഴെനിക്കു കഴിഞ്ഞുള്ളു..
കള്ളന്‍മാരുടെ പിടിച്ചുപറി പേടിച്ച് പേഴ്സില്‍ പണമൊന്നും കരുതാതെയായിരുന്നു എന്‍റെ സഞ്ചാരം.

ബാലന്‍റെ മുഖത്ത് നോക്കി ഒന്നുമില്ലെന്ന് പറയുമ്പോള്‍ മനസ്സാക്ഷിക്കുത്ത് അതിന്‍റെ പാരമ്യത്തിലെത്തിക്കഴിഞ്ഞിരുന്നു.

അക്ഷരങ്ങളുടെ ലോകത്ത് നിന്നും അന്യവല്‍ക്കരിക്കപ്പെട്ട അനേകം കുഞ്ഞുങ്ങളുടെ അവസ്ഥാന്തരങ്ങളെ അതിജയിക്കാനുള്ള ആ ആഫ്രിക്കന്‍ ബാലന്‍റെ മോഹമൊട്ടുകള്‍, എന്‍റെ നിസ്സഹായത സൃഷ്ടിച്ച നൈരാശ്യത്തിലൂടെ ഞെട്ടറ്റു വീണത്‌ കുറച്ചൊന്നുമല്ല അന്നും, പിന്നീടും മനസ്സില്‍ നീറ്റലുണ്ടാക്കിയത്.


പട്ടിണിയും ദാരിദ്ര്യവും മാരകരോഗങ്ങളും മൊസാംബിക്കന്‍ മണ്ണിലെ നിരവധി കുരുന്നുകളെ നിരക്ഷരതയുടെ മരുഭൂമിയിലെത്തിച്ചിരിക്കുന്ന സത്യമറിയുമ്പോള്‍ ആ നീറ്റല്‍, അറ്റമില്ലാത്തൊരു സാഗരം പോലെ ഇന്നും എനിയ്ക്കനുഭവപ്പെടുന്നുണ്ട്..

(തീരുന്നില്ല)

25 comments:

മൻസൂർ അബ്ദു ചെറുവാടി said...

നന്നായി. നല്ല വിവരണം

അലി said...

തൊലിയുടെ നിറവ്യത്യാസങ്ങൾക്കനുസരിച്ച് ലോകത്തെ പകുത്തപ്പോൾ ബാക്കിയായ ദൈന്യതയുടെ രോദനങ്ങൾ... ആഫ്രിക്കൻ ജനതയുടെ ദാരിദ്ര്യത്തിന്റെ വിലാപങ്ങൾ മനസ്സിൽ തട്ടുംവിധം അവതരിപ്പിച്ചു.

തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

ponmalakkaran | പൊന്മളക്കാരന്‍ said...

അജൂദ പത്രാവു... അജൂദ പത്രാവു........

ധനലക്ഷ്മി പി. വി. said...

കണ്ണ് നനയിക്കുന്ന അനുഭവങ്ങള്‍ ..നന്നായി എഴുതി

Echmukutty said...

സഹിയ്ക്കാൻ കഴിയുന്നില്ലെങ്കിലും ഞാൻ ശ്രമിച്ച് നോക്കുകയാണ്.......
ദാഹം പൊറുക്കാതെ അഴുക്കു ചാലിൽ നിന്ന് വെള്ളം മുക്കിക്കുടിയ്ക്കുന്ന നാലു വയസ്സുകാരിയെ കാണിച്ചു തന്നിട്ടുണ്ട് നമ്മുടെ രാജ്യം എനിയ്ക്ക്...

മനസ്സ് വേദനിയ്ക്കുന്നുവെങ്കിലും ഈയനുഭവം പങ്ക് വെച്ചത് നന്നായി.

K@nn(())raan*خلي ولي said...

കണ്ണ് നിറക്കുന്ന കഥനം.
ചുറ്റുമുള്ളതിനെ കാണാന്‍ കഴിയാതെ നമ്മുടെ കണ്ണുകള്‍ അടഞ്ഞു പോയിരിക്കുന്നു!

mayflowers said...

ഇത്തരം കാഴ്ചകള്‍ പലപ്പോഴും നമ്മുടെ കണ്ണുകള്‍ക്ക്‌ കാണാന്‍ കഴിയാറില്ല..
ഇത്തരം വാര്‍ത്തകള്‍ നമ്മുടെ കാതുകളെ അലോസരപ്പെടുത്താറില്ല..

അത് കണ്ടെത്തി ഇവിടെയിട്ട നല്ല മനസ്സിന് ഭാവുകം.

കൂതറHashimܓ said...

.....!!
അറിയാന്‍ ആഗ്രഹിക്കാത്ത എത്താന്‍ ഇഷ്ട്ടപ്പെടാത്ത
എന്നാല്‍ യഥാര്‍ത്ത സത്യങ്ങളുടെ വഴികള്‍.

Akbar said...

ദാരിദ്ര്യത്തിന്റെ നടുക്കടലില്‍ പകച്ചു നില്‍ക്കുന്ന ജീവിതങ്ങളുടെ നേര്‍ക്കാഴ്ച അത്യന്തം തീവ്രതയോടെ അവതരിപ്പിച്ചു.

(റെഫി: ReffY) said...

ആര്‍ദ്രമായ വാക്കുകള്‍ സൃഷ്ട്ടിക്കുന്ന വേദന താങ്കളുടെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ അനുഭവപ്പെടാറുണ്ട്. മാത്രനേരമെങ്കിലും അതനുഭവിക്കാന്‍ വേണ്ടി തന്നെയാണ് താങ്കളുടെ ക്ഷണം സ്വീകരിച്ചു ഇവിടെ വരുന്നത്.
കരുണവറ്റിയ ലോകത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ പോസ്റ്റും. തുടരൂ. ഭാവുകങ്ങള്‍.

Naushu said...

കണ്ണ് നനയിക്കുന്ന വിവരണം .....

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

താങ്കളുടെ ഭാഷയ്ക്ക്‌ പൊള്ളിക്കുന്ന ചൂടുണ്ട്!
കാന്തിക ശക്തിയുണ്ട്!
മനസ്സിനെ മഥിക്കുന്ന മുന്‍ അനുഭവങ്ങള്‍ ഇത്രനന്നായി കോറിയിടാന്‍ താങ്കള്‍ക്കാവുന്നല്ലോ..
അതൊരു ഭാഗ്യം തന്നെ!
ഇനിയും ഭൂമിയിലൂടെ സഞ്ചരിക്കൂ..
പത്രാസില്ലാത്ത ഒരു 'പത്രാവു' ആയിട്ട് ...
എന്നിട്ട്,അനുഭവങ്ങള്‍ ഞങ്ങളുമായി പങ്കുവയ്ക്കൂ ...

കാത്തിരിക്കുന്നു.

ente lokam said...

keep writing..touching
incidents....

A said...

ഹൃദയസ്പര്‍ശിയായ ഈ വിവരണങ്ങള്‍ വായിക്കുമ്പോള്‍ അനുഭവങ്ങടെ ഒരു സാഗരമിരമ്പുന്നത് കാണുന്നു. ഇനിയും എഴുതുക

Sidheek Thozhiyoor said...

വളരെ നന്നായി പറഞ്ഞു റഫീക്ക്‌,അനുഭവങ്ങള്‍ അതിന്‍റെ ശരിയായ തീവ്രതയോടെ സംവദിക്കാന്‍ താങ്കള്‍ക്കാവുന്നു..കൂടുതല്‍ പ്രതീക്ഷകളോടെ..ആശംസകളോടെ..

Sidheek Thozhiyoor said...

വളരെ നന്നായി പറഞ്ഞു റഫീക്ക്‌,അനുഭവങ്ങള്‍ അതിന്‍റെ ശരിയായ തീവ്രതയോടെ സംവദിക്കാന്‍ താങ്കള്‍ക്കാവുന്നു..കൂടുതല്‍ പ്രതീക്ഷകളോടെ..ആശംസകളോടെ..

the man to walk with said...

യാതനയുടെ വഴികള്‍ ..

ആശംസകള്‍

MT Manaf said...

you presented with the essence
fine

rafeeQ നടുവട്ടം said...

@ ചെറുവാടി
ആദ്യ അഭിപ്രായമിട്ടതിന് നന്ദി.

@ അലി
ദൈന്യതയുടെ രോദനങ്ങൾ ഇങ്ങനെ പറഞ്ഞാലേ എഴുത്തിന്‍റെ ധര്‍മം പുലരൂ..

@ ponmalakkaran | പൊന്മളക്കാരന്‍
ഞാന്‍ പത്രാവു അല്ല. നന്ദി; വന്നതിനും പറഞ്ഞതിനും.

@ ധനലക്ഷ്മി
ഇതൊരു ഒറ്റപ്പെട്ട അനുഭവമല്ല; ഇനിയും എന്തെല്ലാം!

@ Echmukutty
താങ്കളുടെ അഭിപ്രായക്കുറിപ്പും തീവ്രമാണ്. പങ്കുവയ്ക്കാന്‍ ഇനിയുമുണ്ട് എന്നില്‍. എച്ചുമ്മുക്കുട്ടിയുടെ സന്ദര്‍ശനത്തെയും വാക്കുകളെയും വിലമതിക്കുന്നു;നന്ദി.

@ K@nn(())raan*കണ്ണൂരാന്‍.!
ഇത്തരം കദനങ്ങള്‍ കാണാന്‍ ആഫ്രിക്ക വരെ പോകേണ്ടതില്ല. നമുക്ക് ചുറ്റുമില്ലേ വേദനകള്‍!

@ mayflowers
ശരിയാണ്. നമ്മള്‍ മുന്നോട്ട്‌ പോകുന്നത്, കാഴ്ച്ചകളെ ചവിട്ടിയരച്ചാണ്. നമ്മുടെ മനം എന്ന് മാറാനാണ്!
നന്ദി; ആദ്യ വരവിനും വാക്കിനും.

@ കൂതറHashimܓ
അതെ. സത്യങ്ങള്‍ക്ക് പൊള്ളുന്ന വശമുണ്ട്.
നന്ദി, ഹാഷിം.

@ Akbar
ഞാന്‍ പറഞ്ഞതിനേക്കാള്‍ തീവ്രമാണ് ഈ മനുഷ്യരുടെ ജീവിതം!
തിരക്കിനിടയിലും വന്നതിനു നന്ദി.

@ (റെഫി: ReffY)
മനസ്സില്‍ വേദന നിറച്ചെഴുതുമ്പോള്‍ അക്ഷരങ്ങളിലേക്കും അത് പടരുന്നത്‌ സ്വാഭാവികമാകും! തുടരെഴുത്തിലേക്കുള്ള പ്രചോദന വാക്കുകള്‍ക്കു നന്ദി.

@ Naushu
താങ്കള്‍ക്കു തോന്നിയതും ശരിയാകാം. നന്ദി;. വീണ്ടും വന്നതിന്!

@ ഇസ്മായില്‍ കുറുമ്പടി (തണല്‍)
താങ്കളുടെ വാക്കുകളില്‍ വീര്‍പ്പു മുട്ടുമ്പോഴും ആ മനുഷ്യരെ മറക്കാനല്ല; അവരോടൊത്ത് സഹവസിച്ച നിമിഷങ്ങളെ കൂടുതല്‍ ഓര്‍ത്തെടുക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. നമ്മുടെ ഓരോ സഞാരങ്ങളിലും പതിയിരിക്കുന്നുണ്ടല്ലോ അനുഭവങ്ങളുടെ ചീറ്റപ്പുലികള്‍!
നന്ദി, പ്രിയ ഇസ്മയില്‍ സാഹിബ്.

@ ente lokam
Thanks

@ Salam
തീര്‍ച്ചയായും. തീക്ഷ്ണമായ അനുഭവക്കുറിപ്പുകളുമായി ഇനിയും വരാം. നന്ദി.

@ സിദ്ധീക്ക.
സംവദിക്കാനുള്ള പ്രചോദനങ്ങള്‍ തരുന്നവരില്‍ പ്രമുഖനാണ് താങ്കള്‍. നന്ദി.

@ the man to walk with
എഴുത്തിന്‍റെ വഴിയില്‍ നമുക്കുമൊന്നിക്കാം. നന്ദി; ആദ്യ വരവിന്

@ MT Manaf
വേണം; സത്യങ്ങള്‍ സത്തയോടെ പറയണം. നന്ദി

ജയരാജ്‌മുരുക്കുംപുഴ said...

valare nannayittundu....... aashamsakal...

ishaqh ഇസ്‌ഹാക് said...

ആദ്യം മുതല്‍ വായിച്ചു,
വായനയെ കാഴ്‌ചകളാക്കുന്ന ശൈലീ വൈഭവം..!! അനുമോദനങ്ങള്‍.
അനുബന്ധഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു, ഭാവുകങ്ങള്‍.

anju minesh said...

vallathe vedanippicha vivaranam

പള്ളിക്കരയിൽ said...

കുറിപ്പുകാരന്റെ ആർദ്രദർശനത്തിനു വിധേയമാകുന്ന അന്യദേശത്തെ പരിതോവസ്ഥകൾ ശോകജനക. ഹ്ര്‌ദയത്തിൽ തട്ടുന്ന ആവിഷ്കാരം.

ഭായി said...

ൊപ്പം നടന്നു വന്ന് കണ്ടത് പോലെയുള്ള വിവരണം.!! നന്നായി! നല്ല എഴുത്ത്!!

ബെഞ്ചാലി said...

ദാരിദ്ര്യത്തിന്റെ നേര്‍ക്കാഴ്ച..
ബ്ളഡ് ഡയമന്റിനെ കുറിച്ചു ഒന്ന് ഇവിടെയുണ്ട്.