ഈ എഴുത്തുപുരയില്‍..

Showing posts with label യാത്രാ വിവരണം. Show all posts
Showing posts with label യാത്രാ വിവരണം. Show all posts

23 October 2011

ആരെണ്ണും കണ്ണീര്‍തുള്ളികള്‍..?


-------------------------------------
വൈയക്തിക വൈഷമ്യങ്ങളുടെ കദനഭാരങ്ങളാണ് പ്രവാസജീവിതങ്ങളെ മരുഭൂമിയാക്കുന്നത്. 
--------------------------------------

മറുനാടന്‍ ജീവിതത്തിലെ വസന്ത നിമിഷങ്ങള്‍ സന്താപങ്ങളില്‍ മുങ്ങിപ്പോകുന്ന കാലമായിരുന്നു എന്‍റെ മൊസാംബിക്കന്‍ പ്രവാസകാലം.

വേതനവും വിശ്രമവും വിഭവസമൃദ്ധമായ ഭക്ഷണവും മാനസീകോല്ലാസവും ലഭ്യമായി, ലളിതവും ആഹ്ലാദകരവുമായി ചലിച്ചു തുടങ്ങിയ അവിടുത്തെ ജീവിതത്തിലേയ്ക്ക് പൊടുന്നനെയാണ് ഒരു കദനം കടന്നുവന്നത്.


സഹോദരിയുടെ നിര്യാണം.

മൊസാംബിക്കില്‍ വന്നു ചേര്‍ന്ന് ഏഴു മാസം കഴിഞ്ഞപ്പോള്‍ സന്തോഷങ്ങളെല്ലാം കണ്ണീരില്‍ മുക്കി എന്‍റെ മൂത്ത സഹോദരി ഫാത്വിമ(38) ഈ ലോകത്തോട്‌ വിടമൊഴിഞ്ഞു.
അന്ന്, 2004 ഡിസംബര്‍ 19 ന്‍റെ ഡയറിക്കുറിപ്പില്‍ ഇങ്ങനെ മാത്രം കുറിച്ചിടാനേ എനിയ്ക്ക് കഴിഞ്ഞിട്ടുള്ളൂ..


'' ആയിഷാ എന്ന സഹോദരിയുടെ വേദനാജനകമായ വേര്‍പാടിന് ശേഷം ഫാത്വിമ എന്ന പ്രിയപ്പെട്ട പെങ്ങള്‍ ഈ ദിവസം അസര്‍ നമസ്കാരത്തിനിടെ എന്നില്‍ നിന്ന് (ഞങ്ങളില്‍ നിന്ന്) എന്നെന്നേക്കുമായി കണ്മറഞ്ഞു പോയി.
രണ്ടവയവങ്ങള്‍ ഇപ്പോള്‍  എന്‍റെ ശരീരത്തില്‍ നിന്ന് കൊഴിഞ്ഞുപോയതു പോലെ...''

***       ***       ***

മൊസാംബിക്ക് സര്‍ക്കാറിന്‍റെ മത്സ്യബന്ധന- കാര്‍ഷിക പദ്ധതികള്‍  ഏകോപിപ്പിക്കുന്നതിനു വേണ്ടി ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദഗ്ധ സംഘത്തില്‍ ഒരു മലയാളിയുമുണ്ടായിരുന്നു.
സാമൂഹ്യ സേവനത്തില്‍ മാസ്റ്റര്‍ ബിരുദം (MSW) നേടിയ ആശാബായ് തങ്കമ്മ.
ആലപ്പുഴ ജില്ലയിലെ പന്തളം സ്വദേശിനി.
മപ്പുട്ടോയിലായിരുന്നു ആദ്യ നിയമനമെങ്കിലും 'ബൈറ' യിലേക്ക് മാറ്റപ്പെട്ട അവര്‍ ഞങ്ങളുടെ
റെസിഡന്‍സ് ഏരിയയിലാണ് താമസത്തിനെത്തിയത്.
വിവിധ കമ്പനികളിലായി പതിനന്ജില്‍ താഴെ മാത്രം മലയാളികളുണ്ടായിരുന്ന ബൈറ പ്രവിശ്യയില്‍ പുതിയ ആളുടെ ആഗമനം 
എല്ലാവരിലും ആഹ്ലാദമുണ്ടാക്കി. ആദ്യം പരിചയപ്പെട്ടത് സുഹൃത്ത് നിയാസിനെയും എന്നെയുമായതിനാല്‍ വിപുലമായിരുന്നു ഞങ്ങളുടെ സൗഹൃദം.

അന്ന്, അപൂര്‍വമായി ഒത്തുകിട്ടിയതായിരുന്നു ഒരു അവധി ദിനം.

വിരസമായ ദിനത്തില്‍നിന്ന് വിമോചനം തേടി ആശയുടെ ഫ്ലാറ്റിലേക്ക് വന്നതായിരുന്നു
ഞാനും നിയാസും.
സംസാരിച്ചിരിക്കവേ സുഹൃത്തിന്‍റെ മൊബൈല്‍ ശബ്ദിച്ചു.
ആരംഭത്തില്‍ തന്നെ എന്‍റെ പേരാണ് പരാമര്‍ശിക്കപ്പെട്ടു കേട്ടത്.
അല്‍പ നേരത്തേക്ക് മാത്രമുണ്ടായ കാള്‍ അവസാനിച്ചയുടന്‍ നിയാസ് പറഞ്ഞു:
'' റഫീഖ്, നിനക്കായിരുന്നു ഫോണ്‍. അളിയന് സുഖമില്ലന്നു പറഞ്ഞാണ് ഒരാള്‍ വിളിച്ചത്''

ആരാ വിളിച്ചത്? ഞാന്‍ ചോദിച്ചു.

''ഷാര്‍ജയില്‍ നിന്ന് അഷ്‌റഫ്‌''   

ആലോചിച്ചു നില്‍ക്കുമ്പോഴാണ് കുടുംബ സുഹൃത്തായ അഷറഫിന്‍റെ ഫോണ്‍ പിന്നെയും വന്നത്.
സംസാരം തുടരുമ്പോള്‍ ഞാന്‍ കണ്ടു; പതിയെ പതിഞ്ഞു പോകുന്ന വാന്ഗ്മൊഴികളും അവ മറച്ചുപിടിക്കാനുള്ള
സുഹൃത്തിന്‍റെ ശ്രമവും.

''വാ നമുക്ക് റൂമില്‍ പോകാം.''  അവന്‍ പറഞ്ഞു.

എന്താണ് കാര്യമെന്ന് തിരക്കിയിട്ടും വെളിപ്പെടുത്താതെ ആശയുടെ ഫ്ലാറ്റില്‍ നിന്ന് എന്നെയും കൂട്ടി ധൃതിയില്‍ ഇറങ്ങുമ്പോള്‍ അധികരിച്ചു വരികയായിരുന്നു ആധികള്‍.

അടിഞ്ഞു കൂടി ആശയക്കുഴപ്പങ്ങളും..

സുഹൃത്തിന് പിറകില്‍ റോഡിലൂടെ അതിവേഗം നടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു കൊണ്ടേയിരുന്നു ഫോണ്‍ കാളിന്‍റെ മര്‍മം.

'' നിന്‍റെ ഗള്‍ഫിലുള്ള അളിയന്‍ സുഖമില്ലാതെ നാട്ടില്‍ വന്നിട്ടുണ്ടത്രേ..''
 നടത്തത്തിനിടയില്‍ അവന്‍ പറഞ്ഞു.

ഏതളിയന്‍.. എന്തസുഖം..?

അലകും പിടിയുമില്ലാത്ത ആലോചനകള്‍ക്കൊന്നും ഉത്തരം കിട്ടിയില്ല.
വില്ലയിലേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തിയപ്പോള്‍ നിയാസ് എന്നോട് ചോദിച്ചു: '' നിനയ്ക്കെത്ര പെങ്ങന്മാരുണ്ട്'' ?


പെട്ടെന്നൊരുത്തരത്തിന് പ്രയാസപ്പെട്ടെങ്കിലും ഞാന്‍ പറഞ്ഞു:
'' മൂന്ന്; ഇപ്പോള്‍ രണ്ട്''

''അതെന്താ അങ്ങനെ'' ?
സുഹൃത്തിന്‍റെ ചോദ്യമുഖത്തപ്പോള്‍ ഒരു മങ്ങല്‍ തങ്ങിനിന്നു.

ഒരാള്‍ കുറച്ചു മുമ്പ് മരിച്ചു.
എങ്ങനെ ?
പെട്ടന്നായിരുന്നു;  പ്രസവത്തില്‍..
അതെത്ര കൊല്ലായി ?
നാല്.
കുട്ടികളുണ്ടോ പെങ്ങള്‍ക്ക് ?
ഉം. നാല്
അവരൊക്കെ?
വീട്ടിലുണ്ട്..

ചോദ്യോത്തരങ്ങള്‍ക്കിടയില്‍ ഞങ്ങളൊരു മിനിബസില്‍ കയറിക്കഴിഞ്ഞിരുന്നു; കാലിയടിച്ച് പോയിരുന്ന ഒരു ടയോട്ടഹയാസ് വാനില്‍.
മൌനികളായി സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോള്‍ മൊബൈലിലേക്ക് പിന്നെയും കാളുകള്‍ വന്നു. നിരസിക്കപ്പെടാനായിരുന്നു അവയ്ക്ക് നിയോഗം.
അഞ്ച് മിനുട്ടെടുത്ത് വില്ലയിലെത്തിയപ്പോഴും പ്രവഹിച്ചു കാളുകള്‍.
അപ്പോള്‍, എന്നില്‍ നിന്ന് അകന്നുപോയാണ് ചിലതിനൊക്കെ സുഹൃത്ത് പ്രതികരിച്ചത്.

പിന്നെ, 'നമുക്ക് നാട്ടിലേക്ക് വിളിക്കാം' എന്ന് പറഞ്ഞ് അവന്‍ ശ്രമം തുടങ്ങി. എന്നാല്‍, സാങ്കേതികത്തകരാര്‍മൂലം ലൈന്‍ കിട്ടാതെ ഞങ്ങള്‍ നിരാശരായി.
ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കുമുള്ള ലാന്‍ഡ് ലൈന്‍ നെറ്റ് വര്‍ക്കുകള്‍ക്ക് എന്തോ തകരാര്‍ സംഭവിച്ചതായി 
കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞു കേട്ടിരുന്നു.
പുറത്ത് പാതയോരങ്ങളില്‍ സ്ഥാപിച്ചിരുന്ന ഇലക്ട്രോണിക് പൊതു ബൂത്തില്‍ പോയി നോക്കിയെങ്കിലും വ്യര്‍ത്ഥമായി.

കുറച്ചു സമയത്തിനു ശേഷം എനിക്കൊരു കാള്‍ കിട്ടി.
മാനേജരായിരുന്നു മപ്പുട്ടോയില്‍ നിന്ന്.


'' റഫീഖ്, പെങ്ങള്‍ക്കെന്തോ  നെഞ്ചുവേദന കണ്ടിട്ട് ആശുപത്രിയിലാണെന്ന് കേട്ടു. ഞാന്‍ നാട്ടിലേക്ക് വിളിച്ചപ്പോള്‍ അറിഞ്ഞതാണ്. വിഷമിക്കാനൊന്നുമില്ല. നിന്‍റെ വീട്ടിലേയ്ക്ക് ഞാനിപ്പോള്‍ വിളിച്ചിരുന്നു......''


അതോടെ, കഥയില്‍ നിന്ന് മാറുകയായിരുന്നു അത്യാഹിതം
അളിയനാണെന്നുള്ള  സങ്കല്‍പ്പം.

ആവശ്യമില്ലാത്ത   ആശങ്കകള്‍ മനസ്സിലേയ്ക്ക് കയറിവരാനും  തുടങ്ങി.

എന്തുപറ്റി പെങ്ങള്‍ക്കെന്ന ചോദ്യം  തിരമാല പോലെ  വന്നലച്ചു ഹൃദയ ഭിത്തിയില്‍..
അനതിവിദൂരമല്ലാത്തൊരു അസ്പ്രിശ്യ നിമിഷത്തില്‍ എന്തോ ദുരന്തവര്‍ത്തമാനം കാതിലലക്കാന്‍ പോകും പോലെ എനിയ്ക്ക് തോന്നി.
പൂര്‍വാനുഭവങ്ങള്‍  അത്തരമൊരു ദിശയിലേക്കു തീക്കാറ്റ് വീശി.
ആകുലതയുടെ ആകാശത്തപ്പോള്‍ ഭയപ്പാടിന്‍റെ മിന്നല്‍പിണരുകള്‍ തീനാളം ചൊരിഞ്ഞു..

ഖിന്നമനസ്ക്കനായി ഒരു മൂലയിലിരിക്കുമ്പോള്‍ പിന്നെയും മാനേജരുടെ വിളി വന്നു. ഏറെ സഹതാപ പൂര്‍ണമായിരുന്നു അപ്പോഴത്തെ അദ്ദേഹത്തിന്‍റെ സംസാരം.
പെങ്ങളുടെ നിലയില്‍ മാറ്റമില്ലെന്നും നിരന്തരം അങ്ങോട്ട്‌ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നും പറഞ്ഞ അദ്ദേഹം, തന്‍റെയും ഒരു പൂര്‍വ ദുഃഖം പങ്കുവച്ചു.
കുടുംബസമേതം മൊസാംബിക്കില്‍ ആയിരിക്കുമ്പോഴാണ് അദ്ദേഹത്തിന്‍റെ ഭാര്യാസഹോദരന്‍റെ മരണം. സമയത്തിന് നാട്ടിലെത്താന്‍ കഴിയാത്ത യാത്രാ സങ്കീര്‍ണത പറഞ്ഞ്  എന്‍റെ മനസ്സ് പാകപ്പെടുത്തുകയായിരുന്നു മാനേജര്‍.

ഇതിനിടയില്‍ ഇതര കമ്പനികളിലെ മലയാളി സുഹൃത്തുക്കളെല്ലാം ഓരോരുത്തരായി വില്ലയില്‍ വന്നെത്തി.
സര്‍വരുടെയും മുഖത്ത് മ്ലാനത പരന്നിരുന്നു.
അടക്കിപ്പിടിച്ച അജ്ഞാത സംസാരങ്ങള്‍ അവരെ മുഴുവന്‍ വലയം ചെയ്തു നിന്നു.

പൊന്തി വന്നു പിന്നെയും പന്തികേടുകള്‍..

വരണ്ട തൊണ്ടയിലപ്പോള്‍ നിശ്ചലമായി നീണ്ടുകിടക്കുകയായിരുന്നു 
എന്‍റെ മൊഴിയുടെ മാംസ പിണ്ഡം.

ഗള്‍ഫ്‌ ട്രേഡിംഗ് കമ്പനിയിലെ പ്രിയ മിത്രം സുബൈര്‍ തിരൂര്‍ ഒരു 
മുറിയിലേക്കെന്നെ കൂട്ടിക്കൊണ്ടു പോയി.
തോളില്‍ കൊളുത്തിയ അവന്‍റെ കൈകള്‍
ഒരാലിംഗനത്തിലേയ്ക്ക് വഴുതുന്നത് ഞാനറിഞ്ഞു.

കണ്ണടവൃത്തം ഭേദിച്ച് അദ്ദേഹത്തിന്‍റെ കവിളിലൂടെ രണ്ടശ്രുകണം ഒഴുകി വന്നു.
താമസം വിനാ, അവനാ സത്യം വെളിപ്പെടുത്തുമ്പോള്‍ ഇടറുന്നുണ്ടായിരുന്നു സുബൈറിന്‍റെ സ്വരം..


''റഫീഖ്, നിന്‍റെ താത്ത യാത്രയായിരിക്കുന്നു..''


***          ***          ***

തിരിച്ചറിവിന്‍റെ പരിസരങ്ങളില്‍ തിരിച്ചെത്തുമ്പോള്‍ ഒരക്ഷരം
ഉരിയിടാനാകാതെ ഒരാള്‍ക്കൂട്ടം എന്‍റെ ചാരത്ത് തന്നെ ഉണ്ടായിരുന്നു.
പറയാതെ പറന്നുപോയ ഒരു സ്നേഹ മുഖത്തിന്‍റെ സ്മരണാഞ്ജലി, കണ്ണീര്‍ വീണു കുതിര്‍ന്ന എന്‍റെ ഹൃദയദര്‍പ്പണത്തില്‍ പതിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍..
കാതുകളില്‍ മുഴങ്ങിയ ഒരപ്രിയ സത്യത്തിന്‍റെ ആഘാതങ്ങള്‍ ആത്മാവിന്‍റെ അതിരുകളില്‍ ആഴ്ന്നിറങ്ങുന്നുണ്ടായിരുന്നു..

കാലം അണച്ചുകളഞ്ഞ ഒരു മനോവേദനയുടെ കനലുകള്‍ പിന്നെയും എരിയാനൊരുങ്ങുന്നത് പോലെ...


വേര്‍പാടിന്‍റെ വിശദാംശങ്ങളറിയാനായി നാട്ടിലേക്ക് ബന്ധപ്പെടാനുള്ള ശ്രമങ്ങളത്രയും വിഫലമായി തുടര്‍ന്നു.
മൊബൈല്‍ മാത്രമായിരുന്നു പ്രതീക്ഷകള്‍.
നിര്‍ഭാഗ്യതയാല്‍, നാട്ടില്‍ സര്‍വത്ര വ്യാപകമായിട്ടില്ലാത്ത അന്ന് എന്‍റെ വീട്ടിലും അയല്‍പക്കങ്ങളിലും ആര്‍ക്കും ഈ സൗകര്യവുമില്ല.
കുടുംബത്തില്‍ നിന്നെങ്കിലും വിവരം ലഭിക്കാന്‍ എത്ര മണിക്കൂറുകള്‍ കാത്തിരുന്നെന്നറിയില്ല!ഉപകാരപ്രദമായത് ഒടുവില്‍, ഒരു പ്രവാസിയുടെ മൊബൈല്‍.
എന്‍റെ ഗ്രാമത്തില്‍ നിന്ന് ആറ് കി.മീറ്റര്‍ അകലെയുള്ള വയോധികനായ ആ പ്രവാസി, സുഹൃത്ത് നിയാസിന്‍റെ പിതാവായിരുന്നു.
മരണ വിവരമറിഞ്ഞയുടന്‍ എന്‍റെ വീട്ടിലെത്തിയിരുന്ന അദ്ദേഹം, മകന്‍റെ നിര്‍ദേശപ്രകാരം വീണ്ടും അവിടെയെത്തി; എനിയ്ക്ക് വീട്ടുകാരുമായി ബന്ധപ്പെടാന്‍!


വിവരങ്ങളെല്ലാം ആ മൊബൈലിലൂടെ ലഭ്യമായി.


ഓര്‍മകളില്‍ എക്കാലവും തളം കെട്ടുന്ന വിവരണങ്ങള്‍..
സഹോദരന്‍ മുഹമ്മദലി വിശദാംശങ്ങള്‍ തരുമ്പോള്‍ മുറിയുന്നുണ്ടായിരുന്നു അവന്‍റെ വാക്കുകള്‍.
വീട്ടുജോലികള്‍ തീര്‍ത്ത്‌ പതിവു പോലെ മധ്യാഹ്ന പ്രാര്‍ഥനയ്ക്കായി ഒരുങ്ങിയിരുന്ന പെങ്ങള്‍, നമസ്ക്കാരപ്പായയില്‍ വച്ച് മരണം വരിക്കുകയായിരുന്നത്രേ!
ആത്മീയ സൗഭാഗ്യത്തിന്‍റെ അന്ത്യനിമിഷങ്ങളിലൂടെ കടന്നുപോയ സഹോദരിയെപറ്റി വിവരിച്ചും സംഭവങ്ങളെല്ലാം
ചുരുക്കിപ്പറഞ്ഞും ജേഷ്ഠന്‍ എന്നെ ആശ്വസിപ്പിച്ചു.


***          ***          ***

ഗള്‍ഫ്‌ ട്രേഡിംഗ് കമ്പനിയിലെ റഷീദ്, അര്‍ഷദ്, ശംസുദ്ധീന്‍, സന്തോഷ്കുമാര്‍, അബ്ദുല്‍ ജലീല്‍ എന്നിവര്‍ക്ക് പുറമെ ഇന്ത്യന്‍ വേരുകളുള്ള അയല്‍വാസി കുടുംബവും, പാക്കിസ്ഥാന്‍ സുഹൃത്ത് സല്‍മാന്‍ ഭായിയും വിയോഗ വിവരമറിഞ്ഞ് വില്ലയിലെത്തിയിരുന്നു.
എന്നാല്‍, അല്‍പ സമയപരിധിക്കു ശേഷം അനുശോചനം 
അടയാളപ്പെടുത്തി അവരെല്ലാം തിരിച്ചുപോയി.


ദുഃഖം ഖനീഭവിച്ച മനസ്സിലെ സങ്കടങ്ങള്‍ പെരുങ്കടലായി നൊമ്പരങ്ങള്‍ തിരയടിച്ചു.
പേരിനൊരാള്‍ കൂട്ടുണ്ടായിരുന്നെങ്കിലും വേദനയില്‍ ഒറ്റപ്പെടാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുനുള്ളൂ..
മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലും മറ്റും ഇത്തരം ഘട്ടങ്ങളില്‍ ഉണ്ടാകാറുള്ള സാന്ത്വന ഇടപെടലുകളെ കുറിച്ച് കേട്ടിട്ടുണ്ട്.
നാട്ടുകാരും സുഹൃത്തുക്കളും സംഘടനാ ബന്ധങ്ങളൊക്കെയായി  കുറേപേര്‍ ദുഃഖത്തില്‍ പങ്കുചേരാന്‍ എത്തിച്ചേരും.

പക്ഷേ, 'വേര്‍പ്പെട്ടുപോയ ഒരവയവ'ത്തിന്‍റെ നോവറിയാന്‍ 
ആ വരണ്ട വന്‍കരയില്‍ എനിക്കാരുമുണ്ടായിരുന്നില്ലന്നത്  ആരുടേയും
കുറ്റമായിരുന്നില്ലല്ലോ..!


പാതിരാ പിന്നിട്ട സമയ സൂചിക പിന്തള്ളി ചിന്തയും സങ്കടവും വന്‍കര ഭേദിച്ച  ആ രാവില്‍ നിദ്രാവിഹീനനായ ഒരു നിര്‍ഭാഗ്യവാനായി ഞാന്‍ മാറി.
ഖുര്‍ആന്‍ പാരായണവും പ്രാര്‍ഥനകളുമായി അര്‍ഥവത്തായ ഒരനുശോചന ഹൃദയം സഹോദരിക്കായി ഞാന്‍ തുറന്നുവച്ചു..


ആയിരക്കണക്കിന് ആകാശ നാഴികകള്‍ക്കപ്പുറം, ഇന്നലകളില്‍ ഒരു സ്നേഹപര്യായമായി പരിലസിച്ചിരുന്നവള്‍ തറവാട്ടുവീടിന്‍റെ അകം ഇടനാഴിയില്‍, നാല് ചുവരുകള്‍ക്ക് മധ്യേ ശുഭ്രവസ്ത്രം പുതച്ച്, പടിഞ്ഞാറിലേക്ക് മുഖം തിരിച്ച് നിശ്ചലയായി കിടക്കുന്ന ജീവല്‍രംഗം  എന്‍റെ അന്തരാളത്തില്‍ അതിവൈകാരികതയുടെ
അഗ്നി പടര്‍ത്തി..

ഉമ്മയെ ചോദിച്ചു കരഞ്ഞ് തളര്‍ന്നുറങ്ങുന്നുണ്ടാവണം
പത്തുമാസം പ്രായമായ ഒരു പെണ്‍ പൈതല്‍.. 

ജീവിതത്തിലേയ്ക്ക് തിരിച്ചു വരാത്ത ഒരുമ്മയുടെ ചാരത്തിരുന്ന് നിര്‍ഭാഗ്യങ്ങളുടെ നിലവിളിയുയര്‍ത്തുന്നുണ്ടാകണം മൂന്നു ബാലികമാര്‍..

വാര്‍ധക്യത്തില്‍ താങ്ങാകേണ്ടിയിരുന്ന പ്രഥമ പുത്രിയെക്കുറിച്ച് വ്യസനങ്ങള്‍ വിതുമ്പുന്നുണ്ടാകണം   ഉമ്മയും ബാപ്പയും..

വാരിക്കോരിവെച്ച സ്നേഹക്കരുതല്‍ ഇനിയെങ്ങനെ  ചൊരിയുമെന്നറിയാതെ പകച്ചു പോയിരിക്കണം എന്‍റെ സഹോദരങ്ങള്‍....


ആലോചനകള്‍ അലയൊലി തീര്‍ത്തപ്പോള്‍ നീറുന്ന ഖല്‍ബില്‍ കണ്ണീര്‍ കവിഞ്ഞ് കൂട്ടത്തോടെ പുറത്തേക്ക് ചാടി.
ആത്മനിയന്ത്രണം അസ്തമിച്ചു പോയ ആ ആഫ്രിക്കന്‍ പ്രവാസത്തിന്‍റെ ശോകരാവില്‍ ഹൃദയം നീറി അങ്ങനെ ഞാനിരുന്നു..

പാരായണം ചെയ്തുകൊണ്ടിരുന്ന വിശുദ്ധ സൂക്തത്തിന്‍റെ ആശ്വാസമാരുതന്‍ എപ്പോഴോ നിദ്രയിലേക്കെന്നെ കൂട്ടിക്കൊണ്ടുപോയി..


കിനാവുകളില്‍ മരണം മഞ്ഞു പെയ്തുനിന്ന പുലര്‍ക്കാലത്ത്
അലകഷ്യമായുണരുമ്പോള്‍ മാര്‍ദ്ധവമേറിയ ഇരിപ്പിടത്തിലായിരുന്നു ശയനം.  പ്രാഥമിക കൃത്യങ്ങളും പ്രാര്‍ഥനയും കഴിഞ്ഞയുടന്‍ സുഹൃത്തിന്‍റെ മൊബൈലില്‍ നാട്ടിലേക്ക് വീണ്ടും ശ്രമിച്ചു നോക്കി.
ഭാഗ്യം! പത്തു വീടുകള്‍ക്കപ്പുറം പാര്‍ക്കുന്ന ഉനൈസിനെ ലൈനില്‍ കിട്ടി. അവന്‍ വഴി സഹോദരന്മാരായ അബ്ദുല്‍ അസീസുമായും ഇബ്രാഹീമുമായും സംസാരിക്കുമ്പോള്‍ തളര്‍ന്നു പോവുകയായിരുന്നു..


സൗദിയില്‍ നിന്ന് എത്തിച്ചേരുന്ന അളിയനെ കാത്തിരിക്കുന്നു മൂകത തളം കെട്ടിയ മരണവീട്..
മാതൃവാത്സല്യം നിലച്ചുപോയി കരഞ്ഞു തളര്‍ന്നു കിടക്കുന്ന മക്കള്‍..
വിവരണാതീതമായ അവസ്ഥകളെക്കുറിച്ച് അനല്‍പ്പം പറയുമ്പോള്‍ പതറിപ്പോയി ഫോണ്‍ സംഭാഷണം..


അല്‍പം ആശ്വാസമാകട്ടെ എന്ന് ചിന്തിച്ച് പെങ്ങളുടെ മൂത്തപുത്രി ഫൗസിയയുമായി ഞാന്‍ സംസാരിച്ചു.
''ഞങ്ങള്‍ക്കാരുണ്ട് ഇനി മാമാ'' എന്നാര്‍ത്തലച്ചു കൊണ്ട് മനസ്സിന്‍റെ  കെട്ടുറപ്പ് പൊട്ടിച്ചെറിയുകയായിരുന്നു  അവള്‍.
 
ആ തേങ്ങിക്കരച്ചിലില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു, ജീവല്‍ബന്ധം അറ്റുപോയ ഒരാത്മാവിന്‍റെ നീറ്റല്‍..
തണലും കരുതലും സ്നേഹവും അഭയവുമെല്ലാം അസ്തമിച്ചുപോയ ഒരപായ സന്ധിയിലെ ആശങ്കകള്‍..
സ്വപ്നങ്ങളും സങ്കല്‍പ്പങ്ങളും സമര്‍പ്പണങ്ങളുമെല്ലാം വിധി വിഴുങ്ങിയ ആകസ്മികതയിലെ അനിശ്ചിതത്വങ്ങള്‍..

താരാട്ടു കേട്ടുറങ്ങേണ്ട ഒരുണ്ണിയുടെ പൈദാഹവും,
ഓടി വന്നോളിക്കേണ്ട ഒരു മടിത്തട്ടിന്‍റെ സുഗന്ധക്കുളിരും, 
അരികില്‍ ചേര്‍ത്തു പിടിക്കേണ്ട മാര്‍ദ്ധവത്തിന്‍റെ കൈത്തലങ്ങളും... എല്ലാം  
വര്‍ത്തമാന വിധിയുടെ സജലസ്മൃതികളായി പരിണമിക്കുകയായിരുന്നു..

***          ***          ***

അന്ന്, ഡ്യൂട്ടിക്ക് പോകാതെ ഏകനായി വില്ലയില്‍ തന്നെ ഞാന്‍ കഴിച്ചു കൂട്ടി.
നാടിനെ കുറിച്ചും പ്രിയപ്പെട്ടവരെ കുറിച്ചും നഷ്ടങ്ങളെ കുറിച്ചുമെല്ലാം വ്യാകുലപ്പെട്ടിരുന്നു ആ പ്രവാസ തടവറയില്‍..
ചിന്താനിമഗ്നനായി കഴിച്ചുകൂട്ടുമ്പോള്‍ ഉച്ചയൂണിനായി സുഹൃത്ത്‌ കടയടച്ചു വന്നു. ഒരു പാര്‍സലുണ്ടായിരുന്നു അവന്‍റെ കൈയില്‍.
നാട്ടില്‍ നിന്നും മപ്പുട്ടോയിലെത്തിയ  ഒരാള്‍ വശം ലഭിച്ച അത്, ബൈറയിലേക്കുള്ള  കച്ചവട സാധനങ്ങള്‍ക്കൊപ്പം വന്നതായിരുന്നു.


തുറന്നപ്പോള്‍ അതിലുണ്ടായിരുന്നു സുഹൃത്തിനുള്ള കുറച്ചു സാധനങ്ങള്‍ക്കൊപ്പം എനിയ്ക്ക് ചില കത്തുകള്‍.
വിഷാദനായിരിക്കുന്ന  എനിയ്ക്ക് അവയൊന്നും തുറന്നു നോക്കാനുള്ള മൂടുണ്ടായിരുന്നില്ല. പക്ഷെ, അപൂര്‍വമായി ആഫ്രിക്കയിലെത്തുന്ന കത്തുകളല്ലേ എന്ന ചിന്ത എന്‍റെ മനസ്സു മാറ്റി.


നാലഞ്ചണ്ണമുണ്ടായിരുന്ന കൂട്ടത്തില്‍ നിന്ന് പേര് നോക്കി എടുക്കാന്‍ ശ്രമിക്കവെ, കണ്ണിലുടക്കി നിന്നു ആ 'ഫ്രം'; പെങ്ങളുടെ നാമം!

പ്രതീക്ഷിച്ചതായിരുന്നില്ല, വൈകാരികതയുടെ വേലിയേറ്റം..
അതിവേഗത്തിലായി  ഹൃദയമിടിപ്പുകള്‍..
പൊട്ടിച്ച കവറില്‍ അകത്തൊട്ടിപ്പിടിച്ചിരുന്നു എഴുതിയ കടലാസ്.


ചെറുതായി കുടഞ്ഞു.


ഇനി വാക്കുകളില്ല വിവരിക്കാന്‍..


ദൃഷ്ടിവെട്ടത്തില്‍ നിന്ന് ദൈവീകനിയോഗം അകറ്റി നിര്‍ത്തിയിരുന്ന 'അവസാന കാഴ്ചയുടെ സൗഭാഗ്യം' ഒരു വര്‍ണപടമായി എന്‍റെ മടിയിലേക്ക്‌ വീണു!
മൂന്നു മക്കളെ അടുത്തു നിര്‍ത്തി, കൈക്കുഞ്ഞിനെ മടിയില്‍ വച്ച് സന്തോഷമുഖിയായിരിക്കുന്ന പെങ്ങളുടെ ചിത്രം..




നയനവും നാസികയും വികാരങ്ങളാല്‍ വിജ്യംഭിതമായി എന്‍റെ ഇമകള്‍ ഈറനണിഞ്ഞു. 
അപ്പോള്‍ നേരം ഉച്ചയ്ക്ക് ഒന്നര കഴിഞ്ഞിരുന്നു. ഇന്ത്യന്‍ സമയം വൈകുന്നേരം അഞ്ചും.
വിധിയുടെ തേരിലേറിച്ചെന്ന് സഹോദരി ഫാത്വിമ നടുവട്ടം ജുമാമസ്ജിദിന്‍റെ ആറടി മണ്ണില്‍ മറയുന്ന സമയം..


ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്‍റെ അതിവിദൂരതയിലേക്ക് അകറ്റിനിര്‍ത്തപ്പെടുകയും അന്ത്യദര്‍ശനം അസാധ്യമാക്കപ്പെടുകയും  ചെയ്ത ഒരു 
നിര്‍ഭാഗ്യവാന്‍റെ മനസ്സറിഞ്ഞ തമ്പുരാന് സ്ത്രോത്രം!

അനശ്വരതയിലേക്ക് യാത്രയാകും നേരം അസ്വാസ്ഥ്യം പുകയുന്ന 
ഈ ആങ്ങള മനസ്സിന് ഒരു ഫോട്ടോ വഴിയെങ്കിലുംഎന്‍റെ പെങ്ങള്‍
സ്വാസ്ഥ്യം പകര്‍ന്നല്ലോ..!!


***

നാട്ടില്‍ ‍നിന്ന് സാധനങ്ങള്‍ മപ്പുട്ടോയിലെത്തിയിട്ട്  നാലഞ്ചു ദിനം പിന്നിട്ടിരുന്നു.
കച്ചവടച്ചരക്കുകള്‍ക്കൊപ്പം അയച്ച അവ വൈകാതെ
ലഭിക്കേണ്ടതുമായിരുന്നു. എന്നാല്‍, ട്രാന്‍സ്പോര്‍ട്ടിംഗ് ഡിലേ നിമിത്തം രണ്ടുദിനം വൈകിയാണ് സാധനങ്ങളെത്തിയത്.
നേരത്തെ അവ ലഭിച്ചിരുന്നെങ്കില്‍ സങ്കടത്തിന്‍റെ ആഴം സങ്കല്‍പ്പാതീതമായിരുന്നു!


രണ്ടാഴ്ച മുമ്പാണ് പെങ്ങള്‍ എനിയ്ക്ക് വേണ്ടി കത്തെഴുതിവച്ചത്.
സന്തോഷപ്രദമായ ജീവിതത്തിന്‍റെ ഒരു നേര്‍രേഖയായിരുന്നു ആ കത്ത്.
കുടുംബജീവനത്തിന്‍റെ വല്ലായ്മകളൊന്നും തൊട്ടുതീണ്ടാതെ,
സമ്പൂര്‍ണ സംതൃപ്തി പൂത്തുനിന്ന ഒരു സ്ത്രൈണായുസ്സിന്‍റെ വിവരണങ്ങളായിരുന്നു അവ.


''എടാ റഫീഖേ.., എനിയ്ക്ക് ഒരസുഖവുമില്ല. പ്രസവം കഴിഞ്ഞ് പോന്നതിനു ശേഷം അവിടേയ്ക്ക് (ആശുപത്രിയിലേക്ക്) പിന്നെ പോയിട്ടില്ല. ഒരു തലവേദനയുടെ ഗുളിക പോലും കഴിച്ചിട്ടില്ലാ ഞാന്‍..
കാലിന്‍റെ അത്(ഞരമ്പ് തടിച്ച് കൂടുന്ന അവസ്ഥയെ പറ്റി) അങ്ങനെ തന്നെ. അത് കൊണ്ട് യാതൊരു ബുദ്ധിമുട്ടും ഇല്ല...''




മരണം പാര്‍ത്തു തുടങ്ങിയ മേനിയെ സാക്ഷിയാക്കിയാണ് അവള്‍ ഇങ്ങനെ കുറിച്ചിട്ടത്‌.
രണ്ടാഴ്ചകള്‍ക്ക് മുമ്പ് ഞാന്‍ വിളിച്ചപ്പോള്‍
സുദീര്‍ഘമായി  അവള്‍ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. '' നിനയ്ക്ക് വായിക്കാന്‍ ഇഷ്ടം പോലെ എഴുതുന്നുണ്ട്'' എന്നും പെങ്ങള്‍ എന്നോട് പറഞ്ഞു.


ഒരരുവി പോലെ ഹൃദയത്തിലേയ്ക്ക് ഒഴുകിവന്നു ആ വാക്കുകള്‍..


''ഞാന്‍ ഒന്നാം പെരുന്നാള്‍ക്ക് അഞ്ചു മണിയോടെ പോയി. ഖദീജയും കുട്ടികളും എത്തിയിരുന്നു. പിറ്റേ ദിവസം പോത്ത് ബിരിയാണിവച്ചു.  എല്ലാവരും ഒത്തുകൂടി അടിപൊളിയാക്കി...''
ഈ കത്ത് എഴുതികൊണ്ടിരിക്കുമ്പോഴാണ് ഫോണ്‍ ബെല്ലടി. ഫാസില എടുത്തു. നടുവട്ടത്തു നിന്നാകുമെന്ന് കരുതി. സന്തോഷത്തോടെ മാമനാണോന്ന് ചോദിച്ചപ്പോള്‍ ഉമ്മറത്ത് നിന്നും ഞാനും ഫൗസിയയും ഓടി. പ്രതീക്ഷിക്കാത്ത സന്തോഷം..
നിന്‍റെ സംസാരം കിളിക്കൂറ്റ് പോലെ തോന്നുന്നു.
ആയിരമായിരം മെയില്‍ അകലെനിന്ന് നിന്‍റെ കൂറ്റ് കേട്ടപ്പോള്‍ അല്ലാഹുവിനെ സ്തുതിച്ചു.. മുഖദാവില്‍ കാണാനും സുഖ സന്തോഷത്തില്‍ ജീവിക്കാനും റബ്ബ് ദീര്‍ഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ എന്ന് പ്രാര്‍ഥിക്കുന്നു...''


അതീവ നഷ്ടത്തിന്‍റെ ദിനരാത്രത്തില്‍ അവളുടെ വരികളും വചനങ്ങളും 
എന്‍റെ ബോധമണ്ഡലത്തില്‍  അലയടിച്ച്  കണ്ണീര്‍ പുഴയില്‍ ചേര്‍ന്ന് കര കവിഞ്ഞൊഴുകി..

***          ***          ***

പുതിയ വിവരങ്ങള്‍ക്കായി നാട്ടിലേക്ക് ബന്ധപ്പെടാനായത് ഇന്ത്യന്‍ സമയം രാത്രി 11.30 ഓടെയാണ്.
പ്രാദേശിക രാഷ്ട്രീയ നേതാവും നാട്ടുകാരനുമായ ഇബ്രാഹീം മൂതൂരിന്‍റെ മൊബൈലില്‍ ബന്ധപ്പെട്ടപ്പോള്‍ അറിഞ്ഞു: വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍പ്രിയ പെങ്ങള്‍ഖബറിലെത്തിക്കഴിഞ്ഞ പൂര്‍ണ വിവരങ്ങള്‍.

മൂന്നാംദിനം മലയാളി സുഹൃത്തുക്കളെയും കൂട്ടി പട്ടണപ്രാന്തത്തിലുള്ള 'മക്റൂംഗി'ലെ പള്ളിയിലെത്തി സഹോദരിക്ക് വേണ്ടി നിസ്ക്കാരം നിര്‍വഹിച്ചു.     
അല്‍പമകലെയുള്ള 'ഇസ്തൂറു' വിലെ പള്ളിയിലും അനുബന്ധമായി നടത്തി പ്രത്യേക പ്രാര്‍ഥന.
ഓല കൊണ്ട് മറച്ചുണ്ടാക്കിയ ആ ചെറിയ പള്ളിയില്‍ ഗ്രാമീണരായ അമ്പതോളം വിശ്വാസികള്‍ എത്തിച്ചേര്‍ന്നിരുന്നു.
പ്രാര്‍ഥനയില്‍ പങ്കാളികളായ അവര്‍ക്ക് ഞങ്ങള്‍ വീട്ടില്‍വച്ച് തയ്യാറാക്കി ക്കൊണ്ടുപോയഭക്ഷണം വിളമ്പി. 
ആര്‍ത്തിയോടും സന്തോഷത്തോടും കൂടി കഴിക്കുന്ന കുട്ടികള്‍ ഉള്‍പ്പെടുന്ന ഗ്രാമീണരെ കണ്ടപ്പോള്‍ സഹോദരിക്ക് വേണ്ടി ചെയ്ത ആ സുകൃതം എത്ര സാര്‍ത്ഥകമായെന്നു തോന്നി.
ബാഷയിലെമദ്രസയിലുമുണ്ടായിരുന്നു, വാരാന്ത്യത്തിലെ ആത്മീയ സംഗമത്തില്‍ 
പെങ്ങള്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ഥന.


***          ***          ***

രണ്ടാം സഹോദരിയുടെ വിയോഗ വാര്‍ഷികത്തിലെഴുതിയ കാവ്യം. 


ജീവിത വഴിത്താരയില്‍ സൗരഭ്യം പരത്തി നിന്ന രണ്ട് പുഷ്പ്പങ്ങളുടെ  
വിയോഗ  സ്മൃതികള്‍ ഇന്നും മാനസത്തില്‍ നീര്‍ക്കെട്ടു കെട്ടി നില്‍ക്കുന്നു.
രക്തബന്ധങ്ങളുടെ അഗാധ തലങ്ങള്‍ തൊട്ടറിയും മുമ്പായിരുന്നു അവരുടെ
വിട്ടേച്ചു പോകലുകള്‍..

വൈയക്തിക വൈഷമ്യങ്ങളുടെ ഇത്തരം കദനഭാരങ്ങള്‍ കൂടിയാണ് മറുനാടന്‍ ജീവിതങ്ങളെ മരുഭൂമിയാക്കുന്നതും തീക്ഷ്ണമാക്കുന്നതും!

ഞെട്ടറ്റുവീഴുന്ന  ഉറ്റവരുടെ സ്മരണകള്‍ അങ്ങനെ, 
പ്രവാസിയുടെ ജീവിതത്തില്‍ അനാഥത്വം പോലെ അനുഭവപ്പെടുന്നു..
അത്തരം ആത്മനഷ്ടങ്ങളിലൂടെയാണ് എന്‍റെ ആഫ്രിക്കന്‍ ജീവിതത്തിന്‍റെ  അധ്യയന ആരംഭവും.
വേദനയുടെയും നൊമ്പരങ്ങളുടെയും കണ്ണീരുകളുടെയും ആഴവും പരപ്പും ഭാഷാന്തരം ചെയ്യാനാകാത്ത ഒരു ജീവിതത്തിന്‍റെ ഒറ്റപ്പെടല്‍!

(തുടരും)
----------------------------------

ആഫ്രിക്കന്‍ ഡയറിയുടെ ആദ്യ ഭാഗങ്ങള്‍:


8) അടിമത്തത്തിന്‍റെ അകംവിളികള്‍

7) കാപ്പിരികളോടൊപ്പം കാടും തോടും കടന്ന്..

6) അഗ്നിയിലൂട്ടിയ അനുഭവ പാഠങ്ങള്‍

5) മൊസാംബിക്കിന്‍റെ മനസ്സറിഞ്ഞ്..




1) ഇരുണ്ട വന്‍കരയുടെ ജീവിത തീരത്ത്..


28 April 2011

കാഴ്ചകളില്‍ കനക്കുന്ന കദനങ്ങള്‍

ആദ്യ ഭാഗങ്ങള്‍  :
8) അടിമത്തത്തിന്‍റെ അകംവിളികള്‍

അടുത്തറിയുമ്പോള്‍ അനുകമ്പാര്‍ദ്രമാണ്
മൊസാംബിക്ക് മനുഷ്യരുടെ ജീവിതങ്ങള്‍..
------------
താമസിക്കുന്ന വില്ലയില്‍ നിന്ന് കടയിലേക്കുള്ള കാല്‍നടയ്ക്ക് പത്തു മിനുട്ട് ദൈര്‍ഘ്യമേയുള്ളൂ.
അന്നും പതിവ് പോലെ നടന്ന് ജോലിക്കെത്തിയപ്പോള്‍ കടയുടെ മുന്നില്‍ 'ധര്‍ണ്ണ' കണക്കേ ഒരാള്‍ക്കൂട്ടം! ഊന്നുവടിയും ഭാണ്ടക്കെട്ടുകളുമായി ഒരു വയോധിക വൃന്ദം വരാന്തയില്‍ നിരന്നിരിക്കുന്നു.
മിക്കവരുടെയും മാറിലും മടിയിലും കൈക്കുഞ്ഞുങ്ങള്‍! വേഷങ്ങളില്‍ നിന്ന് ദുര്‍ഗന്ധവും വീശുന്നു..


 ഒരു 'പത്രാവു' വിന്‍റെ ഗമയില്‍ കാവല്‍ക്കാരന്‍റെ കൈയ്യില്‍ ഞാന്‍ കട തുറക്കാനായി താക്കോല്‍ക്കൂട്ടമേല്‍പ്പിച്ചു. അപ്പോള്‍, താഴിട്ടു പൂട്ടിയ ഇരുമ്പ് ഗേറ്റിന്‍റെ താഴ്ഭാഗത്തിരുന്ന കുറച്ചു പേര്‍ ധൃതിയില്‍ പിടഞ്ഞെഴുന്നേറ്റ് അല്‍പം മാറിയിരുന്നു. വാക്കുകള്‍ക്കതീതമായ വിനയഭാവങ്ങളോടെ എന്നെത്തന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു ആ വൃദ്ധവൃന്ദം.

എനിക്കൊന്നും മനസ്സിലായില്ല.

അസാധാരണമായ ആള്‍ക്കൂട്ടം കണ്ട് ഒരുവേള പകച്ചുപോയ ഞാന്‍, ജോലിയില്‍ തന്നെ പ്രവേശിച്ചു.

അതൊരു വെള്ളിയാഴ്ചയായിരുന്നു.

കാരുണ്യത്തിന്‍റെ അപ്പക്കഷ്ണങ്ങള്‍ക്കായി ഗ്രാമങ്ങളില്‍ നിന്നും  നഗരത്തിന്‍റെ പുറമ്പോക്കുകളില്‍ നിന്നും 'ദാരിദ്ര്യക്കൂട്ടം' പട്ടണത്തിലെത്തുന്ന ദിവസം.

മൊസാംബിക്കിലെ മുസ്‌ലിം വ്യാപാരികള്‍ പണമായും ഭക്ഷണമായും ധാരാളം കാരുണ്യം ചൊരിയുന്ന ദിനമാണ് വെള്ളിയാഴ്ചകള്‍. അങ്ങനെയൊരു ആശ്വാസം ഏറ്റുവാങ്ങാനായിരുന്നു അന്നും ആ ആള്‍ക്കൂട്ടം അവിടെയും എത്തിപ്പെട്ടത്.

ഒരു കൊറിയന്‍ വംശജന്‍റെ 'ഫോട്ടോ അമീഗു' എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നത് ഞങ്ങളുടെ തൊട്ടാണ്.
മിക്ക വാരങ്ങളിലും അദ്ദേഹവും അത്തരം 'അന്നദാന'ത്തില്‍ പങ്കാളിയാകുന്നുണ്ട്. അന്ന്,  അദ്ദേഹത്തോടൊപ്പമായിരുന്നു ഈ സുകൃത കര്‍മത്തിന് മാനേജറില്‍ നിന്ന് ഞങ്ങള്‍ക്ക് നിര്‍ദേശം കിട്ടിയത്.

വരാന്തയിലെ വെറും നിലത്തിരിക്കുന്ന അക്ഷമയുടെ വൃദ്ധജന്മങ്ങളെ  ഒന്നൊതുക്കിയിരുത്താന്‍  ഞങ്ങളുടെ കാവല്‍ക്കാരന്‍ സാന്തുവിന് ഒച്ചയിടെണ്ടി വന്നു.
ഭാണ്ഡങ്ങളും കൈക്കുഞ്ഞുങ്ങളും മടിയില്‍ വച്ചിരുന്ന അവര്‍ക്ക് കാവല്‍ക്കാരന്‍റെ കല്‍പ്പന അല്‍പം പ്രയാസം സൃഷ്ടിച്ചതായി എനിയ്ക്ക് തോന്നി. പക്ഷെ, അനുസരണയുള്ള കുഞ്ഞുങ്ങളെപ്പോലെ അവര്‍ ഒരുങ്ങിയിരുന്നു; 'വിഹിതം' ലഭിക്കാന്‍!

രണ്ട് വലിയ ചാക്കുകളില്‍ നിറച്ചു വെച്ചിരുന്ന 'നീളന്‍ പാവു' നല്‍കുന്നതിനിടെയാണ് കൂട്ടത്തില്‍പെട്ട രണ്ട് പീറചെറുക്കന്മാര്‍ പിറകില്‍ വന്ന് അധികം തട്ടിപ്പറിക്കാനൊരു ശ്രമം നടത്തിയത്.
കൈയ്യില്‍ വടി കരുതിയിരുന്ന ഞങ്ങളുടെ മറ്റൊരു ജീവനക്കാരന്‍ അവസരോചിതമായി 'രണ്ടെണ്ണം' നല്‍കിയതോടെ അവര്‍ ചിതറിയോടുകയും ചെയ്തു.

പിന്നെ, 'അന്നം' കിട്ടിയവര്‍ ഒന്നൊന്നായി പോയിത്തുടങ്ങി.

ദൈന്യപൂര്‍ണമായിരുന്നു ആ മടക്കം
.
വേച്ചു വേച്ച്, ഊന്നു വടികളില്‍ ചെരിഞ്ഞ് വിദൂരതയിലേക്ക് ചലിച്ച അവര്‍ എന്‍റെ കാഴ്ചയില്‍ നിന്ന് വൈകാതെ അകന്നുപോയി..
അവരെക്കുറിച്ചും അവരുടെ ഇനിയുള്ള ലകഷ്യങ്ങളെക്കുറിച്ചും കടയിലെ ജീവനക്കാര്‍ പിന്നീടെനിക്ക് പറഞ്ഞു തന്നു.

നഗരപ്രാന്തങ്ങളില്‍ നിന്ന് ആഹാരം തേടി ആഴ്ചയിലൊരിക്കല്‍ ആഗാതരാകുന്നവരാണവര്‍.
ഒരിടത്തു നിന്നും സ്വരുക്കൂട്ടിയ അന്നവുമായി താന്താങ്ങളുടെ കുടിലുകള്‍ തേടിയോ, അല്ലെങ്കില്‍ അന്നത്തെ തീര്‍ന്നുപോയിട്ടില്ലാത്ത കാരുണ്യത്തിന്‍റെ മറ്റൌദാര്യങ്ങള്‍ തേടിയോ ആണ് അവര്‍ യാത്രയാകുന്നത്.
വാരാന്ത്യമെത്തുമ്പോള്‍ ഇനിയും അവര്‍ ഇങ്ങനെ കടന്നു വരും..

                                    ***
ഉച്ചയ്ക്ക് ഭക്ഷണത്തിനും വിശ്രമത്തിനുമായി പോകുമ്പോള്‍ സുഹൃത്ത്‌ പറഞ്ഞു:
''നമുക്ക് മറ്റൊരു വഴിക്ക് പോകാം;ഒരു കസ്റ്റമറെ കാണാനുണ്ട്''.

പതിവ് പാത പിന്നിട്ട് ഞങ്ങള്‍ പുതുവഴിയെ പ്രാപിച്ചു.

നിര നിരയായി പന്തലിച്ചു നില്‍ക്കുന്ന കൊച്ചു മരങ്ങള്‍ക്ക് താഴെ ഊഴം കാത്തിട്ട ലൈന്‍ മിനി ബസുകളുടെ ഓരം ചേര്‍ന്ന് നടന്ന് വീതിയേറിയ ഒരു ചെമ്മണ്‍ പാതയിലേക്ക് നീങ്ങുമ്പോള്‍ കണ്ടു; പൊരിവെയിലിനെ  വകവയ്ക്കാതെ സാധനങ്ങള്‍ നിരത്തിവച്ച് കച്ചവടം ചെയ്യുന്ന നിരവധി യുവാക്കള്‍.
കണ്ണാടികള്‍, ചീര്‍പ്പുകള്‍, സോക്സുകള്‍, മൊട്ടുസൂചികള്‍, കളിക്കോപ്പുകള്‍, മൊബൈല്‍ ചാര്‍ജ്ജറുകള്‍/കൂടുകള്‍, കത്രികകള്‍ തുടങ്ങി നമ്മുടെ നഗരനിരത്തിലെ സ്ഥിരം വിഭവങ്ങള്‍!
ആവശ്യമെന്ന് തോന്നിച്ച ഒരു വസ്തുവില്‍ ശ്രദ്ധ പതിഞ്ഞപ്പോള്‍ ഒന്ന് നോക്കാമെന്ന് നിനച്ച് ഞാന്‍ നിശ്ചലനായതേ ഉള്ളൂ;  'പത്രാവൂ..പത്രാവൂ..' എന്ന് വിളിച്ച് കച്ചവടക്കാരായ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഞങ്ങളെ പൊതിഞ്ഞു.
ചോദിച്ചപ്പോള്‍ വില പറഞ്ഞെങ്കിലും 'ഓ ദാര്‍ ബോം പ്രേസു'(നല്ല വിലയ്ക്ക് തരാം) എന്ന് പറഞ്ഞ് കാപ്പിരിച്ചെറുക്കന്മാര്‍ അത് വാങ്ങാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. പക്ഷെ, മടങ്ങിവരുമ്പോള്‍ വാങ്ങിക്കാമെന്നു പറഞ്ഞ് ഞങ്ങളുടന്‍ അവിടം വിട്ടു.
കണ്ടല്‍ ചെടികള്‍ വളര്‍ന്നു നില്‍ക്കുന്ന ഒരു അഴുക്കു ചാലിന്മേല്‍ പാലം പണിത മറ്റൊരു റോഡിലേക്കാണ് ചെമ്മണ്‍പാത ചേര്‍ന്നത്.
മൂന്നു മീറ്ററോളം നീളമുള്ള ആ പാലത്തിലേയ്ക്ക് പാദമൂന്നിയപ്പോള്‍ എന്നെ വരവേറ്റത് കദനം കനക്കുന്ന കാഴ്ചകള്‍!
വശങ്ങളില്‍ ഹതാശരായി കിടക്കുന്നുണ്ടായിരുന്നു കുറെ മനുഷ്യ ജന്മങ്ങള്‍..
അന്ധതയും അംഗവൈകല്യവും ബാധിച്ചവരും ഉണങ്ങാത്ത മുറിവുകള്‍ വ്രണമായ് പരിണമിച്ച്‌ വേദനയുടെ നാദവും നീറ്റലൊമൊലിക്കുന്നവരുമായ പത്തിരുപതു പേര്‍..

ചില്ലറത്തുട്ടുകള്‍ക്കായി തുണി വിരിച്ചുകിടക്കുന്ന ആ മനുഷ്യര്‍ സഹായത്തിനായി ഇങ്ങനെ നിലവിളിച്ചു കൊണ്ടിരുന്നു.
''അജൂദ പത്രാവു... അജൂദ പത്രാവു...''
(കഴിവുള്ളവരെ കനിയുവീന്‍..കഴിവുള്ളവരെ കനിയുവീന്‍...)

വിണ്ണില്‍ നിന്നും മണ്ണിലേക്ക് കഠിനമായ വെയില്‍ പതക്കുമ്പോഴും അവരിലൊരു അംഗവിച്ചേദം ചെയ്യപ്പെട്ട അന്ധമനുഷ്യന്‍റെ പരിസരം തിരിച്ചറിയാതെയുള്ള ആര്‍ത്തനാദം, ആറേഴു വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരഗ്നിമിന്നലായി എന്‍റെ കണ്ണിലും കാതിലും കടന്നു വരുന്നുണ്ട്..


എളുപ്പത്തില്‍ എത്താവുന്ന ഒരു വഴിയെന്ന നിലയില്‍ വില്ലയിലേക്കും കടയിലേക്കും മിക്കപ്പോഴും ഞാന്‍ തെരെഞ്ഞെടുത്തത് ആ പാലമാണ്.
സുരക്ഷിതത്വം കൊണ്ട് ഏറെ പ്രായോഗികവും കൂടിയായിരുന്നു  ആ വഴി.  ആ മാര്‍ഗമധ്യേയുള്ള  ആഗമന നിര്‍ഗമനങ്ങളിലെല്ലാം പാലത്തിനു മുകളിലെ വിലാപങ്ങള്‍ ഞാന്‍ കേള്‍ക്കുമായിരുന്നു.


അതീവ ദുരിതങ്ങളുടെ അസഹനീയ നിലവിളികളായി അവയെന്നും എന്‍റെ കര്‍ണപുടങ്ങളില്‍ വന്നണഞ്ഞു.


എന്നാല്‍, ഒരിക്കല്‍ കണ്ട മുഖങ്ങളും നഖ ചിത്രങ്ങളും അത്യപൂര്‍വമായ കാഴ്ചകളായിരുന്നു അവിടെ!
കാരുണ്യത്തിന്‍റെ നാണയത്തുട്ടുകള്‍ കാത്തുകിടക്കുന്ന ആ മനുഷ്യരെല്ലാം ദുരിതപര്‍വങ്ങളുടെ പുതിയ ഇരകളായിരുന്നുവെന്നതാണ്‌  സത്യം.

കവിളുകളില്‍ കണ്ണീര്‍പാടുകള്‍ പതിഞ്ഞു കൊണ്ടേയിരുന്ന ആ കറുത്ത മനുഷ്യരുടെ മുഖങ്ങള്‍ മാറുമ്പോഴും അവരുടെ വേദനകള്‍ക്കൊരിക്കലും വൈരുദ്ധ്യങ്ങള്‍ വന്നിരിക്കില്ല; അന്തരീക്ഷത്തിലലിഞ്ഞുപോയ വിലാപ വാക്യങ്ങള്‍ക്കും..

''അജൂദ പത്രാവു... അജൂദ പത്രാവു...''

കാരുണ്യത്തിന്‍റെ കണിക തേടുന്ന ആ വചസ്സുകള്‍ക്കിപ്പോഴും ഊഷര മനസ്സുകളെ നനയ്ക്കാനാവാത്ത പോലെ...

***
ചതുര്‍പാതകള്‍ സന്ധിക്കുന്ന നഗരപ്രാന്തത്തിലെ കുറ്റിച്ചെടികള്‍ വച്ചുപിടിപ്പിച്ച 'റൌണ്ട് ബോട്ടം'.

കടയിലേക്ക്‌ മടങ്ങുമ്പോള്‍ അന്ന് ഉച്ച സമയം 2 മണി കഴിഞ്ഞിരുന്നു.

ആറ് വയസ്സ് തോന്നിക്കുന്ന ഒരു കാപ്പിരിക്കുട്ടി പെട്ടെന്നാണ് എന്‍റെ മുന്നിലേക്ക്‌ എവിടെ നിന്നോ ഓടിവന്നത്.

കിതക്കുന്നുണ്ടായിരുന്നു അവന്‍.

''ബോതാര്‍ദ് പത്രാവു''

''ബോതാര്‍ദ്''. ഞാനും പ്രതിവചിച്ചു.

കവിളൊട്ടിയ കറുത്ത മുഖത്ത് വ്യാകുലതയുടെ നിഴല്‍പ്പാട് പരന്നു വരികയായിരുന്നു.
അവന്‍ എന്നോട് കെഞ്ചി:
''തു പിദീര്‍ ത്രേഷ് കൌണ്ട് പത്രാവു....''

''ത്രേഷ് കൌണ്ട്'' ! 

എന്തിനാണ്? ഞാന്‍ ചോദിച്ചു.

അവന്‍ പറഞ്ഞു:
''യേവു കേര്‍ കൊംബ്രാര്‍ ഊമ കദേര്‍നു പ്ര എസ്കോള..''
(എനിയ്ക്ക് സ്കൂളിലേക്ക് ഒരു നോട്ടു പുസ്തകം വാങ്ങിക്കാനാണ്..)

ഞാനവനെ ആപാദചൂഡമൊന്ന് വീക്ഷിച്ചു.

കളങ്കം വിളയുന്ന കവിള്‍ത്തുടമൊന്നും ആ മുഖത്ത് കണ്ടില്ല.
സന്തോഷിപ്പിക്കണമെന്ന  ഉദ്ദേശത്തോടെ ഞാനെന്‍റെ കൈകള്‍ കീശയിലേക്ക്‌ കൊണ്ടുപോയി.
പക്ഷെ, സ്വയം ലജ്ജിക്കാനേ അപ്പോഴെനിക്കു കഴിഞ്ഞുള്ളു..
കള്ളന്‍മാരുടെ പിടിച്ചുപറി പേടിച്ച് പേഴ്സില്‍ പണമൊന്നും കരുതാതെയായിരുന്നു എന്‍റെ സഞ്ചാരം.

ബാലന്‍റെ മുഖത്ത് നോക്കി ഒന്നുമില്ലെന്ന് പറയുമ്പോള്‍ മനസ്സാക്ഷിക്കുത്ത് അതിന്‍റെ പാരമ്യത്തിലെത്തിക്കഴിഞ്ഞിരുന്നു.

അക്ഷരങ്ങളുടെ ലോകത്ത് നിന്നും അന്യവല്‍ക്കരിക്കപ്പെട്ട അനേകം കുഞ്ഞുങ്ങളുടെ അവസ്ഥാന്തരങ്ങളെ അതിജയിക്കാനുള്ള ആ ആഫ്രിക്കന്‍ ബാലന്‍റെ മോഹമൊട്ടുകള്‍, എന്‍റെ നിസ്സഹായത സൃഷ്ടിച്ച നൈരാശ്യത്തിലൂടെ ഞെട്ടറ്റു വീണത്‌ കുറച്ചൊന്നുമല്ല അന്നും, പിന്നീടും മനസ്സില്‍ നീറ്റലുണ്ടാക്കിയത്.


പട്ടിണിയും ദാരിദ്ര്യവും മാരകരോഗങ്ങളും മൊസാംബിക്കന്‍ മണ്ണിലെ നിരവധി കുരുന്നുകളെ നിരക്ഷരതയുടെ മരുഭൂമിയിലെത്തിച്ചിരിക്കുന്ന സത്യമറിയുമ്പോള്‍ ആ നീറ്റല്‍, അറ്റമില്ലാത്തൊരു സാഗരം പോലെ ഇന്നും എനിയ്ക്കനുഭവപ്പെടുന്നുണ്ട്..

(തീരുന്നില്ല)

28 February 2011

അടിമത്തത്തിന്‍റെ അകംവിളികള്‍

ഡയറിക്കുറിപ്പുകള്‍ ഇതുവരെ:




അന്യദേശക്കാരുടെ അധിനിവേശത്തിനു മുമ്പ് വര്‍ഷങ്ങളോളം 'സിങ്ക് സിറ്റി' എന്ന പേരിലാണ് ബൈറ അറിയപ്പെട്ടത്.
പുരാതനമായ 'സോഫാല' തുറമുഖം വികസനത്തിന് വിധേയമായപ്പോള്‍ കടല്‍ നിലകൊണ്ടിരുന്ന ചതുപ്പ് പ്രദേശത്ത് സിങ്കിനാല്‍ നിര്‍മിക്കപ്പെട്ട ആദ്യ കെട്ടിടത്തിന്‍റെ സ്മരണാര്‍ഥമായിരുന്നു  ഈ നാമകരണം.


ജന്മനാടിന്‍റെ ചൂടും ചൂരും അനുഭവേദ്യമാക്കിയ ഭൂപ്രകൃതിയും കാലാവസ്ഥയും പ്രശാന്തമായ നഗര പരിസരങ്ങളും പഴയ 'സിങ്ക് സിറ്റി'യിലെ മൊസാംബിക്കന്‍  മണ്ണില്‍ അതിവേഗം തന്നെ എന്‍റെ 'ആഫ്രിക്കന്‍പ്രവാസ'ത്തിന്‍റെ വേരുപടര്‍ത്തി.

               ഒരു ബസ്സ്റ്റാന്റ് പരിസരത്ത് അതിസുരക്ഷയോ അലങ്കാരമോ ഇല്ലാത്ത വ്യാപാര സമുച്ചയത്തിലായിരുന്നു ഞങ്ങളുടെ കമ്പനിയുടെ ശാഖ പ്രവര്‍ത്തിച്ചത്.
ഒരു 'സുക്രുസാല്‍' (Branch) എന്ന നിലയിലുള്ള ആ കടയില്‍ രാവിലെ മുതല്‍ തന്നെ നല്ല കച്ചവടത്തിരക്കാണ്. വിദേശ രാജ്യങ്ങളില്‍ വിലക്കുറവില്‍ ലഭ്യമാകുന്ന തുണിത്തരങ്ങളും മറ്റും ഇറക്കുമതി ചെയ്ത് മൊത്തമായും ചില്ലറയായും വിറ്റഴിക്കുകയായിരുന്നു അവിടെ.

നഗരത്തിലെ മാര്‍ക്കറ്റുകളിലും നിരത്തുകളിലും വെച്ചുവില്‍ക്കാനായും അകലെയുള്ള ചെറുപട്ടണങ്ങളിലും സിംബാവെ, മലാവി തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ കൊണ്ടുപോയി വിപണനം ചെയ്യാനായും സാധനങ്ങളെടുക്കാന് ‍ധാരാളം പേര്‍അവിടെയെത്തിയിരുന്നു.
യുവതീ യുവാക്കളായിരുന്നു കച്ചവടക്കാരില്‍ കൂടുതലും!

               മപ്പുട്ടോയിലെ പ്രധാന കേന്ദ്രത്തിലേയ്ക്ക് തിരിച്ചു വിളിക്കപ്പെട്ടതിനെ തുടര്‍ന്ന് മുഹമ്മദ്‌കുട്ടി പോയിക്കഴിഞ്ഞിരുന്നെങ്കിലും നിയാസ്  എന്നൊരാളുണ്ടായിരുന്നു  എനിക്ക്  കൂട്ട്. പ്രായം അമ്പത് കവിഞ്ഞ ഒരു സ്ത്രീയ്ക്ക് പുറമെ തോമസ്‌, സാന്തു, അര്‍മാന്‍ഡു എന്നിങ്ങനെ വിളിപ്പേരുള്ള മൂന്ന് സ്വദേശികളും.

വിളിക്കുമ്പോഴൊക്കെ മോണകാട്ടി ചിരിക്കുകയും എന്തിനും തയ്യാറായി ഭവ്യതയോടെ ഓടിയെത്തുകയും ചെയ്യുന്ന തോമസ്‌, കാബിനുള്ളിലും മറ്റു രണ്ടുപേര്‍ ഒന്നിടവിട്ട ദിനങ്ങളില്‍ കടയ്ക്ക് കാവല്‍ക്കാരായും ജോലി ചെയ്തു.


സാധനങ്ങള്‍ വാങ്ങാനെത്തുന്നവരേക്കാള്‍ ഏറെ, ഒപ്പമുള്ള ഈ ജീവനക്കാരെ 'ഇമ വെട്ടാതെ' ശ്രദ്ധിക്കലായിരുന്നു കമ്പനിയധികൃതര്‍  എന്നെയേല്‍പ്പിച്ച യഥാര്‍ത്ഥ ദൗത്യം! 
'തരം കിട്ടിയാല്‍ തസ്ക്കരന്‍മാരാ'കുമെന്ന  അനുഭവസാകഷ്യം, ബൈറയിലേക്ക് പുറപ്പെടുന്നതിന്‍റെ തലേന്ന് വരെ എന്‍റെ തലയില്‍ മാനേജര്‍ സന്നിവേശിപ്പിച്ചു കഴിഞ്ഞിരുന്നു. ആ 'ബ്രെയിന്‍ വാഷിംഗ്' എന്‍റെ ജോലിയെ കൂടുതല്‍ ജാഗ്രത്തവുമാക്കി.


               പറിച്ചു നടപ്പെട്ട പ്രവാസ ജീവിതം പതിയെ ചലിച്ചു തുടങ്ങിയെങ്കിലും ഭാഷയുടെ വൈഷമ്യങ്ങള്‍ പ്രധാന പ്രതിബന്ധങ്ങളായി നേര്‍ക്കുനേര്‍ വന്നു.പേര്‍ത്തും പേര്‍ത്തും കേട്ടിട്ടും പോര്‍ച്ചുഗീസ് ഭാഷ ഹൃദയത്തില്‍ പതിയാതെ അന്യനെ പോലെ അകന്നുനിന്നു..
മപ്പുട്ടോയില്‍ നിന്നുള്ള ഫോണ്‍ കാളുകളിലെല്ലാം മാനേജരുടെ അന്വേഷണം ഭാഷാപുരോഗതിയെ കുറിച്ചായത് കുറച്ചൊന്നുമല്ല വലച്ചതും!


അന്യഭാഷയുടെ അലകും പിടിയും കിട്ടാതെയുള്ള ജോലി തീര്‍ത്തും ദുസ്സഹമാണെന്ന്  അനുദിനം ബോധ്യപ്പെടുകയായിരുന്നു.
കടയിലെത്തുന്ന കസ്റ്റമേഴ്സ് മുഴുവന്‍ പോര്‍ച്ചുഗീസ് മാത്രമാണ് സംസാരിച്ചത്. വല്ലപ്പോഴുമെത്തുന്ന ഇന്ത്യന്‍ വംശജരുടെയും സ്ഥിതി വിഭിന്നവുമായിരുന്നില്ല. കമ്മ്യൂണിക്കേഷന്‍ പ്രശ്നം വലിയൊരു 'പാര'യാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ദിവസവും കേള്‍ക്കുന്ന വാക്കുകള്‍ ഒരു നോട്ടുബുക്കില്‍ കുറിച്ച് വെച്ചാലെന്താ എന്നൊരു ചിന്ത മനസ്സില്‍ ഉടലെടുത്തത്.

ബോന്തിയാ (Good morning)
  ബോതാര്‍ദ് (Good afternoon)
  ബോനോയിറ്റ് (Good evening)

കൂടുതലായി കാതില്‍ പതിഞ്ഞു കൊണ്ടേയിരുന്ന സമയം തിരിച്ചുള്ള ഈ അഭിവാദ്യ വചനങ്ങള്‍ മുതല്‍ എല്ലാ വാക്കുകളും ഞാന്‍ കുറിച്ചു തുടങ്ങി. തദ്ദേശിയര്‍ പരസ്പരം  കണ്ടുമുട്ടുമ്പോള്‍- കുട്ടികള്‍ പോലും സംസാരിച്ചു തുടങ്ങുമ്പോള്‍ അവരുടേതായ ഈ സമയവചനങ്ങളുടെ ഉപചാര മര്യാദകള്‍ ആദ്യം കൊണ്ടു വരുന്ന അനുഭവങ്ങള്‍ എന്നെ വല്ലാതെയാകര്‍ഷിച്ചു.
മാത്രമല്ല, നമ്മുടെ തനത് സാംസ്ക്കാരിക വാങ്ങ്മൊഴികളില്‍ സംഭവിക്കുന്ന അനുഷ്ടാലംഭാവങ്ങളെ കുറിച്ച് അത് ആലോചിതനാക്കുകയും ചെയ്തു.

സ്വന്തം നാട്ടില്‍ സഹോദരനെ അഭിവാദ്യം ചെയ്യാന്‍ പിശുക്കുന്ന 'പൈതൃക മലയാളി'യുടെ ഒരു വിരൂപ ചിത്രം സ്വന്തം മുഖത്ത് പ്രകടമാകും പോലെ തോന്നിയിരുന്നു അപ്പോഴൊക്കെ.
വിഭിന്നമായ ഭൂദേശങ്ങളിലെ സ്വത്വപരമോ മതപരമോ  ആയ സംസ്കൃതികള്‍ അവിടുത്തെ ജനസമൂഹം തലമുറകളിലേയ്ക്ക് കൈമാറിക്കൊണ്ടിരിക്കുമ്പോഴും വൈവിധ്യങ്ങളുടെ വിധാതാക്കളെന്നു
പറയപ്പെടുന്ന നാമൊക്കെ ഈ പശ്ചാത്തലത്തില്‍ എവിടെ എത്തിനില്‍ക്കുന്നുവെന്ന ചോദ്യം മനസ്സില്‍ നിറയുന്നുണ്ട്..

               എന്‍റെതായ 'കോഡു'കളിലായി നോട്ട് ചെയ്തുകൊണ്ടിരുന്ന വാക്കുകളുടെ ശരിയായ പോര്‍ച്ചുഗീസ് പദം എന്തെന്നറിയാനുള്ള അഭിവാഞ്ജ പലപ്പോഴുമുണ്ടായിരുന്നു. കടയിലെ ഏക ജീവനക്കാരിയും വയോധികയുമായ 'മാര്‍ത' യെ ഇതിനു വേണ്ടി ഞാനൊരിക്കല്‍ സമീപിച്ചു. അപ്പോഴാണ്‌ ആശ്ചര്യപ്പെടുത്തുന്ന കാര്യങ്ങള്‍ മനസ്സിലായത്‌.

ഉച്ചാരണത്തില്‍ ‍വ്യത്യാസപ്പെട്ടിരിക്കുന്നെങ്കിലും ലിപിയിലും,
കുറെയൊക്കെ വാക്കുകളിലും ഇംഗ്ലീഷ് ഭാഷയോട്  സാമ്യമുള്ളതാണ് പോര്‍ച്ചുഗീസ്! എഴുതാന്‍ ആംഗല അക്ഷരങ്ങള്‍ ഉപയോഗിക്കുമ്പോഴും നീട്ടാനും ചുരുക്കാനും അവ ചില സ്വാതന്ത്ര്യങ്ങള്‍ എടുക്കുന്നു എന്ന് മാത്രം.വാക്യങ്ങളെ (Sentence) പരസ്പരം ബന്ധിപ്പിക്കുന്ന Conjunctions  പോര്‍ച്ചുഗീസ് ഭാഷക്ക് പ്രത്യേകമായി ഉണ്ട് താനും!

(ഉദാ:- For =para, Of = de )കാവല്‍ക്കാരന്‍ എന്ന അര്‍ഥത്തില്‍ അവിടുത്തുകാര്‍ 'ഗോര്‍ദ' എന്ന് പറയുമ്പോള്‍ അത്, guard എന്ന ഇംഗ്ലീഷ് പദത്തിന്‍റെ നേരിട്ടുള്ള വായനയാണ്.

ഏഴുതിക്കൊണ്ടുള്ള ഭാഷാധ്യായനം പുരോഗതി തന്നെങ്കിലും പുതിയ ജീവിതം തന്നുകൊണ്ടിരുന്ന അനുഭവങ്ങളും ഗൃഹാതുരത്വങ്ങളും പകര്‍ത്തി വീട്ടിലേക്കയച്ച ആദ്യ കത്തില്‍ ഞാനെന്‍റെ ഭാഷാ പ്രശ്നങ്ങളും ഉള്‍ക്കൊള്ളിച്ചിരുന്നു.


ആശിച്ചു  വന്നത് സായ്പ്പിന്‍റെ ഭാഷ
ശേഷിച്ചു പോകുന്നതോ ഗാമയുടെ ഭാഷ!
ഈ ഇരുണ്ട വന്‍കരയില്‍ 
തൊണ്ട വരളുന്നു..
തരൂ.. മലയാളം തെളിനീര്‍...!

ഭാഷാ വൈഷമ്യങ്ങളുടെ ശ്വാസം മുട്ടല്‍ ഇങ്ങനെ കവിതയാക്കിയും രസകരമായി തോന്നിയ പോര്‍ച്ചുഗീസ് വാക്കുകളും അവയുടെ അര്‍ഥങ്ങളും ലിസ്റ്റ് ചെയ്തും നാട്ടിലേക്ക് വിട്ടപ്പോള്‍ നല്ല പ്രതികരണമാണ് ലഭിച്ചത്.

അലി = അവിടെ
അസി = അങ്ങനെ
സേദു = നേരത്തെ
എന്‍കുമാര്‍ = ഇസ്തിരിയിടുക
ഗലീന = കോഴി
മാനു = മാന്യന്‍
സുബീര്‍ = കയറുക
അമഞ്ഞ = നാളെ
ദിമഞ്ഞ = രാവിലെ
മലൂകു = മന്ദബുദ്ധി/വിഡ്ഢി
അമീഗു(ഗ) = കൂട്ടുകാരന്‍(രി)
അമോര്‍ = കാമുകന്‍
മഷുബോംബ്‌ = ബസ്
തുടങ്ങി ആളുകളുടെ പേരുകളോട് സാദൃശ്യമുള്ളതും അല്ലാത്തതുമായ കുറെ പദങ്ങളുണ്ടായിരുന്നു വീട്ടിലേക്കു വിട്ട ആ ലിസ്റ്റില്‍!

രസകരമെന്നു പറയട്ടെ, സ്കൂളിലും കോളേജിലും പഠിച്ചിരുന്ന കുടുംബത്തിലെ കുട്ടികള്‍ ആ പദങ്ങളൊക്കെ സഹപാഠികള്‍ക്കിടയില്‍ വിളമ്പുന്നുണ്ട് എന്നും പരിഹസിക്കാന്‍ വിളിക്കുന്നുണ്ട് എന്നൊക്കെയുള്ള വാര്‍ത്തകള്‍ വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഞാനറിഞ്ഞു!
***         ***            ***


               മപ്പുട്ടോയിലെ ആദ്യാനുഭവത്തില്‍ ചിന്തയിലാഴ്ത്തുകയും മനസ്സില്‍ വിയോജിപ്പുണ്ടാക്കുകയും ചെയ്ത ജീവനക്കാരുടെ 'ശാരീരിക പരിശോധന' ബൈറയിലും ഉണ്ടായിരുന്നു.
എന്നാല്‍, 'തൊഴില്‍ പരിശീലന'ത്തിന്‍റെ ഭാഗമായി ആ 'ഉത്തരവാദിത്തം' എന്നിലാണ് അവിടെ എത്തിയതു മുതല്‍ വന്നു ചേര്‍ന്നത്‌.

അങ്ങനെ, ഉച്ചയ്ക്കും വൈകീട്ടും എന്തെങ്കിലുമൊക്കെ ആവശ്യങ്ങള്‍ക്കായി പുറത്തേക്കയക്കുമ്പോഴും തൊഴിലാളികളെ ഞാന്‍ പരിശോധിച്ചു തുടങ്ങി.
എന്നേക്കാള്‍ പ്രായവും അതിലേറെ സാമൂഹ്യപരമായി പരിവട്ടവും ചൂടിയ പച്ചമനുഷ്യരെ കള്ളനെന്നു കല്‍പ്പിക്കുന്ന തൊലി വെളുത്തവന്‍റെ വര്‍ണ മനസ്ഥിതി, അപ്പോഴൊക്കെ എന്നെയും വല്ലാതെ ഭരിച്ചിരുന്നു. ഒപ്പം, മനുഷ്യത്വപരവും ദയാപരവുമായ ഒരു ആത്മനിന്ദയും ലജ്ജാവസ്ഥയും എന്‍റെ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ അടിഞ്ഞു കൂടുകയും ചെയ്തു..


എന്തായാലും, നവാഗതനായത് കൊണ്ടും ജോലിയുടെ ഭാഗമായതിനാലും ആ കൃത്യം നിര്‍വഹിക്കാതിരിക്കാന്‍ എനിയ്ക്ക് നിര്‍വാഹമുണ്ടയിരുന്നില്ല.
എന്നാല്‍, മനസ്സാക്ഷിക്കുത്ത് വല്ലാതെയനുഭവപ്പെട്ട സന്ദര്‍ഭങ്ങളിലെല്ലാം കര്‍ശനമായ പരിശോധനകള്‍ ഒഴിവാക്കി അവരെ ഞാന്‍ പുറത്തേക്കയക്കുമായിരുന്നു. കളങ്കമേല്‍ക്കാത്ത കര്‍മകുശലതയോടെ തോളോടുതോള്‍ ചേര്‍ന്ന് പണിയെടുത്തിരുന്ന 'തോമ' യേയും 'സാന്തു'വിനെയും അങ്ങനെയാണ് അവരുടെ അഭിമാനക്ഷതങ്ങളില്‍ നിന്ന് ഞാന്‍ മോചിതരാക്കിയത്.

               അപ്പോഴും അവരെന്നെ 'പത്രാവു റഫീഖ്' എന്നാണ് വിളിച്ചത്.
ബൈറയില്‍ കാല്‍ കുത്തിയ നാള്‍ മുതല്‍ കേട്ടു തുടങ്ങിയിരുന്നു ഈ വിളി. എന്നാല്‍, ദിവസങ്ങള്‍ ഏറെയായിട്ടും എനിക്കറിയുമായിരുന്നില്ല ഈ വിളിയുടെ അര്‍ഥം.
എന്തെങ്കിലുമൊക്കെ ആവശ്യങ്ങള്‍ക്കായി എങ്ങനെ അവരോടൊക്കെ
നിര്‍ദേശിച്ചാലും 'പത്രാവു' എന്ന് ആദ്യം പ്രതിവചിച്ച അവരുടെ മുഖം, അടിമത്തത്തിന്‍റെ നുകം എടുത്തു മാറ്റപ്പെട്ടവന്‍റെ അകം പോലെ ആഹ്ലാദകരമായി അനുഭവപ്പെട്ടിരുന്നില്ല.
നീണ്ട നാല് നൂറ്റാണ്ടുകാലം കോളനി ഭരണത്തിന്‍റെ കെടുതികളിലമര്‍ന്നു  കഴിഞ്ഞ ഒരു ജനത, വീറുറ്റ പോരാട്ട വഴികളിലൂടെ സ്വാതന്ത്ര്യത്തിന്‍റെ ശുദ്ധവായു
തിരിച്ചു പിടിച്ചെങ്കിലും തലമുറകളിലൂടെ ഒലിച്ചിറങ്ങിയ വൈദേശികമായ വിധേയത്വങ്ങളും പാരതന്ത്ര്യത്തിന്‍റെ പരാശ്രയ ഭാവങ്ങളും  അന്നും അവരുടെ കുഴിഞ്ഞ കണ്ണുകളില്‍ ഞാന്‍ കണ്ടു.

ചുരുണ്ട മുടിയും ഇരുണ്ട ചര്‍മവുമില്ലാത്ത  ഏതൊരു  വിദേശിയെ  പോലും, തൊഴിലുടമയോ അല്ലയോ എന്ന് പരിഗണിക്കാതെ മുതലാളി എന്ന അര്‍ഥത്തില്‍ അവര്‍ 'പത്രാവു' എന്ന് വിളിച്ചപ്പോള്‍ 
അതിജീവനത്തിന്‍റെ നാണ്യം തേടി അന്യദിക്കുകളില്‍ നിന്നെത്തിയ എന്നെ പോലുള്ള സാധാരണക്കാരന്‍ പോലും മൊസാംബിക്കന്‍ മനുഷ്യന്‍റെ മനസ്സില്‍ ‍സമ്പന്നതയുടെയോ കാരുണ്യത്തിന്‍റെയോ  ആള്‍ രൂപമായി 
അടയാളപ്പെട്ടു കാണണം.


               അതെ, ആഞ്ഞാപിച്ചാലും ആക്രോശിച്ചാലും അധിക്ഷേപിച്ചാല്‍  പോലും  മുഖത്തുനോക്കിയുള്ള 'പത്രാവു' പ്രതിവചനങ്ങളില്‍ ആ നീഗ്രോ ജന്മങ്ങള്‍ കരുതി വെച്ചത്, കൂരയില്‍ കാത്തിരിക്കുന്ന തന്‍റെ
കുരുന്നുകള്‍ക്കായുള്ള ഒരു നേരത്തെ അന്നത്തിന്‍റെ 'സഹ്യത' യായിരുന്നുവെന്നതാണ്‌ സത്യം!

(അവസാനിച്ചില്ല)

15 October 2010

കാപ്പിരികള്‍ക്കൊപ്പം കാടും തോടും കടന്ന്..


നൂറ്റാണ്ടുകള്‍ നീണ്ട പോര്‍ച്ചുഗല്‍ കോളനിഭരണത്തില്‍ നിന്ന് സ്വതന്ത്രമായ മൊസാംബിക്ക് രാഷ്ട്രത്തിന്‍റെ രണ്ടാമത്തെ വലിയ നഗരമാണ് 'ബൈറ'.
സ്വര്‍ണവും ആനക്കൊമ്പും വാണിജ്യബന്ധങ്ങള്‍ക്ക് വിത്ത്‌ പാകുകയും അധികാരക്കൊതിമൂത്ത പടിഞ്ഞാറന്‍ ശക്തി 16 -ആം നൂറ്റാണ്ടില്‍ അധിനിവേശത്തിന്‍റെ പിടി മുറുക്കുകയും ചെയ്ത കിഴക്കനാഫ്രിക്കാന്‍ രാജ്യമായ ഈ മൊസാംബിക്കിന്‍റെ  മാത്രമല്ല, വന്‍കരയുടെ തന്നെ ഏറ്റവും തന്ത്രപ്രധാന തുറമുഖ നഗരവുമായി പിന്നീട് 'ബൈറ'.
വിശ്രുതനായ നമ്മുടെ സഞ്ചാര സാഹിത്യകാരന്‍ എസ്. കെ. പൊറ്റെക്കാട്  ഒരിക്കല്‍ ഉലകം ചുറ്റുന്നതിനിടെ  വന്നിറങ്ങുകയും തന്‍റെ വിഖ്യാത കൃതിയില്‍ പരാമര്‍ശിക്കുകയും ചെയ്യുന്ന ഈ 'ബൈറ' നഗരത്തിലേക്കായിരുന്നു എന്‍റെ യാത്ര!
                                        തലസ്ഥാനമായ 'മപ്പുട്ടോ' യില്‍ നിന്നും
450-ഓളം മൈല്‍ അകലെ വടക്കന്‍ പ്രവിശ്യയായ 'സോഫാല' യില്‍ സ്ഥിതി ചെയ്യുന്ന ഈ നഗരത്തില്‍ ഞങ്ങളുടെ കമ്പനിയുടെ ബ്രാഞ്ച് പ്രവര്‍ത്തിച്ചിരുന്നു.
പോര്‍ത്തുഗീസ് ഭാഷ വശമാക്കുന്നതിനും ബിസിനസില്‍ പരിശീലനം ലഭിക്കുന്നതിനും വേണ്ടി ഇവിടേക്ക്  പുറപ്പെടാന്‍ എനിക്ക് നിര്‍ദേശം കിട്ടി. റോഡുമാര്‍ഗം ചുരുങ്ങിയത് 16 മണിക്കൂറിലേറെ സഞ്ചാര ദൈര്‍ഘ്യമുണ്ടെന്നു പറഞ്ഞു കേട്ടപ്പോള്‍ മനസ്സൊന്നു പിടച്ചു. ജന്മ നാട്ടില്‍ നിന്നും ആഫ്രിക്കയിലെ ഈ അന്യ(വന്യ)നാട്ടിലെത്തിച്ചേര്‍ന്ന് അധിക ദിവസമാകാത്തതിനാല്‍ പരിഭ്രമങ്ങള്‍ വിട്ടുമാറിയിരുന്നില്ല. അപരിചിതരായ ആഫ്രിക്കന്‍ മനുഷ്യരോടൊപ്പം തനിച്ച് അവിടെ എത്തിച്ചേരേണ്ട കാര്യമോര്‍ത്തപ്പോള്‍ തീര്‍ത്തും ഞാന്‍ ആശങ്കാകുലനായി..
അന്നൊരു വെള്ളിയാഴ്ചയായിരുന്നു.
എഡ്വാര്‍ഡ് മോണ്ട് ലൈന്‍ റോഡില്‍ അകവും പുറവും അറേബ്യന്‍ മാതൃകയില്‍ മനോഹരമായി പണികഴിപ്പിച്ചിരിക്കുന്ന 'മസ്ജിദുല്‍ ഖുബ' യില്‍ ജുമുഅ: പ്രാര്‍ഥനക്ക് പോയപ്പോള്‍ ഞാനെന്‍റെ ആധികള്‍ മുഴുവന്‍ സര്‍വാധിപന്  മുന്നില്‍ സമര്‍പ്പിച്ചു.
രാത്രിയില്‍, അനിവാര്യമായിരിക്കുന്ന അഭ്യന്തര യാത്രയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി.
ഉറങ്ങാന്‍ കിടന്നപ്പോഴും ഉണര്‍ന്നിരുന്നു ഉത്കണ്ടകള്‍..

ശനിയാഴ്ച പുലര്‍ച്ചെ  5 മണിയോടെയാണ് 'ബൈറ'യിലേക്കായി പുറപ്പെട്ടത്‌. താമസസ്ഥലത്ത് നിന്നും ഏകദേശം 6 കി.മി. അകലെയുള്ള ബസ് പുറപ്പാട് കേന്ദ്രത്തിലേയ്ക്ക് ഡ്രൈവര്‍ നിസാറിനൊപ്പം കമ്പനിയുടെ ജൂനിയര്‍ അക്കൗണ്ടന്റായിരുന്ന ഷരീഫും കൂട്ടിന് വന്നു.
സ്ത്രീകളും കുട്ടികളുമുള്‍പ്പടെ വന്‍സംഘം യാത്രയ്ക്കായി എത്തിച്ചേര്‍ന്നിരുന്നു അവിടെ. എല്ലാവരും നീഗ്രോകള്‍. സുഹൃത്തുക്കള്‍ ടിക്കറ്റുമായി ഡ്രൈവറെ സമീപിച്ച് എന്‍റെ സ്ഥാനം തിട്ടപ്പെടുത്തി. ബസ്സിന്‍റെ മധ്യഭാഗത്ത്‌ നിന്നും അല്‍പം മുന്നിലായി ഇടതു വശത്ത്. രണ്ടാള്‍ ഇരിപ്പിടത്തില്‍ നേരത്തെ തന്നെ ഇടം പിടിച്ചിരുന്നു ഒരു മധ്യവയസ്ക്കന്‍. ടൈയും കോട്ടുമൊക്കെയിട്ട് ''കുട്ടപ്പനായി'' ചമഞ്ഞിരിക്കുകയാണയാള്‍!
ഉപചാരത്തിനായി ഒരു 'ഗുഡ്മോണിംഗ്' പറഞ്ഞെങ്കിലും ചുവന്ന മോണകാട്ടി ഒന്ന് ചിരിക്കുക മാത്രമേ അയാള്‍ ചെയ്തുള്ളൂ.. മാന്യതയോടെ നല്ല സഹകരണവും പ്രകടിപ്പിച്ചു.

ബസ് പുറപ്പെടാന്‍ അര മണിക്കൂര്‍ കൂടിയുണ്ടെന്നറിയിച്ച് സുഹൃത്തുക്കള്‍ അരികിലേക്ക് വന്നപ്പോള്‍ അവര്‍ക്ക് മുന്നില്‍ ഞാനെന്‍റെ ഭീതിവീതിച്ചു. ''വല്ലാത്ത പേടി തോന്നുന്നു.. കറപ്പന്മാര്‍ അല്ലാത്തവര്‍ ആരെങ്കിലുമുണ്ടാകുമോ ഈ ബസ്സില്‍? ജീവനക്കാരോട് പ്രത്യേകം പറഞ്ഞിട്ടില്ലേ എന്‍റെ കാര്യം..?''
സമാധാനിപ്പിക്കാന്‍ പലതും അവര്‍ പറയുന്നുണ്ടായിരുന്നെങ്കിലും അതൊന്നും വിശ്വസിക്കാനും അതുകേട്ട് ആശ്വസിക്കാനും മനസ്സ് സമ്മതിച്ചില്ല.
നാല് ഫ്ലൈറ്റ് മാറിക്കയറി വന്‍കരകള്‍ താണ്ടിയെത്തിയതിനേക്കാള്‍ മന:സംഘര്‍ഷങ്ങള്‍ അലയടിച്ചു, നീഗ്രോകള്‍ മാത്രം നിറഞ്ഞ ആ അന്തരീക്ഷം. സീറ്റില്‍ നിന്ന് വെറുതെ പിറകിലേക്ക് നോക്കിയപ്പോള്‍ പേടിപ്പെടുത്തുന്ന മുഖങ്ങളുമായി കുറേ കറുത്ത രൂപങ്ങള്‍!
പിന്നെയും പതിതമായി എന്‍റെ ഹൃദയം...

***                        ***                            ***

'ട്രാന്‍സ്പോര്‍ത്തു ദി അലെക്സ്'; അതായിരുന്നു ഞങ്ങളുടെ യാത്രാബസ്.
മപ്പുട്ടോ-ബൈറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഏറ്റവും വേഗതയാര്‍ന്ന ബസ്സുകളിലോന്ന്. യാത്രികരെ മുഴുവന്‍ ഉറപ്പുവരുത്തി 'അലെക്സ്' നീങ്ങിത്തുടങ്ങി. പതിവുപോലെ യാത്രാവേളയിലെ പ്രാര്‍ഥനകള്‍ ഞാന്‍ മനസ്സിലേക്ക് കൊണ്ടുവന്നു. സുരക്ഷിതമായി ലകഷ്യത്തിലെത്തിക്കണേയെന്ന് തേടി അത്, നെഞ്ചിലേക്ക് നിവേദിച്ചു.

കണ്ണുകള്‍ കാഴ്ചയിലേക്ക് ചേക്കേറാന്‍ തിടുക്കം കാട്ടി.


നവ്യമായ നഗര ദൃശ്യങ്ങള്‍ തന്ന് മൈലുകള്‍ക്കപ്പുറമുള്ള പ്രവിശ്യയിലേക്ക് പായാനുള്ള ഒരുക്കത്തിലായിരുന്നു വാഹനം.
എത്രയെത്ര മണിക്കൂറുകള്‍ ഈ കാപ്പിരിക്കൂട്ടങ്ങള്‍ക്കൊപ്പം കഴിച്ചുകൂട്ടണമെന്നോര്‍ത്ത പ്പോള്‍ വീണ്ടുമെന്നെ വിഷാദം പിടികൂടി..
ഒറ്റപ്പെടുന്നതിനേക്കാള്‍ ഏറെ, ഭാഷാപ്രശ്നമാണ് കൂടുതല്‍ അലട്ടിയത്. അത്യാവശ്യ ഘട്ടങ്ങളില്‍ ആശയവിനിമയത്തിനായി ഈ കറപ്പന്മാരോടെന്തു പറയും?
ഒരാശ്വാസത്തിന് മൊബൈലുണ്ടായിരുന്നു കൈയില്‍.
മപ്പുട്ടോയില്‍ നിന്ന് മാനേജര്‍ തന്നത്. ദീര്‍ഘ യാത്രയായതിനാല്‍ പാവം കയ്യിലിരിക്കട്ടെ എന്ന് കരുതിക്കാണും സ്നേഹമുള്ള മാനേജര്‍!
സത്യം പറയാമല്ലോ; മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നത് ഞാന്‍ ആദ്യമായാണ്‌! അതുകൊണ്ടു തന്നെ പെട്ടെന്ന് പ്രവര്‍ത്തിപ്പിക്കേണ്ട രൂപം ഒരു കടലാസില്‍ കുറിച്ചെടുത്തു.
ധരിക്കാന്‍ ഒരു 'ഓവര്‍ കോട്ട്' കൂടി തന്ന് മാനേജര്‍ പറഞ്ഞു: ''പാസ്പോര്‍ട്ടും മൊബൈലും ഇതില്‍ വെച്ചാല്‍ മതി''.
അദ്ദേഹം ഒരു കാര്യം കൂടി  പ്രത്യേകം ഓര്‍മപ്പെടുത്തി: '' മൊബൈല്‍ എപ്പോഴും കോട്ടിന്‍റെ അകം പോക്കറ്റിലേ വെക്കാവൂ.. ബസ്സിനകത്തായാലും ചിലപ്പോള്‍ പിടിച്ചുപറിയുണ്ടാകും..''

യാത്രയിലുടനീളം തളം കെട്ടിനിന്നു ആ വാക്കുകള്‍.

മനസ്സിന്‍റെ കാന്‍വാസില്‍ വരച്ചുതുടങ്ങിയിരുന്ന കാപ്പിരികളുടെ കാരിക്കേച്ചറുകള്‍ക്ക് ആ വാക്കുകള്‍ പുതിയ ഭാവങ്ങള്‍ തന്നുകൊണ്ടിരുന്നു...
കൊണ്ടറിവുകളെക്കാള്‍ കേട്ടറിവുകളുടെ പ്രളയങ്ങള്‍ മനുഷ്യമനസ്സുകളില്‍ തീര്‍ക്കുന്ന കരിങ്കല്‍ ചിത്രങ്ങള്‍, തൊലികറുത്തവന്‍റെ കാര്യത്തില്‍ കൂടുതല്‍ ശക്തമാണെന്ന വസ്തുത മനസ്സിലാക്കിത്തുടങ്ങുമ്പോള്‍ പട്ടണപ്രാന്തങ്ങള്‍ പിന്നിട്ട് വിസ്തൃതമായ പാതയിലൂടെ മുന്നോട്ട്‌ ഗമിക്കുകയായിരുന്നു ഞാനും ആഫ്രിക്കന്‍ സഹയാത്രികരും..
നല്ല റോഡായതിനാല്‍ സാമാന്യം വേഗതയുണ്ടായിരുന്നു.
പുറം കാഴ്ചകള്‍ നോക്കി അങ്ങനെ ഞാനിരുന്നു.
കേരളീയ ഭൂപ്രകൃതിയോട് സമാനമായ മൊസാംബിക്കന്‍ മണ്ണിലൂടെയുള്ള ആ 'സാഹസിക' യാത്ര വിസ്മയത്തിന്റേതു തന്നെയായിരുന്നു; ഒട്ടേറെ  ധാരണകളുടെ തിരുത്തിക്കുറിക്കലിന്‍റെതും!
ചോളം വിളഞ്ഞു നില്‍ക്കുന്ന പാടങ്ങള്‍.. കരിമ്പും പച്ചക്കറികളും സമൃദ്ധമായി നിറഞ്ഞ പ്രദേശങ്ങള്‍... തമിഴ്നാടിന്‍റെ കൈവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ കാണാവുന്ന ഹരിതാഭാമാര്‍ന്ന ദൃശ്യങ്ങളിലൂടെ ഞാന്‍ മുന്നോട്ടു  പോയി..
കളിമണ്ണ് തേച്ച് ഭിത്തിവെച്ച, വൈക്കോലുകള്‍ വെച്ചും പുല്ലുകള്‍ വിരിച്ചും പുറം മേഞ്ഞ കുടിലുകള്‍ റോഡു വശങ്ങളില്‍ ധാരാളമുണ്ടായിരുന്നു. അപൂര്‍വമായി കണ്ട ഒറ്റപ്പെട്ട കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കാലപ്പഴക്കത്തെ എടുത്തുകാട്ടി. കൃഷിയിടങ്ങളുടെ പാര്‍ശ്വങ്ങളില്‍ കാലികള്‍ മേഞ്ഞു നടക്കുന്നത് അകലങ്ങളില്‍ കണ്ടു. ആട്ടിന്‍ പറ്റങ്ങളെ തെളിച്ചുപോകുന്ന മനുഷ്യര്‍..
മാറിലും പുറത്തും കുഞ്ഞുങ്ങളെ വെച്ചുകെട്ടി നടന്നകലുന്ന സ്ത്രീകള്‍.. റോഡുവശങ്ങളിലെ പുല്‍ക്കൂട്ടങ്ങള്‍ക്കിടയിലൂടെ അവര്‍, സദനം തേടിയോ അന്നം തേടിയോ യാത്രയായിരുന്നു...
പാതവക്കിലൊരു ടാര്‍പോളിന്‍ വലിച്ചുകെട്ടി ചോളം വില്‍ക്കുന്ന രണ്ടു യുവാക്കളെ ഒരിടത്ത് കണ്ടു. കുറച്ചപ്പുറം കൃഷിഭൂമി കിളച്ചുമറിക്കുകയായിരുന്നു കുറച്ചുപേര്‍.
കാഴ്ച്ചയെ കൊഴുപ്പിച്ച ആ ആഫ്രിക്കന്‍ ഗ്രാമീണ ദൃശ്യങ്ങള്‍ എക്കാലവും എന്‍റെ ഹൃദയത്തില്‍ തങ്ങിനില്‍ക്കും!

കുറേ സമയത്തിനു ശേഷം ഞങ്ങളൊരു ചെറിയ ടൌണില്‍ എത്തിച്ചേര്‍ന്നു. പറയാന്‍ മാത്രം മോടികളൊന്നുമില്ലാത്ത സ്ഥലം. ഏതാനും ചില കടകളും ആള്‍ക്കൂട്ടങ്ങളും മാത്രം. കോളയുല്‍പ്പന്നങ്ങള്‍ കടകളെ മുഴുവന്‍ കീഴടക്കിയിരിക്കുന്നു. കീറിയ ചെറിയ വിറകിന്‍ കഷ്ണങ്ങള്‍ക്ക് സമാനമായ 'പാവു' (ബെന്ന് വര്‍ഗത്തില്‍ പെട്ട മൊസാംബിക്കന്‍ പൊതു ഭക്ഷണം) എല്ലാ കടകളിലും നിരത്തിവച്ചിട്ടുമുണ്ട്!
യാത്രികരില്‍ ചിലര്‍ പോയി പലതും വാങ്ങിവന്നു.ഞാന്‍ അനങ്ങിയില്ല.
ഭയവും ഭാഷാപ്രശ്നവും എന്നെ സീറ്റില്‍ തന്നെ പിടിച്ചിരുത്തി.
വിശപ്പിന്‍റെ വൈഷമ്യങ്ങള്‍ അറിഞ്ഞു തുടങ്ങിയിരുന്നു. കുറച്ചു ലഘുഭക്ഷണം പൊതിഞ്ഞു തന്നിട്ടുണ്ട് മപ്പുട്ടോവിലെ സുഹൃത്തുക്കള്‍. ആവശ്യത്തിന് കുപ്പിവെള്ളവും.
കഴിക്കാമെന്നു കരുതി അതെടുത്തപ്പോഴാണ് ഒരു തടിച്ച സ്ത്രീ സഹയാത്രിക എന്നെ തൊട്ടുരുമ്മി സീറ്റില്‍ നിന്നെഴുന്നേറ്റു പോയത്.
ബോധക്ഷയമുണ്ടായില്ലായെന്നേയുള്ളൂ!
വല്ലാത്തൊരു ഗന്ധം വമിപ്പിച്ച അവളുടെ പാസിംഗ് അത്യധികം അരോചകമായി തോന്നി. മൌനമായ ഒരു ഈര്‍ഷ്യതയില്‍ ഞാന്‍ അസഹ്യതയൊതുക്കി, ഭക്ഷണപ്പൊതി അഴിച്ചപ്പോഴേക്ക് കൂനിന്മേല്‍ കുരുവെന്നപോലെ അതിന്‍റെ അപരിചിതമായ മണവും മനസ്സിനെ മടുപ്പിച്ചു. അത്തരമൊരു 'സാധനം' ഞാനാദ്യം അനുഭവിക്കുകയാണ്. നെടുകെ പൊളിച്ച 'പാവു'വില്‍ ഓംലൈറ്റും സലാഡുകളും നിറച്ച് എന്തൊക്കെയോ 'അറിയാക്രീമുകള്‍' ചേര്‍ത്തുവെച്ചിരിക്കുന്നു!

***               ***                    ***

മപ്പുട്ടോവില്‍ നിന്ന് മാനേജര്‍ ‍വിളിച്ച് യാത്രാപുരോഗതിയും ക്ഷേമവും തിരക്കിയിരുന്നു ഇതിനിടയില്‍. പക്ഷെ, ഉന്മേഷരഹിതമായ ആ യാത്ര എപ്പോഴോ ഉറക്കത്തെ വിളിച്ചു വരുത്തിയിരിക്കണം.
നീണ്ട നേരത്തിനു ശേഷം കണ്ണു തുറക്കുമ്പോള്‍ വിജനമായൊരു കാട്ടുപാതയിലൂടെയായിരുന്നു യാത്ര. ഇരുവശവും ഘോരവനം!
കാനനപാതയാണെങ്കിലും രണ്ട് വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള വീതിയുണ്ട്. ഇടതൂര്‍ന്നു നില്‍ക്കുന്ന ഹരിതശിഖിരങ്ങളെ പിറകിലേക്ക് പായിച്ച് 'അലക്സ്' മുന്നോട്ട്‌ ഗമിക്കുമ്പോള്‍ കണ്ടു, കുഞ്ഞുങ്ങളെ മാറില്‍ തൂക്കി വിറക് ശേഖരിച്ചു പോകുന്ന അമ്മമാര്‍..!

ആദിവാസി സമൂഹത്തിന്‍റെ ആ ആഫ്രിക്കന്‍ പതിപ്പുകള്‍ ജീവിതം തീപിടിപ്പിക്കാന്‍ കാടിറങ്ങുന്ന കാഴ്ചകളില്‍ ചിന്താവിഷ്ടനായിരിക്കുമ്പോഴാണ് പെട്ടെന്ന്, വലിയൊരു ശബ്ദത്തോടെ ബസ്സിന്‍റെ മുന്‍വശത്ത്‌ എന്തോ വന്നിടിച്ചത്.
യാന്ത്രികമായി ബസ്സിന്‍റെ വേഗം കുറഞ്ഞു. ഒരു കിതപ്പോടെ അത് റോഡുവശം ഒതുങ്ങി നിന്നു. ജീവനക്കാര്‍ പുറത്തിറങ്ങിയതോടെ യാത്രികര്‍ മുഴുവന്‍ സീറ്റില്‍നിന്നെഴുന്നേറ്റ് പരസ്പരം കാര്യം തിരക്കാന്‍ തുടങ്ങി.
റോഡ്‌ മുറിച്ച് പറക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു വലിയ പക്ഷി ബസ്സിലിടിക്കുകയായിരുന്നു. പരുന്തിനേക്കാള്‍ പെരുത്ത ഭീമന്‍ പക്ഷി!
ബസിന്‍റെ മുന്‍ ഗ്ലാസില്‍ രക്തമൊലിപ്പിച്ച്‌ പിടഞ്ഞു ചത്ത അതിനെ കാണാന്‍ ഞാനടക്കം എല്ലാവരും പുറത്തുചാടി. അല്‍പസമയം യാത്ര തടസ്സപ്പെട്ടെങ്കിലും ഞങ്ങള്‍ക്കെല്ലാം 'ഒരിടക്കാലാശ്വാസ'മാവുകയായിരുന്നു  ആ ആക്സിഡന്റ്!
മൂത്രശങ്ക തീര്‍ക്കാന്‍ ഒട്ടുമിക്കപേരും ഈയവസരം ഉപയോഗപ്പെടുത്തി. 'നിവാരണ'ത്തിനായി കാട് കയറുകയാണ് സ്ത്രീകള്‍ ചെയ്തത്!!

ഞങ്ങള്‍ വീണ്ടും യാത്ര തുടങ്ങി.
കാനനവീഥികള്‍ പിന്നിട്ട് മറ്റൊരു സിറ്റിയില്‍ പിന്നെയെത്തുമ്പോള്‍ ഉച്ചയോടടുത്തു. കളിമണ്ണ് ഭിത്തികളാലും മുളകള്‍ നെടുകെ പിളര്‍ത്തിയും നിര്‍മിച്ച കൊച്ചു കൊച്ചു കടകള്‍ ഉള്‍ക്കൊള്ളുന്ന ചെറിയ ടൌണ്‍. പഴയ ഏതാനും കോണ്‍ക്രീറ്റ്  കെട്ടിടങ്ങളുടെ വരാന്തകളില്‍ തെരുവ് കച്ചവടം പോലെ ചാക്കും പായകളും വിരിച്ച്, അതില്‍ ചരക്കുകള്‍ നിരത്തിവച്ച് ജീവസന്ധാരണത്തിലേര്‍പ്പെട്ടിരിക്കുന്നു, നമ്മേപോലുള്ള  ആഫ്രിക്കന്‍  ‍ മനുഷ്യരും!
പച്ചക്കറികള്‍ക്ക് പുറമെ ധാരാളം കണ്ടത് പഴവര്‍ഗങ്ങളാണ്. ചെറിയ തരം ആപ്പിളുകളും ഓറഞ്ചുകളുമായിരുന്നു കൂടുതല്‍. മധുരനാരങ്ങ,പേരയ്ക്ക, ചോളം, തുടങ്ങിയവ ചെറിയ വലച്ചാക്കുകളില്‍ കെട്ടിവച്ച് അട്ടിയിട്ടിരിക്കുന്നു. യാത്രികരില്‍ പലരും പിന്നെയും വാങ്ങിവന്നു ധാരാളം സാധനങ്ങള്‍. ഞാനപ്പോഴും ആസനം അമര്‍ത്തി അവിടെയിരുന്നു. ആവശ്യത്തിന് 'മെറ്റിക്കല്‍' (മൊസാംബിക്ക് കറന്‍സി) പണം കയ്യിലുണ്ടായിരുന്നെങ്കിലും ഭാഷയറിയാത്തതിനാല്‍ കറപ്പന്‍മാര്‍ എന്നെ ''വെളുപ്പിക്കുമോ'' എന്ന പേടി!

കൌതുകങ്ങളിലേക്കങ്ങനെ കണ്ണയച്ചിരിക്കുമ്പോള്‍ വായിലെന്തോ കടിച്ചുപിടിച്ച് ബസ് ഡ്രൈവര്‍ വരുന്നു. 'അയില' യേക്കാള്‍ വലിപ്പമുള്ള ഒരു മത്സ്യം ചുട്ടതായിരുന്നു ടിയാന്‍റെ വായില്‍!
ശ്രദ്ധിച്ചപ്പോള്‍ കണ്ടു, മത്സ്യവും മാംസ്യവും അതേപടി ചുട്ടുകൊടുക്കുന്ന കുറേ തട്ടുകടകള്‍. കമ്പികളില്‍ കോര്‍ത്തും പരത്തിവെച്ചും ചോളവും ചുട്ടുകൊടുക്കുന്നു; ചൂടോടെ വില്‍ക്കുന്നു..

മുഷിപ്പിന്‍റെ വേഷമഴിക്കാതെ യാത്ര തുടരവേ, ഉന്മേഷം പകര്‍ന്ന യാഥാര്‍ത്യങ്ങളിലേക്കാണ് ദൃഷ്ടി ജാലകം തുറന്നത്.
പരന്നൊഴുകുന്നു ഒരു പുഴ!
അതിന്‍റെ തീരം തിങ്ങി കേരവൃക്ഷങ്ങള്‍..
പുഴ്യക്ക്‌ കുറുകെ പാലത്തിലേക്ക് ബസ് കയറുമ്പോള്‍ അകന്നുപോകുന്ന കേരളീയ ദൃശ്യങ്ങള്‍ അകതാരില്‍ ഗൃഹാതുരത്വമുണര്‍ത്തി..

കുറച്ചുകൂടി പിന്നിട്ടപ്പോള്‍ നാട്ടുസ്മരണകളെ നയനങ്ങളിലേക്ക് വിരുന്നൂട്ടി പിന്നെയും വന്നു മൊസാംബിക്കന്‍ പ്രകൃതി രമണീയത.
കുട്ടനാടന്‍ ഗ്രാമങ്ങളുടെ ആത്മാവുപോലെ പച്ചപ്പു നിറഞ്ഞ നെല്‍പ്പാടങ്ങള്‍ ജലാശയങ്ങളുടെ തണുപ്പേറ്റ് കിടക്കുന്നു.
സമൃദ്ധമായ ജലം നിറച്ചൊഴുകിക്കൊണ്ടിരിക്കുന്ന കൈത്തോടുകളും വേര്‍തിരിക്കുന്ന വയല്‍വരമ്പുകളും എന്‍റെ ബാല്യകാലത്തെ നമ്മുടെ നാടിന്‍റെ വയലേലക്കാഴ്ച്ചകളില്‍  ഓര്‍മകളുടെ വയലിന്‍ മീട്ടി..

ആരുടെയെങ്കിലും 'വിളി' വന്നു കിടപ്പുണ്ടോ എന്നറിയാന്‍ ജാഗ്രതയോടെയാണ് പലപ്പോഴും മൊബൈല്‍ നോക്കിയത്.
നിഷ്ക്രിയമായ ഒരേ ഇരിപ്പ് നിദ്രയെ വീണ്ടും വിളിച്ചു വരുത്തി. ആരെയോ വിളിക്കുന്നത്‌ പോലെയുള്ള ബഹളങ്ങളിലേക്കുണരുമ്പോള്‍ ഒരു മൊബൈല്‍ ഉയര്‍ത്തിപിടിച്ച്‌ ആരെയോ പേര് ചൊല്ലി വിളിക്കുകയായിരുന്നു ബസ് ക്ലീനര്‍.
'' റാഫേല്‍.. റാഫേല്‍....'' അയാള്‍ വിളിച്ചു കൊണ്ടേയിരുന്നു.
'' റാഫേല്‍.. ഊമ സിനോര്‍ ഇന്‍ഡ്യാനു...'' പിന്നെ ഇങ്ങനെയായി അയാളുടെ തിരുത്തിവിളി.
ഞങ്ങള്‍ പരസ്പരം മുഖം കണ്ട മാത്രയില്‍ അവന് സംശയം തോന്നിയിരിക്കണം; അടുത്തേക്ക് വന്ന് അവന്‍ എന്നോട് ചോദിച്ചു: '' വുസേ റാഫേല്‍..?''
എനിക്കെന്ത് മനസ്സിലാകാനാണ്?

'' റാഫേല്‍...? '' അവന്‍ ആവര്‍ത്തിക്കവേ പൊടുന്നനെ ഞാനെന്‍റെ പേര് പറഞ്ഞു; '' റഫീഖ് ''
അപ്പോള്‍ അയാള്‍ എനിക്ക് മൊബൈല്‍ തന്നു.
സംസാരിച്ചു തുടങ്ങിയപ്പോള്‍ അങ്ങേ തലക്കല്‍ 'ബൈറ' യില്‍ നിന്നുള്ള ബ്രാഞ്ച് മാനേജര്‍ മുഹമ്മദ്‌കുട്ടി. എന്‍റെ വരവ് ഏതുവരെയെത്തി എന്നറിയാനുള്ള വിളി. രാത്രി 10 മണിയോടെ മാത്രമേ ബസ് 'ബൈറ' യിലെത്തൂ എന്ന വിവരം ജീവനക്കാര്‍ നല്‍കിയത് അദ്ദേഹം പറഞ്ഞു. അവര്‍ അവിടെ കാത്ത് നില്‍ക്കാമെന്നും പരിഭ്രമിക്കേണ്ടതിലെന്നും പറഞ്ഞപ്പോള്‍ നേരിയൊരാശ്വാസം തോന്നി.
ഞാനൂഹിച്ചു: എന്‍റെ പേര് പറഞ്ഞു കൊടുത്തപ്പോള്‍ വ്യക്തമാകാത്തത് കൊണ്ടാകും 'റാഫേല്‍' ആയിട്ടുണ്ടാകുക. (മാന്യനായ ഒരു ഇന്ത്യക്കാരന്‍ എന്ന അര്‍ത്ഥത്തിലാണ് ''ഊമ സിനോര്‍ ഇന്‍ഡ്യാനു എന്ന് ഉപയോഗിച്ചിരിക്കുന്നത്.)

സമയം ഏഴുമണി കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ..

ഭൂമിയില്‍ ഇരുട്ട് പരന്നു കഴിഞ്ഞിരുന്നു. നിമിഷങ്ങളുടെ ഓരോ അണുവിലും കൂരിരുട്ട് കനത്തുവന്നു.
റോഡുവശങ്ങളിലെ ഇടതൂര്‍ന്നു നില്‍ക്കുന്ന പുല്‍ചെടികളും ഒറ്റപ്പെട്ട മരങ്ങളും ബസ്സിന്‍റെ മുന്‍ വെളിച്ചത്തിലും അപൂര്‍വമായി മാത്രം എതിര്‍ ദിശയിലേക്കു പോകുന്ന വാഹനങ്ങളുടെ പ്രകാശത്തിലും ഞാന്‍ കണ്ടു.
ഇരുണ്ട മണ്ണിലെ ഏത് കോണില്‍ നിന്നുള്ള ജീവ വായുവാകും താനിപ്പോള്‍ ശ്വസിച്ചു കൊണ്ടിരിക്കുന്നതെന്ന് ആരോ ചോദിക്കും പോലെ..
വശങ്ങളില്‍ മയങ്ങിയുറങ്ങുന്ന മനുഷ്യരുടെ മുഖത്തേക്ക് ഞാനപ്പോള്‍ വെറുതെയൊന്ന് തിരിഞ്ഞു നോക്കി. ഇരുട്ടിന്‍റെ നിറക്കൂട്ട്‌ പ്രകൃതി വാരിത്തേച്ച കുറേ കറുത്ത മനുഷ്യര്‍!
ഒറ്റപ്പെടലിന്‍റെ നീറ്റലലട്ടുന്ന എന്‍റെ ആത്മാവിലേക്കപ്പോള്‍ ഘനാന്ധകാരത്തില്‍ മുങ്ങിനില്‍ക്കുന്ന ആകാശത്ത് നിന്നും ഭീതിയുടെ മിന്നല്‍ പിണറുകള്‍ ആഴ്ന്നിറങ്ങി..


***                      ***                        ***

സുഖകരമായ യാത്രയ്ക്ക് വിഘ്നം വരുത്തി പെട്ടെന്നാണ് ബസ് ചാടിചാടിച്ചലിച്ചത്. ഒരു വയലിന്‍റെ മധ്യത്തിലൂടെ കടന്ന് പോകുന്ന റോഡില്‍ വെള്ളം കയറി അമ്പേ തകര്‍ന്നിരിക്കുന്നു. വളരെ പ്രയാസപ്പെട്ടാണ് പിന്നീട് ഗട്ടറുകളില്‍ കയറിയിറങ്ങി തകര്‍ന്ന റോഡിലൂടെ ഏറെ ദൂരം ഞങ്ങള്‍ യാത്ര തുടര്‍ന്നത്.


സമയമടുക്കും തോറും സമാധാനം വന്നുകൊണ്ടിരുന്നു മനസ്സില്‍.
നേരം പുലര്‍ച്ചെ കയറിക്കൂടിയതാണല്ലോ ഈ മനുഷ്യര്‍ക്കൊപ്പം!
കടിഞ്ഞാണിടപ്പെട്ട ശരീരം കാര്യസാധ്യങ്ങള്‍ക്കായി കൊതിക്കുന്നത് ഞാനറിഞ്ഞു. മുറിഞ്ഞു തീര്‍ന്ന വിശപ്പും കോട്ടുവായ്കളുടെ അകമ്പടിയും ക്ഷീണത്തെ ക്ഷണിച്ചു വരുത്തിയിരിക്കുന്നു..
ഒന്ന് നീണ്ടു നിവര്‍ന്ന് കിടന്ന് ഗാഡനിദ്ര പൂകാന്‍ അദമ്യമായി ആഗ്രഹിച്ചു.
നാളെ ഞായറാഴ്ചയാണ്; അവധി ദിനം.
ജീവിതപ്പച്ചപ്പിന്‍റെ സുവര്‍ണ നാളുകള്‍ സ്വപ്നം കണ്ട്, ക്ഷീണമെല്ലാം ഉറങ്ങിത്തീര്‍ത്ത് അധ്വാനത്തിന്‍റെ ആദ്യ ദിനത്തിലേയ്ക്ക്-തിങ്കളാഴ്ച ഉണര്‍ന്നെഴുന്നേല്‍ക്കണം.
പിന്നെ,  സംസ്ക്കാരങ്ങളോട് പൊരുത്തപ്പെട്ടും ആദര്‍ശങ്ങള്‍ അടിയറവെക്കാതെയും അതിജീവനത്തിന്‍റെ ഈ ആഫ്രിക്കന്‍ മതില്‍ ചാടിക്കടക്കണം..
ആലോചനകള്‍ വലം വയ്ക്കുന്ന മനസുമായി അങ്ങനെയിരിക്കുമ്പോള്‍ മേത്തരം നിര്‍മിച്ച പാതയിലൂടെ അതിശീഘ്രം കുതിക്കുകയായിരുന്നു 'അലക്സ്'.

മഞ്ഞപ്രകാശം പൊഴിച്ചു നില്‍ക്കുന്ന വൈദ്യുത ദീപങ്ങളുടെ ആധിക്യങ്ങള്‍ ഒരു പട്ടണ പ്രവേശത്തിന്‍റെ മുന്നോടിയിലേക്കുള്ള അടയാളങ്ങളായി ഞാന്‍ കണക്ക് കൂട്ടി.
ഉയര്‍ന്നു നില്‍ക്കുന്ന ഒരു വലിയ പാലം നൂഴ്ന്നുകടന്ന്, അകന്നകന്ന് വന്‍മരങ്ങള്‍ വരി നില്‍ക്കുന്ന രാജപാതകള്‍ വകഞ്ഞുമാറ്റി, കോണ്‍ക്രീറ്റ് സൌധങ്ങളുടെ നഗരക്കെട്ടിലേക്ക് ഒടുവില്‍ 'അലക്സ്' തിരിഞ്ഞു വന്നു.
അടുക്കിവച്ച ലഗേജുകള്‍ ഒരുക്കൂട്ടാന്‍ ആളുകള്‍ വ്യഗ്രതപ്പെടുന്നത് കണ്ടപ്പോള്‍ ഒരു ദീര്‍ഘ സഞ്ചാരത്തിന്‍റെ പരിസമാപ്തി ഞാന്‍ മനസ്സിലാക്കി.
അങ്ങനെ, നിശ്ചിത സമയത്തിലും ഏറെ വൈകി 'ബൈറ' എന്ന ആ പ്രവിശ്യാ നഗരത്തില്‍ ഞാനെത്തിച്ചേരുമ്പോള്‍  സുബൈറും മുഹമ്മദ്‌ കുട്ടിയും റഷീദും സന്തോഷ്‌കുമാറുമെല്ലാം  അവിടെ കാറുമായി  കാത്തുനില്‍പ്പുണ്ടായിരുന്നു.
കുശലാന്വേഷണങ്ങള്‍ തിരക്കി സുഹൃത്തുക്കള്‍ ബാഗേജുകള്‍  കയറ്റുമ്പോള്‍ അപരിചിതമായ 'ബൈറ സിറ്റി'യുടെ പാതിരാവോടടുത്ത ചില പരിസരക്കാഴ്ച്ചകളില്‍ എന്‍റെ നയങ്ങള്‍ ഉടക്കി നിന്നു.
അടഞ്ഞു കിടക്കുന്ന കടത്തിണ്ണയില്‍ വിറ്റു തീരാത്ത കുറച്ചു കിഴങ്ങു വര്‍ഗങ്ങള്‍ക്കു മുന്നില്‍ ഒരു പൈതലിനെ മടിയില്‍ കടത്തി ഒരമ്മ..

തണല്‍ മരങ്ങള്‍ക്ക് താഴെ, വിശ്രമിക്കാനിട്ട സിമന്റു ബഞ്ചുകളില്‍ കുറേ  മദാലസ യുവതികള്‍..

കല്ലെറിഞ്ഞും തല്ലുകൂടിയും നാല് ബാല്യങ്ങള്‍..

അവസാന വണ്ടിയുടെ ആരവം തീര്‍ത്ത് യാത്രികരുടെ കര്‍ണപുടങ്ങളിലേക്ക് ജീവിതത്തിന്‍റെ  ഒച്ചയിടുന്ന ഒരു കണ്ടക്ട്ടര്‍ പയ്യന്‍....

ചിന്തകളിലേക്ക് ചൂട്ടുപിടിച്ച അനുഭവങ്ങളുടെ കുറേ തീപ്പന്തങ്ങള്‍...