ഈ എഴുത്തുപുരയില്‍..

28 May 2010

സ്വര്‍ഗ്ഗത്തിന്‍റെ നാട്

സ്വര്‍ഗ്ഗത്തിന്‍റെ നാട്
(മിനിക്കഥ)
----------------------------------
പ്രാര്‍ഥന കഴിഞ്ഞ് പള്ളിയില്‍ നിന്നിറങ്ങുമ്പോള്‍ പാതി ചാരിയ വാതില്‍ പാളിക്ക് ചാരെ ഒരു കറുത്ത രൂപം.
തളര്‍ന്നുറങ്ങുന്നൊരു കൈകുഞ്ഞിനെ മടിയില്‍ കിടത്തി കനിവുകിനിയും മനസ്സുകളെ കാത്തിരിക്കുകയായിരുന്നു, അവള്‍.
വിവശതയുടെ വൈഷമ്യങ്ങളെല്ലാം മൂടുപടം കൊണ്ട് മറച്ചിരിക്കുന്നു!
ഒറ്റയായ് ഏറ്റുവാങ്ങിയ നീട്ടങ്ങള്‍ നിലച്ചപ്പോള്‍ പൈതലിനെ ചുമലിലേയ്ക്ക് ചായ്ച്ച് അവള്‍ യാത്രയായി; കാരുണ്യത്തിന്‍റെ മറ്ററിയാ ഉറവകള്‍ തേടി..
**              **           **
ഫ്ലാറ്റിനു താഴെ, 'ബലദിയ്യത്തൊട്ടി'യും മണത്ത് ഒരു വെളുത്ത പൂച്ചക്കുഞ്ഞ് നിറുത്താതെ കരഞ്ഞു നടന്നു..
പൊടിക്കാറ്റിനെ പിടിയിലൊതുക്കി പൊടുന്നനെ വന്ന മഴയില്‍ നനഞ്ഞ  അതിന്‍റെ ദൈന്യരോദനങ്ങളൊന്നും മണല്‍ക്കാട് ഭിത്തികളില്‍ തട്ടി പ്രതിധ്വനിച്ചില്ല..
**               **          **
മഞ്ഞപ്രകാശത്തിന്‍റെ മുഗ്ധ സൗന്ദര്യം പുതച്ച്, ഈത്തപ്പനകള്‍ കാവല്‍ നിന്ന കൊട്ടാര ഭവനങ്ങളുടെ വലയിത മതിലുകള്‍ക്കപ്പുറം അപ്പോള്‍, ആഹാര സമാഹരണത്തിനായ് ഒത്തു ചേരുകയായിരുന്നു ഒരായിരം ഉറുമ്പിന്‍ കൂട്ടങ്ങള്‍!

ബലദിയ്യത്തൊട്ടി: ജനങ്ങള്‍ക്ക്‌ വിവിധ തരം അവശിഷ്ടങ്ങള്‍ നിക്ഷേപിക്കാനായി നഗരത്തിലുടനീളം 'മുനിസിപ്പാലിറ്റി' സ്ഥാപിച്ച വലിയ ഇരുമ്പ് പാത്രങ്ങള്‍.

14 comments:

കൊട്ടോട്ടിക്കാരന്‍... said...

ഇത് ഒരു കഥയല്ല മാഷേ,
ഒരുപാടു കഥകള്‍ ഇതിനുള്ളില്‍ കാണാനാകുന്നുണ്ട്..

ഒഴാക്കന്‍. said...

kollam !! onnukoodi vekthamaakkamayirunnu !

mini//മിനി said...

ഒന്നും പിടികിട്ടിയില്ല. ഇതാണ് മിനിക്കഥ എന്ന് പറയുന്നത്?

ഹംസ said...

മൂന്ന് മിനികഥകളും നന്നായിട്ടുണ്ട് ! അറിയാത്ത വാക്കുകളുടെ അര്‍ത്ഥം അടിയില്‍ ചേര്‍ത്തിരുന്നുവെങ്കില്‍ മനസ്സിലാവത്തവര്‍ക്ക് പെട്ടന്ന് മനസ്സിലാവുമായിരുന്നു.! “ബലദിയതൊട്ടി” എന്നൊന്നും പറഞ്ഞാല്‍ എല്ലാവര്‍ക്കും മനസ്സിലായികൊള്ളണമെന്നില്ല വായനക്കാരെല്ലാം സൌദിയില്‍ ജീവിക്കുന്നവരല്ലല്ലോ..!

MT Manaf said...

ഇഷ്ടമായി
ആഴത്തില്‍ പരത്തിയ ചിന്ത
സൗദി മലയാളികള്‍ക്ക് സുപരിചിതമായ കാഴ്ചകള്‍
പുറത്തുള്ളവര്‍ക്ക് അല്പം ദഹനമില്ലായ്മ തോന്നാന്‍ സാധ്യത!

അലി said...

വലിയ വിഷയം കുഞ്ഞുകഥകളിലൂടെ പറഞ്ഞത് നന്നായിരുന്നു. പലരും അവ്യക്തത സൂചിപ്പിച്ചത് ഇനി ശ്രദ്ധിക്കുമല്ലൊ.

അഭി said...

കൊള്ളാം

Anonymous said...

വളരെ നന്നായി കുഞ്ഞുകഥകളും കഥകൾക്കുള്ളിൽ ധാരാളം കഥകൾ ഉള്ളത് പോലെ ചിന്തകൾ പരിധികൾക്കപ്പുറത്തേക്ക് പോയതു പോലെ വളരെ നന്നായി ആശംസകൾ....

കുമാരന്‍ | kumaran said...

:)

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

പട്ടിണിയും ഒപ്പം ധാരാളിത്തവും ഈ മണല്ക്കാട്ടിനു സ്വന്തം.
പരത്തിപ്പറഞ്ഞാല്‍ ഒരു വലിയ നോവലിന് ചാന്‍സുണ്ട്.
ഒരു പാട് പാഠങ്ങള്‍ ഇതില്‍ ഒളിഞ്ഞു കിടപ്പുണ്ടെന്നു തോന്നുന്നു.

എന്‍.ബി.സുരേഷ് said...

നമ്മുടെ വിരുന്നുമേശകളിൽ അജീർണ്ണം നൽകുന്ന ഭക്ഷണപാനീയങ്ങൾ കുമിഞ്ഞുകൂടുമ്പോൾ കോടാനുകോടി പട്ടിണി കിടന്നു നാളെ വരുന്ന സ്വർഗ്ഗത്തെ സ്വപ്നം കാണുന്നു. അപ്പോഴും നമ്മൾ തിന്നു കൊഴുക്കുന്നു.

ശക്തമായ രചന. പക്ഷേ ക്രാഫ്റ്റ് എനിക്ക് ഇഷ്ടപ്പെട്ടില്ല.

ആയിരത്തിയൊന്നാംരാവ് said...

ഒന്നുകൂടെ കൂര്‍പ്പിക്കുക ...പെന്‍സില്‍ ,.

കണ്ണൂരാന്‍ / Kannooraan said...

നല്ല ചിന്ത. എല്ലാം കല്ലിവല്ലി ആക്കപ്പെടുന്ന ദുന്യാവില്‍ നല്ല ചിന്ത നീണാള്‍ വാഴട്ടെ.

SULFI said...

നൊമ്പരങ്ങള്‍ കുഞ്ഞു വരികളില്‍ ഒതുക്കി അല്ലെ.
ചിന്തിക്കാനുതകുന്ന വരികള്‍.