ഇരുണ്ട വന്‍കരയുടെ ജീവിത തീരത്ത്...3
(പ്രവാസിയുടെ ഡയറിക്കുറിപ്പുകള്‍)
--------------------------------------------------------

സമയമുണ്ടല്ലോ! ചടഞ്ഞിരിക്കാതെ ചുറ്റിയടിക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. കാഴ്ച്ചകളെ ഹൃദയത്തില്‍ സംഭരിച്ച് ഒന്നാം നിലയിലെത്തിയപ്പോള്‍ ടെലിഫോണ്‍ സൌകര്യമുള്ള ഒരിടം. അയല്‍രാജ്യത്തെത്തിക്കഴിഞ്ഞ വിവരം പ്രവേശിക്കാനിരിക്കുന്ന കമ്പനിയില്‍ അറിയിക്കാന്‍ 3 ഡോളര്‍!

വിക്ടറിന്‍റെ സ്നേഹത്തിനു വഴങ്ങി കോഫി കുടിക്കുമ്പോള്‍ പുതിയ ദൃഷ്ടടാന്തങ്ങള്‍ക്കായി കണ്ണുകള്‍ പരതി. താഴെ, വിസ്തൃതമായിക്കിടക്കുന്ന റണ്‍വേകളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചെറുതും വലുതുമായ വിമാനങ്ങള്‍ വന്നും പോയിക്കൊണ്ടുമിരിക്കുന്ന കാഴ്ചകള്‍ അത്ഭുതമുളവാക്കി! ഓരോ അഞ്ചു മിനുട്ടിലും ഒട്ടുമിക്ക ലോകരാഷ്ട്രങ്ങളിലെയും എയര്‍വേസുകള്‍ പറന്നിറങ്ങുന്നതും ഓടിയുയരുന്നതും ഞാന്‍ കൃത്യമായി കണ്ടു. ജോഹാനസ്ബര്‍ഗ് നഗരത്തിന്‍റെ അന്താരാഷ്ട്ര പ്രാധാന്യം അനുഭവപ്പെട്ട സമയമായിരുന്നു അത്. ഏഷ്യയിലേക്കും യൂറോപ്പിലേക്കും മാത്രമല്ല, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ പ്രധാന വ്യോമ പഥങ്ങളിലേക്കും ഈ നഗരം വഴി തിരിക്കുന്നുണ്ട്.
അന്ഗോളയിലെക്കുള്ള ബോര്‍ഡിംഗ് സമയമായപ്പോള്‍ ആകാശത്തു വെച്ച് ആത്മബന്ധം സ്ഥാപിച്ച വിക്ടര്‍ വിട മൊഴിഞ്ഞു. എപ്പോഴും ബന്ധപ്പെടണമെന്ന താല്‍പ്പര്യത്തോടെ ഞങ്ങളിരുവരും മെയില്‍ ഐഡികള്‍ പരസ്പരം കൈമാറി. കൂടുതല്‍ വൈകാതെ എന്‍റെ ലോന്ച്ചും ചലനാത്മകമായി. ശീതീകരിച്ച ഒരു മിനി ബസ്സില്‍ റണ്‍വേയിലൂടെ നീങ്ങി ഒരു പക്ഷിയുടെ ചിത്രം പോലെ അക്ഷരങ്ങള്‍ ആലേഖനം ചെയ്ത വിമാനത്തിനരികെ ചെന്നു നിന്നു. ''ലാം'' ; മൊസാംബിക്കിന്‍റെ ദേശീയ വിമാന കമ്പനി. ഇത് നാലാമത്തെ ഫ്ലൈറ്റാണ്. ഇതിലൂടെയാണ് ഇനിയെന്‍റെ ' ആഫ്രിക്കന്‍ അധിനിവേശം' പൂര്‍ണമാകുന്നത്! ആകാംക്ഷകള്‍ അധികരിച്ചു വന്നു.. പ്രതീക്ഷകളുടെ പരവതാനിയിലൂടെ അതിജീവനത്തിന്‍റെ പുതിയ ആകാശത്തേക്ക് ഉയര്‍ന്നു പൊങ്ങുമ്പോള്‍ മനസ്സിന്‍റെ താളുകളില്‍ മടക്കിവച്ച പ്രാര്‍ഥനാ വചസ്സുകള്‍ക്ക് ജീവന്‍ നല്‍കി ഞാന്‍ അധരങ്ങളില്‍ ചാലിച്ചു. നൊന്തുപെറ്റ ഉമ്മയേയും വെന്തുപോറ്റിയ ബാപ്പയേയും ഞാന്‍ ഹൃദയരഥത്തിലൂടെ തേട്ടങ്ങളിലേക്കാനയിച്ചു...
***** ***** *****

പിന്നെയും, മനസ്സിന്‍റെ മാനത്ത് ആശങ്കകളുടെ ഇരുണ്ട മേഘങ്ങള്‍ ഉരുണ്ടു കൂടി..
ഇനിയെന്നാകും ഈ വന്‍കരകള്‍ ഞാന്‍ മുറിച്ചു കടക്കുക? ചെമ്മണ്‍ മണം നിറഞ്ഞ ഗൃഹാതുരപ്പക്ഷികള്‍ ഇനിയെന്നാകും ഈ ഹൃദയത്തില്‍ ചേക്കേറുക? കാപ്പിരികളോടോപ്പമുള്ള ജീവിതം എങ്ങനെയുണ്ടാകും? അങ്ങനെ ഞാനും രൂപം മാറുമോ...?
പെട്ടെന്ന്, മീന്‍ മുള്ള് പോലെ ഉമ്മയുടെ ഒരു ചോദ്യശകലം എന്‍റെ ചങ്കില്‍ തറച്ചു നിന്നു. '' എടാ ഈ പത്രത്തില് കാണ് ണ ആള്‍ക്കാരല്ലേ ആഫ്രിക്കക്കാര്? അവരുടെ കാതിലെന്താ പെണ്ണ് ങ്ങളെ പോലെ ചിറ്റും കൊളത്തും...? ''നൊമ്പരപ്പാടിന്‍റെ നേത്രപാളിയില്‍ കണ്ണീര്‍ പടലം തടഞ്ഞ്, പിന്നെയും ഞാന്‍ ആലോചനയിലേക്ക് അടിതെറ്റിവീണു...
ഒന്നര മണിക്കൂര്‍ സമയം പെട്ടെന്നാണ് ഓടിപ്പോയത്. സമുദ്ര പാര്‍ശ്വങ്ങളെയും പച്ചപ്പു നിറഞ്ഞ കൃഷി ഭൂമികളെയും കണ്ണിലേക്കു വിരുന്നൂട്ടി, അഹങ്കാരം തലയുയര്‍ത്താത്ത കെട്ടിട സമുച്ചയങ്ങളില്‍ ആഗമനത്തിന്‍റെ ഇരമ്പല്‍ വീഴ്ത്തി, 'ലാം' ചിറക് താഴ്ത്തുമ്പോള്‍ അന്ന്, ബുധനാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 6.30 കഴിഞ്ഞിരുന്നു..
***** ***** *****
നൂറോളം വരുന്ന യാത്രികരോടൊപ്പം റണ്‍വേ യില്‍ ഇറങ്ങിയപ്പോള്‍ തന്നെ നൈരാശ്യമാണ് എന്നെ എതിരേല്‍ക്കാന്‍ വന്നത്. നാട്ടിന്‍പുറത്തെ ഒറ്റപ്പെട്ടു നില്‍ക്കുന്ന സര്‍ക്കാര്‍ ആശുപത്രി കണക്കെ, നിര്‍ജീവത്വം ബാധിച്ചു നില്‍ക്കുന്ന ഒരു നീളന്‍ കെട്ടിടം! മപ്പുട്ടോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. ഒരു സ്വതന്ത്ര പരമാധികാര രാജ്യത്തിന്‍റെ വികസനത്തിന്‍റെ ചിറക് മുളക്കാത്ത ആ അന്തര്‍ ദേശീയ വ്യോമ കവാടം, എന്‍റെ അതുവരെയുള്ള കാഴ്ചകള്‍ക്കൊക്കെ മങ്ങലേല്‍പ്പിച്ചു.
എമിഗ്രേഷന്‍ പരിശോധനകള്‍ക്കായി 'ക്യൂ' നില്‍ക്കുന്നവരില്‍ ധാരാളം ഇന്ത്യക്കാരുണ്ടായിരുന്നു. തങ്ങളുടെ വിസ പതിപ്പിച്ച പാസ്പോര്‍ട്ട് പേജ് തുറന്നു പിടിച്ച് ഊഴത്തിനായി നിന്നവര്‍ എന്നെപ്പോലെ നവാഗതരായിരുന്നു. ഉത്തരേന്ത്യന്‍ ജന്മങ്ങളെപ്പോലെ തോന്നിപ്പിച്ച മുഖങ്ങള്‍..
ഓരോ ആളുകളും നീങ്ങിത്തുടങ്ങിയപ്പോഴാണ്, വിസ തന്ന കമ്പനിയുടെ ഡയരക്ടര്‍മാരില്‍ ഒരാള്‍ എമിഗ്രേഷന്‍ കൌണ്ടര്‍ മറികടന്ന് എന്‍റെ അടുത്ത് വന്ന് ഹസ്തദാനം ചെയ്തത്. അവിചാരിതവും അസാധ്യവുമായിരുന്നു, അവിടേക്ക് അദേഹത്തിന്‍റെ ആഗമനം! മനസ്സിന്‍റെ ഉള്ളറകളില്‍ ജ്വലിച്ചു തുടങ്ങിയിരുന്ന ഭീതിയുടെ നാളങ്ങള്‍ അണച്ചു, അപ്പോള്‍ ഞാനുതിര്‍ത്ത ആശ്വാസത്തിന്‍റെ ദീര്‍ഘനിശ്വാസം!!

(തുടരും)
12 comments:
hrudyamaya vivaranam...ozhukkulla syli.valare nannayirikkunnoo.
sesam bhagangalkkayi kaathirikkunnoo...
aasamsakal...
നല്ല ഭാഷ.. നല്ല ശൈലി.. വാക്കുകള്‍ക്കായി കാത്തിരിക്കുന്നു..
www.oyemmar.blogspot.com
നല്ല ഭാഷ.. നല്ല ശൈലി.. വാക്കുകള്‍ക്കായി കാത്തിരിക്കുന്നു..
www.oyemmar.blogspot.com
വായിച്ചു. നന്നായിരിക്കുന്നു...തുടരുമല്ലോ...
വായനക്കാരെ തന്റെ സഹയാത്രികരാക്കി മാറ്റും വിധം ഈ യാത്രാവിവരണങ്ങള്‍ അവതരിപ്പിക്കുന്നതില്‍ താന്കള്‍ വിജയിച്ചിട്ടുണ്ട്.ഭാഷാപരമായ ഔന്നത്യവും ശൈലിയിലെ ആകര്‍ഷണീയതയും വേറിട്ട് നില്‍ക്കുന്നു.ആശംസകള്‍!
ഈ ബ്ലോഗ് ഇഷ്ടമായീന്നു മാത്രമല്ല ഇതിന്റെ ഫോളോവറുമാകുന്നു. യാത്ര ഇഷ്ടമുള്ള, എന്നാല്‍ അതിനു സാധിയ്ക്കാത്ത എന്നെപ്പോലുള്ളവര്‍ക്ക് നിരക്ഷരന്റെയും താങ്കളുടെയുമൊക്കെ പോസ്റ്റുകളാണ് ആനന്ദം പകരുക...
...നന്ദി..
ugran kathirikkunnu
ബാക്കിയെവിടെ മാഷേ? എന്താ, മടി പിടികൂടിയോ താങ്കളെയും?
തുടരൂ ഈ കലക്കന്‍ സാധനം..
ഇരുണ്ട വൻ കരയിൽ യാത്ര ചെയ്തതു പോലെ .. നല്ല ശൈലിയിൽ വായനക്കാരിൽ എത്തിക്കാൻ ശ്രമിച്ചിട്ടുണ്ട് എല്ലാവിധ ഭാവുകങ്ങളും നന്നായി തുടരാൻ കഴിയട്ടെ ആശംസകൾ....
ബാക്കി ഉടന്‍ പോന്നോട്ടെ ട്ടോ.!!
തട്ടിത്തിരിഞ്ഞ് ഇവിടെ എത്തിയതാ
പുതുപരിചയങ്ങളുടെ തുടക്കമാകട്ടെ
അഭിനന്ദനങ്ങള്‍
അതൊരു പുതിയ ലോകമായിരുന്നു; മുഖങ്ങളില്‍ മുഴുവന്‍ ഇരുള്‍മുറ്റിയ മനുഷ്യരുടെ ലോകം!
ഇതു വായിച്ചു പോകുമ്പോള്‍ മനസിനകത്തും ഇരുള്‍ പരക്കുന്നു.
Post a Comment