ഇരുണ്ട വന്‍കരയുടെ ജീവിത തീരത്ത്..
ആഫ്രിക്കന്‍ ഡയറി (6)
------------------------------------

വൈദേശിക ജീവിതത്തിന്‍റെ ആരംഭപ്പുലരി.
സമയത്തിനു തയാറായി മാനേജര്‍ക്കൊപ്പം ഞാന്‍ ജോലിസ്ഥലത്തേക്ക് പുറപ്പെട്ടു. വസ്ത്രങ്ങളുടെയും മറ്റും ബഹുമുഖ വ്യാപാരത്തിലേര്‍പ്പെട്ട നിരവധി വിദേശ സംരംഭങ്ങള്‍ക്കിടയിലെ ഒരു പ്രമുഖ ഇന്ത്യന്‍ ഗ്രൂപ്പ്; അതായിരുന്നു ഞങ്ങളുടെ കമ്പനി 'ക്രസന്റ് ഇന്റര്‍നാഷണല്‍'. തലസ്ഥാന നഗരിയിലെ പ്രധാന റോഡുകളിലൊന്നായ 'അവനിദ:എഡ്വാര്‍ട് മോണ്‍ട് ലൈനി' ലാണ് മുഖ്യ സ്ഥാപനം. ഒന്നാം ക്ലാസില്‍ ചേര്‍ക്കപ്പെട്ട ഒരു കുട്ടിയുടെ മനസ്സോടെ അവിടേക്ക് കയറിച്ചെല്ലുമ്പോള്‍ ചുരുണ്ട മുടിയും വിളറിയ ചുണ്ടുമുള്ള ഏതാനും നീഗ്രോകളുണ്ടായിരുന്നു അവിടെ. കമ്പനിയിലെ തൊഴിലാളികള്‍. എന്‍റെ ആഗമനത്തെ അധികരിച്ചാവണം, പരസ്പരം പുഞ്ചിരിയോടെ അവരെന്തൊക്കെയോ പിറുപിറുത്തു!
കെട്ടും മട്ടും കാഴ്ചകളും നോക്കിക്കണ്ട് കുറച്ചു നേരം അവിടെ ചെലവഴിച്ചു. സിറ്റിയില്‍ തന്നെ മറ്റൊരു ഭാഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ബ്രാഞ്ചിലേക്ക് പോകാന്‍ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് നിസാര്‍ എന്ന ഡ്രൈവര്‍ക്കൊപ്പം മപ്പുട്ടോ നഗരത്തിന്‍റെ രാജവീഥികളിലൂടെ അവിടേക്ക് നീങ്ങി.

ചെറിയ വസ്ത്രക്കട. കവാടത്തില്‍ തന്നെ തടിച്ച വടി പിടിച്ച് ഒരു കാപ്പിരി! ഗൌരവം പൂണ്ട് ജാഗ്രതയോടെ നിന്നിരുന്ന അവന്‍ ഞങ്ങളുടെ വരവ് കണ്ടയുടന്‍ സാധാരണ മട്ടിലായി. പക്ഷെ, ആ അവസ്ഥയില്‍ പോലും ആരു കണ്ടാലും പതറുന്ന ആകാരം! കുഴിഞ്ഞ കണ്‍കോളുകളില്‍ നിന്നു പോലും വരുന്ന തീപാറുന്ന നോട്ടം!!
കടയിലേക്ക് കടക്കവേ, അവന്‍ പറഞ്ഞു: ''ബോന്തിയാ''
നിസാര്‍ പ്രതിവചിച്ചു: ''ബോന്തിയാ.. ഒബ്രിഗാദു'' അകത്തേക്കെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന മറ്റു രണ്ടു കാപ്പിരികളും ഒരുമിച്ച് ഇതുതന്നെ കുറച്ചു കൂടി നീട്ടിപ്പറഞ്ഞു: ''ബോന്തിയാ പത്രാവുഷ്...''
ഇവരെന്താണ് മോന്തിയോ എന്ന് ചോദിക്കുന്നത്? എനിക്കൊന്നും മനസ്സിലായില്ല.
*** *** ***
വൃദ്ധര്‍ ഉള്‍പ്പെടുന്ന ധാരാളം പേര്‍ കടയിലേക്ക് വന്നു കൊണ്ടേയിരുന്നു. ചിലര്‍ക്കൊപ്പം കൈക്കുഞ്ഞുങ്ങളുണ്ട്. അവരെ കൊണ്ടുവന്നിരിക്കുന്ന രൂപം കണ്ട് ഞാന്‍ ആശ്ചര്യപ്പെട്ടു! വലിയ തുണി കൊണ്ട് അവരുടെ മാറത്തും പുറത്തുമായി കുട്ടികളെ വച്ചുകെട്ടിയിരിക്കുന്നു; കങ്കാരു ജന്മങ്ങളെപ്പോലെ! ആരോഗ്യം തോന്നിച്ച തിളങ്ങുന്ന കൊച്ചു കണ്ണുകള്‍ കൊണ്ട് അമ്മയുടെ ചൂടുള്ള മേനിയില്‍ പറ്റിയിരുന്ന് ആ കുരുന്നുകള്‍ പുറംലോകം നോക്കിക്കാണുന്നു. മുതിര്‍ന്നവരെപ്പോലെ ചുരുണ്ട കേശധാരയുള്ള ആഫ്രിക്കന്‍ കുഞ്ഞുങ്ങള്‍! കേട്ടറിഞ്ഞുള്ള കഥകളില്‍ ആഴ്ന്നിറങ്ങാന്‍ കണ്ടറിയുന്ന ആ കൌതുകങ്ങളിലേക്ക് ഞാന്‍ നോട്ടം മുറുക്കി..
ഒരു ഷോപ്പിംഗ് മാളില്‍ മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ ട്രോളിയിലാക്കി ഉന്തിനീങ്ങുന്ന ഒരാധുനിക സ്ത്രീയുടെ ഓര്‍മച്ചിത്രം അപ്പോള്‍ എന്‍റെ മനോമുകുരത്തിലേക്ക് എവിടെ നിന്നോ ഓടിയെത്തി. ആ ശിശുവിനേക്കാള്‍ എത്ര ഭാഗ്യം ചെയ്തവരാണീ മാറില്‍ തൂങ്ങുന്ന നീഗ്രോ പൈതങ്ങളെന്ന് ഞാന്‍ ചിന്തിച്ചു ഒരു നിമിഷം. ഭകഷ്യ പ്രതിസന്ധിയുടെയും പോഷക ദൌര്‍ലഭ്യതയുടെയും കരള്‍ പിളരും വാര്‍ത്തകള്‍ക്കിടയിലും മാതൃത്വത്തിന്‍റെ മഹനീയത മനസ്സകങ്ങളില്‍ ഉല്‍ഘോഷിച്ച് വാത്സല്യത്തിന്‍റെ അമൃത് പകരുന്ന ആ ആഫ്രിക്കന്‍ അമ്മമാര്‍ ലോകത്തിനു മുഴുവന്‍ മാതൃകയാണെന്ന് എനിക്കുതോന്നി!
*** *** ***
കവാടത്തില്‍ നില്‍ക്കുന്നവന്‍ എല്ലാവരെയും നിയന്ത്രിച്ചാണ് പ്രവേശിപ്പിക്കുന്നത്. കടക്കുന്നവരുടെ കൈവശമുള്ളതെല്ലാം ഒരു മൂലയില്‍ വാങ്ങിവച്ച് അവന്‍ ടോക്കണ്‍ കൊടുക്കുന്നു. ധൃതിപ്പെട്ട് കയറിയവരില്‍ മിക്കവരും ഒന്നു നോക്കി വില ചോദിച്ച് അതേവേഗതയില്‍ ഇറങ്ങിപ്പോകുന്നുണ്ടെങ്കിലും ചിലരൊക്കെ നന്നായി വാങ്ങിക്കൂട്ടുന്നു. നല്ല തിരക്കും കച്ചവടവും.. ശരീരഭാഷയിലൂന്നിക്കൊണ്ടുള്ള നീഗ്രോകളുടെ സംസാരവും അവരുടെ പെരുമാറ്റ-ചേഷ്ടകളും ഞാന്‍ കൌതുകത്തോടെ നോക്കി നിന്നു! കുറച്ചുകഴിഞ്ഞപ്പോള്‍ നിര്‍ദേശമൊന്നും ലഭിക്കാതെ തന്നെ കാവല്‍ക്കാരന്‍ പെട്ടെന്ന് വാതിലടച്ചു. വാച്ചിലേക്ക് നോക്കുമ്പോള്‍ 12 മണിയെ ആയിട്ടുണ്ടായിരുന്നുള്ളൂ.. കാബിനില്‍ നിന്ന് പുറത്തിറങ്ങി സൈല്‍സ്മാന്‍മാരായ രണ്ടുപേരും കാവല്‍ക്കാരനും ഒരുമിച്ച് നില്‍ക്കുന്നത് കണ്ടു. കാശ് കൌണ്ടറില്‍ ഇരുന്ന് കട നിയന്ത്രിച്ചിരുന്ന ബ്രാഞ്ച് മാനേജര്‍ അഷ്റഫും വെളിയിലേക്ക് വന്നു. അദ്ദേഹം ഇവരുടെ സമീപമെത്തിയപ്പോഴേക്കും കീഴടങ്ങുന്ന നിരായുധരെപ്പോലെ ഓരോരുത്തരായി കൈകള്‍ പൊക്കിത്തുടങ്ങി. ഒരു 'പിടുത്ത' വും എനിക്ക് കിട്ടിയില്ല; കണ്ണുകളെ വിശ്വസിക്കാനും. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ആപാദചൂഡം ഒരു സമഗ്ര പരിശോധന! അഴിച്ചു വെക്കപെട്ടു കിടക്കുന്ന അവരുടെ 'ഷൂ'വിനകത്തേക്കും അഷ്റഫിന്‍റെ അന്വേഷണദൃഷ്ടി നീണ്ടപ്പോള്‍ ഒരപകര്‍ഷതയുടെ ജാള്ല്യത മുഖത്തേക്ക് വീശി; ഒരവിശ്വാസത്തിന്‍റെ ബാലപാഠം ആത്മാവിലേക്കും..
വസ്ത്രം ശരിയാക്കി, ഷൂ ധരിച്ച്, നിര്‍വികാരതയുടെ ഒരു ചിരി തന്ന് അവര്‍ പുറത്തേക്ക് പോയി; പിന്നാലെ ഞങ്ങളും.
*** *** ***
അഷ്റഫിന്‍റെ സ്നേഹപൂര്‍ണവും പ്രഥമവുമായ ആതിഥ്യം സ്വീകരിക്കാന്‍ അദ്ദേഹത്തിന്‍റെ ചുവന്ന മാരുതി കാറില്‍ ഫ്ലാറ്റിലേക്ക് നീങ്ങുമ്പോള്‍ മപ്പുട്ടോ സിറ്റിയുടെ നവ്യമായ പുറം കാഴ്ചകളിലൊന്നും എന്‍റെ ഹൃദയം പങ്കു ചേര്‍ന്നില്ല. പകരം, പാരതന്ത്ര്യം പുന:രാവിഷ്ക്കരിക്കപ്പെടുകയും അവിശ്വാസം അഗ്നിയിലൂട്ടപ്പെടുകയും ചെയ്യുന്ന അനുഭവ ചിത്രങ്ങള്‍ ചിന്താധൂളികയായി നേര്‍ക്കുനേര്‍ വന്നുകൊണ്ടിരുന്നു.
'മിലി' എന്ന് വിളിക്കുന്ന ഭാര്യ ഉമൈബയും ഏകമകള്‍ ഷെറിനും(റിനുമോള്‍) പരിചാരികയായ ഒരാഫ്രിക്കന്‍ അനാഥ പെണ്‍കുട്ടിയും മാത്രമടങ്ങുന്ന അഷ്റഫിന്‍റെ ഫ്ലാറ്റ് ഭവനം. സ്വാദിഷ്ടമായ നാടന്‍ ഉച്ചയൂണ് കഴിഞ്ഞ് വിശേഷങ്ങള്‍ പങ്കുവെച്ച് വിശ്രമിച്ചിരിക്കുമ്പോള്‍ കടയില്‍ വെച്ച് കണ്ട ദൃശ്യ പശ്ചാത്തലങ്ങളിലേക്ക് ഞാനദ്ധേഹത്തിന്‍റെ ശ്രദ്ധ ക്ഷണിച്ചു.
അപ്പോള്‍, വറുതിയുടെയും ഇല്ലായ്മകളുടെയും മാത്രമല്ല, ഒരു ജനസമൂഹം സ്വീകരിച്ചു വച്ച സ്വഭാവ വൈശിഷ്ട്യങ്ങളുടെ വൈവിധ്യമാര്‍ന്ന ജീവിത പരിസരങ്ങളിലേക്കാണ് എന്‍റെ കേള്‍വികള്‍ ആനയിക്കപ്പെട്ടത്. ഈ രാജ്യത്തെ ബിസിനസ് വിജയം പ്രധാനമായും മോഷ്ടാക്കളെ അതിജയിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും, കടയിലേക്ക് വരുന്ന ഒരു തദ്ദേശിയന്‍ കസ്റ്റമറല്ല, കള്ളനാണെന്ന് ഉറച്ചു വിശ്വസിക്കണമെന്നും അനുഭവങ്ങളുടെ വെളിച്ചത്തില്‍ അഷ്‌റഫ് പറഞ്ഞു തന്നു. തരം കിട്ടിയാല്‍ എല്ലാവരും തസ്ക്കരന്മാരാകുന്ന സാമൂഹ്യപാഠം!
ജീവനക്കാരായാല്‍ പോലും പുറത്തു പോകുമ്പോള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നത് ഇത് കൊണ്ടാണെന്നും അവര്‍ക്കതില്‍ ആക്ഷേപമോ പ്രതിഷേധമോ ഇല്ലെന്നും പട്ടിണി മാറ്റാനുള്ള ഒരു കഷ്ണം 'പാവു' (ബെന്ന് രൂപത്തിലുള്ള ഒരു പൊതു ഭക്ഷണം)വിന് വേണ്ടി അവരെന്തും സഹിക്കുമെന്നും എത്ര താഴ്ന്ന ജോലിയും ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഒപ്പം, ചരിത്രത്തിന്‍റെ ഇന്നലകളില്‍ അടിമത്വത്തിന്‍റെ ചങ്ങലകളില്‍ ബന്ധനസ്ഥരാക്കപ്പെട്ടിരുന്ന ഒരു ജനതിതിയുടെ കണ്ണീരു കലര്‍ന്ന കഥകളിലേക്കും, സിരയിലും സംസ്ക്കാരത്തിലും അലിഞ്ഞു ചേര്‍ന്ന ഒരായിരം നന്മയുടെയും ഒരായിരം തിന്മയുടെയും അനുഭവ സാകഷ്യങ്ങളിലേക്കും, കറുത്ത മേനിക്കുള്ളില്‍ വെളുത്ത ഹൃദയം സൂക്ഷിക്കുന്ന ഒരുപറ്റം മൂന്നാംലോക മനുഷ്യരുടെ പൊള്ളുന്ന ജീവിത സത്യങ്ങളിലേക്കും ആ വാങ്ങ്‌മൊഴികള്‍ മുഴങ്ങിനിന്നു. ''കാണാന്‍ പോകുന്ന പൂരം ചോദിച്ചറിയണോ'' എന്ന നാട്ടുപ്രയോഗം പറഞ്ഞ് അഷ്‌റഫ് വിശേഷങ്ങള്‍ക്ക് വിരാമാമിടുമ്പോള്‍ ആഫ്രിക്കന്‍ പെരുമകളുടെ 'പൂരപ്പൊലിമ'കളിലേക്ക് എന്‍റെ മനസ്സും ഒരു യാത്രക്കൊരുങ്ങിക്കഴിഞ്ഞിരുന്നു..
(അവസാനിക്കുന്നില്ല)
20 comments:
ഒരുകാലത്ത് എസ്.കെ. പൊറ്റെക്കാടിന്റെ യാത്രാവിവരണങ്ങൾ വായിച്ചപ്പോഴുണ്ടായ അതേ അനുഭൂതി.
Nice
continue
നന്നായി..തുടര്‍ ഭാഗങ്ങള്‍കായി കാത്തിരിക്കുന്നു....സസ്നേഹം
തുടരന്‍ വരട്ടെ
ആപാദചൂഡം ഒരു സമഗ്ര പരിശോധന! അഴിച്ചു വെക്കപെട്ടു കിടക്കുന്ന അവരുടെ 'ഷൂ'വിനകത്തേക്കും അഷ്റഫിന്‍റെ അന്വേഷണദൃഷ്ടി നീണ്ടപ്പോള്‍ ഒരപകര്‍ഷതയുടെ ജാള്ല്യത മുഖത്തേക്ക് വീശി; ഒരവിശ്വാസത്തിന്‍റെ ബാലപാഠം ആത്മാവിലേക്കും..വസ്ത്രം ശരിയാക്കി, ഷൂ ധരിച്ച്, നിര്‍വികാരതയുടെ ഒരു ചിരി തന്ന് അവര്‍ പുറത്തേക്ക് പോയി;................വല്ലാതെ വേദനിപ്പിച്ചു..ലോകം നമ്മളെ എന്തൊക്കെ പഠിപ്പിക്കുന്നു, അല്ലേ..തുടരു ഞങ്ങള്‍ കാത്തിരിക്കുന്നു ബാക്കി വായനക്കായി
യാത്ര തുടരുക. ഭാഷാ ശുദ്ധിയും മുഷിപ്പുളവാക്കാത്ത അവതരണവും പോസ്റ്റിനെ മികച്ചതാക്കുന്നു. ഞാന്‍ സഹയാത്രികനായി കേട്ടോ.
യാത്ര തുടരുക...
വിവരണം നന്നായി രസിച്ചൂട്ടോ. ഞാനും സഹയാത്രികയായിക്കഴിഞ്ഞു...
"ഒരു ഷോപ്പിംഗ് മാളില്‍ മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ ട്രോളിയിലാക്കി ഉന്തിനീങ്ങുന്ന ഒരാധുനിക സ്ത്രീയുടെ ഓര്‍മച്ചിത്രം അപ്പോള്‍ എന്‍റെ മനോമുകുരത്തിലേക്ക് എവിടെ നിന്നോ ഓടിയെത്തി. ആ ശിശുവിനേക്കാള്‍ എത്ര ഭാഗ്യം ചെയ്തവരാണീ മാറില്‍ തൂങ്ങുന്ന നീഗ്രോ പൈതങ്ങളെന്ന് ഞാന്‍ ചിന്തിച്ചു ഒരു നിമിഷം."
നന്മകൾ കാണുമ്പോൾ നല്ല മനസ്സുകളിൽ നിർമല സ്നേഹത്തിന്റെ ഉറവ ഉണരും.
വളരെ നല്ല യാത്രാവിവരണം.
''ബോന്തിയാ''
അപരിചിതമായ നാട്ടിലൂടെ ഒരിക്കലും പറഞ്ഞുകേൾക്കാത്ത ഭാഷകളുമായി ഇടപെട്ട് നടത്തിയ യാത്രകൾ ആകാംക്ഷയോടെയാണ് വായിച്ചത്.
തുടർഭാഗങ്ങൾ വൈകാതെ പോരട്ടെ!
നേരത്തെ വായിച്ചെങ്കിലും കമന്റാന്‍ പറ്റിയില്ല. ഹൃദയം തുളക്കുന്ന വാക്കുകള്‍.. ഹൃദ്യമായ വിവരണം. ശേഷം വേഗം വരട്ടെ.
റഫീക്. പ്രവാസ ഭൂമി വഴിയാണ് ഞാന്‍ ഇവിടെ എത്തിയത്.
ഒരുപാട് നല്ല എഴുത്തുകള്‍ കാണുന്നു വായിക്കുവാന്‍ കൊതിയുണ്ട്.
ആദ്യ എഴുതൂ മുതല്‍ വായിക്കാന്‍ നോക്കിയിട്ടു ലിസ്റ്റ് ഒന്നും കാണുന്നില്ല.
പിന്‍ തുടരാനും പറ്റുന്നില്ല.
ഏതായാലും ഇനിയും വരാം. എന്റെ നെറ്റിന്റെ പ്രശ്നമാണോ എന്നറിയില്ല.
തല്‍കാലം ഒരു കമാന്‍റിട്ട് മുങ്ങുന്നു. അടുത്ത പ്രാവശ്യം ശരിയാവും എന്ന് വിശ്വസിക്കുന്നു.
"You cannot help but learn more as you take the world into your hands. Take it up reverently, for it is an old piece of clay, with millions of thumbprints on it".
''ബോന്തിയാ
പത്രാവുഷ്...''
Continue……….all the best.
jr.പൊറ്റെക്കാടിന്..
നല്ല ശൈലി. തുടരുക
വൈകിയെത്തി, ഓരോന്നായി വായിക്കാൻ തുടങ്ങുന്നു.. ചടുലമായ വായന സാദ്ധ്യമാക്കുന്ന ഒഴുക്കുള്ള ശൈലി. തികച്ചും അപരിചിതമായ പശ്ചാത്തലത്തെക്കുറിച്ചുള്ള കൌതുകപൂർവ്വമായ വർണ്ണനകൾ, വിവരണങ്ങൾ.. ആശംസകൾ.
വളരെ നന്നായിരിക്കുന്നു ആദ്യഭാഗങ്ങൾ പോലെ തന്നെ .. എഴുത്തിന്റെ ശൈലിയും ഗംഭീരം തന്നെ അഭിനന്ദനങ്ങൾ ..തുടരുക...
ഒരു കുളിര്‍മ്മയുള്ള വായനാനുഭവം.
തികച്ചും നല്ല ഒരു ഭാഷാ ശൈലി .കഥാകൃത്തിന് ഏറെ അഭിനന്ദനങ്ങള്‍ . ഇനിയും ഇതുപോലുള്ളവ പ്രത്യക്ഷപ്പെടാന്‍ ഇടയാവട്ടെ എന്ന് ആശംസിക്കുന്നു
Post a Comment