ഈ എഴുത്തുപുരയില്‍..

12 July 2010

മൊസാംബിക്കിന്‍റെ മനസ്സറിഞ്ഞ്..

ഇരുണ്ട വന്‍കരയുടെ ജീവിത തീരത്ത്‌- (ഭാഗം-5)
-----------------------------------------------------------
ണല്‍ മരങ്ങള്‍ വരിനിന്ന ശാന്തമായൊരു റസിഡന്‍സ് ചേരിക്കരികെ വാഹനം ചെന്നുനിന്നു.
ലഗേജ് ചുമന്ന തദ്ദേശിയനേയും മുന്നില്‍ നടന്ന മാനേജരെയും പിന്തുടര്‍ന്ന് അധികമൊന്നും കാലപ്പഴക്കമില്ലാത്ത ഒരു ഫ്ലാറ്റിലേക്കാണ് ഞാന്‍ കയറിപ്പോയത്.


മൂന്നാം നിലയിലെ ആദ്യ വീട്. പ്രവേശന വാതില്‍ ബലമുള്ള ഇരുമ്പ് ദണ്ടുകളാല്‍ നന്നായി കവചം ചെയ്തിരിക്കുന്നു. കാളിംഗ് ബെല്‍ അമര്‍ത്തിയപ്പോള്‍ കറുത്ത മുഖത്ത് ഭവ്യതയുടെ ഭാവം മുഴുവന്‍ നിഴലിച്ച ഒരു കുറിയ പയ്യന്‍ വന്ന് വാതില്‍ തുറന്നു. നവാഗതനായ എന്നെ കണ്ട മാത്രയില്‍ തന്നെ അവന്‍റെ ഹസ്തങ്ങള്‍ തൊഴു കൈകളാകുന്നതും അധരങ്ങളില്‍ നിന്നെന്തോ അടരുന്നതും ഞാന്‍ കണ്ടു.

'റശീദ് ഷവേറു വാസ്കോ'. അതായിരുന്നു അവന്‍റെ പേര്‍. കമ്പനിയുടെ ജീവനക്കാരായ മലയാളികള്‍ താമസിക്കുന്ന ഈ ഫ്ലാറ്റില്‍ വിശ്വസ്തനായ ഒരു പാചകക്കാരനായി കാലമേറെയായി ജോലി ചെയ്യുന്ന മൊസാംബിക്ക് വംശജന്‍.

സുരക്ഷിതമായി 'ആഫ്രിക്ക'യിലെത്തിച്ചേര്‍ന്ന സദ്‌വാര്‍ത്തയറിയിക്കാനായിരുന്നു മനസ്സിന്‍റെ തിടുക്കം. മുമ്പ് പറഞ്ഞതുപോലെ, ഉല്‍കണ്ടാകുലരായും വിവരങ്ങളൊന്നുമില്ലാതെയും ഖിന്നരായിരിക്കന്നുണ്ടാകുമല്ലോ പ്രിയപ്പെട്ടവര്‍..

ഭൂഖണ്ഡങ്ങളുടെ ദൈര്‍ഘ്യം അനുഭവേദ്യമാക്കുന്നതായിരുന്നു ടെലിഫോണ്‍ സംഭാഷണം! പറയുന്നതും കേള്‍ക്കുന്നതും അവ്യക്തമായി നിമിഷങ്ങളുടെ ഇടവേളക്കൊടുവില്‍. എങ്കിലും, ''കൊഴപ്പന്നൂല്ലാതെ എത്തീലേ'' എന്ന ഉമ്മയുടെ സ്വതസിദ്ധമായ ശൈലീമൊഴിക്കു പിറകെ ബാപ്പയുടെ ഇടര്‍ച്ചയുള്ള പതിഞ്ഞ സ്വരവും വന്‍കര ഭേതിച്ച് എന്‍റെ കാതുകളില്‍ കുതിര്‍ന്നു..

രണ്ടു ദിവസം നീണ്ട ആകാശയാത്രയുടെ ക്ഷീണമകറ്റാന്‍ വിസ്തരിച്ചൊന്നു കുളിക്കാനായിരുന്നു പിന്നെ ശരീര ദാഹം. അതറിഞ്ഞു തന്നെയായിരിക്കണം മാനേജര്‍ ഇടപെട്ട് ചില നിര്‍ദേശങ്ങള്‍ തന്നത്. അസ്വാഭാവികത തോന്നിപ്പിച്ച ആ 'പെരുമാറ്റച്ചട്ടങ്ങള്‍' എന്നില്‍ ആശ്ചര്യവുമുളവാക്കി!

തോട്ടിലും കുളത്തിലും കിണറ്റിന്‍ കരയിലും ആടിത്തിമര്‍ത്ത സ്നാന സ്മരണകളൊന്നും അതുവരെ ആ ബാത്ത് റൂമിലേക്ക്‌ കടക്കുമ്പോള്‍ എന്‍റെ ഹൃദയത്തിലുണ്ടായിരുന്നില്ല. നീണ്ടതും ഒത്ത ആഴവുമുള്ള ഒരു ഫൈബര്‍ തൊട്ടി. അതിനെ പാതി മറച്ച് അകത്തേക്കായി തൂങ്ങിക്കിടക്കുന്നു ഒരു പ്ലാസ്റ്റിക് കര്‍ട്ടണ്‍!
നിലത്ത് ഭംഗിയുള്ള ടൈല്‍ വിരിച്ചിരിക്കുന്നു. ഉയര്‍ന്നു നില്‍ക്കുന്ന 'യൂറോപ്പ്യനു' സമീപം ഒന്നരമീറ്റര്‍ ച.വിസ്തീര്‍ണത്തില്‍ മറ്റൊരു പരന്ന തൊട്ടി. കുളിത്തൊട്ടിയിലേക്ക് സംവിധാനിച്ചത് പോലെ ഇതിലേക്കും രണ്ട് ജലവിതരണ പൈപ്പുകള്‍. ഉദ്ധേശ്യങ്ങളൊക്കെ ഞാന്‍ മനസ്സിലാക്കി.
എന്നാല്‍ ഒരു കുളിപ്പുരയായിട്ടും നിലത്തെ ടൈല്‍ പ്രതലങ്ങളില്‍ ഒരു ജലത്തുള്ളിപോലും കാണാത്തതിന്‍റെ പൊരുള്‍ മാനേജരുടെ നിര്‍ദേശങ്ങളോട് ഞാന്‍ കൂട്ടിവായിച്ചു. ആവശ്യങ്ങള്‍ നിര്‍വഹിച്ച് 'പരിഷ്കാര'ങ്ങളുടെ ആ ബാത്റൂമില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ശീലങ്ങളുടെയും സ്വാതന്ത്ര്യങ്ങളുടെയും നിറം തുടിച്ച ഇന്നലകളെ മുഴുവന്‍ ഒരു ഭരണിയിലാക്കി അടച്ചുവയ്ക്കാന്‍ നനഞ്ഞ തോര്‍ത്തുമുണ്ടിലാക്കി ഞാന്‍ കൂട്ടിപ്പിടിച്ചിരുന്നു!

സങ്കല്‍പ്പങ്ങളുടെ പൊളിച്ചെഴുത്തുകള്‍ പിന്നീട് തീന്‍മേശയില്‍ നിന്നാണ് പുന:രാരംഭിച്ചത്. വെളുത്ത ചോറും മഞ്ഞനിറമുള്ള മോരുകറിയില്‍ താഴ്ന്നുകിടന്ന വെള്ളരിക്കഷ്ണങ്ങളും അതില്‍ പൊന്തിനിന്ന കറുത്ത കടുകുമണികളും, ചുവപ്പിന്‍റെ കായം തിങ്ങിയ പൊരിച്ച പച്ചമാന്തളും നിമിഷാര്‍ദ്ധം കൊണ്ടാണ് എന്നെ എന്‍റെ വീടിന്‍റെ അടുക്കളയിലെത്തിച്ചത്!ചവിട്ടിക്കുഴച്ച കളിമണ്ണും ചെമ്മണ്‍ റോഡില്‍ നിന്ന് പെറുക്കിക്കൂട്ടിയ മട്ടിക്കല്ലുകളും കൊണ്ട് അരക്കുയരം ഭിത്തിവെച്ചുയര്‍ത്തി,മുടഞ്ഞ തെങ്ങോലകള്‍ നിരനിരയായ് തൂക്കിയിട്ട ആ ചെറിയ അടുക്കളയില്‍...മത്തിച്ചാറിന്‍റെ മണം വമിച്ച, ചുട്ട മീനിന്‍റെ ചൂരുവീശിയ അവിടെ നിറഞ്ഞു നിന്നു എന്‍റെ ഓര്‍മയുടെ ബാല്യം..
മൊസാംബിക്കിന്‍റെ മണ്ണിലെ ആദ്യത്തെ 'അന്നഭോജനം' അവിചാരിതമായിട്ടാണ് അങ്ങനെ 'നാടന്‍ വിഭവ'ങ്ങളുടെ സമൃദ്ധിയില്‍ ആയിപ്പോയത്.

കൌതുകം പൂണ്ട് ഫ്ലാറ്റില്‍ നിന്ന് പുറത്തേക്ക് കണ്ണോടിച്ചപ്പോള്‍ കിഴക്ക് ഭാഗത്തായി സമുദ്രം. വാസ്തു ഭംഗിയില്‍ നിര്‍മിച്ചിരിക്കുന്ന വീടുകള്‍ക്ക് ചുറ്റും ഉയര്‍ന്നു നില്‍ക്കുന്നു അലങ്കാര വൃക്ഷങ്ങള്‍! അവ കാറ്റിലാടുമ്പോള്‍ പാരാവാര സൗന്ദര്യം നയനങ്ങളില്‍ മറയുന്നു..മൊസാംബിക് രാഷ്ട്രത്തിന്‍റെയും മേനി പങ്കിട്ട് ഞങ്ങളുടെ ഫ്ലാറ്റിന്‍റെ തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന അഭിമാനത്തിന്‍റെ ആ അലകടലായിരുന്നു, ഇന്ത്യന്‍ മഹാസമുദ്രം!

കാഴചകളില്‍ കഴിയാനുള്ള മൂഡൊന്നുമുണ്ടായിരുന്നില്ല അപ്പോള്‍. ഗൃഹാതുരത്വങ്ങള്‍ മഞ്ഞുപെയ്തു തുടങ്ങിയിരുന്നു മനസ്സില്‍. ജീവിതാനിവാര്യതകളുടെ തിരിച്ചറിവുകളിലേക്ക് അത് സ്വയം മേഞ്ഞുപോകും പോലെ....

ആവശ്യമുള്ളതെല്ലാം ഒരുക്കിവെപ്പിച്ച് അത്യാവശ്യമുണ്ടെങ്കില്‍ വിളിക്കാനായി തന്‍റെയും കമ്പനിയിലെയും ടെലിഫോണ്‍ നമ്പര്‍ ഒരു പേപ്പറില്‍ കുറിച്ചു തന്ന് മാനേജര്‍ തിരിച്ചു പോയി. പിന്നീട് ഞാനും ആ കാപ്പിരിപ്പയനും മാത്രമായി ഫ്ലാറ്റില്‍. അടുക്കളയില്‍ അതിന്‍റെ നിറവുമായി ചേര്‍ന്ന് അവന്‍ ഒതുങ്ങിക്കൂടിയപ്പോള്‍ ഒന്നുറങ്ങാനായി ഞാനും.

പുതിയൊരു ഏഷ്യന്‍ ശരീരം എത്തിയതറിഞ്ഞാകണം, കുറേ കൊതുകുകള്‍ നോവിന്‍റെ നാദവുമായി എന്‍റെ റൂമിലേക്ക്‌ പറന്നുവന്നു. നിറത്തിലും 'വിപ്ലവ'ത്തിന്‍റെ രണാത്മക ഈണത്തിലും വിശ്വസാമ്യം വഹിച്ച കൊതുകുകള്‍!
ചോരയ്ക്കു വേണ്ടിയുള്ള ചോദനയുടെ തീവ്രതയ്ക്ക് വന്‍കരകളും വംശവൈജാത്യങ്ങളും തടസ്സമല്ലെന്ന് അവയുടെ ആക്രമണോല്‍സുകത എന്നോട് പറഞ്ഞുകൊണ്ടേയിരുന്നു!
അടിച്ചമര്‍ത്തപ്പെട്ടവന്‍റെയും അധികാരമില്ലാത്തവന്‍റെയും ഊര്‍ജ്ജങ്ങള്‍ ഊറ്റിയെടുക്കപ്പെട്ടുകൊണ്ടിരിക്കുന്ന നവലോകത്തിന്‍റെ ഭീതിതമായ ദശാസന്ധിയില്‍ ചിന്തിക്കുമ്പോഴും എന്‍റെ പ്രതിരോധങ്ങളും പ്രഹരങ്ങളുമെല്ലാം പാഴ്കര്‍മങ്ങളാക്കി മാറ്റി അവരെന്നെ കൂട്ടത്തോടെ കുത്തിവീഴ്ത്തി.
ഒപ്പം, നന്‍മകള്‍ പുഷ്പിച്ച നാട്ടിന്‍ പുറത്തിന്‍റെ നറുമണം തിങ്ങിയ എന്‍റെ നാസികയില്‍ കൃത്രിമത്വങ്ങള്‍ കുമിഞ്ഞ ജീവിത പരിസരങ്ങളുടെ ഫ്ലാറ്റ് ഗന്ധങ്ങള്‍ അലയടിച്ചു വന്നു. ജീവന്‍റെ കണിക തേടുന്ന കൂട്ടം പിരിച്ചൊരു വാഴത്തയ്ക്കു സമാനം, പഞ്ചേന്ദ്രിയങ്ങളുടെ നിലക്കാത്ത നിലവിളികളും എന്‍റെ ആത്മാവിലേക്കപ്പോള്‍ അരിച്ചുകയറുന്നുണ്ടായിരുന്നു..

(തീര്‍ന്നില്ല)

21 comments:

Unknown said...

കടലാസും പെന്‍സിലും മുന്നോട്ടു നീങ്ങട്ടെ.. കാത്തിരിക്കുന്നു ബാക്കി വായിക്കാന്‍. കഴിഞ്ഞ പോസ്റ്റുകളെല്ലാം ഒന്നിനൊന്ന് മെച്ചം തുടരുക ആശംസകളോടെ സുഹ്രത്ത്

അഭി said...

ആശംസകള്‍

sm sadique said...

നല്ല സുഖമുള്ള മൊസാംബിക്ക്.
തുടരട്ടെ…

ഉസ്താദ് said...

മൊസാംബിക് ഉജ്ജലാമായി ആശംസകൾ ..... നടുവട്ടത്തിന്റെ കലാകാരനു നന്മകൾ നേരുന്നു......

ഉസ്താദ് said...
This comment has been removed by the author.
krishnakumar513 said...

കൂടുതല്‍ ചിത്രങ്ങളുമായി മൊസാംബിക് വിശേഷങ്ങള്‍ പങ്ക് വയ്ക്കുമല്ലോ?

അലി said...

മൊസാംബിക്ക് വിശേഷങ്ങൾ ഗംഭീരമായി, എഴുത്തും. ബാക്കി വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.

ബഷീർ said...

കടലാസും പെൻസിലും വേണ്ടവിധം ഉപയോഗപ്പെടുത്തുന്ന റഫീഖ് ഭായ്.. ആശംസകൾ
മൊസാംബിക്കിന്റെ മനസറിഞ്ഞു ഞാനും.
വീണ്ടും വരാം

Anonymous said...

Keep writing.
I enjoy reading them.
Sunny.

Maputo, MOZAMBIQUE

...nEju... said...

nannayittundu rafeeqqq... mosammbikkinte manassarinju iniyum ezhuthukaa...

സൂത്രന്‍..!! said...

കാത്തിരിക്കുന്നു ബാക്കിക്കായ്‌ ... നാട്ടുകാരാ

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പുഴയൊഴുകും പോലെ വരികളോഴുകി.
വരികള്‍ക്കൊപ്പം മനസൊഴുകി.

അക്ഷരം said...

നന്നായിട്ടുണ്ട് ബാക്കി കൂടി പോരട്ടെ ..

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal....

Anonymous said...

ചുവപ്പിന്‍റെ കായം തിങ്ങിയ പൊരിച്ച പച്ചമാന്തളും വായിൽ വെള്ളം കയറി .. അയ്യോ മാന്തളും ഓർത്തിരുന്നു അവതരണത്തെ പറ്റി പറയാൻ മറന്നു വളരെ നന്നായി അവതരിപ്പിച്ചു ഇനിയുംതുടരട്ടെ യാത്ര... ഭാവുകങ്ങൾ

Jishad Cronic said...

മൊസാംബിക്ക് വിശേഷങ്ങൾ ഗംഭീരമായി....

Anonymous said...

Eannalum ningalude Manager, Main door Purathu ninnu Pootiyittu poyo atho key Rafeeque ne elpicho?
waiting for balace!

Akbar said...

മൊസാംബിക്കിന്‍റെ മണ്ണിലെ വിശേഷങ്ങള്‍ അറിയാന്‍ വീണ്ടും വരാം. വായിച്ചിടത്തോളം ഇഷ്ടമായി. ആശംസകള്‍

usman said...

വ്യത്യസ്ഥമായ ആഖ്യാനം ആകര്‍ഷകം..
ഇനിയും വായിക്കാന്‍ കൊതി.
വീണ്ടും വരും.

(Pallikkarayil)
http://ozhiv.blogspot.com/

Pranavam Ravikumar said...

Good!!!! =))

Sreelal said...

nalla ezhuthu. Aashamsakal!! Valare vaikiyaanu ee post vaayikkan kazhinjathu..