ഈ എഴുത്തുപുരയില്‍..

15 October 2010

കാപ്പിരികള്‍ക്കൊപ്പം കാടും തോടും കടന്ന്..


നൂറ്റാണ്ടുകള്‍ നീണ്ട പോര്‍ച്ചുഗല്‍ കോളനിഭരണത്തില്‍ നിന്ന് സ്വതന്ത്രമായ മൊസാംബിക്ക് രാഷ്ട്രത്തിന്‍റെ രണ്ടാമത്തെ വലിയ നഗരമാണ് 'ബൈറ'.
സ്വര്‍ണവും ആനക്കൊമ്പും വാണിജ്യബന്ധങ്ങള്‍ക്ക് വിത്ത്‌ പാകുകയും അധികാരക്കൊതിമൂത്ത പടിഞ്ഞാറന്‍ ശക്തി 16 -ആം നൂറ്റാണ്ടില്‍ അധിനിവേശത്തിന്‍റെ പിടി മുറുക്കുകയും ചെയ്ത കിഴക്കനാഫ്രിക്കാന്‍ രാജ്യമായ ഈ മൊസാംബിക്കിന്‍റെ  മാത്രമല്ല, വന്‍കരയുടെ തന്നെ ഏറ്റവും തന്ത്രപ്രധാന തുറമുഖ നഗരവുമായി പിന്നീട് 'ബൈറ'.
വിശ്രുതനായ നമ്മുടെ സഞ്ചാര സാഹിത്യകാരന്‍ എസ്. കെ. പൊറ്റെക്കാട്  ഒരിക്കല്‍ ഉലകം ചുറ്റുന്നതിനിടെ  വന്നിറങ്ങുകയും തന്‍റെ വിഖ്യാത കൃതിയില്‍ പരാമര്‍ശിക്കുകയും ചെയ്യുന്ന ഈ 'ബൈറ' നഗരത്തിലേക്കായിരുന്നു എന്‍റെ യാത്ര!
                                        തലസ്ഥാനമായ 'മപ്പുട്ടോ' യില്‍ നിന്നും
450-ഓളം മൈല്‍ അകലെ വടക്കന്‍ പ്രവിശ്യയായ 'സോഫാല' യില്‍ സ്ഥിതി ചെയ്യുന്ന ഈ നഗരത്തില്‍ ഞങ്ങളുടെ കമ്പനിയുടെ ബ്രാഞ്ച് പ്രവര്‍ത്തിച്ചിരുന്നു.
പോര്‍ത്തുഗീസ് ഭാഷ വശമാക്കുന്നതിനും ബിസിനസില്‍ പരിശീലനം ലഭിക്കുന്നതിനും വേണ്ടി ഇവിടേക്ക്  പുറപ്പെടാന്‍ എനിക്ക് നിര്‍ദേശം കിട്ടി. റോഡുമാര്‍ഗം ചുരുങ്ങിയത് 16 മണിക്കൂറിലേറെ സഞ്ചാര ദൈര്‍ഘ്യമുണ്ടെന്നു പറഞ്ഞു കേട്ടപ്പോള്‍ മനസ്സൊന്നു പിടച്ചു. ജന്മ നാട്ടില്‍ നിന്നും ആഫ്രിക്കയിലെ ഈ അന്യ(വന്യ)നാട്ടിലെത്തിച്ചേര്‍ന്ന് അധിക ദിവസമാകാത്തതിനാല്‍ പരിഭ്രമങ്ങള്‍ വിട്ടുമാറിയിരുന്നില്ല. അപരിചിതരായ ആഫ്രിക്കന്‍ മനുഷ്യരോടൊപ്പം തനിച്ച് അവിടെ എത്തിച്ചേരേണ്ട കാര്യമോര്‍ത്തപ്പോള്‍ തീര്‍ത്തും ഞാന്‍ ആശങ്കാകുലനായി..
അന്നൊരു വെള്ളിയാഴ്ചയായിരുന്നു.
എഡ്വാര്‍ഡ് മോണ്ട് ലൈന്‍ റോഡില്‍ അകവും പുറവും അറേബ്യന്‍ മാതൃകയില്‍ മനോഹരമായി പണികഴിപ്പിച്ചിരിക്കുന്ന 'മസ്ജിദുല്‍ ഖുബ' യില്‍ ജുമുഅ: പ്രാര്‍ഥനക്ക് പോയപ്പോള്‍ ഞാനെന്‍റെ ആധികള്‍ മുഴുവന്‍ സര്‍വാധിപന്  മുന്നില്‍ സമര്‍പ്പിച്ചു.
രാത്രിയില്‍, അനിവാര്യമായിരിക്കുന്ന അഭ്യന്തര യാത്രയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി.
ഉറങ്ങാന്‍ കിടന്നപ്പോഴും ഉണര്‍ന്നിരുന്നു ഉത്കണ്ടകള്‍..

ശനിയാഴ്ച പുലര്‍ച്ചെ  5 മണിയോടെയാണ് 'ബൈറ'യിലേക്കായി പുറപ്പെട്ടത്‌. താമസസ്ഥലത്ത് നിന്നും ഏകദേശം 6 കി.മി. അകലെയുള്ള ബസ് പുറപ്പാട് കേന്ദ്രത്തിലേയ്ക്ക് ഡ്രൈവര്‍ നിസാറിനൊപ്പം കമ്പനിയുടെ ജൂനിയര്‍ അക്കൗണ്ടന്റായിരുന്ന ഷരീഫും കൂട്ടിന് വന്നു.
സ്ത്രീകളും കുട്ടികളുമുള്‍പ്പടെ വന്‍സംഘം യാത്രയ്ക്കായി എത്തിച്ചേര്‍ന്നിരുന്നു അവിടെ. എല്ലാവരും നീഗ്രോകള്‍. സുഹൃത്തുക്കള്‍ ടിക്കറ്റുമായി ഡ്രൈവറെ സമീപിച്ച് എന്‍റെ സ്ഥാനം തിട്ടപ്പെടുത്തി. ബസ്സിന്‍റെ മധ്യഭാഗത്ത്‌ നിന്നും അല്‍പം മുന്നിലായി ഇടതു വശത്ത്. രണ്ടാള്‍ ഇരിപ്പിടത്തില്‍ നേരത്തെ തന്നെ ഇടം പിടിച്ചിരുന്നു ഒരു മധ്യവയസ്ക്കന്‍. ടൈയും കോട്ടുമൊക്കെയിട്ട് ''കുട്ടപ്പനായി'' ചമഞ്ഞിരിക്കുകയാണയാള്‍!
ഉപചാരത്തിനായി ഒരു 'ഗുഡ്മോണിംഗ്' പറഞ്ഞെങ്കിലും ചുവന്ന മോണകാട്ടി ഒന്ന് ചിരിക്കുക മാത്രമേ അയാള്‍ ചെയ്തുള്ളൂ.. മാന്യതയോടെ നല്ല സഹകരണവും പ്രകടിപ്പിച്ചു.

ബസ് പുറപ്പെടാന്‍ അര മണിക്കൂര്‍ കൂടിയുണ്ടെന്നറിയിച്ച് സുഹൃത്തുക്കള്‍ അരികിലേക്ക് വന്നപ്പോള്‍ അവര്‍ക്ക് മുന്നില്‍ ഞാനെന്‍റെ ഭീതിവീതിച്ചു. ''വല്ലാത്ത പേടി തോന്നുന്നു.. കറപ്പന്മാര്‍ അല്ലാത്തവര്‍ ആരെങ്കിലുമുണ്ടാകുമോ ഈ ബസ്സില്‍? ജീവനക്കാരോട് പ്രത്യേകം പറഞ്ഞിട്ടില്ലേ എന്‍റെ കാര്യം..?''
സമാധാനിപ്പിക്കാന്‍ പലതും അവര്‍ പറയുന്നുണ്ടായിരുന്നെങ്കിലും അതൊന്നും വിശ്വസിക്കാനും അതുകേട്ട് ആശ്വസിക്കാനും മനസ്സ് സമ്മതിച്ചില്ല.
നാല് ഫ്ലൈറ്റ് മാറിക്കയറി വന്‍കരകള്‍ താണ്ടിയെത്തിയതിനേക്കാള്‍ മന:സംഘര്‍ഷങ്ങള്‍ അലയടിച്ചു, നീഗ്രോകള്‍ മാത്രം നിറഞ്ഞ ആ അന്തരീക്ഷം. സീറ്റില്‍ നിന്ന് വെറുതെ പിറകിലേക്ക് നോക്കിയപ്പോള്‍ പേടിപ്പെടുത്തുന്ന മുഖങ്ങളുമായി കുറേ കറുത്ത രൂപങ്ങള്‍!
പിന്നെയും പതിതമായി എന്‍റെ ഹൃദയം...

***                        ***                            ***

'ട്രാന്‍സ്പോര്‍ത്തു ദി അലെക്സ്'; അതായിരുന്നു ഞങ്ങളുടെ യാത്രാബസ്.
മപ്പുട്ടോ-ബൈറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഏറ്റവും വേഗതയാര്‍ന്ന ബസ്സുകളിലോന്ന്. യാത്രികരെ മുഴുവന്‍ ഉറപ്പുവരുത്തി 'അലെക്സ്' നീങ്ങിത്തുടങ്ങി. പതിവുപോലെ യാത്രാവേളയിലെ പ്രാര്‍ഥനകള്‍ ഞാന്‍ മനസ്സിലേക്ക് കൊണ്ടുവന്നു. സുരക്ഷിതമായി ലകഷ്യത്തിലെത്തിക്കണേയെന്ന് തേടി അത്, നെഞ്ചിലേക്ക് നിവേദിച്ചു.

കണ്ണുകള്‍ കാഴ്ചയിലേക്ക് ചേക്കേറാന്‍ തിടുക്കം കാട്ടി.


നവ്യമായ നഗര ദൃശ്യങ്ങള്‍ തന്ന് മൈലുകള്‍ക്കപ്പുറമുള്ള പ്രവിശ്യയിലേക്ക് പായാനുള്ള ഒരുക്കത്തിലായിരുന്നു വാഹനം.
എത്രയെത്ര മണിക്കൂറുകള്‍ ഈ കാപ്പിരിക്കൂട്ടങ്ങള്‍ക്കൊപ്പം കഴിച്ചുകൂട്ടണമെന്നോര്‍ത്ത പ്പോള്‍ വീണ്ടുമെന്നെ വിഷാദം പിടികൂടി..
ഒറ്റപ്പെടുന്നതിനേക്കാള്‍ ഏറെ, ഭാഷാപ്രശ്നമാണ് കൂടുതല്‍ അലട്ടിയത്. അത്യാവശ്യ ഘട്ടങ്ങളില്‍ ആശയവിനിമയത്തിനായി ഈ കറപ്പന്മാരോടെന്തു പറയും?
ഒരാശ്വാസത്തിന് മൊബൈലുണ്ടായിരുന്നു കൈയില്‍.
മപ്പുട്ടോയില്‍ നിന്ന് മാനേജര്‍ തന്നത്. ദീര്‍ഘ യാത്രയായതിനാല്‍ പാവം കയ്യിലിരിക്കട്ടെ എന്ന് കരുതിക്കാണും സ്നേഹമുള്ള മാനേജര്‍!
സത്യം പറയാമല്ലോ; മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നത് ഞാന്‍ ആദ്യമായാണ്‌! അതുകൊണ്ടു തന്നെ പെട്ടെന്ന് പ്രവര്‍ത്തിപ്പിക്കേണ്ട രൂപം ഒരു കടലാസില്‍ കുറിച്ചെടുത്തു.
ധരിക്കാന്‍ ഒരു 'ഓവര്‍ കോട്ട്' കൂടി തന്ന് മാനേജര്‍ പറഞ്ഞു: ''പാസ്പോര്‍ട്ടും മൊബൈലും ഇതില്‍ വെച്ചാല്‍ മതി''.
അദ്ദേഹം ഒരു കാര്യം കൂടി  പ്രത്യേകം ഓര്‍മപ്പെടുത്തി: '' മൊബൈല്‍ എപ്പോഴും കോട്ടിന്‍റെ അകം പോക്കറ്റിലേ വെക്കാവൂ.. ബസ്സിനകത്തായാലും ചിലപ്പോള്‍ പിടിച്ചുപറിയുണ്ടാകും..''

യാത്രയിലുടനീളം തളം കെട്ടിനിന്നു ആ വാക്കുകള്‍.

മനസ്സിന്‍റെ കാന്‍വാസില്‍ വരച്ചുതുടങ്ങിയിരുന്ന കാപ്പിരികളുടെ കാരിക്കേച്ചറുകള്‍ക്ക് ആ വാക്കുകള്‍ പുതിയ ഭാവങ്ങള്‍ തന്നുകൊണ്ടിരുന്നു...
കൊണ്ടറിവുകളെക്കാള്‍ കേട്ടറിവുകളുടെ പ്രളയങ്ങള്‍ മനുഷ്യമനസ്സുകളില്‍ തീര്‍ക്കുന്ന കരിങ്കല്‍ ചിത്രങ്ങള്‍, തൊലികറുത്തവന്‍റെ കാര്യത്തില്‍ കൂടുതല്‍ ശക്തമാണെന്ന വസ്തുത മനസ്സിലാക്കിത്തുടങ്ങുമ്പോള്‍ പട്ടണപ്രാന്തങ്ങള്‍ പിന്നിട്ട് വിസ്തൃതമായ പാതയിലൂടെ മുന്നോട്ട്‌ ഗമിക്കുകയായിരുന്നു ഞാനും ആഫ്രിക്കന്‍ സഹയാത്രികരും..
നല്ല റോഡായതിനാല്‍ സാമാന്യം വേഗതയുണ്ടായിരുന്നു.
പുറം കാഴ്ചകള്‍ നോക്കി അങ്ങനെ ഞാനിരുന്നു.
കേരളീയ ഭൂപ്രകൃതിയോട് സമാനമായ മൊസാംബിക്കന്‍ മണ്ണിലൂടെയുള്ള ആ 'സാഹസിക' യാത്ര വിസ്മയത്തിന്റേതു തന്നെയായിരുന്നു; ഒട്ടേറെ  ധാരണകളുടെ തിരുത്തിക്കുറിക്കലിന്‍റെതും!
ചോളം വിളഞ്ഞു നില്‍ക്കുന്ന പാടങ്ങള്‍.. കരിമ്പും പച്ചക്കറികളും സമൃദ്ധമായി നിറഞ്ഞ പ്രദേശങ്ങള്‍... തമിഴ്നാടിന്‍റെ കൈവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ കാണാവുന്ന ഹരിതാഭാമാര്‍ന്ന ദൃശ്യങ്ങളിലൂടെ ഞാന്‍ മുന്നോട്ടു  പോയി..
കളിമണ്ണ് തേച്ച് ഭിത്തിവെച്ച, വൈക്കോലുകള്‍ വെച്ചും പുല്ലുകള്‍ വിരിച്ചും പുറം മേഞ്ഞ കുടിലുകള്‍ റോഡു വശങ്ങളില്‍ ധാരാളമുണ്ടായിരുന്നു. അപൂര്‍വമായി കണ്ട ഒറ്റപ്പെട്ട കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കാലപ്പഴക്കത്തെ എടുത്തുകാട്ടി. കൃഷിയിടങ്ങളുടെ പാര്‍ശ്വങ്ങളില്‍ കാലികള്‍ മേഞ്ഞു നടക്കുന്നത് അകലങ്ങളില്‍ കണ്ടു. ആട്ടിന്‍ പറ്റങ്ങളെ തെളിച്ചുപോകുന്ന മനുഷ്യര്‍..
മാറിലും പുറത്തും കുഞ്ഞുങ്ങളെ വെച്ചുകെട്ടി നടന്നകലുന്ന സ്ത്രീകള്‍.. റോഡുവശങ്ങളിലെ പുല്‍ക്കൂട്ടങ്ങള്‍ക്കിടയിലൂടെ അവര്‍, സദനം തേടിയോ അന്നം തേടിയോ യാത്രയായിരുന്നു...
പാതവക്കിലൊരു ടാര്‍പോളിന്‍ വലിച്ചുകെട്ടി ചോളം വില്‍ക്കുന്ന രണ്ടു യുവാക്കളെ ഒരിടത്ത് കണ്ടു. കുറച്ചപ്പുറം കൃഷിഭൂമി കിളച്ചുമറിക്കുകയായിരുന്നു കുറച്ചുപേര്‍.
കാഴ്ച്ചയെ കൊഴുപ്പിച്ച ആ ആഫ്രിക്കന്‍ ഗ്രാമീണ ദൃശ്യങ്ങള്‍ എക്കാലവും എന്‍റെ ഹൃദയത്തില്‍ തങ്ങിനില്‍ക്കും!

കുറേ സമയത്തിനു ശേഷം ഞങ്ങളൊരു ചെറിയ ടൌണില്‍ എത്തിച്ചേര്‍ന്നു. പറയാന്‍ മാത്രം മോടികളൊന്നുമില്ലാത്ത സ്ഥലം. ഏതാനും ചില കടകളും ആള്‍ക്കൂട്ടങ്ങളും മാത്രം. കോളയുല്‍പ്പന്നങ്ങള്‍ കടകളെ മുഴുവന്‍ കീഴടക്കിയിരിക്കുന്നു. കീറിയ ചെറിയ വിറകിന്‍ കഷ്ണങ്ങള്‍ക്ക് സമാനമായ 'പാവു' (ബെന്ന് വര്‍ഗത്തില്‍ പെട്ട മൊസാംബിക്കന്‍ പൊതു ഭക്ഷണം) എല്ലാ കടകളിലും നിരത്തിവച്ചിട്ടുമുണ്ട്!
യാത്രികരില്‍ ചിലര്‍ പോയി പലതും വാങ്ങിവന്നു.ഞാന്‍ അനങ്ങിയില്ല.
ഭയവും ഭാഷാപ്രശ്നവും എന്നെ സീറ്റില്‍ തന്നെ പിടിച്ചിരുത്തി.
വിശപ്പിന്‍റെ വൈഷമ്യങ്ങള്‍ അറിഞ്ഞു തുടങ്ങിയിരുന്നു. കുറച്ചു ലഘുഭക്ഷണം പൊതിഞ്ഞു തന്നിട്ടുണ്ട് മപ്പുട്ടോവിലെ സുഹൃത്തുക്കള്‍. ആവശ്യത്തിന് കുപ്പിവെള്ളവും.
കഴിക്കാമെന്നു കരുതി അതെടുത്തപ്പോഴാണ് ഒരു തടിച്ച സ്ത്രീ സഹയാത്രിക എന്നെ തൊട്ടുരുമ്മി സീറ്റില്‍ നിന്നെഴുന്നേറ്റു പോയത്.
ബോധക്ഷയമുണ്ടായില്ലായെന്നേയുള്ളൂ!
വല്ലാത്തൊരു ഗന്ധം വമിപ്പിച്ച അവളുടെ പാസിംഗ് അത്യധികം അരോചകമായി തോന്നി. മൌനമായ ഒരു ഈര്‍ഷ്യതയില്‍ ഞാന്‍ അസഹ്യതയൊതുക്കി, ഭക്ഷണപ്പൊതി അഴിച്ചപ്പോഴേക്ക് കൂനിന്മേല്‍ കുരുവെന്നപോലെ അതിന്‍റെ അപരിചിതമായ മണവും മനസ്സിനെ മടുപ്പിച്ചു. അത്തരമൊരു 'സാധനം' ഞാനാദ്യം അനുഭവിക്കുകയാണ്. നെടുകെ പൊളിച്ച 'പാവു'വില്‍ ഓംലൈറ്റും സലാഡുകളും നിറച്ച് എന്തൊക്കെയോ 'അറിയാക്രീമുകള്‍' ചേര്‍ത്തുവെച്ചിരിക്കുന്നു!

***               ***                    ***

മപ്പുട്ടോവില്‍ നിന്ന് മാനേജര്‍ ‍വിളിച്ച് യാത്രാപുരോഗതിയും ക്ഷേമവും തിരക്കിയിരുന്നു ഇതിനിടയില്‍. പക്ഷെ, ഉന്മേഷരഹിതമായ ആ യാത്ര എപ്പോഴോ ഉറക്കത്തെ വിളിച്ചു വരുത്തിയിരിക്കണം.
നീണ്ട നേരത്തിനു ശേഷം കണ്ണു തുറക്കുമ്പോള്‍ വിജനമായൊരു കാട്ടുപാതയിലൂടെയായിരുന്നു യാത്ര. ഇരുവശവും ഘോരവനം!
കാനനപാതയാണെങ്കിലും രണ്ട് വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള വീതിയുണ്ട്. ഇടതൂര്‍ന്നു നില്‍ക്കുന്ന ഹരിതശിഖിരങ്ങളെ പിറകിലേക്ക് പായിച്ച് 'അലക്സ്' മുന്നോട്ട്‌ ഗമിക്കുമ്പോള്‍ കണ്ടു, കുഞ്ഞുങ്ങളെ മാറില്‍ തൂക്കി വിറക് ശേഖരിച്ചു പോകുന്ന അമ്മമാര്‍..!

ആദിവാസി സമൂഹത്തിന്‍റെ ആ ആഫ്രിക്കന്‍ പതിപ്പുകള്‍ ജീവിതം തീപിടിപ്പിക്കാന്‍ കാടിറങ്ങുന്ന കാഴ്ചകളില്‍ ചിന്താവിഷ്ടനായിരിക്കുമ്പോഴാണ് പെട്ടെന്ന്, വലിയൊരു ശബ്ദത്തോടെ ബസ്സിന്‍റെ മുന്‍വശത്ത്‌ എന്തോ വന്നിടിച്ചത്.
യാന്ത്രികമായി ബസ്സിന്‍റെ വേഗം കുറഞ്ഞു. ഒരു കിതപ്പോടെ അത് റോഡുവശം ഒതുങ്ങി നിന്നു. ജീവനക്കാര്‍ പുറത്തിറങ്ങിയതോടെ യാത്രികര്‍ മുഴുവന്‍ സീറ്റില്‍നിന്നെഴുന്നേറ്റ് പരസ്പരം കാര്യം തിരക്കാന്‍ തുടങ്ങി.
റോഡ്‌ മുറിച്ച് പറക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു വലിയ പക്ഷി ബസ്സിലിടിക്കുകയായിരുന്നു. പരുന്തിനേക്കാള്‍ പെരുത്ത ഭീമന്‍ പക്ഷി!
ബസിന്‍റെ മുന്‍ ഗ്ലാസില്‍ രക്തമൊലിപ്പിച്ച്‌ പിടഞ്ഞു ചത്ത അതിനെ കാണാന്‍ ഞാനടക്കം എല്ലാവരും പുറത്തുചാടി. അല്‍പസമയം യാത്ര തടസ്സപ്പെട്ടെങ്കിലും ഞങ്ങള്‍ക്കെല്ലാം 'ഒരിടക്കാലാശ്വാസ'മാവുകയായിരുന്നു  ആ ആക്സിഡന്റ്!
മൂത്രശങ്ക തീര്‍ക്കാന്‍ ഒട്ടുമിക്കപേരും ഈയവസരം ഉപയോഗപ്പെടുത്തി. 'നിവാരണ'ത്തിനായി കാട് കയറുകയാണ് സ്ത്രീകള്‍ ചെയ്തത്!!

ഞങ്ങള്‍ വീണ്ടും യാത്ര തുടങ്ങി.
കാനനവീഥികള്‍ പിന്നിട്ട് മറ്റൊരു സിറ്റിയില്‍ പിന്നെയെത്തുമ്പോള്‍ ഉച്ചയോടടുത്തു. കളിമണ്ണ് ഭിത്തികളാലും മുളകള്‍ നെടുകെ പിളര്‍ത്തിയും നിര്‍മിച്ച കൊച്ചു കൊച്ചു കടകള്‍ ഉള്‍ക്കൊള്ളുന്ന ചെറിയ ടൌണ്‍. പഴയ ഏതാനും കോണ്‍ക്രീറ്റ്  കെട്ടിടങ്ങളുടെ വരാന്തകളില്‍ തെരുവ് കച്ചവടം പോലെ ചാക്കും പായകളും വിരിച്ച്, അതില്‍ ചരക്കുകള്‍ നിരത്തിവച്ച് ജീവസന്ധാരണത്തിലേര്‍പ്പെട്ടിരിക്കുന്നു, നമ്മേപോലുള്ള  ആഫ്രിക്കന്‍  ‍ മനുഷ്യരും!
പച്ചക്കറികള്‍ക്ക് പുറമെ ധാരാളം കണ്ടത് പഴവര്‍ഗങ്ങളാണ്. ചെറിയ തരം ആപ്പിളുകളും ഓറഞ്ചുകളുമായിരുന്നു കൂടുതല്‍. മധുരനാരങ്ങ,പേരയ്ക്ക, ചോളം, തുടങ്ങിയവ ചെറിയ വലച്ചാക്കുകളില്‍ കെട്ടിവച്ച് അട്ടിയിട്ടിരിക്കുന്നു. യാത്രികരില്‍ പലരും പിന്നെയും വാങ്ങിവന്നു ധാരാളം സാധനങ്ങള്‍. ഞാനപ്പോഴും ആസനം അമര്‍ത്തി അവിടെയിരുന്നു. ആവശ്യത്തിന് 'മെറ്റിക്കല്‍' (മൊസാംബിക്ക് കറന്‍സി) പണം കയ്യിലുണ്ടായിരുന്നെങ്കിലും ഭാഷയറിയാത്തതിനാല്‍ കറപ്പന്‍മാര്‍ എന്നെ ''വെളുപ്പിക്കുമോ'' എന്ന പേടി!

കൌതുകങ്ങളിലേക്കങ്ങനെ കണ്ണയച്ചിരിക്കുമ്പോള്‍ വായിലെന്തോ കടിച്ചുപിടിച്ച് ബസ് ഡ്രൈവര്‍ വരുന്നു. 'അയില' യേക്കാള്‍ വലിപ്പമുള്ള ഒരു മത്സ്യം ചുട്ടതായിരുന്നു ടിയാന്‍റെ വായില്‍!
ശ്രദ്ധിച്ചപ്പോള്‍ കണ്ടു, മത്സ്യവും മാംസ്യവും അതേപടി ചുട്ടുകൊടുക്കുന്ന കുറേ തട്ടുകടകള്‍. കമ്പികളില്‍ കോര്‍ത്തും പരത്തിവെച്ചും ചോളവും ചുട്ടുകൊടുക്കുന്നു; ചൂടോടെ വില്‍ക്കുന്നു..

മുഷിപ്പിന്‍റെ വേഷമഴിക്കാതെ യാത്ര തുടരവേ, ഉന്മേഷം പകര്‍ന്ന യാഥാര്‍ത്യങ്ങളിലേക്കാണ് ദൃഷ്ടി ജാലകം തുറന്നത്.
പരന്നൊഴുകുന്നു ഒരു പുഴ!
അതിന്‍റെ തീരം തിങ്ങി കേരവൃക്ഷങ്ങള്‍..
പുഴ്യക്ക്‌ കുറുകെ പാലത്തിലേക്ക് ബസ് കയറുമ്പോള്‍ അകന്നുപോകുന്ന കേരളീയ ദൃശ്യങ്ങള്‍ അകതാരില്‍ ഗൃഹാതുരത്വമുണര്‍ത്തി..

കുറച്ചുകൂടി പിന്നിട്ടപ്പോള്‍ നാട്ടുസ്മരണകളെ നയനങ്ങളിലേക്ക് വിരുന്നൂട്ടി പിന്നെയും വന്നു മൊസാംബിക്കന്‍ പ്രകൃതി രമണീയത.
കുട്ടനാടന്‍ ഗ്രാമങ്ങളുടെ ആത്മാവുപോലെ പച്ചപ്പു നിറഞ്ഞ നെല്‍പ്പാടങ്ങള്‍ ജലാശയങ്ങളുടെ തണുപ്പേറ്റ് കിടക്കുന്നു.
സമൃദ്ധമായ ജലം നിറച്ചൊഴുകിക്കൊണ്ടിരിക്കുന്ന കൈത്തോടുകളും വേര്‍തിരിക്കുന്ന വയല്‍വരമ്പുകളും എന്‍റെ ബാല്യകാലത്തെ നമ്മുടെ നാടിന്‍റെ വയലേലക്കാഴ്ച്ചകളില്‍  ഓര്‍മകളുടെ വയലിന്‍ മീട്ടി..

ആരുടെയെങ്കിലും 'വിളി' വന്നു കിടപ്പുണ്ടോ എന്നറിയാന്‍ ജാഗ്രതയോടെയാണ് പലപ്പോഴും മൊബൈല്‍ നോക്കിയത്.
നിഷ്ക്രിയമായ ഒരേ ഇരിപ്പ് നിദ്രയെ വീണ്ടും വിളിച്ചു വരുത്തി. ആരെയോ വിളിക്കുന്നത്‌ പോലെയുള്ള ബഹളങ്ങളിലേക്കുണരുമ്പോള്‍ ഒരു മൊബൈല്‍ ഉയര്‍ത്തിപിടിച്ച്‌ ആരെയോ പേര് ചൊല്ലി വിളിക്കുകയായിരുന്നു ബസ് ക്ലീനര്‍.
'' റാഫേല്‍.. റാഫേല്‍....'' അയാള്‍ വിളിച്ചു കൊണ്ടേയിരുന്നു.
'' റാഫേല്‍.. ഊമ സിനോര്‍ ഇന്‍ഡ്യാനു...'' പിന്നെ ഇങ്ങനെയായി അയാളുടെ തിരുത്തിവിളി.
ഞങ്ങള്‍ പരസ്പരം മുഖം കണ്ട മാത്രയില്‍ അവന് സംശയം തോന്നിയിരിക്കണം; അടുത്തേക്ക് വന്ന് അവന്‍ എന്നോട് ചോദിച്ചു: '' വുസേ റാഫേല്‍..?''
എനിക്കെന്ത് മനസ്സിലാകാനാണ്?

'' റാഫേല്‍...? '' അവന്‍ ആവര്‍ത്തിക്കവേ പൊടുന്നനെ ഞാനെന്‍റെ പേര് പറഞ്ഞു; '' റഫീഖ് ''
അപ്പോള്‍ അയാള്‍ എനിക്ക് മൊബൈല്‍ തന്നു.
സംസാരിച്ചു തുടങ്ങിയപ്പോള്‍ അങ്ങേ തലക്കല്‍ 'ബൈറ' യില്‍ നിന്നുള്ള ബ്രാഞ്ച് മാനേജര്‍ മുഹമ്മദ്‌കുട്ടി. എന്‍റെ വരവ് ഏതുവരെയെത്തി എന്നറിയാനുള്ള വിളി. രാത്രി 10 മണിയോടെ മാത്രമേ ബസ് 'ബൈറ' യിലെത്തൂ എന്ന വിവരം ജീവനക്കാര്‍ നല്‍കിയത് അദ്ദേഹം പറഞ്ഞു. അവര്‍ അവിടെ കാത്ത് നില്‍ക്കാമെന്നും പരിഭ്രമിക്കേണ്ടതിലെന്നും പറഞ്ഞപ്പോള്‍ നേരിയൊരാശ്വാസം തോന്നി.
ഞാനൂഹിച്ചു: എന്‍റെ പേര് പറഞ്ഞു കൊടുത്തപ്പോള്‍ വ്യക്തമാകാത്തത് കൊണ്ടാകും 'റാഫേല്‍' ആയിട്ടുണ്ടാകുക. (മാന്യനായ ഒരു ഇന്ത്യക്കാരന്‍ എന്ന അര്‍ത്ഥത്തിലാണ് ''ഊമ സിനോര്‍ ഇന്‍ഡ്യാനു എന്ന് ഉപയോഗിച്ചിരിക്കുന്നത്.)

സമയം ഏഴുമണി കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ..

ഭൂമിയില്‍ ഇരുട്ട് പരന്നു കഴിഞ്ഞിരുന്നു. നിമിഷങ്ങളുടെ ഓരോ അണുവിലും കൂരിരുട്ട് കനത്തുവന്നു.
റോഡുവശങ്ങളിലെ ഇടതൂര്‍ന്നു നില്‍ക്കുന്ന പുല്‍ചെടികളും ഒറ്റപ്പെട്ട മരങ്ങളും ബസ്സിന്‍റെ മുന്‍ വെളിച്ചത്തിലും അപൂര്‍വമായി മാത്രം എതിര്‍ ദിശയിലേക്കു പോകുന്ന വാഹനങ്ങളുടെ പ്രകാശത്തിലും ഞാന്‍ കണ്ടു.
ഇരുണ്ട മണ്ണിലെ ഏത് കോണില്‍ നിന്നുള്ള ജീവ വായുവാകും താനിപ്പോള്‍ ശ്വസിച്ചു കൊണ്ടിരിക്കുന്നതെന്ന് ആരോ ചോദിക്കും പോലെ..
വശങ്ങളില്‍ മയങ്ങിയുറങ്ങുന്ന മനുഷ്യരുടെ മുഖത്തേക്ക് ഞാനപ്പോള്‍ വെറുതെയൊന്ന് തിരിഞ്ഞു നോക്കി. ഇരുട്ടിന്‍റെ നിറക്കൂട്ട്‌ പ്രകൃതി വാരിത്തേച്ച കുറേ കറുത്ത മനുഷ്യര്‍!
ഒറ്റപ്പെടലിന്‍റെ നീറ്റലലട്ടുന്ന എന്‍റെ ആത്മാവിലേക്കപ്പോള്‍ ഘനാന്ധകാരത്തില്‍ മുങ്ങിനില്‍ക്കുന്ന ആകാശത്ത് നിന്നും ഭീതിയുടെ മിന്നല്‍ പിണറുകള്‍ ആഴ്ന്നിറങ്ങി..


***                      ***                        ***

സുഖകരമായ യാത്രയ്ക്ക് വിഘ്നം വരുത്തി പെട്ടെന്നാണ് ബസ് ചാടിചാടിച്ചലിച്ചത്. ഒരു വയലിന്‍റെ മധ്യത്തിലൂടെ കടന്ന് പോകുന്ന റോഡില്‍ വെള്ളം കയറി അമ്പേ തകര്‍ന്നിരിക്കുന്നു. വളരെ പ്രയാസപ്പെട്ടാണ് പിന്നീട് ഗട്ടറുകളില്‍ കയറിയിറങ്ങി തകര്‍ന്ന റോഡിലൂടെ ഏറെ ദൂരം ഞങ്ങള്‍ യാത്ര തുടര്‍ന്നത്.


സമയമടുക്കും തോറും സമാധാനം വന്നുകൊണ്ടിരുന്നു മനസ്സില്‍.
നേരം പുലര്‍ച്ചെ കയറിക്കൂടിയതാണല്ലോ ഈ മനുഷ്യര്‍ക്കൊപ്പം!
കടിഞ്ഞാണിടപ്പെട്ട ശരീരം കാര്യസാധ്യങ്ങള്‍ക്കായി കൊതിക്കുന്നത് ഞാനറിഞ്ഞു. മുറിഞ്ഞു തീര്‍ന്ന വിശപ്പും കോട്ടുവായ്കളുടെ അകമ്പടിയും ക്ഷീണത്തെ ക്ഷണിച്ചു വരുത്തിയിരിക്കുന്നു..
ഒന്ന് നീണ്ടു നിവര്‍ന്ന് കിടന്ന് ഗാഡനിദ്ര പൂകാന്‍ അദമ്യമായി ആഗ്രഹിച്ചു.
നാളെ ഞായറാഴ്ചയാണ്; അവധി ദിനം.
ജീവിതപ്പച്ചപ്പിന്‍റെ സുവര്‍ണ നാളുകള്‍ സ്വപ്നം കണ്ട്, ക്ഷീണമെല്ലാം ഉറങ്ങിത്തീര്‍ത്ത് അധ്വാനത്തിന്‍റെ ആദ്യ ദിനത്തിലേയ്ക്ക്-തിങ്കളാഴ്ച ഉണര്‍ന്നെഴുന്നേല്‍ക്കണം.
പിന്നെ,  സംസ്ക്കാരങ്ങളോട് പൊരുത്തപ്പെട്ടും ആദര്‍ശങ്ങള്‍ അടിയറവെക്കാതെയും അതിജീവനത്തിന്‍റെ ഈ ആഫ്രിക്കന്‍ മതില്‍ ചാടിക്കടക്കണം..
ആലോചനകള്‍ വലം വയ്ക്കുന്ന മനസുമായി അങ്ങനെയിരിക്കുമ്പോള്‍ മേത്തരം നിര്‍മിച്ച പാതയിലൂടെ അതിശീഘ്രം കുതിക്കുകയായിരുന്നു 'അലക്സ്'.

മഞ്ഞപ്രകാശം പൊഴിച്ചു നില്‍ക്കുന്ന വൈദ്യുത ദീപങ്ങളുടെ ആധിക്യങ്ങള്‍ ഒരു പട്ടണ പ്രവേശത്തിന്‍റെ മുന്നോടിയിലേക്കുള്ള അടയാളങ്ങളായി ഞാന്‍ കണക്ക് കൂട്ടി.
ഉയര്‍ന്നു നില്‍ക്കുന്ന ഒരു വലിയ പാലം നൂഴ്ന്നുകടന്ന്, അകന്നകന്ന് വന്‍മരങ്ങള്‍ വരി നില്‍ക്കുന്ന രാജപാതകള്‍ വകഞ്ഞുമാറ്റി, കോണ്‍ക്രീറ്റ് സൌധങ്ങളുടെ നഗരക്കെട്ടിലേക്ക് ഒടുവില്‍ 'അലക്സ്' തിരിഞ്ഞു വന്നു.
അടുക്കിവച്ച ലഗേജുകള്‍ ഒരുക്കൂട്ടാന്‍ ആളുകള്‍ വ്യഗ്രതപ്പെടുന്നത് കണ്ടപ്പോള്‍ ഒരു ദീര്‍ഘ സഞ്ചാരത്തിന്‍റെ പരിസമാപ്തി ഞാന്‍ മനസ്സിലാക്കി.
അങ്ങനെ, നിശ്ചിത സമയത്തിലും ഏറെ വൈകി 'ബൈറ' എന്ന ആ പ്രവിശ്യാ നഗരത്തില്‍ ഞാനെത്തിച്ചേരുമ്പോള്‍  സുബൈറും മുഹമ്മദ്‌ കുട്ടിയും റഷീദും സന്തോഷ്‌കുമാറുമെല്ലാം  അവിടെ കാറുമായി  കാത്തുനില്‍പ്പുണ്ടായിരുന്നു.
കുശലാന്വേഷണങ്ങള്‍ തിരക്കി സുഹൃത്തുക്കള്‍ ബാഗേജുകള്‍  കയറ്റുമ്പോള്‍ അപരിചിതമായ 'ബൈറ സിറ്റി'യുടെ പാതിരാവോടടുത്ത ചില പരിസരക്കാഴ്ച്ചകളില്‍ എന്‍റെ നയങ്ങള്‍ ഉടക്കി നിന്നു.
അടഞ്ഞു കിടക്കുന്ന കടത്തിണ്ണയില്‍ വിറ്റു തീരാത്ത കുറച്ചു കിഴങ്ങു വര്‍ഗങ്ങള്‍ക്കു മുന്നില്‍ ഒരു പൈതലിനെ മടിയില്‍ കടത്തി ഒരമ്മ..

തണല്‍ മരങ്ങള്‍ക്ക് താഴെ, വിശ്രമിക്കാനിട്ട സിമന്റു ബഞ്ചുകളില്‍ കുറേ  മദാലസ യുവതികള്‍..

കല്ലെറിഞ്ഞും തല്ലുകൂടിയും നാല് ബാല്യങ്ങള്‍..

അവസാന വണ്ടിയുടെ ആരവം തീര്‍ത്ത് യാത്രികരുടെ കര്‍ണപുടങ്ങളിലേക്ക് ജീവിതത്തിന്‍റെ  ഒച്ചയിടുന്ന ഒരു കണ്ടക്ട്ടര്‍ പയ്യന്‍....

ചിന്തകളിലേക്ക് ചൂട്ടുപിടിച്ച അനുഭവങ്ങളുടെ കുറേ തീപ്പന്തങ്ങള്‍...

31 comments:

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

തികഞ്ഞ കൌതുകത്തോടെ,
ആകാംക്ഷയോടെ ,
'ഒറ്റശ്വാസത്തില്‍'വായിച്ചു തീര്‍ത്തു.
ഭാഷാനിപുണതയുടെ ഭംഗിയില്‍ നല്ലൊരു വിരുന്നൊരുക്കി .
ഭാവുകങ്ങള്‍!

ഉസ്മാന്‍ പള്ളിക്കരയില്‍ said...

റഫീഖിന്റെ യാത്ര ദീർഘവും ഏറെക്കുറെ മുഷിപ്പനും ആയിരുന്നെങ്കിലും യാത്രാവിവരണം സരസവും ചടുലവുമാണ്. ഉദ്വേഗപൂർണ്ണവും ആകാംക്ഷ നിറഞ്ഞതുമായ വായന സാധ്യമായി. “സംസ്ക്കാരങ്ങളോട് പൊരുത്തപ്പെട്ടും ആദര്‍ശങ്ങള്‍ അടിയറവെക്കാതെയും അതിജീവനത്തിന്‍റെ ഈ ആഫ്രിക്കന്‍ മതില്‍ ചാടിക്കടക്കണം“. അതെ, അതുവരെയുള്ള അപരിചിതമായ ഭൂഭാഗങ്ങളിലെ ജീവിതാനുഭവങ്ങൾ ആകർഷകമായ ഭാഷാശൈലിയിൽ അവതരിപ്പിക്കുന്നത് ആസ്വദിക്കാനുള്ള മനസ്സുമായി ഇനിയും കാത്തിരിക്കുന്നു. തുടർന്നാലും.

yousufpa said...

വാചകങ്ങളെ കൌശലപൂർവ്വം കോർത്തിണക്കി അനുഭവപൂർണ്ണമാക്കി തന്നതിന് നന്ദി .തുടരുക.

ഒരു യാത്രികന്‍ said...

സ്ഥിരമായി വായിക്കുന്നു. വളരെ നന്നായിടുണ്ട്. ഒരു പുസ്തകത്തിനുള്ള സ്കോപ് തീര്‍ച്ചയായും ഉണ്ട്.ആശംസകള്‍ .....സസ്നേഹം

ബഷീർ said...

തുടക്കം മുതൽ ഒടുക്കം വരെ ആകാംക്ഷയോടെ വായിച്ചു. നന്നായി വിവരിച്ചിരിക്കുന്നു.
അടുത്ത ഭാഗത്തിനായി കാക്കുന്നൂ
അഭിനന്ദനങ്ങൾ

Jishad Cronic said...

നന്ദി... ഒരിക്കലും കാണാന്‍ കഴിയാത്ത സ്ഥലങ്ങള്‍ കാണിച്ചു തന്നതിനും വിവരിച്ചു തന്നതിനും...
പറ്റുമെങ്ങില്‍ അതിലെ " ഷട്ടര്‍ സ്റ്റോക്ക്‌" ചിത്രങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. അത് കോപ്പി റൈറ്റ് ഉള്ളവയാനെങ്ങില്‍ പണി കിട്ടും.

മൻസൂർ അബ്ദു ചെറുവാടി said...

ഇവിടെത്താന്‍ വൈകി റഫീക്ക് ഭായ്.
ഈ യാത്ര തീരുന്നത് വരെ ഞാനുമുണ്ടാകും കൂടെ.
അത്രക്കും മികച്ച വിവരണം .

mini//മിനി said...

വായിച്ചു, അടുത്തത് പ്രതീക്ഷിക്കുന്നു.

krishnakumar513 said...

ഇനിയും എഴുതൂ,ഓരോ പോസ്റ്റും മികവുറ്റതാണു.കുറച്ച് ചിത്രങ്ങള്‍ കൂടി ആകാം!!

Ibroos said...

Njanum Byirayi athiyapole..njan mathramalla oro vayanakaranum yathra kazija pratheethiyayirikum sammanikuka.kollam nannayitund.

Unknown said...

അവിടെയെല്ലാം ഒന്ന് കറങ്ങിയ പ്രതീതി.
അടുത്ത ഭാഗം പോരട്ടെ..!!

അലി said...

കൌതുകവും ആകാംക്ഷയും നിറഞ്ഞ മനസ്സോടെ അപരിചിതമായ നാട്ടിലൂടെ യാത്ര ചെയ്ത പ്രതീതി! കൂടെയുണ്ട് യാത്ര തുടരുക.

ആശംസകൾ!

Anees Hassan said...

യാത്രക്കാരാ എനിക്കു കൊതിയാകുന്നു

സീ വി sharafu said...

"മനസ്സിന്‍റെ കാന്‍വാസില്‍ വരച്ചുതുടങ്ങിയിരുന്ന കാപ്പിരികളുടെ കാരിക്കേച്ചറുകള്‍"

"കൊണ്ടറിവുകളെക്കാള്‍ കേട്ടറിവുകളുടെ പ്രളയങ്ങള്‍ മനസ്സുകളില്‍ തീര്‍ക്കുന്ന കരിങ്കല്‍ ചിത്രങ്ങള്‍, "

വാക്കുകള്‍ക്കു മൂര്‍ച്ച കൂടുന്നുണ്ട്..
എഴുതുക അടുത്ത ഭാഗം ഉടന്‍......

Indian Expat said...

നല്ല വായനാ സുഖം തരുന്ന യാത്രാ വിവരണം.. രചനയിലും അവതരണത്തിലും സ്വത്വം അവകാശപ്പെടാവുന്ന ധാരാളം പ്രയോഗങ്ങള്‍! ബ്ലോഗറോടൊപ്പം സഞ്ചരിക്കുമ്പോള്‍ പലപ്പോഴും ആഫ്രിക്കന്‍ മണ്ണിലൂടെ നാമും യാത്രചെയ്യുകയാണോയെന്നു തോന്നിപ്പോകുംവിധം ഗംഭീരമായിരിക്കുന്നു ശൈലി.. ഇടയ്ക്കിടയ്ക്ക് ചിത്രങ്ങള്‍ കയറ്റിയിരിക്കുന്നത് മടുപ്പില്ലാത്ത വായനക്ക് സഹായകമാണ്; എന്നാല്‍ jishad Cronic ന്റെ അഭിപ്രായത്തോട് യോജിക്കുന്നു..
നിലവിലെ, ബ്ലോഗിനായി ഒരു ബ്ലോഗ്‌ എന്ന പൊതു സങ്കല്പത്തിന് വിരുദ്ധമായി നന്മക്കായി ബ്ലോഗ്‌ എന്ന പുതിയ പരിപ്രേക്ഷ്യത്തിലെക്കുള്ള പറിച്ചുനടല്‍ ഏറെ പ്രശംസയര്‍ഹിക്കുന്നു. അവസാനത്തില്‍ ചേര്‍ത്ത "അതിഥിയോട്" എന്ന നന്മയില്‍ സഹകരിക്കുന്നതിനുള്ള ക്ഷണവും അടിവരയിടേണ്ടതാണ്.
എല്ലാ ഭാവുകങ്ങളും നേരുന്നു.. തുടരുക; നാഥന്‍ അനുഗ്രഹിക്കട്ടേ..

Sabu Hariharan said...

സുന്ദരം.
ഒപ്പം യാത്ര ചെയ്ത പോലെ തോന്നി.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Sidheek Thozhiyoor said...

ഇതൊരു പുസ്തകം ആക്കണം റഫീ ...
നല്ല വായനക്കുള്ള ഒരു മുതല്‍ കൂട്ടായിരിക്കും ..

Anonymous said...

FASALULHAQ - EDAPPAL to me
show details Oct 16 (4 days ago)
റഫീഖ്,
വളരെ നന്നായിട്ടുണ്ട്. ആയിരം അലങ്കാര വാചകങ്ങള്‍ക്ക് ഒരു പ്രസക്തിയും ഇല്ലല്ലോ,
ഒറ്റ വാക്കില്‍ പറഞ്ഞാല്‍ മലയാളത്തിന്റെ ഭാഷാ പോഷണം ഞാന്‍ നിന്റെ സൃഷ്ടിയില്‍ കണ്ടു...
ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.. ഇനിയും എഴുതുക...
സ്നേഹത്തോടെ ഫസല്‍

Anonymous said...

Mozambikkl vannu kashtichu orumasam Kazhinjanu njanum ithu polulla bheethijankamaya yathra cheythath, pakshe flat pootti marannu kondu chaviyum eduthayirunnu Bossinte aduthekkulla ente adhya yahtra athenne kooduthal tension ullathakki!
oduvil 75km yathra shesam conductor English speak cheyyunnath kondu karyam paranhu aduthu kanda post office-il key elpichu
.......ingane enthokke anubhavangal! continue cheyyuuu..
eagerly waiting for new post.

Abdulkader kodungallur said...

മനസ്സ് തുറന്ന് പറയട്ടെ ശ്രീ. റഫീഖ് നടുവട്ടം . ഞാനിത് വായിക്കുകയായിരുന്നില്ല . ആസ്വദിച്ചു ഭക്ഷിക്കുകയായിരുന്നു . അനവദ്യ സുന്ദരമായ ഭാഷാ സൌന്ദര്യത്തിന്റെ അനര്‍ഗ്ഗള പ്രവാഹത്തില്‍ ലയിച്ചിരിക്കുകയായിരുന്നു . കേവലം ഒരു യാത്രാവിവരണം എന്നതിനപ്പുറം ശൈലീ സൌകുമാര്യതയുടെ മാസ്മരികതയില്‍ അനുവാചകനെ തളച്ചിടുന്ന ഈ വിവരണത്തിന്റെ കാവ്യ ഭംഗി ബ്ലോഗിന്റെ ചുവരുകള്‍ക്കുള്ളില്‍ ഒതുക്കിനിര്‍ത്താതെ വര്‍ണ്ണാഭമായ അച്ചടി മഷിയില്‍ തിളങ്ങുന്ന പൊന്‍ വിളക്കായി അക്ഷര ലോകത്തിന് സമര്‍പ്പിക്കുവാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു . ഭാവുകങ്ങള്‍ ഹൃദയത്തില്‍ നിന്നും .

Pranavam Ravikumar said...

വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു...ഒരു സഞ്ചാര സാഹിത്യ പുസ്തകം എന്നാ??

ആശംസകള്‍!

rafeeQ നടുവട്ടം said...

@ ഇസ്മായില്‍ കുറുമ്പടി
@ പള്ളിക്കരയില്‍
@ യൂസുഫ്പ
@ ബഷീര്‍ വെള്ളറക്കാട്‌
@ ഇബ്രൂസ്
@ റ്റോംസ് കോനുമഠം
@ സാബു. എം.എച്ച്
@ മിനി
@ കൃഷ്ണകുമാര്‍
@ അലി
@ ചെറുവാടി
= നിങ്ങളെല്ലാം കൂടെയുള്ളപ്പോള്‍ ഉന്മേഷ പൂര്‍ണമാണ് എന്‍റെ യാത്രകള്‍! നന്ദി വാക്കുകളില്‍ ഒതുക്കുന്നില്ല..

rafeeQ നടുവട്ടം said...

@ ഒരു യാത്രികന്‍
@ സിദ്ദീഖ് തൊഴിയൂര്‍
@ അബ്ദുല്‍ ഖാദര്‍ കൊടുങ്ങല്ലൂര്‍
@ പ്രണവം രവികുമാര്‍.
= ഒരു പുസ്തകമിറക്കാന്‍ മാത്രം വിശിഷ്ട പൂര്‍ണമാണെന്ന് വിശാസമില്ല.
ഏതായാലും, അങ്ങനെയൊരു ആഹ്ലാദ വേളയില്‍ നിങ്ങളുടെ ഓരോരുത്തരുടെയും നല്ലൊരു കമെന്റ് അതില്‍ അനുബന്ധമായി ചേര്‍ക്കാന്‍ ശ്രമിക്കാം!

rafeeQ നടുവട്ടം said...

@ ജിഷാദ് ക്രോണിക്
@ കുട്ടി
= ചിത്രങ്ങള്‍ ചേര്‍ത്തതിനെ പറ്റിയുള്ള നിര്‍ദേശം മുഖവിലക്കെടുത്തിട്ടുണ്ട്. നന്ദി!

rafeeQ നടുവട്ടം said...

@ അനീസ്‌ ഹസ്സന്‍
= കൊതിയൊക്കെ മതിയാകും, അനീസ്‌ അവിടെയെത്തിയാല്‍!

rafeeQ നടുവട്ടം said...

@ സി.വി. ശറഫു
= മൂര്‍ച്ച കൂട്ടുന്നതല്ല; ചില സന്ദര്‍ഭങ്ങളില്‍ താനേ കൂടിപ്പോകുന്നതാണ്!

rafeeQ നടുവട്ടം said...

@ സുബൈര്‍
= നമ്മളൊക്കെ എത്ര അനുഭവിച്ചറിഞ്ഞു, അല്ലേ!

fasalrahman said...

very attractive!
continue...

റഷീദ് കോട്ടപ്പാടം said...

ഒറ്റ ഇരിപ്പില്‍ വായിച്ചു.
ഇടക്കുള്ള ചിത്രങ്ങള്‍ വളരെ നന്നായി.

എന്‍.ബി.സുരേഷ് said...

എസ്.കെ.പൊറ്റക്കാടിനും സക്കറിയയ്ക്കും ശേഷം ഒരു ആഫ്രിക്കൻ യാത്രാവിവരണം കൂടി വരട്ടെ. യാത്രികൻ പറഞ്ഞപോലെ ഒരു പുസ്തകം തീർച്ചയായും ആവാം.

ശക്തമായ എഴുത്ത്. തുടരുക.

പിന്നെ പുതിയ ലക്കത്തിന് എന്താ താമസം?

kARNOr(കാര്‍ന്നോര്) said...

ഇങ്ങട് എത്താന്‍ വൈകി.. ഇനി ഞാനുംണ്ട് കൂട്ടിന്