പേരിലും പോരിലും പുതിയ യുദ്ധമുഖങ്ങളുമായി ജനതയെ ഭീതിയിലാഴ്ത്തുകയാണ് നവാഗത രോഗങ്ങള്‍.അവയ്ക്കിടയില്‍ ആര്‍ക്കും അടിയറ വെക്കാത്ത അധീശത്വവുമായി,അര്‍ബുദവും!
അനുദിനം പൊട്ടിമുളക്കുന്ന അജ്ഞാത രോഗങ്ങളെ ശാസ്ത്രവും സമൂഹവും പുതിയ പേരിട്ടു വിളിക്കുമ്പോഴും കാന്‍സറിന്റെ ക്രൌര്യമുഖം മനുഷ്യസമൂഹത്തെ ഇന്നും വിറപ്പിച്ചു നിര്‍ത്തുന്നു.പ്രസവിച്ചു വീഴുന്ന കുഞ്ഞിനോടു പോലും ദാക്ഷിണ്യമില്ലാതെ,ശരീരം കാര്‍ന്നുതിന്ന് താണ്ടാവമാടുന്ന ഈ ഭീകരനെ പൂര്‍ണമായി തളക്കാന്‍ ശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ലെങ്കിലും, ആരോഗ്യപരമായ ജീവിതശൈലിയിലൂടെ ഇതിനെ പ്രതിരോധിക്കാമെന്നു പഠനങ്ങള്‍ പറയുന്നത് ആശ്വാസ്യജനകമാണ്.
വികസിതവും വികസ്വരവുമായ രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതശൈലികള്‍ അവലോകനം ചെയ്ത് 'ലോക അര്‍ബുദ ഗവേഷണ നിധി' എന്ന സംഘടന, ഇന്ന് വരെ കണ്ടത്തെപ്പെട്ട അര്‍ബുദങ്ങളില്‍ അധികവും നിയന്ത്രണവിധേയമാക്കാനും തടയാനും കഴിയുമെന്ന് വിലയിരുത്തുന്നു. നിത്യജീവിതത്തില്‍ കണ്ടുമുട്ടുന്ന,അശ്രദ്ധരാവുകയും നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുന്ന ഒട്ടനവധി ഘടകങ്ങള്‍ കാന്‍സര്‍ രോഗത്തിന്റെ കാരണക്കാരാണെന്ന കാര്യം ജനങ്ങള്‍ അറിയാതെ പോകുകയാണെന്നാണ് ഈ സംഘടനയുടെ വക്താക്കള്‍. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട 12 കാര്യങ്ങള്‍;അവ നമ്മെയും ബന്ധപ്പെട്ടവരെയും അര്‍ബുദത്തിന്റെ അതിശക്തമായ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ സഹായകമാണ്.
1) വലിച്ചെറിയേണ്ട 'വലി' ശീലം

കാഴ്ചയ്ക്ക് ലളിതമാണെങ്കിലും കാന്‍സര്‍ ബാധയുടെ കാര്യത്തില്‍ വിനാശകരമായ ഒരു 'റിസ്ക്' ഫാക്ടറാണ് പുകവലി എന്ന് ബ്രിട്ടനിലെ കാന്‍സര്‍ റിസേര്‍ച് സെന്‍റെര്‍ വെളിപ്പെടുത്തുന്നു.കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടക്ക് ലോകത്ത് 6 മില്യന്‍(60 ലക്ഷം) ജനങ്ങളെ കൊന്നൊടുക്കിയ പുകവലി,ബ്രിട്ടനിലെ കാന്‍സര്‍ മരണത്തിലെ 29%ത്തിന്റെയും കാരണക്കരനായിരുന്നത്രേ! Second hand Smoking( കുറ്റി വലി)മൂലമുള്ള ശ്വാസകോശാര്‍ബുദത്താല്‍ പ്രതിദിനം 1500 മനുഷ്യര്‍ ലോകത്ത് മരിച്ചു വീഴുന്നു. ശ്വാസകോശാര്‍ബുദത്തിനു മാത്രമല്ല,മറ്റനേകം കാന്‍സറുകളുടെ വ്യാപനത്തിന് കൂടി കാരണമാക്കുന്ന പുകവലി നിമിത്തം ലോകത്താകമാനം സാധാരണ പുകവലിക്കാരില്‍ പകുതി പേരും മരണം ഏറ്റുവാങ്ങുന്നുണ്ട്. ഓര്‍ക്കുക:ഓരോ പുകച്ചുരുളും സ്വദുരിതങ്ങളിലെക്കുള്ള സന്ദേശങ്ങളായിരിക്കാം..
2) 'പാര' യാകുന്ന ഭാരം
സര്‍ക്കാര്‍ ആരോഗ്യമന്ത്രാലയങ്ങളുടെ പുതിയ പ്രവചനമനുസരിച്ച് 12 മില്യന്‍(120 ലക്ഷം) പ്രായപൂര്‍ത്തിയായവരും 1മില്യന്‍ കുട്ടികളും വരുംവര്‍ഷങ്ങളില്‍ പൊണ്ണത്തടിയുടെ കെടുതികള്‍ അനുഭവിക്കാന്‍ പോവുകയാണ്.പ്രമേഹം,ഹൃദയാഘാതം തുടങ്ങി കാന്‍സറിലേക്ക് വഴിതുറക്കുന്ന കേസുകള്‍ വര്‍ധിക്കുമെന്നാണ് ഈ പ്രവചനത്തിന്റെ പൊരുള്‍.

കുട്ടികളിലെ പൊണ്ണത്തടി ഇപ്പോള്‍ത്തന്നെ കണ്ടുതുടങ്ങിയിരിക്കുന്നല്ലോ!നഗരങ്ങളില്‍ നിന്ന് നാട്ടിന്‍പുറങ്ങളില്‍ എത്തിത്തുടങ്ങിയ ഈ വില്ലന്‍ കുട്ടികളുടെ കൂട്ടുകാരായി മാറിയതിന്റെ മുഖ്യകാരണം മാറിയ ജീവിതശൈലിയാണ്.ജന്മനാള്‍ മുതല്‍ പ്രകൃതിദത്തവും സ്വാഭാവികവുമായ ഭക്ഷണത്തിനു പകരം കൃത്രിമമായ ആഹാരവസ്ത്തുക്കളാണ് കുട്ടികള്‍ കഴിച്ചുതുടങ്ങുന്നത്.വിവിധ പേരുകളിലും ആകര്‍ഷകപാക്കിങ്ങുകളിലും വിപണിയിലെത്തുന്ന ബേബിഫുഡുകള്‍ വാങ്ങിച്ചു നല്‍കിയില്ലെങ്കില്‍ സമാധാനം നഷ്ടപെട്ട പ്രതീതി മാതാപിതാക്കളില്‍ നിഴലിച്ചു കാണാം!ജനങ്ങളെ പറ്റിക്കുകയും അവരുടെ പണം വറ്റിക്കുകയും ചെയ്യുന്നതിന് പ്രകൃതിയുടെയും ആയുര്‍വേദത്തിന്റെയും പേരുപറഞ്ഞ് വീടുകളിലെത്തുന്ന ഉല്‍പ്പന്നങ്ങള്‍ സ്വസ്ഥമായ ജീവിതത്തിന്റെ താളംതെറ്റിക്കുമെന്ന് തിരിച്ചറിയുന്നില്ല, പലരും.നാട്ടിന്‍പുറത്തെ ഒട്ടുമിക്ക അങ്ങാടികളിലും ഗള്‍ഫ് നഗരങ്ങളിലെ 'ഫാവറേറ്റ് ' ഫാസ്റ്റ്ഫുഡുകള്‍ /കൊറിക്കുന്ന പലഹാരങ്ങള്‍ ലഭിച്ചു തുടങ്ങിയപ്പോള്‍ ''ഷവര്‍മ'' യും ''ബ്രോസ്റ്റെട് ചിക്കനും'' കടിച്ചുവലിക്കാന്‍ ബാക്കറിക്കടയില്‍ ക്യൂ നില്‍ക്കുകയാണ് കേരളീയ കൌമാരങ്ങള്‍!
ഇങ്ങനെയാകുമ്പോള്‍ പൊണ്ണത്തടിയും എണ്ണമറ്റ അനുബന്ധങ്ങളും ജീവിതത്തിലേക്ക് എങ്ങനെ കയറിവരാതിരിക്കും?ആവശ്യത്തിലധികം വാരിവലിച്ചു കഴിക്കുകയും തടികൂടിയാല്‍ ജിംനേഷ്യത്തില്‍ പോയി സമയം തുലക്കുന്ന ചെറുപ്പക്കാരുടെ എണ്ണവും (പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ) കൂടുന്നു കേരളത്തില്‍.സമ്പന്ന കുടുംബങ്ങളിലെ തടിച്ചുചീര്‍ത്ത മാതാപിതാക്കള്‍ക്കൊപ്പം മക്കളും സായ്പ്പിനെപോലെ പ്രഭാതത്തിലും സായാഹ്നത്തിലും നഗരപ്രാന്തങ്ങളില്‍ 'ജോഗിംഗ്' നടത്തുന്ന സ്ഥിരം കാഴ്ച്ചകള്‍ ആലോസരമുണ്ടാക്കുന്നുണ്ട്.കുറച്ചുകാലം മുമ്പുവരെ കിലോമീറ്ററുകള്‍ നടന്നായിരുന്നു,വിദ്യാലയങ്ങളിലെക്കുള്ള കുട്ടികളുടെ യാത്ര(അധ്യാപകരുടെയും).ഇന്ന്,ഒരു പ്രദേശത്തുതന്നെ രണ്ടിലധികം സ്കൂളുകള്‍ പൊന്തിയപ്പോള്‍..,അവിടെ സൌജന്യമായും അല്ലാതെയും വാഹനസൌകര്യം ഉണ്ടായപ്പോള്‍..,വീട്ടിലെ ഓരോ അംഗത്തിനും മോട്ടോര്‍സൈക്കിള്‍ (മിനിമം)കൈവന്നപ്പോള്‍..,പാടത്തും പറമ്പിലും സ്കൂള്‍ മൈതാനിയിലും ശരീരമാസകലം വിയര്‍പ്പിച്ചിരുന്ന ഫുട്ബോളുകള്‍ക്ക് പകരം ക്രിക്കറ്റുകള്‍ നാടുവാണപ്പോള്‍ നമ്മുടെ ബാല്യ-യൌവ്വനങ്ങളുടെ മേനികള്‍ ഇറച്ചിക്കോഴികള്‍ക്ക് സമാനമായി.ഫലമോ,വിവിധ രോഗങ്ങള്‍ 'വകുപ്പുതിരിച്ച്' പോരാട്ടമാരംഭിക്കുകയും ചെയ്തു മനുഷ്യശരീരത്തില്‍!ബ്രിട്ടനിലെ കാന്‍സര്‍ റിസര്‍ച് ഇന്‍സ്റ്റിടുറ്റ് പറയുന്നത്,ശരീരഭാരം ക്രമീകരിച്ചു നിര്‍ത്താന്‍ കഴിയുമെങ്കില്‍ ഓരോവര്‍ഷവും 13000 കാന്‍സര്‍ കേസുകള്‍ ഒഴിവാക്കാന്‍ കഴിയുമെന്നാണ്. സ്തനം,വന്‍കുടല്‍,മൂത്രാശയം,വൃക്ക,ആമാശയം തുടങ്ങിയ ബാഹ്യവും ആന്തരീകവുമായ അതിപ്രധാന ശരീരാവയവങ്ങളെ അതിവേഗം ബാധിക്കാന്‍ കാരണമാക്കുന്നതാണ് പൊണ്ണത്തടി എന്നതിന് വേണ്ടത്ര തെളിവുകള്‍ ശാസ്ത്രത്തിനു ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.
3) ഭക്ഷിക്കാം,പക്ഷേ..

കാന്‍സര്‍ രഹിതമായ ഒരു സുരക്ഷിത ജീവിതം സ്വപ്നം കാണുന്നുണ്ടെങ്കില്‍ സമതുലിതമായ പഥ്യാഹാരക്രമം (balanced diet) ശീലിച്ചേ പറ്റൂ..പട്ടിണി കിടന്നോ ശരീരം മെലിപ്പിച്ചോ ആവരുത് ഈ ശീലം എന്നുമാത്രം!മറിച്ച്,ശരിയായ ഭക്ഷണം ശരിയായ നേരത്ത്.ഇതു വളരെ സാരവത്തായി കാന്‍സര്‍ ബാധയെ ഇല്ലാതാക്കുമെന്നാണ് പഠനങ്ങള്‍.സമൃദ്ധമായി ലഭിക്കുന്ന പഴവര്‍ഗങ്ങള്‍ ആന്റി ഓക്സൈഡും വിറ്റാമിന്‍ സി യും ഉള്‍പ്പെടുന്ന പച്ചക്കറികള്‍,നാരുള്ള ഭക്ഷണങ്ങള്‍, കുരുക്കള്‍, പയറുവര്‍ഗങ്ങള്‍ എന്നിവ നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ആരോഗ്യം വര്‍ധിക്കുമെന്ന് മാത്രമല്ല,അര്‍ബുദത്തെ തടയുകയും ചെയ്യാം..നാട്ടിന്‍പുറങ്ങളില്‍ സുലഭമായി ലഭിച്ചിരുന്ന പഴങ്ങളും വീട്ടുപറമ്പില്‍ താനേ മുളച്ചുപൊന്തിയിരുന്ന വിവിധ ചീരയിനം പച്ചക്കറികളും നഗരങ്ങളിലെ സൂപ്പര്‍മാര്‍ക്കെറ്റുകളിലെ ശീതീകൃത അറകളിലും ഫുട്‌പാത്തുകളിലെ നനച്ചുവച്ച ചാക്ക് കെട്ടുകളിലുമാണ് ഇപ്പോള്‍!
കാര്‍ഷിക മേഖലയില്‍ സാങ്കേതികവിദ്യകള്‍ പ്രയോഗിച്ചതിന്റെ ഫലമായി ദിവസങ്ങള്‍ക്കകം ഉല്‍പ്പാദിപ്പിച്ചു മാര്‍ക്കറ്റിലെത്തുന്നുണ്ട് ഇത്തരം വിഭവങ്ങള്‍.എന്നാല്‍ വിലയും ഗുണമേന്മയും ചിന്തിക്കാതെ വാങ്ങിച്ചു പോകാന്‍ എമ്പാടും ആളുകളുള്ളപ്പോള്‍ പുരാതന മാര്‍ഗങ്ങള്‍ എല്ലാവരും പുറംതള്ളി!ദിവസം അര മണിക്കൂര്‍ ചെലവഴിച്ചാല്‍ നല്ല ഒന്നാന്തരം പച്ചക്കറി വിഭവങ്ങള്‍ സ്വന്തം വീട്ടുപറമ്പിലോ ടെറസിനു മുകളിലോ ഉണ്ടാക്കാവുന്നതെ ഉള്ളൂ..മുതിര്‍ന്നവര്‍ മണ്ണിട്ടും തടംകോരിയും കൃഷി ചെയ്യുമ്പോള്‍ ശരീരത്തിന് വ്യായാമം ലഭിക്കുന്നതോടൊപ്പം കുട്ടികള്‍ അവയ്ക്ക് വെള്ളം നല്‍കിയും മറ്റും പരിചരിക്കുമ്പോള്‍ അവര്‍ക്ക് അത് ആഹ്ലാദവും പ്രദാനിക്കുന്നു.സകുടുംബം സമ്പൂര്‍ണ ആരോഗ്യം വിളയാന്‍ ഇതിലപ്പുറം മറ്റെന്തെങ്കിലും..?
4) ഒഴിവാക്കാം കൊഴുപ്പുകള്‍

എന്തൊക്കെ കഴിക്കാം ശ്രമിക്കാം എന്ന് ആലോചിക്കുന്നതോടൊപ്പം ഏതൊക്കെ ഭകഷ്യഘടകങ്ങള്‍ തീന്‍മേശയില്‍ നിന്നു തിരസ്ക്കരിക്കാം എന്ന് നാം അറിയണം.ദൈനംദിന ശാരീരികാവശ്യങ്ങള്‍ക്കുള്ള ഊര്‍ജ്ജം കൊഴുപ്പുകളടിഞ്ഞ ആഹാര പദാര്‍ത്ഥങ്ങളില്‍ നിന്ന് ആര്‍ജ്ജിക്കുന്നത് ആശ്വാസ്യമല്ലന്നാണ് ആരോഗ്യവിദഗ്ധര്‍.പഠനങ്ങള്‍ ബന്ധപ്പെടുത്തുന്ന സത്യം, മൃഗങ്ങളില്‍ നിന്നെടുക്കുന്ന കൊഴുപ്പുകള്‍ സ്തനാര്‍ബുദ വ്യാപനത്തിന് സാധ്യത കൂട്ടുന്നു എന്നാണ്.രക്തീകരിക്കുകയും ദീര്‍ഘകാലം കേടുവരാതെ സൂക്ഷിക്കാന്‍ പ്രത്യേക പ്രോസസിംഗ് നടത്തുകയും ചെയ്ത മാംസ്യങ്ങള്‍ വളരെ ഗുരുതരമായാണ് കുടല്‍ കാന്‍സറിനു വഴിവെക്കുന്നത്.
പ്രവാസികളുടെ ജീവിതശൈലി ഇവിടെ പരാമര്‍ശവിധേയമാക്കാം.സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്ന് മാംസ്യം വാങ്ങുന്ന അധികം പ്രവാസികളും ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍നിന്ന് കയറ്റുമതി ചെയ്തുവരുന്ന ബീഫിനും മട്ടനും ആവശ്യക്കാരാണ് എന്നതാണ് അനുഭവം.ലോകപ്രശസ്തമായ ഇന്ത്യന്‍ കമ്പനികളുടെ ബ്രാന്‍ഡില്‍ ലഭ്യമാവുന്ന മാംസ്യങ്ങള്‍ മാസങ്ങളോളം കേടുകൂടാതെയിരിക്കാന്‍ കഴിയുന്നവയാണെങ്കിലും, ഇവ ഉപഭോക്താവിന്റെ ജീവന്‍ അപകടത്തിലാക്കുന്നുവെന്നത് ഉല്‍പ്പാദക കമ്പനികള്‍ സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നുണ്ട്.കാന്‍സര്‍ റിസേര്‍ച്ച് സെന്ററിന്റെ പഠനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ ആലോചിക്കേണ്ട കാര്യമിതാണ്.
5) ഉപ്പ് പാകത്തിന്
ഏതെങ്കിലും വനിതാ മാസികകളിലെ പാചകപംക്തികളില്‍ വരുന്ന സ്ഥിരം പ്രയോഗമായിട്ടല്ല ഇവിടെ ഈ ശീര്‍ഷകം!അമിതമായ ഉപ്പുപയോഗം ഉയര്‍ന്ന രക്തസമ്മര്‍ദ്ധത്തിനും ഹൃദയരോഗങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്ന കാര്യം ചിലര്‍ക്കൊക്കെ അറിയാമെങ്കിലും ഇത് കാന്‍സര്‍ ബാധക്ക് ഹെതുകമാക്കുന്നുവെന്ന പുതിയ വസ്തുത എത്രപേര്‍ക്കറിയാം?ഒരാള്‍ക്ക് വൈദ്യശാസ്ത്രപരമായി അനുവദിക്കപ്പെട്ട അളവ് 6 ഗ്രാം മാത്രമാണെങ്കിലും 10 ഗ്രാമിനോ അതിനു താഴെയോ ഉപ്പ് ഉപയോഗിക്കേണ്ട ജനങ്ങള്‍ ഒരുദിവസം ചുരുങ്ങിയത് മൂന്നു നേരങ്ങളിലായി അകത്താക്കുന്നത് 16 ഗ്രാം ഉപ്പാണത്രെ!ഈ അമിത ഉപ്പുപയോഗം ആമാശയ കാന്‍സറിന്റെ മുഖ്യകാരണങ്ങളില്‍ ഒന്നാണെന്നാണ് വിദഗ്ധര്‍.ആമാശയത്തിനകത്തെ നേര്‍ത്തതും ലോലവുമായ ധമനികളെ എളുപ്പത്തില്‍ ബാധിക്കുന്ന ഘടകങ്ങളാണ് ഉപ്പില്‍ അടങ്ങിയിരിക്കുന്നത്;ഗവേഷകര്‍ വിശദീകരിക്കുന്നു.
6) മതിയാക്കാം,മദ്യപാനം
ഓരോകുടിയും ജീവന്റെ കണികകളെ ശരീരത്തില്‍നിന്ന് കുടിയൊഴിപ്പിക്കുന്നു എന്നത് മനുഷ്യന്‍ തിരിച്ചറിഞ്ഞിട്ടില്ല.ആല്‍ക്കഹോളിന്റെ സാന്നിധ്യം അര്‍ബുദത്തിനു വഴിവെക്കുന്നുവെന്നത് നേരത്തെ തെളിയിക്കപ്പെട്ടിട്ടുണ്ട്.കാന്‍സര്‍ മരണങ്ങളില്‍ 6 % വും ജനങ്ങളുടെ ആല്‍ക്കഹോള്‍ ഉപഭോഗം ഉപേക്ഷിച്ചാല്‍ ഒഴിവാക്കപ്പെടാവുന്നതെ ഉള്ളൂ. ആല്‍ക്കഹോള്‍ അംശം എത്തിച്ചേരുന്ന വായ,തൊണ്ട,അന്നനാളം,വന്‍കുടല്‍ എന്നിവക്ക് പുറമെ കരളിനെയും സ്തനത്തെയും കടന്നാക്രമിക്കാന്‍ കെല്പുണ്ട് മദ്യത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങല്‍ക്കെന്നാണ് കാന്‍സര്‍ റിസേര്‍ച്ച് സെന്റര്‍ മുന്നറിയിപ്പ്.
7) പതിവായ വ്യായാമം

പല രോഗങ്ങളെയും പ്രതിരോധിക്കാന്‍ ശാരീരിക വ്യായാമം സഹായിക്കുമെന്നതിനാല്‍ കാന്‍സറിനെ തടയാനും ഇതിനു കഴിയുമെന്നാണ് ആധുനിക കണ്ടെത്തല്‍.വിവിധ ഹൃദയരോഗങ്ങള്‍, പൊണ്ണത്തടി, പ്രമേഹം, വിഷാദം, എന്നിവ വ്യായാമം പതിവാക്കി നിയന്ത്രിച്ചു നിര്‍ത്തുന്നവര്‍ നിരവധിയാണ്.കാലം മാറിയപ്പോള്‍ ശാരീരികാധ്വാനങ്ങള്‍ യന്ത്രങ്ങള്‍ക്കു വഴിമാറുകയും അതോടൊപ്പം പുതിയരോഗങ്ങള്‍ കടന്നുവരികയും ചെയ്തു.ഒരു സാധാരണ കുടുംബിനിക്ക് പോലും വീട്ടുജോലികളുടെ ഭാരം കുറയ്ക്കാന്‍ സൌകര്യങ്ങള്‍ ഏറെയാണിന്ന്.ആഴക്കിണറുകളില്‍നിന്ന് വെള്ളം കോരിയെടുക്കുകയും അവ തലച്ചുമടായി വീട്ടിലെത്തിക്കുകയും ചെയ്ത പഴയ തലമുറയും, അതിരാവിലെ മുറ്റമടിക്കാന്‍ പെണ്‍കുട്ടികളെ ശീലിപ്പിച്ച മുത്തശ്ശിമാരും, കാട്ടിലും പറമ്പിലും കുന്നിന്ചെരുവുകളിലും പോയി വിറകു ശേഖരിച്ചു വന്ന സ്ത്രീകളും, ക്ഷീണിതരായ അവരെത്തന്നെ കാത്ത് അടുക്കളയില്‍ കിടന്ന അമ്മിയും ഉരലും...അങ്ങനെ നിത്യജീവിതത്തിന്റെ പങ്കപ്പാടുകളിലൂടെ 'വ്യായാമം' കടന്നുപോയ ഒരു കാലഘട്ടമുണ്ടായിരുന്നല്ലോ..!പുതിയ കാലത്തില്‍ ഇത് പണം മുടക്കിയുള്ള ജിമ്മും ട്രാക്സുട്ട് ധരിച്ച് പത്താള്‍ കാണുംവിധമുള്ള 'റോഡ്ഷോ'യുമായി! വന്‍കുടല്‍-സ്തന കാന്‍സറുകളെ ചെറുക്കാന്‍ വ്യായാമത്തിന് കഴിയുമെന്നത് തെളിയിക്കപ്പെട്ട സംഗതിയാണ്.'വിയര്‍പ്പു കുപ്പായം' ധരിച്ചുള്ള വ്യായാമം ( ശരീരം നന്നായി വിയര്‍പ്പിക്കുന്ന ഏത് വ്യായാമവും) വന്‍കുടല്‍ കാന്‍സറിന്റെ ആക്രമണത്തെ 25% വും സ്ത്രീകളിലെ ആര്‍ത്തവവിരാമത്തിന് ശേഷമുള്ള സ്തന കാന്‍സറിനെ 80% വും കുറക്കുന്നു എന്ന് പഠനങ്ങള്‍ പറയുന്നു.
8) വെയില്‍ വില്ലനാകുമ്പോള്‍..

അമിതമായി സൂര്യതാപമേല്‍ക്കുന്നത് മൂലം കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ കാന്‍സര്‍ പ്രശ്നങ്ങള്‍ ഇരട്ടിച്ചത് ഇതിന്റെ ഗൌരവം സൂചിപ്പിക്കുന്നു.ആധുനികയുവതയുടെ ചര്‍മപരിഷ്ക്കാര പ്രവണതകള്‍ കാന്‍സര്‍ വളര്‍ത്താന്‍ സഹായിക്കുന്നു എന്നാണ് ബ്രിട്ടനിലെ കാന്‍സര്‍ റിസര്‍ച്ച് സെന്‍റെര്‍ വെളിപ്പെടുത്തുന്നത്.വെയില്‍ കൊള്ളിച്ച് തൊലി കറുപ്പിക്കുന്ന പുതിയൊരു 'സ്റ്റൈല്‍' പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വ്യാപകമാവുകയാണത്രെ! സണ്‍ബെഡിന്റെ ഉപയോഗം അടുത്തകാലത്ത് കൂടിയതായുള്ള ഒരു മാര്‍ക്കറ്റിംഗ് കമ്പനിയുടെ റിപ്പോര്‍ട്ട് ഇതോടൊപ്പം ചേര്‍ത്തു വായിക്കാം.കണ്ണുകള്‍, തലയോടുചര്‍മം, പാദങ്ങള്‍ തുടങ്ങി ശരീരത്തിലെ പ്രധാനവും കൂടുതല്‍ സംവേദനക്ഷമവുമായ ഭാഗങ്ങള്‍ സൂര്യതാപമേല്‍ക്കുന്നതില്‍ നിന്ന് സംരക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
9) സുരക്ഷിത ലൈംഗികത

അരക്ഷിതമായ ലൈംഗികജീവിതം കാന്‍സറിലേക്ക് നയിക്കുമെന്നാണ് ശാസ്ത്രം.80% വരെ കരള്‍ കാന്‍സറിനു കാരണമാക്കപ്പെടുന്നത് ഹെപ്പറ്ററ്റിസ് ബി, ഹെപ്പറ്ററ്റിസ് സി എന്നീ അണുബാധകളാണ്.സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങള്‍ ഹ്യുമണ്‍ പപ്പിലോമ വൈറസ് (HPV)പരത്തുകയും അതിന്റെ ആക്രമണം എണ്ണമറ്റ മറ്റു കാന്‍സറുകളിലേക്ക് നയിക്കുകയും ചെയ്യും.ഗര്‍ഭാശയം, യോനി തുടങ്ങിയ സ്ത്രീലൈംഗികാവയവങ്ങളെ ബാധിക്കുന്ന കാന്‍സറുകള്‍ക്ക് മുഖ്യ കാരണം വഴിവിട്ട ലൈംഗികത യാണെന്നാണ് ഇതു സംബന്ധിച്ച പഠനങ്ങള്‍.സ്വകാര്യവും ധാര്‍മികവുമായ ലൈംഗികജീവിതത്തെയാണ് ഇവിടെ 'സുരക്ഷിത ലൈംഗികത' എന്നത് കൊണ്ടു ഉദ്ദേശിച്ചിരിക്കുന്നത്.പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടില്‍ ഇത്, സംശുദ്ധമായ കുടുംബജീവിതത്തിനപ്പുറം നിരോധന മാര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള വേഴ്ചയാണല്ലോ!
10) മാരകം, മലിനീകരണം
പുകവലി,മദ്യപാനം,സൂര്യതാപം തുടങ്ങിയവയോടൊപ്പം കാന്‍സര്‍ രോഗാക്രമണത്തിന് അണിയറയില്‍ വര്‍ത്തിക്കുന്നവനാണ് അന്തരീക്ഷമലിനീകരണം. സാങ്കേതികവിപ്ലവം, വ്യവസായവല്‍ക്കരണം എന്നിവ മനുഷ്യജനതക്ക് കൂടുതല്‍ ജീവിതസൌകര്യങ്ങള്‍ നല്‍കിയെങ്കിലും അവന്‍ അധിവസിക്കുന്ന പരിസ്ഥിതിയെ മലിനമാക്കുന്നതിലും അത് പങ്കുവഹിച്ചു.വികസനത്തിന്റെയും തൊഴിലവസരങ്ങുളുടെയും പേരില്‍ ജനനിബിഡമായ പ്രദേശങ്ങളില്‍ ഫാക്ടറികള്‍ തുറന്ന് മണ്ണിനെയും വിണ്ണിനെയും ജലസ്രോതസ്സുകളെയും വിഷലിപ്തമാക്കുന്ന പ്രവണതകള്‍ അധികരിച്ചുവരുമ്പോള്‍ പൌരന്‍റെ സുരക്ഷിത-ക്ഷേമ ജീവിതം ഉറപ്പാക്കേണ്ട ജനായത്ത സര്‍ക്കാറുകള്‍ സ്വാര്‍ത്ഥ ലകഷ്യങ്ങള്‍ക്ക് വേണ്ടി ഈ ശക്തികളെ എല്ലാ അര്‍ത്ഥത്തിലും സംരക്ഷിക്കുകയും ചെയ്യുന്നു.

മലിനീകരണം നിമിത്തം 3% ജനങ്ങള്‍ ശ്വാസകോശാര്‍ബുദ ബാധിതരായിത്തീരുന്നു എന്നാണ് കണക്ക്.വികസിതമാവാത്ത രാജ്യങ്ങളില്‍ പോലും കുടുംബത്തിലെ എല്ലാ അംഗത്തിനുമെന്ന നിലയില്‍ കൈവരുന്ന വാഹന പര്യാപ്തത,വരും കാലങ്ങളില്‍ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളുടെ വ്യാപനം വര്‍ധിപ്പിക്കുകയെ ഉള്ളൂ. കാരണം, അന്തരീക്ഷ മലിനീകരണത്തില്‍ വാഹനങ്ങള്‍ പുറന്തള്ളുന്ന പുകയുടെ പങ്ക് ചെറുതല്ല. ഈ പശ്ചാത്തലത്തില്‍ കാന്‍സര്‍ റിസേര്‍ച്ച് സെന്‍റെര്‍ ലോകജനതയെ ഉപദേശിക്കുന്നത്, സ്വന്തമായ വാഹനോപയോഗം കുറയ്ക്കാനും പകരം, നടത്തം സൈക്കിള്‍ പൊതുഗതാഗത മാര്‍ഗങ്ങള്‍ എന്നിവ ഉപയോഗിക്കാനുമാണ്. അന്തരീക്ഷമലിനീകരണം തടയുന്നതില്‍ ഓരോ വ്യക്തിക്കും സുപ്രധാന പങ്കുണ്ടെന്നും അത് സ്വന്തത്തെ മാത്രമല്ല,പിഞ്ചുകുഞ്ഞുങ്ങളെ പോലും ഭീകര രോഗങ്ങളില്‍ നിന്ന് രക്ഷിക്കുമെന്നും സംഘടന പറയുന്നു.
11) അണുക്കള്‍ക്ക് കടിഞ്ഞാണ്‍
പത്തില്‍ ഒന്ന് കാന്‍സര്‍ കേസുകളിലും അണുബാധകളാണ് വില്ലന്‍.ഹുമണ്‍ പെപ്റോമിയ വൈറസ് (HPV
ഉന്‍മൂലനം ചെയ്യപ്പെട്ടിരുന്നെങ്കില്‍ ഗര്‍ഭാശയ കാന്‍സറിനെ ഒഴിവാക്കാനാകുമായിരുന്നു എന്നാണ് ശാസ്ത്രഞ്ഞരുടെ വാദം. ഹെലികോ ബാക്ടര്‍ പൈലറി പോലുള്ള വൈറസ് ആമാശയ കാന്‍സറിനു 50% വരെ കാരണമാകുന്നുവെന്ന കണ്ടെത്തല്‍ അണുമുക്തമായ ജീവിത പരിസ്ഥിതിയുടെ പ്രാധാന്യമാണ് വ്യക്തമാക്കുന്നത്.
12) ചതിക്കുന്ന ചമയങ്ങള്‍
അനുദിനം മാറുന്ന സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ ആധുനിക മനുഷ്യനെ എത്തിച്ചിരിക്കുന്നത് അനവധി രോഗങ്ങളുടെ നടുമുറ്റത്താണ്.ആഗോള ബിസിനസ് ഭീമന്‍മാരുടെ സാമ്പത്തിക-ചൂഷണ മനസ്ഥിതികള്‍ സാധാരണക്കാരന്റെ ജീവിതശൈലികള്‍ നിര്‍വചിക്കുകയും നിയന്ത്രിക്കുകയും ചെയ്തപ്പോഴാണ് ഉല്‍പ്പന്നങ്ങളില്‍ ഒളിച്ചിരുന്ന ഒട്ടനവധി ഘടകങ്ങള്‍ അവന്‍റെ ജീവന് ഭീഷണിയുയര്‍ത്തിയത്.കഴിഞ്ഞ ഒരു ദശകത്തിന്‍റെ കാലയളവില്‍ വായ് കാന്‍സര്‍ ഏറെക്കുറെ 25% വര്‍ധിച്ചിരിക്കുന്നുവെന്നു സര്‍വേകള്‍ വെളിപ്പെടുത്തുന്നു.ഇത് പഠന വിധേയമാക്കിയ രോഗികള്‍ ആരുംതന്നെ പുകവലിക്കാരോ മദ്യപാനികളോ അല്ലായിരുന്നു എന്നതാണ് ആശ്ചര്യകരം!
പരസ്യങ്ങളുടെ സ്വാധീനംനിമിത്തം ജീവിതശീലങ്ങളായി മാറിയ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ അര്‍ബുദത്തിനു കാരണമാക്കുന്നുവെന്ന കണ്ടെത്തല്‍ അപകടകരമായ ആധുനിക ജീവിതത്തിന്‍റെ ശൈലീഭംഗങ്ങള്‍ അന്നവരണം ചെയ്യുന്നു.ഒരു ശരാശരിസ്ത്രീ ദിവസവും അവളുടെ ശരീരത്തില്‍ 175 ഓളം രാസവസ്തുക്കള്‍ പ്രവേശിപ്പിക്കുന്നുണ്ടത്രെ! സൗന്ദര്യവര്‍ധക വസ്തുക്കളിലൂടെയാണ് ഇതില്‍ ഭൂരിഭാഗവും. ഈ സൗന്ദര്യവര്‍ധക വസ്തുക്കളിലടങ്ങിയിരിക്കുന്ന വിവിധ രാസവസ്തുക്കളും, ഇരട്ടിയിലധികം അളവില്‍ ആല്‍ക്കഹോള്‍ ചേര്‍ത്ത ചില 'മൌത്ത് വാഷു'കളും വായ്‌കാന്‍സറിലേക്കും മറ്റു അര്‍ബുദങ്ങളിലേക്കും നയിക്കുന്നവയാണെന്നാണ് ഗവേഷകര്‍.
ഈര്‍പസ്വഭാവത്തിലും വര്‍ഷങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാവുന്നതുമായ കോസ്മെറ്റിക് വസ്തുക്കള്‍ സ്തനാര്‍ബുദത്തിന് വഴിവെക്കുന്നതായും തെളിഞ്ഞിട്ടുണ്ട്.
ഇനി രണ്ട് ചോദ്യങ്ങള്‍: പണം നല്‍കി പാഷാണം വാങ്ങണോ? കുത്തകകള്‍ കുത്തിയ ചതിക്കുഴികളില്‍ വീഴണോ?
ആത്മപരിശോധനക്ക് വിടുക. പ്രകൃതിയോടു വികൃതി കാട്ടാതിരിക്കുകയും അതിനെ സ്നേഹിക്കുകയും പ്രകൃതി തരുന്ന സംശുദ്ധപൂര്‍ണമായ ( പരസ്യ വാചകമല്ല) വസ്തുക്കള്‍ ജീവിതത്തിന്‍റെ ഭാഗമാക്കുകയും ചെയ്‌താല്‍ കാന്‍സറിന്റെ കരാളഹസ്തങ്ങളില്‍ നിന്ന് ഏല്ലാവര്‍ക്കും മോചിതരാകാം..
1 comment:
റഫീക്ക് മാഷ് ഏതു പത്രത്തിന്റെ ലേഖകന്‍ ആയിരുന്നു?
കാന്‍സര്‍ ലേഖനത്തിന്റെ തലക്കെട്ടും ഉപ തലക്കെട്ടുകളും നല്ല പത്രഭാഷ തന്നെ
നന്ദി
Post a Comment