ഇരുണ്ട വന്‍കരയുടെ ജീവിത തീരത്ത്...2
(പ്രവാസിയുടെ ഡയറിക്കുറിപ്പുകള്‍)
ഭീതിയുടെ കനല്‍ കോരിയിട്ടു കൊണ്ടാണ് ആ മൂവര്‍ സംഘം എന്നോട് വിടപറഞ്ഞത്. ഓര്‍മകളിലെക്കാലവും ഒട്ടിനില്‍ക്കുന്ന തിക്താനുഭവം ഒരിക്കലും ഈ യാത്രയില്‍ പ്രതീക്ഷിച്ചിരുന്നതേയല്ല.

ആസകലം ക്ഷീണംപേറി ജോഹാനസ്ബര്‍ഗിലേക്കുള്ള കൌണ്ടറിലെത്തുമ്പോള്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. മലയാളിച്ചുവയുള്ള ഒരു മുഖംപോലും കണ്ടില്ല, സമാധാനിക്കാന്‍.. ചെറിയ നെഞ്ചിടിപ്പ്. കാണാത്ത ഭൂമിയിലേക്ക് നുണയാത്ത ഭാഷയറിയാതെയാണ് ഇനി പറക്കല്‍. ഹൃദയമിടിപ്പുകള്‍ കൂടവേ, അറിയാആള്‍രൂപങ്ങള്‍ക്കൊപ്പം ഞാനും യാന്ത്രികമായി മുന്നോട്ടുപോയി..
*** *** ***

ദേശ ഭാഷകളുടെ വര്‍ണമാനങ്ങള്‍ ഓരോ സഹായാത്രികരുടെയും മുഖങ്ങളില്‍ നിഴലിച്ചു കണ്ടു. കൂടുതലും പാശ്ചാത്യരും കറുത്ത വംശജരും. അവരില്‍ പലരും മദ്യം മോന്തിക്കുടിച്ചിട്ടും മനോനില തെറ്റാതെ ആകാശയാത്ര ആസ്വദിക്കുന്നത് പോലെ..
ചിലര്‍ സംഗീത ലഹരിയിലാണ്. കുറച്ച് 'വെള്ളപിള്ളേര്‍' മിനിസ്ക്രീനില്‍ വിരല്‍ ചലിപ്പിച്ച് ഗയിം കളിക്കുന്നു. ''ഒന്നും ശീലമില്ലല്ലോ..!'' എന്‍റെ ആത്മഗതം.
മുഷിപ്പ് മാറ്റാം എന്ന മനസ്സോടെയാണ് തോളുരുമ്മിയിരുന്ന യാത്രികനെ പരിചയപ്പെട്ടത്. ചെന്നൈയില്‍ നിന്നുള്ള വിക്ടര്‍ എലീസ. 'അന്ഗോള' യെന്ന ആഫ്രിക്കന്‍ രാജ്യത്ത് ഒരു ഷിപ്പിംഗ് കമ്പനിയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. ആംഗലത്തില്‍ ആരംഭിച്ച ഞങളുടെ പരിചയപ്പെടല്‍ മലയാളത്തിലേക്ക് വഴിമാറിയത് പെട്ടെന്നാണ്. തിരുവനന്തപുരത്ത് ഏറെക്കാലം പ്രവര്‍ത്തിച്ചത് കൊണ്ട് തമിഴ് ചുവ മാറി നല്ല മലയാളത്തില്‍ തന്നെ വിക്ടര്‍ സംസാരിച്ചു. ഒരു കൂട്ട് കിട്ടിയതില്‍ എന്‍റെ സന്തോഷത്തിനു അതിരുണ്ടായില്ല. ദക്ഷിണാഫ്രിക്ക വരെ ഇനിയിദ്ധേഹം ഒപ്പമുണ്ടല്ലോ! നിരവധി വിഷയങ്ങളും വിശേഷങ്ങളും പങ്കുവച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു.
*** *** ***
ചില്ലിട്ട ജാലകം മെല്ലെത്തുറന്നപ്പോള്‍ സൂര്യകിരണങ്ങള്‍ വന്ന് മുഖത്ത് പതിച്ചു. താഴെ മേഘക്കൂട്ടങ്ങള്‍ ഉരുണ്ടു നീങ്ങുന്നു. തൂവെള്ളയും ഇളം നീലയും ചേര്‍ന്ന 'മേഘപ്പഞ്ഞികള്‍' വിമാനച്ചിറകുകളില്‍ പറ്റിപ്പിടിച്ചത് പോലെ..

പൊടുന്നനെ കാഴ്ചകളില്‍ നിന്ന് കുതറി എന്‍റെ ചിന്തകള്‍ കുടുംബത്തിലേക്ക് കുതിച്ചുപോയി. നാടു വിട്ട് ഇന്നേക്ക് ഒന്നര ദിവസം കഴിഞ്ഞിരിക്കുന്നു. ഒരു വിവരവും ലഭിക്കാതെ ഉരുകിത്തീരുകയാവും കുടുംബം. ദുബായില്‍ നിന്ന് ഇക്ക വിളിച്ചു കാണുമെങ്കിലും..
ഉമ്മയുടെ ഭേജാറുകളാണ് വല്ലാതെ നൊമ്പരപ്പെടുത്തിയത്. പതിതമായ ഹൃദയത്തിലേക്കപ്പോള്‍ ആരോ പ്രവാസത്തിന്‍റെ കനലൂതുന്നതായി എനിക്കനുഭവപ്പെട്ടു.
ഗൃഹാതുരത്വത്തിന്‍റെ വേവും വേവലാതികളും നിറച്ച മസ്തിഷ്കം പിന്നെയും എന്നെ മയക്കത്തിലേക്കു മടക്കിവിളിച്ചു. പിന്നെ പലപ്പോഴും നേര്‍ത്ത ജലകണം പോലെ അബോധ മനസ്സിലേക്കറ്റുവീണ അനൌണ്സ് മ്യൂസിക് ഇമകളെ മെല്ലെ തഴുകിയുണര്‍ത്തി. ക്യാബിന്‍ ക്രൂവിനുള്ള അറിയിപ്പുകള്‍. ഇടയ്ക്കിടെ വന്നു കൊണ്ടിരുന്നു, അവ സാന്ദ്രമായി..
കുളിരും സുഗന്ധവും മടക്കിവച്ച ഡിസ്പോസിബിള്‍ തുവാലയില്‍ മുഖം തുടച്ച് പ്രസന്നനായി സ്വപ്നങ്ങളിലേക്ക് യാത്രയാകവേ, പിന്നെയും കണ്ടു, സ്ക്രീനില്‍ ആകാശ സഞ്ചാരത്തിന്‍റെ പുതിയ പുരോഗതികള്‍. പച്ച പൂശിയ സ്ക്രീന്‍ പശ്ചാത്തലത്തില്‍ വെളുത്ത സ്രാവ് പോലെ കുതിച്ചു പോകുന്നു,
ഇന്ത്യന്‍ മഹാസമുദ്രം സ്പര്‍ശിച്ച് താന്‍സാനിയയുടെ തലസ്ഥാനമായ 'ദാറു സ്സലാമി'ലേക്ക്..
സേവന സന്നദ്ധയെന്നോണം ഞങ്ങള്‍ക്കഭിമുഖം പ്രത്യേക സീറ്റില്‍ പ്രസന്ന വദനയായിയിരിക്കുന്ന എയര്‍ ഹോസ്റ്റസിനോട് ശുദ്ധജലം വരുത്തി ക്ഷീണമറ്റി. മുന്‍സീറ്റിന്‍റെ പിന്നറയില്‍ തിരുകിവച്ചിരുന്ന ഫ്ലൈറ്റ് മാഗസിനുകള്‍ വെറുതെ മറിച്ചു കണ്ടു. ഹെഡ്സെറ്റ് വച്ച് അല്‍പം സംഗീതവും. ഒരേ ഇരുപ്പില്‍ ശരീര ഭാഗങ്ങള്‍ തരിച്ചു പോയിരിക്കുന്നു. ഒരു പരുക്കന്‍ തറയില്‍ കിടന്നുരുളണമെന്ന് തോന്നി, പേശികള്‍ വേദനിച്ചപ്പോള്‍..
അവ്യക്തമായി മെയിലുകളോളം പരന്നു കിടക്കുന്ന മൊട്ടക്കുന്നുകളും മലനിരകളും കണ്ടപ്പോള്‍ അവ കനകം കായ്ക്കും ഖനിപ്രദേശങ്ങളായിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ നിക്ഷേപമുള്ളത് ഈ വന്‍കരയിലാണെന്ന് പണ്ടെവിടെയോ വായിച്ച കാര്യം തകട്ടിവന്നു. ഓരോ ചെറിയ ഇടവേള പിന്നിട്ട് ആകാശത്ത് നിന്നുള്ള വിമാനവരോഹണം അനുഭവേദ്യമായപ്പോള്‍ ലാന്‍ഡിങ്ങിനുള്ള ലാഞ്ചനയാണെന്ന് മനസ്സിലായി. നഗര ദൃശ്യങ്ങള്‍ നഗ്നമായിവന്നു.
പുക തുപ്പിക്കൊണ്ടിരിക്കുന്ന വ്യവസായ ശാലകള്‍, അംബരചുംബികളായ കെട്ടിടങ്ങള്‍, ഉറുമ്പിന്‍ വരി പോലെ നിരയായ് നീങ്ങുന വാഹനങ്ങള്‍... എല്ലാം നിമിഷാര്‍ദ്ധമാണ് കണ്ണുകളിലൂടെ ഒളിച്ചോടിയത്.
(അടുത്തത്: കാപ്പിരികളുടെ നാട്ടിലേക്ക്..)
4 comments:
വരികള്‍ക്കിടയിലൂടെ മനസും കൂടെപ്പോരുന്നു.താങ്കളുടെ കൂടെ ഒന്നിച്ചു യാത്ര ചെയ്യുന്ന പ്രതീതി!!അത്രക്കും നല്ല അവതരണം. വൈകാതെ ബാക്കി കൂടി പോസ്റ്റുക. കാത്തിരിക്കുന്നു.
മാധ്യമം പത്രത്തില്‍ അബ്ദു സാഹിബ് എഴുതിയ പോലെ, ഒരു നല്ല ബ്ലോഗ് ആകാനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞു കിടപ്പുണ്ട്.
layout ഒന്ന് മാറ്റിയാല്‍ കുറച്ചു കൂടി ഭംഗി വരുത്താമെന്ന് തോന്നുന്നു.
റഫീക്ക് നന്നായിരിക്കുന്നു.അല്ല വളരെ നന്നായിരിക്കുന്നു.തുടര്‍ ഭാഗങ്ങള്‍ പെട്ടെന്ന് പുറപ്പെടുമെന്ന്‍ കരുതി കാത്തിരിക്കുന്നു.എല്ലാവിധ ആശംസകളും
Rafeeq... enthu parayanaa.. valare nalla oru yathra vivaranam.. nannayittundu... ninte koode njaanum south africa yil enthiya poley .. :-) ivide irunnu bore adikunnu.. kappirikalude naattil ethan drithi aakunnu.. :-) pettennayikkottey
dosth, visadamaayi vaayikkaaan samayam kittiyilla , ennaalum puthiya nattukaaranaaya bloggerkku aasamamsakal....
Post a Comment