ഈ എഴുത്തുപുരയില്‍..

25 April 2022

ആഫ്രിക്കൻ പ്രവാസത്തിലെ റമസാൻ കാലങ്ങൾ

അറേബ്യൻ മണ്ണിലിരുന്ന് വ്രതകാലം ഓർക്കുമ്പോൾ മനോമുകുരത്തിൽ മധുരിക്കുന്നത് ആഫ്രിക്കൻ പ്രവാസമാണ്. 

പതിനേഴു വർഷം മുമ്പുള്ള ആ റമസാൻ സ്മരണകൾക്ക് ഗൃഹാതുരതയുടെ നൊമ്പരങ്ങൾക്കും ആഹാരപ്പെരുമകളുടെ വീരസ്യങ്ങൾക്കുമപ്പുറം ആരാധനാ തൽപ്പരതയിൽ ഒരു ജനത എന്നിൽ ആശ്ചര്യപ്പെടുത്തിയ ചിത്രങ്ങളുണ്ട് !

തെക്കനാഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ 2004 ൽ ആയിരുന്നു ഞാൻ ജോലി നേടിയെത്തിയത്. 
രാജ്യതലസ്ഥാനമായ 'മപ്പുട്ടോ'വിൽ നിന്ന് 1200 കി.മീ അകലെയുള്ള സുപ്രധാന നഗരമായ 'ബൈറ'യിലായിരുന്നു ആദ്യ നിയമനം. 
തദ്ദേശിയരുടെ ജീവിത രൂപങ്ങൾ ആഫ്രിക്കൻ പ്രവാസത്തിന്റെ ആദ്യ സമയങ്ങളിൽ എനിക്ക് ഉൾക്കൊള്ളാനായില്ലെങ്കിലും, മാസങ്ങൾക്കു പിറകെ വന്നെത്തിയ റമസാൻ കാലം അതിവിദൂരമായ ആ അവികസിത രാജ്യത്തെ
വൈയക്തികമായ മനം മടുപ്പുകൾക്കു
വേഗതയിൽ തടയിട്ടു. 

കുത്തഴിഞ്ഞ ജീവിതവുമായി കഴിഞ്ഞു പോകുന്ന ഒരു ജനതയിലെ മുസ്‌ലിം പരിഛേദം, വ്രതമാസം ആഗതമായതോടെ വ്യത്യസ്ഥരായി. പേരു കൊണ്ടു പോലും തിരിച്ചറിയാത്ത അവിടുത്തെ ഇസ്‌ലാം വിശ്വാസികളെ വേഷം കൊണ്ട് പരിണിതപ്പെടുത്തുകയായിരുന്നു 
വിശുദ്ധ മാസം ! 

ഏതൊരു റമസാൻ വിരുന്നെത്തുമ്പോഴും ആഗോള തലത്തിൽ വിശ്വാസികൾക്കുള്ളിൽ ഉണ്ടാകുന്ന ആത്മീയമായ ഉണർവ് ഇവിടെ ഞാൻ കണ്ടത് അവരുടെ വേഷവിധാനങ്ങളിലായിരുന്നു.

ദരിദ്ര ജനതയായിട്ടു കൂടി പടിഞ്ഞാറിന്റെ വസ്ത്ര സംസ്കാരം അതേപടിയോ അതിലപ്പുറമോ മറ്റുള്ളവരോടൊപ്പം അനുകരിച്ച മുസ്‌ലിംകൾ, വ്രതമെത്തിയതോടെ അമ്പരിപ്പിക്കും വിധം അമ്പാടെ മാറി ! പർദ്ദകളിലേയ്ക്കും ഹിജാബുകളിലേയ്ക്കും മറ്റു മാന്യമായ വസ്ത്രധാരണകളിലേയ്ക്കും നടപ്പുരീതികൾ ചിട്ടപ്പെടുത്തിയാണ് മുസ്‌ലിം സ്ത്രീകൾ പാതയോരങ്ങളിൽ പ്രതൃക്ഷപ്പെട്ടത് !

ബാങ്കുകളിലും കച്ചവട സ്ഥാപനങ്ങളിലും ഓഫീസുകളിലും സ്ഥിരമായി കണ്ടുമുട്ടിയിരുന്ന ജീവനക്കാരിൽ പലരും മുസ്‌ലിം വിഭാഗത്തിൽ പെട്ടവരാണെന്ന യാഥാർഥ്യം മനസ്സിലാക്കിത്തരാൻ വിശുദ്ധ മാസം വരേണ്ടി വന്നു !

ജോലിയുടെ ഭാഗമായി മാർക്കറ്റ് പഠനത്തിന് നിർദേശം ലഭിച്ച ചില റമസാൻ പകലുകളിൽ 'ബൈറ' പ്രവിശ്യയുടെ തിരക്കേറിയ നഗരവൃത്തതിൽ ചുറ്റിയ എനിയ്ക്ക്, നീഗ്രോകളെ കുറിച്ചുള്ള മതവിശ്വാസ ധാരണകൾ പൊളിച്ചെഴുതേണ്ട കാഴ്ചകൾ കാണാനിടയായി.
ആരാധനകളിലും അനുബന്ധമായ കർമങ്ങളിലും കേരളീയർക്കുള്ളത്ര ഇഷ്ടവും നിഷ്ഠയും മറ്റാർക്കുമില്ലെന്ന എന്റെ അബദ്ധ ധാരണകളെ ആ ആഫ്രിക്കൻ നഗരത്തിൽ വെച്ച് വലിച്ചെറിയേണ്ടി വന്നു !

ഇറക്കുമതി സാധനങ്ങൾ വലിയ തോതിൽ വിൽപനയ്ക്കു വച്ച ഒരു വസ്ത്രക്കടയിൽ ഒരിക്കൽ എന്റെ 'മിഷൻ' ഉള്ളിലൊളിപ്പിച്ച് കയറിയപ്പോൾ ഖുർആൻ പാരായണത്തിൽ മുഴുകിയ ചുണ്ടുവരണ്ട കറുത്തുതടിച്ച ഒരു മനുഷ്യനെ കണ്ടു. കച്ചവടത്തിരക്കിനിടയിലും ചെറിയൊരു മുസ്ഹഫ് നിവർത്തി വെച്ച് പാരായണത്തിൽ മുഴുകിയിരിക്കുകയായിരുന്നു അദ്ദേഹം. ഇടയ്ക്കിടെ മുഖമുയർത്തി കടയ്ക്കുള്ളിലെ കാര്യങ്ങൾ സശ്രദ്ധം വീക്ഷിക്കുന്നുണ്ടായിരുന്നു ഉടമസ്ഥനെന്ന് തോന്നിപ്പിച്ച ആ നൈജീരിയൻ വംശജൻ.

ഒറ്റപ്പെട്ടതെന്നു കരുതിയെങ്കിലും, മനസ്സിന് രോമാഞ്ചമുണ്ടാക്കുന്ന കാഴ്ചകൾ തന്നെയാണ് അന്നത്തെ തുടർ സഞ്ചാരങ്ങളിൽ കണ്ണുകളിൽ പതിഞ്ഞത്. അവരുടെ അധീനതയിലുള്ള ഒട്ടുമിക്ക വ്യാപാര കേന്ദ്രങ്ങളിലും വിശുദ്ധ സൂക്തങ്ങളിൽ ആത്മീയ നിർവൃതിയടയുന്ന ആഫ്രിക്കൻ വംശജരെ ഞാൻ കാണാനിടയായി. 
മാത്രമല്ല, നിർമാണത്തിലിരിക്കുന്ന ചില കെട്ടിടങ്ങളുടെ പാർശ്വങ്ങളിൽ 
നിസ്ക്കാരത്തിനായി പ്രത്യേകം തയ്യാറാക്കിയ ടെന്റുകളിൽ പോലും കൊടും ചൂടു വകവയ്ക്കാതെ കൂട്ടമായി ഇരുന്ന് ഖുർആൻ പാരായണത്തിൽ മുഴുകിയ കറുത്ത വംശജർ , നമ്മുടെ നാടുകളിലെ പൗരാണികമായ പള്ളികളിലെ ഇഅതികാഫുകളേയാണ് ഓർമിപ്പിച്ചത്.

ബൈറയിലേയും തലസ്ഥാന നഗരമായ മപ്പുട്ടോവിലേയും വ്യത്യസ്ഥമായ മസ്ജിദുകളിലെ ആരാധനാ വൈവിധ്യങ്ങൾ മൂന്നര വർഷക്കാലത്തെ
മൊസാംബിക്കൻ പ്രവാസത്തിൽ നിന്ന്
അനുഭവിച്ചറിയാനായിട്ടുണ്ട്. 

വിവിധ ഇസ്‌ലാമിക രാജ്യങ്ങളിലെ ധനാഢ്യരുടേയും മൊസാംബിക് മുസ്‌ലിം വ്യവസായികളുടേയും സഹകരണത്തിൽ നിർമിക്കപ്പെട്ട പട്ടണത്തിലെ വലിയ പള്ളികളിലും ഗ്രാമീണ മേഖലയിലെ ചെറിയ പള്ളികളിലും ജുമുഅഃ /തറാവീഹ് നിസ്കാരങ്ങൾക്ക് പങ്കെടുത്ത പ്രവാസകാലങ്ങളിൽ നിന്ന് അനുഭവേദ്യമായിട്ടുള്ളത്, സുന്നീ വിശ്വാസധാരകളുടെ സാധൂകരണവും നിർവഹണവുമാണ്.

വിശ്വാസികളുടെ ജ്ഞാന ശാക്തീകരണത്തിനു വേണ്ടിയുള്ള ഉദ്ബോധനങ്ങൾക്ക് മാത്രം ദേശീയ/ പ്രാദേശിക ഭാഷകൾ തെരഞ്ഞടുക്കുകയും ആരാധനാ
സംബന്ധമായവയ്ക്ക് അറബി ഭാഷ തന്നെ ഉപയോഗിക്കുകയും ചെയ്യുന്ന രീതി ഇവിടെയും കണ്ടു. 

തറാവീഹിന്റെ എണ്ണത്തിലും നിർവഹണത്തിലും ആഗോള മുസ്‌ലിം സമൂഹം അനുവർത്തിക്കുന്ന രീതിയും എന്റെ ആഫ്രിക്കൻ നോമ്പോർമകളിൽ ആത്മീയ ചൈതന്യം നിറയ്ക്കുന്നു.

ബൈറയിൽ താമസിച്ചിരുന്ന നാളുകളിൽ വാടകയ്ക്കെടുത്ത വില്ലയുടെ അയൽവാസിയായിരുന്ന 
മൊസാംബിക്കൻ പൗരത്വമുള്ള
ഇന്ത്യൻ വംശജരായ മുസ്‌ലിം കുടുംബം ഇടയ്ക്കിടെ അവരുടെ വീട്ടിലെ ഭക്ഷണം എത്തിച്ചു തരുമായിരുന്നു. റമസാനിൽ പ്രത്യേക വിഭവങ്ങൾ തന്ന് സൽക്കരിച്ചു കൊണ്ടുളള അവരുടെ സ്നേഹവും ആതിഥ്യവും , കേരളീയർ നന്നേ വിരളമായിരുന്ന ആ ആഫ്രിക്കൻ ദേശത്തെ എന്റെ സ്വകാര്യ വിരഹങ്ങളിൽ വിശിഷ്ടമായ രുചിഭേദങ്ങളായി ഇന്ന് സ്മരണകളിലുണരുന്നു!

വിവിധ തരം മാങ്ങകളും മധുര നാരങ്ങയും ഉൾപ്പടെ സ്വാദിഷ്ടമായ പഴവർഗങ്ങൾ ഗുണമേന്മയിലും വിലക്കുറവിലും ധാരാളം ലഭിക്കുന്ന മൊസാംബിക്കിൽ ഒന്നരപ്പതിറ്റാണ്ടു മുമ്പത്തെ ആ ആദ്യ പ്രവാസത്തിലെ വ്രതകാലം ഇന്നും ഹൃദയതീരങ്ങളിൽ മധുരം ചൊരിയുന്നു !!
..................................................
(2022 ഏപ്രിൽ 15 ന് സിറാജ് ദിനപത്രം ദുബൈ എഡിഷനിൽ പ്രസിദ്ധീകരിച്ചത് )
 

No comments: