ഈ എഴുത്തുപുരയില്‍..

23 March 2022

മുൻസീറ്റിൽ നിന്ന് മുന്നേ പോയവർ...

മരണം കൂട്ടിക്കൊണ്ടുപോയാലും സ്മരണകളിൽ ജീവിക്കുന്നവർ ഏറെയുണ്ട്. കാലമേറെ കഴിഞ്ഞാലും, ജീവിതപ്പടവുകളിൽ അവർ പകർത്തി വച്ച നിമിഷങ്ങൾ നൊമ്പരങ്ങളുടെ ഇരമ്പുന്ന സാഗരമായി മനസ്സിൽ അലയടിക്കും.

ഇതോടൊപ്പം ചേർത്ത വീഡിയോയിൽ എന്റെ ഒരാത്മ മിത്രത്തിന്റെ ദൃശ്യമുണ്ട്. ദിവംഗതനായ, തൃശൂർ ചെന്ദ്രാപ്പിന്നി ചാമക്കാല സ്വദേശി മർഹൂം. ശിഫാറിന്റെ ജീവൽസ്പന്ദങ്ങൾ ! കൂട്ടുകാരോടൊപ്പമുള്ള യാത്രയിൽ നിന്ന് പകർത്തിയ അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നുള്ള ഒരേട്.

വാഹനമോടിക്കുന്നത് അസീം എന്നു 
പേരായ സ്വന്തം ചാമക്കാലക്കാരൻ. നാട്ടുകാർ എന്നതിലുപരി ഉറ്റ സുഹൃത്തുക്കളായിരുന്നു ഇരുവരും. 
മത സാമൂഹ്യ രംഗത്തും സാധു സംരക്ഷണ മേഖലയിലും നിറഞ്ഞുനിന്നവർ.. ചാമക്കാലയെന്ന തീരദേശത്തിന്റെ കാരുണ്യപ്രവൃത്തികളെ സാന്ത്വനരൂപങ്ങളായി സ്വയം
അടയാളപ്പെടുത്തിയ ചാലക വ്യക്തിത്വങ്ങൾ !

അഞ്ചാണ്ടുകൾക്ക് മുമ്പ് ദുബൈയിൽ വച്ചു ഷിഫാർ യാത്രയായി.. പെട്ടെന്നൊരു ദിനം പ്രിയതമയുടെയും വാത്സല്യഭാജനങ്ങളുടെയും മുന്നിൽ കലിമ ചൊല്ലിപ്പിരിഞ്ഞു പ്രിയ സുഹൃത്ത്..

ആറു മാസം മുമ്പാണ് അസീം ഇഹലോകം വെടിഞ്ഞത്. അപകടത്തിൽ പെട്ട ഒരു സംഘത്ത രക്ഷപ്പെടുത്താനുള്ള ഓട്ടത്തിനിടയിൽ മറ്റൊരു വാഹനാപകടത്തിലായിരുന്നു ആ ദാരുണ വിയോഗം...

മർഹും. ശിഫാറിന്റെ പ്രിയപെട്ടവർ കഴിഞ്ഞ ദിവസം കണ്ടെടുത്ത ഫോൺ മെമ്മറിക്കാർഡിലെ മനോഹര ദൃശ്യങ്ങളാണ് ഈ കുറിപ്പിനു പ്രേരിപ്പിച്ചത്.
ദുബൈയിൽ വച്ച് കൂട്ടുകാർക്കൊപ്പം നടത്തിയ സഞ്ചാരക്കാഴ്ച, സ്നേഹ മാനസങ്ങളുടെ സ്മരണകളിൽ
വർഷങ്ങൾക്കിപ്പുറം ഈറൻ വർഷിപ്പിക്കുന്നു..

ജീവിത യാത്രകളുടെ ഭൗതിക പാതകളിൽ ഒരു വാഹനത്തിന്റെ മുൻ സീറ്റിലിരുന്ന് മദ്‌ഹ് കാവ്യം മൊഴിഞ്ഞും മന്ദഹാസം പൊഴിച്ചും ആത്മീയ സായൂജ്യം നേടുന്ന ആത്മ സുഹൃത്തുക്കൾ!

കദനം നിറച്ചു കടന്നുപോയ അവരെ സ്വർഗസ്ഥരാക്കാൻ നമുക്കു സർവ്വാധിപനോടു പ്രാർഥിക്കാം..

റഫീഖ് നടുവട്ടം
9495808876



No comments: