ഈ എഴുത്തുപുരയില്‍..

26 February 2022

മതിപ്പു തീർത്ത് മടങ്ങിയ മൊയ്ദുസ്താദ്..


ജീവിതനിഷ്ഠകൾ കൊണ്ട് ജനമനസ്സുകളിൽ ഇഷ്ടം സൃഷ്ടിച്ച വ്യക്തിത്വമായിരുന്നു കൂരിക്കുഴിയിൽ കഴിഞ്ഞ ദിവസം അന്തരിച്ച മൊയ്ദുസ്താദ് !

വിനയം കൊണ്ടും ലാളിത്യം കൊണ്ടും പെരുമാറ്റ മര്യാദകൾ കൊണ്ടും ഉള്ളത് കൊണ്ട് തൃപ്തിപ്പെടുന്ന ഉള്ളകം കൊണ്ടും ആരിലും ആദരവിന്റെ കതിരു തീർത്ത അധ്യാപകൻ !!

കയ്പമംഗലം മേഖലയിലെ അധ്യാപന കാലത്താണ്, കൂരിക്കുഴി പതിനെട്ട് മുറിയിലെ സിറാജുൽ ഹുദാ മദ്രസയിൽ ഞാനദ്ദേഹത്തിന്റെ സഹപ്രവർത്തകനായത്. 

ഒരു 'മൊല്ലാ'ക്കയുടെ ആകാരസൗഷ്ഠവത്തിൽ ആഗതനാകുമായിരുന്നു മൊയ്ദുസ്താദ്..

പഴയകാലത്തെ ഒരു ഓത്തുപള്ളിയുടെ
രംഗഭാവങ്ങൾ തളം കെട്ടിയ ക്ലാസ് റൂമിൽ ആത്മീയജ്ഞാനത്തിന്റെ അലിഫക്ഷരങ്ങൾ അദ്ദേഹം കുരുന്നുകളുടെ കരൾപാളികളിൽ കോർത്തു വയ്ക്കുന്ന കൗതുകക്കാഴ്ചകൾ ഇന്നിന്റെ ഈറൻ ഓർമകളിൽ മനോഹരമാകുന്നു..

എട്ടും ഒമ്പതും വയസ്സുകാരായ കുട്ടികളെ അവരുടെ താളത്തിനു തുള്ളിയും നുള്ളിയും അറിവിലേയ്ക്കു വിരുന്നൂട്ടിയിരുന്നു മൊയ്ദുസ്താദ് !

അത്യപൂർവമായി മാത്രം മദ്രസയിൽ അവധിയെടുത്ത അദ്ദേഹം, കുറഞ്ഞ സമയത്തെ അധ്യാപന ഉത്തരവാദിത്വങ്ങളിൽ കൂടുതൽ ഊർജ്ജസ്വലനായി പാവനമായ ദീനീസ്ഥാപനത്തിന് മുതൽക്കൂട്ടായി മാറി.

അധ്യാപക സംഗമങ്ങൾക്ക് (റൈഞ്ച് യോഗങ്ങൾ) മുടക്കങ്ങളില്ലാതെ എത്തിച്ചേർന്ന് മാതൃകയായ അദ്ദേഹം, പള്ളിയുമായി ബന്ധപ്പെട്ട ആരാധനാ കർമങ്ങൾക്ക് നേതൃപരമായ സഹായങ്ങൾ അഭ്യർഥിച്ചാൽ കൃത്യതയോടും ഉത്തരവാദിത്വത്തോടും അത് നിറവേറ്റി സഹപ്രവർത്തകർക്ക് ആശ്വാസവുമായി !

ഉസ്താദുമാർക്ക് പ്രാതൽ ആയി വിവിധ വീടുകളിൽ നിന്ന് എത്തിച്ചിരുന്ന വിഭവങ്ങളിൽ കഞ്ഞിയോടായിരുന്നു മൊയ്ദുസ്താദിന് പ്രിയം.
ചെറുപ്പകാലത്തെ തന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തിരുന്ന് പട്ടിണിയുടേയും ഇല്ലായ്മകളുടെയും കഥ പറഞ്ഞാണ് ആ കഞ്ഞി അദ്ദേഹം കുടിച്ചു തീർക്കുക.
പിന്നെ, സമയം കളയാതെ സലാം പറഞ്ഞു പിരിയും. ഇഷ്ടക്കാർ പലരും പറഞ്ഞേൽപ്പിച്ച ഖുർആൻ/മാല/ മൗലിദ് പാരായണ നേർച്ചകളുടെ നിർവഹണങ്ങളിലേക്കായിരുന്നു 
മൊയ്ദുസ്താദിന്റെ പടിയിറക്കം.

വാഹന സൗകര്യങ്ങൾ ലഭ്യമായിരുന്നിട്ടു കൂടി കാൽനടയായിരുന്നു അദ്ദേഹത്തിന് പഥ്യം. ആരെയും ആശിക്കാതെയും പ്രതീക്ഷിക്കാതെയും ആശ്രയിക്കാതെയും തന്റെ ലക്ഷ്യസ്ഥാനങ്ങളിൽ അതിവേഗം ചെന്നെത്തിയ അദ്ദേഹം സ്ഥിര നടത്തം കൊണ്ട് ആരോഗ്യവും സ്ഥിരപ്പെടുത്തി !

കുടുംബ ജീവിതത്തിൽ കിട്ടിയ രണ്ട് ആൺ മക്കളേയും വിദ്യാഭ്യാസം നൽകി ഉയർത്തിയ മൊയ്ദുസ്താദ്, അവരെ ബിരുദധാരികളായ പണ്ഡിതരാക്കുകയും സുന്നീ പ്രസ്ഥാനത്തിന്റെ പ്രാദേശിക നേതൃസ്ഥാനങ്ങളിലും ദീനീ പ്രബോധന വഴികളിലും എത്തിച്ച് അഭിമാനികളാക്കി മാറ്റുകയും ചെയ്തു.

ഇരുപത് വർഷം മുമ്പായിരുന്നു "സിറാജുൽ ഹുദ"യിൽ ഞങ്ങളുടെ സഹവർത്തിത്വം. പിന്നീട് ബന്ധങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും കോവിഡാരംഭത്തിനു തൊട്ടുമുമ്പ് ഒരിക്കൽ കൂരിക്കുഴിയിലെ വീട്ടിൽ ഞാൻ ചെന്നു കണ്ടിരുന്നു. ദീർഘകാലത്തിന്റെ മുഖമാറ്റങ്ങളെ തിരിച്ചറിഞ്ഞും മറവിയുടെ മാറാല നീക്കിയും സ്മൃതിപഥങ്ങളിൽ ഞങ്ങൾ സ്നേഹ സംഭാഷണം നടത്തി.

പ്രായം എഴുപത്തിയഞ്ചു പിന്നിട്ടിട്ടും ആരോഗ്യദൃഢഗാത്രനായിരുന്ന മൊയ്ദുസ്താദിനെ അടുത്ത നാളുകളിലാണ് അനാരോഗ്യം ബാധിച്ചത്.
സ്ട്രോക്കിനെ തുടർന്ന് കിടപ്പിലായ അദ്ദേഹം കൂടുതൽ വൈഷമ്യങ്ങളിലേയ്ക്കു നീങ്ങുകയും മിനിഞ്ഞാന്ന് (2022 ഫെബ്രുവരി 21) പുലർച്ചെ ദിവംഗതനാവുകയും ചെയ്തു.

മതവിജ്ഞാനത്തിന്റെ മധുവും സ്നേഹ സൗമ്യതയുടെ ഭാവവും പകർന്ന്, ഒരു ദേശത്തിന്റെ മാനസ തീരങ്ങളിൽ മതിപ്പുകളുടെ മനോഹാരിത തീർത്താണ് മൊയ്ദുസ്താദ് നാഥനിലേയ്ക്കു മടങ്ങിയത്..

അല്ലാഹു അദ്ദേഹത്തിന്റെ ആത്മീയ സ്ഥാനം ഉയർത്തട്ടെ ; അനശ്വര ജീവിതം ആനന്ദകരമാക്കട്ടെ.. ആമീൻ.
..…..........................................................
റഫീഖ് നടുവട്ടം (ദുബൈ)
(മുൻ അധ്യാപകൻ: സിറാജുൽ ഹുദ & ബദ്‌രിയ മദ്രസ, കൂരിക്കുഴി)



No comments: