ഈ എഴുത്തുപുരയില്‍..

17 February 2019

കദനം കനക്കുന്ന ദിനയോർമകൾ..

ഹിജ്റ വർഷത്തിലെ മൂന്നു ദിനങ്ങൾ ഇന്നും, എന്റെ ഹൃദയത്തിൽ കദനങ്ങളുടെ കനലുകൾ കോരിനിറയ്ക്കുന്നുണ്ട്..
നീണ്ട കാലത്തിനു ശേഷവും ആ ആണ്ടുദിനങ്ങൾ സങ്കടസ്മൃതികളിലേക്ക് എന്നെയും സഹോദരങ്ങളേയും കൂട്ടിക്കൊണ്ടു പോകുന്നു..

ജീവിതത്തിൽ നിന്നും ഉറ്റവർ അറ്റുപോയ വേർപാടിന്റെ വേദനകളാണവ; കാലങ്ങൾ മറഞ്ഞാലും കനലായ് എരിയുന്നവ..

******
സഫർ 19:
സഹോദരി *ആഇശ,* ഈ ദിനത്തിലാണ് സ്മരണയായത്. മുപ്പത്തിരണ്ടാം വയസ്സിൽ തന്റെ നാലാം പൈതലിനെ ഗർഭത്തിൽ താലോലിക്കവേ., മരണത്തിലേക്കവൾ മഞ്ഞുകണമായി..

സ്നേഹമുഖിയായിരുന്നു ആഇശ.

കുഞ്ഞുങ്ങൾക്കായി ജീവിച്ചവൾ.. ഹൃസ്വായുസ്സിലെ ആത്മസുഖം മുഴുവൻ അവർക്കായ് അവൾ ത്യജിച്ചു..

ഒരിളം പൈതലിന്റെ പൊള്ളുന്ന നിലവിളികൾ ഞങ്ങളിലേക്കിട്ടു തന്നാണ് ഒടുവിൽ, തീരാദു:ഖത്തിലേക്ക് ആഇശ തിരശ്ശീല താഴ്ത്തിയത് !

******
ജമാദുൽ ആഖിർ 16:
പ്രിയ പിതാവ് *മൊയ്ദുണ്ണി മുസ്‌ലിയാർ* വിടവാങ്ങിയത് ഈ ദിനത്തിലാണ്.

ജീവിത പാതകളിൽ ഞങ്ങൾക്ക് വെളിച്ചം തെളിച്ചുതന്ന അഭിവന്ദ്യർ!

വാത്സല്യത്തിന്റെയും ശിക്ഷണത്തിന്റെയും അറിവിന്റെയും സ്വരം മൊഴിഞ്ഞ് ഞങ്ങളുടെ മാനസങ്ങളിൽ പിതാവ് അഭിമാനത്തിന്റെ പദവും പാദവും പതിപ്പിച്ചു.

സൂക്ഷ്മ ജീവിതത്തിന്റെ മടിശ്ശീലയിൽ ഒന്നുമില്ലാതിരുന്ന കാലത്താണ്, ഓമനിച്ചു വളർത്തിയിരുന്ന ഒരാട്ടിൻ കുഞ്ഞിനെ മറ്റൊരാൾക്ക് വിറ്റ് ആ പണം കൊണ്ട് അദ്ദേഹമെന്നെ ആഫ്രിക്കൻ പ്രവാസത്തിലേക്ക് ആശീർവദിച്ചയച്ചത്..

തിരികെയെത്തുമ്പോൾ ഒരുനോക്ക് കാണാനാവാത്ത വിധം ആ മുഖം മണ്ണിലേയ്ക്ക് മടങ്ങിക്കഴിഞ്ഞിരുന്നു.
******
ദുൽഖഅദ് 6:
പെങ്ങൾ *ഫാത്വിമ,* ഇങ്ങനെയൊരു ദിനത്തിൽ ഖൽബിലെ വിങ്ങലായി.

നമസ്ക്കാരപ്പായയിൽ സുജൂദുകൾക്ക് കാത്തിരിക്കേയായിരുന്നു ആ ധന്യ വിയോഗം.

തൊട്ടപ്പുറത്ത്, തൊട്ടിലിൽ ഒരു പൈതൽ സ്നേഹം നുകരാനായി കാത്തു കിടന്നിട്ടും അവളുറക്കമുണർന്നില്ല..

കരുതലിന്റ പ്രതിരൂപമായിരുന്നു ഫാത്വിമ.
സാമീപ്യം അകലെയായ സമയങ്ങളിൽ പോലും ഞങ്ങൾ; സഹോദരങ്ങൾക്കായി അവൾ ഒത്തിരി വിഭവങ്ങൾ കരുതിവച്ചു.

ആഫ്രിക്കൻ പ്രവാസത്തിലേയ്ക്ക് അവളെഴുതിയ അവസാന കത്ത്, കത്തുന്ന ദു:ഖമായ് മനസ്സിലുണ്ട്..

ഇരുണ്ട വൻകരയിലിരുന്ന് കരഞ്ഞു തീർക്കാനായിരുന്നു എന്റെ വിധി! അന്ത്യചുംബനം അസാധ്യമാക്കിത്തീർത്ത് ഫാത്വിമ,  ഈറൻ നിറഞ്ഞ ഓർമകളിലേയ്ക്ക് പൊടുന്നനേ ഇറങ്ങിപ്പോയി..

***     ***      ***  
പ്രാർഥനകൾ വെറുതെയാവില്ല.
അതൊരു പരിചയാണ്; തപിക്കുന്ന ഹൃദയങ്ങൾക്ക് തണുപ്പേകുന്നതോടൊപ്പം അത്, ആത്മാവുകൾക്ക് ആശ്വാസവുമേകുന്നു !

1 comment:

Unknown said...

Really heart touching