ഈ എഴുത്തുപുരയില്‍..

20 February 2019

സലാം.. , സാലിം മുസ്‌ലിയാർ..

കൂരിക്കുഴിയെന്നൊരു തീരദേശത്തിന് തീരാദുഃഖം തന്നുകൊണ്ടാണ് സാലിം മുസ്‌ലിയാർ വിടവാങ്ങിയിരിക്കുന്നത്..
കാതോടു കാതോരം ഇന്നലെ, അപകടത്തിന്റെ വാർത്ത പരക്കുമ്പോൾ അത് സത്യമാകരുതേ എന്നായിരുന്നു തേട്ടം.
പക്ഷേ, ഞെട്ടറ്റുവീണ കണ്ണീർ കണങ്ങളായി ഇന്നിന്റെ പുലർകാലത്ത് അത് പരിണമിച്ചു പോയി; ഇന്നാലില്ലാഹ്...
തൃശൂർ പാലപ്പിള്ളിയിലെ സാലിം മുസ്‌ലിയാർ..
ജീവിതം കൊണ്ട് 'കൂരിക്കുഴി'യെന്ന ഒരു നാടിന്റെ ജ്ഞാനപ്രകാശനത്തിലേയ്ക്ക് കടന്നു വന്ന്, ആ ജനതയുടെ ജ്വലിക്കുന്ന സ്നേഹമായും ആദരവിന്റെ ആൾരൂപമായും ഹൃദയങ്ങളിൽ നിറഞ്ഞ വെളിച്ചം!
കൂരിക്കുഴിയുടെ കൈവഴികളിൽ പതിയെ പതിഞ്ഞ ആ പാദങ്ങൾ അനേകരുടെ അകതാരിലാണ് വൈശിഷ്ട്യങ്ങൾ നിറഞ്ഞ വ്യക്തിത്വത്തിന്റെ ഹൃദയമുദ്രയായത്.
ഗുരുവായും സഹോദരനായും രക്ഷിതാവായും സ്നേഹിതനായും സ്വജീവിതം കൊണ്ട് നാട്ടുകാരനായി മാറി സാലിം മുസ് ലിയാർ..
നടന്നു നീങ്ങിയ നാട്ടുവഴികളിലൊക്കെയും, കണ്ണുടക്കിയ മുഖങ്ങളിൽ മുഴുക്കെയും, അറിവു പകർന്ന ബാല ഹൃദയങ്ങളിലാകെയും, സാലിം മുസ്‌ലിയാർ സ്നേഹസ്വരൂപനായ പ്രതിബിംബമായി..
പതിറ്റാണ്ടുകളുടെ അധ്യാപനക്കാലങ്ങൾ കൊണ്ട് അനുഗൃഹീത ജീവിതം നയിച്ച് അദ്ദേഹം, ശിഷ്യ സമ്പത്തുകൾ എമ്പാടും സ്വരുക്കൂട്ടിയ കൂരിക്കുഴിയിലെ ഗുരുസൂര്യനായി!
ആദർശ വിഭാഗീയതയുടെ ആദ്യകാലത്ത് അക്രമങ്ങൾക്കിരയായ അദ്ദേഹം, അതെല്ലാം മറന്നും പൊറുത്തും ദീനീ ഖിദ്മ:യുടെ വഴിത്താരകളിലൂടെ സൗഹൃദങ്ങളുടെ മന്ദഹാസം പൊഴിച്ചാണ് സഞ്ചരിച്ചത്..
'വലിശീലം' പ്രലോഭിപ്പിച്ച ജീവിതത്തിൽ പുകച്ചുരുളുകൾ ഉന്മേഷമുണർത്തിയപ്പോഴും ആ അധരങ്ങളിൽ അതിനേക്കാൾ നിറഞ്ഞത് ആത്മീയ വിജയത്തിലേക്കുള്ള ശ്രേഷ്ഠ വചസ്സുകൾ തന്നെയായിരുന്നു!
നടപ്പിലും കിടപ്പിലും ആ ചുണ്ടുകൾ ചലിച്ചു കൊണ്ടേയിരുന്നു, റബ്ബിന്റെ തൃപ്തി തേടി..
ഒരു പാത്രത്തിൽ നിന്നുണ്ട്, ഒരു മുറിയിൽ ഉറങ്ങുമ്പോഴും സാലിം മൗലവിയുടെ സൽമനം എനിയ്ക്ക് മധുരമായി അനുഭവപ്പെട്ടത് ഇന്നത്തെ ഓർമകളിൽ ഈറനായി നിറയുന്നു..
ആ സ്മൃതി സൗരഭ്യം ഈ ദുഃഖിത ദിനത്തിൽ ഗദ്ഗദമാകുന്നു..
സാന്ത്വനത്തിന്റെ ഏത് പദം കൊണ്ടാണ് സന്തപ്തഹൃദയങ്ങളെ ആശ്വസിപ്പിക്കേണ്ടതെന്ന് എനിക്കറിയുന്നില്ല..
കൂരിക്കുഴി എന്ന സേവന നാട്ടിൽ നിന്നുയരുന്ന സ്നേഹജനങ്ങളുടെ എണ്ണമറ്റ കണ്ണീർച്ചാലുകൾ പടിഞ്ഞാറിലേക്കൊഴുകി അറബിക്കടലിൽ സങ്കടത്തിരയായി അലയടിക്കുന്നുണ്ട്..
അവസാനിക്കാത്ത വ്യസനങ്ങളുടെ ഓരോ നീർത്തുള്ളികൾ കൊണ്ടും നമുക്ക് പ്രാർഥനകളുടെ അണക്കെട്ടാം..
പരലോക സുഖത്തിനായി ഉയരുന്ന കരങ്ങൾക്കൊപ്പം നമുക്കും ചേർത്തു പറയാം; ആത്മാർഥമായ ആമീനുകൾ..
അല്ലാഹുവേ.., വിട്ടുപിരിഞ്ഞ പ്രിയപ്പെട്ടവന് സ്വർഗവും വേർപാടിൽ വേദനിക്കുന്ന പ്രിയപ്പെട്ടവർക്ക് സമാധാനവും നീ പ്രധാനം ചെയ്യേണമേ.. ആമീൻ.
സാലിം മുസ്‌ലിയാർ എന്ന സ്നേഹാദരണീയനായ മുൻ സഹപ്രവർത്തകന് സ്മരണാജ്ഞലികൾ!

No comments: