ഈ എഴുത്തുപുരയില്‍..

18 March 2019

ഓർമകളിലെ ലൈലാത്ത..

രാപകലുകളുടെ നിറഭേദങ്ങൾ മനസ്സിലും മേനിയിലും സൂക്ഷിച്ച മഹതിയായിരുന്നു നമുക്കിടയിലെ ലൈലാത്ത.

വിശ്വാസ വെളിച്ചത്തിന്റെ തൂവെള്ള ഹൃദയവുമായാണ് അവർ തലചായ്ക്കാൻ ഒരിടം തേടി നമ്മുടെ അയൽക്കൂട്ടത്തിലേയ്ക്കെത്തിയത്.

സ്വദേശമായ കുറ്റിപ്പാലയിൽ നിന്ന് അറ്റമില്ലാത്ത സ്നേഹത്തിന്റെ മനസ്സുമായി ലൈലാത്ത വന്നപ്പോൾ സത്യമതത്തിലേയ്ക്ക് അവരെ കൈ പിടിച്ച ലഥ്വീഫ്ക്കയുമുണ്ടായിരുന്നു ഒപ്പം.

എളിമയാർന്ന ജീവിതവും സമ്പന്നമായ സേവന സന്നദ്ധതയും നിശ്കളങ്കമായ ദയാവായ്പുമായി ഒരു കൂരയിൽ രാപാർത്ത ഈ ദമ്പതികൾ കുടുംബാംഗങ്ങളെ പോലെ നമുക്കിടയിൽ ഇടപെട്ടു ജീവിച്ചു..

ഇല്ലായ്മകളും വല്ലായ്മകളും ഉള്ളിലൊതുക്കി ഉള്ളതുപോലെ ഓണമുണ്ട് ജീവിതം നയിച്ച ലൈലാത്ത അയൽവാസികൾക്കും പരിചിതർക്കും മാറ്റിനിർത്താനാവാത്ത തണൽ സാന്നിധ്യമായാണ് മനസിൽ വസിച്ചത്..

പറൂപാടം പ്രദേശത്തുകാർക്ക് മാത്രമല്ല, നെല്ലിശ്ശേരി-കുണ്ടുരുമ്മൽ ദേശക്കാർക്കും കൺകണ്ട സേവനമുഖിയായി, വിശ്വസ്ഥതയുടെ പ്രതീകമായി, വീട്ടു സേവനങ്ങളുടെ ഇഷ്ടപാത്രമായി ലൈലാത്ത ജീവിതം സമർപ്പിച്ചു..

ദുരൂഹതയുടെ കാണാമറയത്തേയ്ക്ക് ലഥ്വീഫ്ക്ക ഒരു ദിനം തിരോഭവിച്ചപ്പോൾ ആ ഒറ്റമുറി വീട്ടിൽ ഒറ്റപ്പെടുകയായിരുന്നു ലൈലാത്ത.

ജീവിതം ചോദ്യചിഹ്നമായ ആ സന്നിഗ്ധ ഘട്ടത്തിലാണ്  ഒരു നിമിത്തം പോലെ കുഞ്ഞിമോൻക്ക കടന്നു വന്നത്! അതിരില്ലാത്ത കരുതലിന്റെ ആ കരവലയത്തിൽ പരസ്പരം തണൽ വിരിച്ച് കുഞ്ഞുമോൻക്കയോടൊപ്പം ധന്യമായി , പിന്നീടങ്ങോട്ട് ലൈലാത്തയുടെ വലിയ ജീവിതം..

വടക്കുനിന്നും തെക്കോട്ടു നീങ്ങി പണിതുയർത്തിയ കൊച്ചു ഭവനത്തിൽ മുമ്പത്തേക്കാൾ ഇമ്പത്തോടെ അവർ സ്നേഹജീവിതം തീർത്തു..

ബാല്യത്തിൽ വിധിക്കപ്പെടാതെ പോയ ഹിദായത്തും ഇസ്‌ലാമിക ജ്ഞാനവും പുസ്തകങ്ങളിൽ നിന്നും പ്രഭാഷണങ്ങളിൽ നിന്നും സ്വായത്തമാക്കി മത ജീവിതം തേച്ചുമിനുക്കി, ലൈലാത്ത..

വിശ്വാസങ്ങളിലും അനുഷ്ഠാനങ്ങളിലും അവർ കാണിച്ച കണിശതയും കൃത്യതയും പാരമ്പര്യവിശ്വാസികൾക്ക് പോലും മാതൃകയായി മാറി!

നിത്യവൃത്തിക്കുവേണ്ടി കൂലിപ്പണിയെടുത്തുവന്ന കാലത്തു തന്നെയാണ് കഅബാലയം കാണാനുള്ള മോഹവും മദീനയിലെത്താനുള്ള ദാഹവും ലൈലാത്തയുടെ മനസ്സിൽ ഉൽക്കടമായത്.

നാനാവിധത്തിൽ സ്വരുക്കൂട്ടിയ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കപ്പെട്ട് പുണ്യഭൂമികളിലെ തിരുഗേഹങ്ങളിൽ അവർ ചെന്നെത്തിയത് സർവാധിപൻ നൽകിയ സൗഭാഗ്യമല്ലാതെ മറ്റെന്താണ്!

ആ അനുഗൃഹീത മേനിയെ അപ്പോഴൊക്കെ അക്രമിച്ചു തുടങ്ങിയിരുന്നു ഒരു മഹാ രോഗം.

പരിശുദ്ധ ഉംറക്കു ശേഷം ആ മഹാമാരിയെ പിഴുതെറിയാൻ നടത്തിയ ശ്രമങ്ങളൊക്കെ പക്ഷേ, പാഴ് വേലയായി പരിണമിക്കുകയായിരുന്നു. സാമ്പത്തിക ശേഷിയുടെ ശുഷ്ക്കമായ കൈത്തലങ്ങളിൽ നിന്ന് രോഗംരൗദ്രത പ്രാപിച്ചു കഴിഞ്ഞിരുന്നു അപ്പാഴേക്കും..

ചികിത്സകളുടെ ഓരോ ഘട്ടങ്ങൾ കഴിഞ്ഞെത്തുമ്പോഴേക്കും പരീക്ഷണങ്ങളുടെ തീക്ഷ്ണതകളിലേയ്ക്ക് അവർ എടുത്തെറിയപ്പെട്ടു.. 

തീരാവേദനകളുടെ ദുരിതപർവങ്ങളിൽ ലൈലാത്തയുടെ ജീവിതം അസഹ്യതയുടെ കൊടുമുടിയിൽ പിടഞ്ഞു.. 

അപ്പോഴും ആ ചുണ്ടുകൾ കേട്ടുപഠിച്ച ഇലാഹീ സ്മരണകളിൽ നിത്യവും വ്യാപൃതയായി.. 

മരുന്നുകളേക്കാൾ ആശ്വാസം ആ വചനാമൃതങ്ങൾക്കാണന്ന് അവർ ഉറച്ചു വിശ്വസിച്ചു..

അത്രയ്ക്കു ണ്ടായിരുന്നു; ജീവിതം കൊണ്ട് ഇ സ് ലാം പുണർന്ന ലൈലാത്തയുടെ വിശ്വാസ ദാർഢ്യം!

ഇനിയില്ല; ഹൃദയത്തിലും വദനത്തിലും പകൽ പോലെ തെളിഞ്ഞ ആ പ്രകാശം..

പുൽച്ചെടികൾ വളർന്ന ആറടി മണ്ണിൽ നിത്യ ശോഭയായി നിറയാൻ നമ്മുടെ മുഖങ്ങളിൽ നിന്ന് അത് എന്നെന്നേക്കുമായി മടങ്ങിപ്പോയിരിക്കുന്നു..

✍ സീ വി റഫീഖ്

No comments: