ഈ എഴുത്തുപുരയില്‍..

04 January 2021

നെല്ലിക്ക പോലെ നെല്ലിശ്ശേരിക്കാലം


മുപ്പത് വർഷം മുമ്പുള്ള
മധുരമുള്ള ഒരു യുപി സ്കൂൾ കാലം മായാതെയിന്നും മനസ്സിലുണ്ട്. കാൽനൂറ്റാണ്ടിനപ്പുറത്തെ  കലാലയ സ്മരണകളിൽ കയ്പും ചവർപും ചേർന്ന പഠന കാലം. 

'ബാപ്പുക്കാടെ സ്കൂൾ ' എന്ന്  പ്രാദേശിക ഖ്യാതി സിദ്ധിച്ച വിദ്യാലയത്തിൽ 1988ൽ  ആയിരുന്നു അഞ്ചാം ക്ലാസിൽ പ്രവേശനം. മരങ്ങളും കുറ്റിക്കാടുകളും ഇടതൂർന്നു നിൽക്കുന്ന കുണ്ടുരുമ്മൽ കുന്നിൻറെ  ഹൃദയഭാഗത്ത് നീളൻ വരാന്തകളിൽ അടയാളപ്പെട്ടു കിടന്ന ഓടുമേഞ്ഞ എയുപിഎസ് പള്ളിക്കൂടം... 

ചെമ്മൺപാതയിലൂടെ പേടിയുടെ പാദം പതിപ്പിച്ച് കിലോമീറ്ററുകൾ താണ്ടിവന്ന അധ്യയന കാലങ്ങളും, വേഷവും വിഷയവും മനസ്സിൽ നിന്നു മാഞ്ഞു പോകാത്ത ഗുരു മുഖങ്ങളും, പേരും ഇനീഷ്യലും മഷിയുണങ്ങാത്ത കൂട്ടുകാരും പതിറ്റാണ്ടുകൾക്കു മുമ്പത്തെ വിദ്യാലയ സ്മൃതികളെ പിന്നെയും പിന്നെയും എന്നെ ബാല്യത്തിലേക്കു  തന്നെ പിടിച്ചുവലിക്കുന്നു..

നാടും റോഡും വിദ്യാലയങ്ങളും ബോധന മാധ്യമങ്ങളും ഏറെ മാറിയ കാലമാറ്റങ്ങൾക്കിടയിലും  ഓർമകളുടെ മുക്കുമൂലകളിൽ നെല്ലിശ്ശേരിക്കാലമെന്ന അറിവിൻ നെൽക്കതിർക്കാലം വിളഞ്ഞു നിൽക്കുന്നു!

മൂന്നാം ക്ലാസിലും നാലിലുമൊക്കെയായി നെല്ലിശ്ശേരി 'ഏജെബി' സ്കൂളിൽ പഠിക്കുമ്പോൾ തന്നെ 'ഏയുപി'യിൽ ഞാൻ വന്നിട്ടുണ്ടായിരുന്നു.  അവിടെ പഠിച്ചിരുന്ന സഹോദരന്മാർ സ്കൂൾ വാർഷിക പരിപാടികളെ കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ച് കാച്ചിയ വിവരണങ്ങളിൽ ആകൃഷ്ടനായിക്കൊണ്ടായിരുന്നു ആ ആഗമനങ്ങൾ. പിന്നീട്, ഉപരിപഠനം അവിടെ ആയതോടെ മൂന്നു അധ്യയന കാലങ്ങളുടെ അനുഭവങ്ങൾ നുകരാനായി... 


ബാല്യത്തിൻറെ  ഇറയത്തിരുന്ന് ഓർമയുടെ മഴ നനയുമ്പോൾ കലാലയത്തിൻറെ പടിവാതിൽക്കൽ അറിവിൻറെ കുടചൂടി നിൽക്കുന്നുണ്ട് പ്രിയപ്പെട്ട അധ്യാപകർ ! 

ഉറുദു പഠിപ്പിച്ച തിത്തു ടീച്ചർ..

സംസ്കൃതം മൊഴിഞ്ഞ നബീസ ടീച്ചർ..

കണക്കെടുത്തിരുന്ന മറിയക്കുട്ടി ടീച്ചർ..

അറബിയിൽ ഇൽമ് നിറച്ച സുഹറ ടീച്ചർ..

രാഷ്ട്രഭാഷയുടെ ആദ്യക്ഷരം അഭ്യസിപ്പിച്ച സുധാ ദേവി ടീച്ചർ.. 

അച്ചടക്കത്തിൻറെ  പേടിസ്വപ്നമായിരുന്ന വാസുദേവൻ മാസ്റ്റർ.. 

ഇംഗ്ലീഷെടുത്ത  വത്സല ടീച്ചർ.. 

കടലിലെ ജന്തുലോകത്തെപ്പറ്റി മനോഹരമായി വർണിച്ച സ്വാലിഹ്  മാഷ്.. 

മലയാളത്തിൻറെ മധുരം പകർന്ന സരസ്വതി ടീച്ചർ..  

പയർ ചെടികൾ പറിച്ചെടുത്ത് സസ്യരഹസ്യങ്ങൾ പഠിപ്പിച്ച ഉമർ മാഷ്..

നൃത്തനൃത്യങ്ങൾ കൊണ്ട് വിസ്മയിപ്പിച്ച ചന്ദ്രൻമാഷ്... 

നവാഗതരായി സാന്നിധ്യമറിയിച്ച മുഹമ്മദ് മാഷും, ഇബ്രാഹിംകുട്ടി മാഷും അഷ്റഫ് മാഷും......... 


ജ്ഞാനസൂര്യൻറെ  അവതാരങ്ങളായി സ്മരണകളിൽ ജ്വലിച്ചുനിൽക്കുന്നു, പതിറ്റാണ്ടുകൾക്കിപ്പുറവും സമാദരണീയരായ ഈ ഗുരുമുഖങ്ങൾ !

കൈനിറയെ പുസ്തകങ്ങൾ സൗജന്യമായി കിട്ടുമെന്ന് കേട്ടാണ് അഞ്ചാം ക്ലാസിൽ 'ഉർദു'വിന് ചേർന്നത്. മെലിഞ്ഞ ശരീരപ്രകൃതമുള്ള തിത്തു ടീച്ചർ വിവിധ വർണ്ണച്ചട്ടകളുള്ള പുസ്തകങ്ങൾ മാറോടുചേർത്ത് ക്ലാസിലെത്തിയ ചിത്രം ഓർമയിലെ ആദ്യഫ്രെയിമിൽ തന്നെയുണ്ട്.

ഉറുദു ഭാഷ ഐച്ഛികമായെടുത്ത ഓരോ കുട്ടിക്കും 13 നോട്ടുപുസ്തകങ്ങൾ ഒരുമിച്ചു നീട്ടി ടീച്ചർ പറഞ്ഞു: ''എല്ലാവരും വീട്ടിൽ പോയി ഇതിനൊക്കെ ചട്ട ഇടണം; വൃത്തിയോടെ കൊണ്ടുവരണം '' കറുത്ത നിറമുള്ള മുഖമക്കന, അതേ നിറമുള്ള കൂർത്ത മുഖത്തോടു ചേർത്ത് സാരിയണിഞ്ഞായിരുന്നു തിത്തുടീച്ചർ  എത്തിയിരുന്നത് .  പൊതുഗതാഗതത്തിൻറെ പുരോഗതിയൊന്നും  എത്താതിരുന്ന സ്കൂൾ പ്രദേശത്തേയ്ക്ക് ദിവസവും കാൽനടയായി കിലോമീറ്ററുകൾ താണ്ടിയെത്തിയിരുന്ന ടീച്ചർ എൻറെ ഇഷ്ടപ്പെട്ട അധ്യാപികയായിരുന്നു.  


കരുണാർദ്രതയുടെ കടലായിരുന്നു അവർ. 
വിദ്യാർഥികളെ; വിശേഷിച്ചും തൻറെ ബാച്ചിലെ കുട്ടികളെ സ്വന്തം മക്കൾക്കു സമാനമാണ് ടീച്ചർ സമീപിച്ചത്. അഞ്ചു തൊട്ടു ഏഴു വരെ ക്ലാസുകളിൽ എനിക്കായിരുന്നു ഉറുദുവിൽ ഒന്നാംസ്ഥാനം. ഈ മിടുക്കിന്  സ്കൂൾ വാർഷിക പരിപാടിയിൽ  സമ്മാനമുണ്ടെന്ന് ടീച്ചർ മുൻകൂട്ടി വിവരം തന്നതും  ബാപ്പയോടും  ഇക്കമാരോടുമൊപ്പം സ്കൂളിലെത്തി സമ്മാനം വാങ്ങിയതും  ഓർമയുണ്ട്.

കണ്ണുകൊണ്ടു മാത്രം കുട്ടികളെ നിശ്ശബ്ലമാക്കിയ അധ്യാപികയായിരുന്നു സുഹറ ടീച്ചർ. ഹെഡ്മാസ്റ്റർ ഹംസത്തലി മാഷിൻറെ പത്നിയായിരുന്ന അവർ അറബി ഭാഷയ്ക്ക് പുറമേ മലയാളവും കൈകാര്യം ചെയ്തിരുന്നു.

തൂവെള്ള നിറമുള്ള സുന്ദരിയായ ടീച്ചറായിരുന്നെങ്കിലും അവരുടെ കണ്ണുകളിൽ നിന്ന് പാറിയ തീക്ഷ്ണമായ നോട്ടവും അരിശഭാവം വരുത്തുമ്പോൾ കൂർത്തു പോയിരുന്ന അധരങ്ങളും മതിയായിരുന്നു കുട്ടികൾ 'മര്യാദ രാമൻ'മാരാകാൻ...!  "അന്നായിരുന്നു ആ വ്യാഴാഴ്ച" എന്നു തുടങ്ങുന്ന ഒരു മലയാള പാഠം ടീച്ചർ എടുത്തത് ഓർമയിൽ വരുന്നു. ക്രൈസ്തവ പുണ്യദിനമായ പെസഹാ വ്യാഴത്തെ കുറിച്ചായിരുന്നു അത്. 

ഒരു പുഞ്ചിരിപോലും വരുത്താതെ, ഒരപശബ്ദത്തിന് പോലും അവസരമുണ്ടാക്കാതെ ടീച്ചർ ആ അദ്ധ്യായം വിശദീകരിക്കുമ്പോൾ മൂകതയായിരുന്നു എല്ലാ മുഖങ്ങളിലും! 

പരുക്കൻ സ്വരവും ശിക്ഷണവും കൊണ്ട് കുട്ടികളിൽ ഭീതിയുടെ സാന്നിധ്യം സൃഷ്ടിച്ച വ്യക്തിത്വമായിരുന്നു വാസുദേവൻ മാസ്റ്റർ. സർവരിലും പേടിയുടെ അടയാളമായിരുന്ന ഇദ്ദേഹം, അടാട്ട് വാസുദേവൻ എന്ന പേരിൽ പിൽക്കാലത്ത് വിശ്രുതനായി. സദാ ഖദർധാരിയായ മാഷ്, ഒരു തുണി സഞ്ചിയും തൂക്കിയിരുന്നു വരവ്.  'വാസ് മാഷ് ' എന്ന ചുരുക്കപ്പേരിൽ വിളിക്കപ്പെട്ട അദ്ദേഹത്തിൻറെ ശിക്ഷാ രുചിയറിയാൻ പലർക്കെന്ന പോലെ ഒരിക്കൽ എനിക്കും ദൗർഭാഗ്യമുണ്ടായിട്ടുണ്ട്.

ആറാം ക്ലാസിൽ വച്ചായിരുന്നു സംഭവം. കൂട്ടുകാരോടൊത്ത് കളിച്ചു രസിച്ച് ഒരു ഉച്ചയൂൺ ഇടവേള ആഹ്ലാദകരമാക്കുകയായിരുന്നു ഞാൻ. ഏഴാം ക്ലാസിനപ്പുറത്തെ കുറ്റിക്കാടുകൾ നിറഞ്ഞ ഭാഗത്ത് ചാഞ്ഞു നിന്നിരുന്നു ഒരു പറങ്കിമാവ്. കയറിയിരുന്നാൽ കാലുകൾ മണ്ണിൽ തട്ടും വിധമായിരുന്നു അതിൻറെ നിൽപ്.  കുന്നിടിച്ചു കൊണ്ടുവന്നിട്ട ഒരു മൺകൂനയുമുണ്ടായിരുന്നു അതിനു സമീപം. മാവിൽ കയറിയിരിക്കാൻ ഈ മൺകൂന എളുപ്പമാക്കി. രസത്തിൻറെ ഒരു പ്രലോഭനക്കാറ്റ് മനസ്സിലൂടെ വീശിയപ്പോഴാണ് ഞാനും രണ്ടു കൂട്ടുകാരും ചേർന്ന് തടിയിൽ കയറി കാലാട്ടിക്കളിച്ചത്.

അധിക സമയമൊന്നും ആയിട്ടില്ല; രണ്ടു ചെക്കന്മാർ മുന്നിൽ നിൽക്കുന്നു ! "ആരാ നിങ്ങളോട് മരത്തിൽ കയറാൻ പറഞ്ഞത് " എന്ന് ചോദിച്ചതും ചകിതരായി  ഞങ്ങൾ ചാടിയിറങ്ങി. കൂട്ടുകാരെ ചോദ്യം ചെയ്യുന്നതിനിടയിൽ ഞാനോടി ക്ലാസിലെത്തി. ബെഞ്ചിലിരുന്ന് കിതപ്പ് മാറ്റുമ്പോഴുണ്ട് ചെക്കൻമാരിൽ ഒരാൾ വരുന്നു. അവനെ കണ്ടപാടെ ഡസ്കിനു താഴെ ഒളിക്കാൻ ശ്രമിച്ചെങ്കിലും പട്ടാളക്കാരനെ പോലെ കടന്നുകയറി അവനെൻ്റ ഷർട്ടിൻ്റെ കോളറിൽ പിടിച്ച് ക്ലാസിന് പുറത്തേയ്ക്ക് കൊണ്ടുവന്നു. 

ബലിഷ്ഠമായ അവൻറെ കയ്യിൽ നിന്ന് കുതറിയൂരാൻ എനിക്ക് കഴിഞ്ഞില്ല. പിടുത്തം വിടാതെ അവനെന്നെ കുറ്റവാളിയെപ്പോലെ ഓഫീസിലേക്ക് കൊണ്ടുപോയി. ശിക്ഷ പ്രതീക്ഷിച്ചിരുന്നെങ്കിലും സത്യം പറഞ്ഞാൽ രക്ഷപ്പെടാം എന്നൊരു തോന്നൽ ഉണ്ടായിരുന്നു  ചില കഥാപുസ്തകങ്ങളിൽ ഞാൻ അങ്ങനെയാണ് വായിച്ചിട്ടുള്ളത്. സത്യസന്ധത പുലർത്തിയാൽ ഏത് ആപത്തിൽ നിന്നും രക്ഷപ്പെടാമെന്ന് ! ആ ഗുണപാഠ വചനങ്ങളുടെ ആശ്വാസം  മനസ്സിലിട്ടായിരുന്നു ഓഫീസിലേക്കുള്ള പോക്ക്. 


ഒരു മരക്കസേരയിൽ ചാരിയിരിക്കുന്നു വാസുദേവൻ മാഷ്. ആ നോട്ടത്തിലെ തീക്കാറ്റു കൊണ്ടുതന്നെ എൻറെ മനസ്സിലെ ആശ്വാസ പ്രതീക്ഷകൾ കെട്ടുപോയി. വരണ്ടു കിടന്ന അധരത്തിലൂടെ പരുഷതയുടെ സ്വരം കനത്തു: 

"നീ മരത്തിൽ കയറിയോ''?  

സത്യാവസ്ഥയുടെ മൊഴി വീഴ്ത്താൻ എനിക്ക് മോഹമുണ്ടായിരുന്നെങ്കിലും വാസുദേവൻ മാസ്റ്ററുടെ മുഖത്ത് അപ്പോൾ ആളിക്കത്തിയിരുന്ന കോപാഗ്നിയിൽ മോഹങ്ങളെല്ലാം കരിഞ്ഞുപോയി.. "ഉം" എന്ന് തലയാട്ടി ഞാൻ  'കുറ്റ'മേറ്റതും കയ്യിൽ കരുതിയിരുന്ന ചൂരൽ എൻറെ ഇളം നിതംബത്തിൻ്റെ കൊഴുത്ത പ്രതലത്തിൽ ആഞ്ഞുപതിച്ചതും ഒരുമിച്ചായിരുന്നു !

പാചകപ്പുരയുടെ പരിസരത്ത് മുളച്ചുപൊന്തിയ ചെറുപയർ ചെടികൾ പറിച്ചു കാണിച്ചാണ് ഉമർ മാഷ് ഞങ്ങളെ സസ്യശാസ്ത്രം പഠിപ്പിച്ചത്. അദ്ദേഹത്തിൻറെ അധ്യാപനത്തിന് പ്രത്യേകമായൊരു ധ്വനിയും ശൈലിയും ഉണ്ടായിരുന്നു. അഞ്ചാംക്ലാസിൽ ആയിരിക്കെ ഒരു ക്വിസ് മത്സരത്തിൽ ഞാൻ പങ്കെടുക്കുകയുണ്ടായി. ഓരോ കുട്ടിയുടെയും സ്കോർ നില ബ്ലാക്ക് ബോർഡിൽ രേഖപ്പെടുത്തിയത് ഉമർ മാഷ് ആയിരുന്നു. ഓരോ മാർക്കിനും ഇങ്ങനെ //// സ്ലാഷുകൾ ഇട്ട് അഞ്ചെത്തുമ്പോൾ അവയെ ക്രോസ് ചെയ്യുന്ന രീതിയിലായിരുന്നു മാർകിംഗ്..  ഇന്നും, ഈ അടയാളം സ്വന്തമായി എഴുതേണ്ടി വരുമ്പോൾ ഉമർ മാഷ്ടെ ഗുരു മാതൃക മനസ്സിലേയ്ക്ക് വരുന്നു!

കുട്ടികളെപ്പോലെ സുഗന്ധപ്പൂക്കളേയും സ്നേഹിച്ച അധ്യാപികയായിരുന്നു സരസ്വതി ടീച്ചർ. ചെമ്പകപ്പൂക്കളും ചെണ്ടുമല്ലിപ്പൂക്കളും മുല്ലപ്പൂവുമെല്ലാം കുട്ടികളിൽനിന്ന് വാങ്ങി മുടിയിൽ ചൂടിയിരുന്നു അവർ !  പകരം ടീച്ചർ അവർക്ക് ചോക്കു കഷ്ണങ്ങളും ചുവന്ന പേനകളും നൽകുമായിരുന്നു. മനോഹരമായിരുന്നു അവരുടെ ഗദ്യ-പദ്യ അധ്യാപനങ്ങൾ. "മലരണിക്കാടുകൾ തിങ്ങിവിങ്ങീ... മരതക കാന്തിയിൽ മുങ്ങി മുങ്ങീ.... " എന്ന കവിത ടീച്ചർ ആലപിക്കുമ്പോൾ പ്രകൃതിരമണീയതയുടെ സർവ്വസ്വവും ഹൃദയഹാരിയായി അനുഭവപ്പെടുമായിരുന്നു... 

നടുവട്ടത്ത് ബസിറങ്ങി ചെമ്മൺ പാതയിലൂടെ സ്കൂളിലേക്ക് പോകുമ്പോൾ മുടിയിഴകൾ കോതിക്കൊണ്ടായിരുന്നു അവരുടെ നടത്തം. ഈറൻ മാറാത്ത ആ കാർകൂന്തലിൽ വിരലോടിച്ചു കൊണ്ടുള്ള ടീച്ചറുടെ പോക്കിനെ വീടിൻറെ ഉമ്മറത്തിരുന്ന് കൗതുകപൂർവ്വം ഞാൻ നോക്കിക്കണ്ടിരുന്നു!  സുഖമുള്ള ആ സ്മരണകളുടെ സുന്ദരമായ മേഘപാളികൾ മനസ്സെന്ന മാനത്തിലൂടെ തെന്നി നീങ്ങവേയാണ് സർവരേയും സന്താപത്തിലേക്കുന്തിയിട്ട് അവരുടെ വിയോഗം ആഴ്ചകൾക്കുമുമ്പ് കാതുകളിലെത്തിയത്... 


പ്യൂൺ മുഹമ്മദ് കുട്ടിക്കയുമായി അക്ഷരബന്ധമൊന്നുമില്ലെങ്കിലും അദ്ദേഹത്തിൻറെ നിത്യസാന്നിധ്യം ഓർമകളിൽ വ്യത്യസ്തമായി നിൽക്കുന്നു. 
ഓഫീസിനു മുന്നിൽ തൂങ്ങിക്കിടക്കുന്ന ചെമ്പുതകിടിൽ നിന്നുയരുന്ന ഓരോ മണിമുഴക്കങ്ങളിലും മുഹമ്മദ് കുട്ടിക്കയുടെ മുഖം തെളിയുന്നുണ്ട്.. അധ്യയന ദിനങ്ങളുടെ ബോറടികളിൽ നിന്ന് ആശ്വാസങ്ങളിലേയ്ക്കും സ്വാതന്ത്ര്യങ്ങളിലേയ്ക്കുമുള്ള സമയ സൂചികയായിരുന്നല്ലോ ആ മണിമുഴക്കങ്ങൾ! 

വാർത്താവിനിമയ സൗകര്യങ്ങൾ വികസിക്കാത്ത ആ കാലത്ത് സ്കൂളിൽ ഒരു അത്യാവശ്യം ഉണ്ടായാൽ വാഹനത്തിനായി ഓടിയിരുന്നത് മുഹമ്മദ് കുട്ടിക്കയായിരുന്നു.  കുണ്ടുരുമ്മൽ ബാപ്പുക്കയുടെ വീട്ടിലെ ടെലഫോൺ ലക്ഷ്യമാക്കിയായിരുന്നു ആ ഓട്ടം. അവിടെ നിന്നും വിളിച്ചറിയിച്ച്  വാഹനം വരുത്തിയായിരുന്നു ആശുപത്രികളിലേക്കും മറ്റു അത്യാവശ്യങ്ങളിലേയ്ക്കും പോയിരുന്നത്. 

ഓഫീസിൻറെ തെക്കേയറ്റത്തായിരുന്നു അഞ്ചും ആറും ക്ലാസുകൾ.  വലിയ കുന്നിടിച്ച്, മണ്ണെടുത്ത്, കൊത്തിയൊതുക്കി നിർമിച്ച ക്ലാസ് റൂമുകൾ. നീളൻ വരാന്തയുടെ ഇടഭാഗങ്ങളിൽ പടിക്കെട്ടുകൾ ഉണ്ടായിരുന്നു. ഓഫീസ് കെട്ടിടത്തിനും അഞ്ചാംക്ലാസിനും  ഇടയിൽ കുത്തനെയുള്ള വലിയ പടിക്കെട്ടിനു  സമീപം ഉണ്ടായിരുന്ന ഒരു ചെറിയ സ്ഥലത്താണ് ഉച്ച ഭക്ഷണം പാചകം ചെയ്തിരുന്നത്. സമീപവാസിയായ നീലിയമ്മയായിരുന്നു ഉച്ചയൂൺ വെച്ചത്. ഒരുമണിയോടടുക്കുന്നേരം  അതിൻറെ ഗന്ധം ക്ലാസ് റൂമുകളിൽ  എത്തുമായിരുന്നു. നീണ്ട ബെല്ലടി കേട്ടാൽ  ഇറങ്ങിയോടി വരാന്തയിൽ വരിനിൽക്കുന്ന കുട്ടികളുടെ കൂട്ടം..  അലൂമിനിയത്തിന്റേയും സ്റ്റീലിനറെയും  വട്ടപാത്രങ്ങളും തൂക്കുപാത്രങ്ങളും കൈയിലേന്തി ചോറു വാങ്ങാൻ തിരക്ക് കൂട്ടുന്നവർ...  കഴിവുള്ള വീടുകളിൽ നിന്ന് വരുന്ന കുട്ടികളുടെ കൈയിൽ മാത്രമേ സ്റ്റീൽ  ചോറ്റുപാത്രം പൊതുവായി കണ്ടിരുന്നുള്ളൂ..  വീട്ടിൽ നിന്നും ചോറ്റുപാത്രങ്ങൾ കൊണ്ടുവരാനുള്ള മടിയിൽ ഞാനുൾപ്പെടെയുള്ള പല കുട്ടികളും ഇലയിൽ ആയിരുന്നു ചോറു വാങ്ങിയിരുന്നത്. പൊടിയെണ്ണി മരത്തിൻറെ ആനച്ചെവി പോലോത്ത വലിയ ഇലയിൽ!

സ്കൂളിലേക്ക് നടന്നുവരുന്ന വഴിയിൽ വലിയ പൊടിയെണ്ണിയില ധാരാളം കിട്ടുമായിരുന്നു. കൂട്ടുകാരിൽ ചിലർ മറ്റുള്ളവർക്ക് കൊടുക്കാനായി എല്ലാ ദിവസവും ഇല കൂടുതൽ കൊണ്ടുവരും. കോലൊളമ്പിൽ നിന്ന് വന്നിരുന്ന ഷാജിയുടെ (ഷാജി കെ പി) ഇലയ്ക്കായിരുന്നു ഡിമാൻഡ്!  

അത്രയ്ക്ക് വലിപ്പവും വൃത്തിയുമുള്ള ഇലയാണ് അവൻ ശേഖരിച്ചു വരിക.  ഇതിനുപുറമെ, സ്കൂൾ ഗ്രൗണ്ടിൽ ഉണ്ടായിരുന്ന പഴയ കല്ലുവെട്ടു കുഴിയിൽ മുളച്ചുപൊന്തിയ  പൊടിയെണ്ണി മരത്തിൽ നിന്നും കുട്ടികൾ ഇല പൊടിച്ചെടുക്കുമായിരുന്നു. ചോറിനായി വരിനിൽക്കുന്നവരിൽ ആദ്യത്തെയാൾ  കാലടിത്തറയിൽ നിന്ന് വന്നിരുന്ന ഗിരീഷ് ആയിരുന്നു. നല്ല പാട്ടുകാരനും  ജന്മനാ ഉയരക്കുറവുകാരനുമായ അവൻ മുട്ടിനു മുകളിൽ നിൽക്കുന്ന ട്രൗസറിട്ട്, ചോറ്റുപാത്രത്തിനു  മുകളിൽ താളവും പിടിച്ച്  ബെല്ലടിക്കും മുമ്പേ ഓഫീസിൻറെ ചുമരും ചാരി നിൽക്കും..

വേവേറിയ ചോറിലേക്ക് വെന്തു വിരിഞ്ഞ ചെറുപയർ ചേർത്തായിരുന്നു ഉച്ചയൂൺ.  രണ്ടുംകൂടി ഒരു പാത്രത്തിൽ വാങ്ങിക്കഴിക്കുമ്പോൾ വലിയ പ്രയാസം തോന്നും. തൊടാനാവാത്ത ചൂടും  മനംമടുപ്പിക്കുന്ന മണവും ആകെക്കൂടി കുഴഞ്ഞുമറിഞ്ഞ് കഴിക്കാനാവാത്ത അവസ്ഥയും.... 

സ്കൂളിനു മുന്നിലുള്ള പെട്ടിക്കടയിൽ പത്തു പൈസക്ക് സാധാ അച്ചാറിന്റെ ഒരു പായ്ക്കറ്റും അമ്പത് പൈസക്ക് കട്ടിയുള്ള പ്ലാസ്റ്റിക്കിൽ  ചതുരത്തിൽ മടക്കിപ്പൊതിഞ്ഞ കിടിലൻ അച്ചാറും കിട്ടുമായിരുന്നു. ഇതിൽ ഏതെങ്കിലുമൊന്ന് വാങ്ങാൻ വീട്ടിൽ നിന്ന് പൈസ കിട്ടുന്ന ദിവസം ഉച്ചയൂൺ വാങ്ങാൻ വലിയ ഉത്സാഹമാണ്.

ഭവനങ്ങളിൽ നിന്ന് ഭക്ഷണം കൊണ്ടുവന്നിരുന്ന കൂട്ടുകാരെ നോക്കി "വെള്ളമിറക്കി"യിരുന്നുഅന്ന്! മത്സ്യം പൊരിച്ചതും  ചാറും ചമ്മന്തിയുമൊക്കെ കൊണ്ടുവന്ന്  ബെഞ്ചിലിരുന്ന് അവർ കഴിക്കുമ്പോൾ നെഞ്ചിലുയർന്നിരുന്നു രസപ്പോടുകൾ ...  

പന്താവൂരിൽ നിന്ന് വന്നിരുന്ന നൗഷാദും ജമാലും ഇടയ്ക്കിടെ  ഇറച്ചിയും പൊറോട്ടയും കൊണ്ടുവരുമായിരുന്നു. അവരുടെ ഉപ്പയ്ക്ക് ഹോട്ടൽ ഉണ്ടായിരുന്നതുകൊണ്ടായിരുന്നു ആ ഭാഗ്യം! ചിലപ്പോഴൊക്കെ അവർ  അതിൽ നിന്ന് ചില കഷ്ണങ്ങൾ ഞങ്ങൾക്കും  തരും. അത്യപൂർവമായി കിട്ടിയിരുന്ന അവയുടെ രുചി ഇപ്പോഴിവിടെ വാചകങ്ങളിൽ വർണിക്കാവതല്ല..!!

ഭക്ഷണം കഴിക്കാൻ ഇടയ്ക്കൊക്കെ കൂട്ടുകാരോടൊപ്പം കക്കിടിപ്പുറം റോഡിലെ മുഹമ്മദ്ക്കയുടെ ഹോട്ടലിലേക്കാണ് പോവുക. ക്ലാസ്മേറ്റ് ആയ സലാമിൻറെ ഉപ്പയുടെ കടയായിരുന്നു അത്. അവിടെയുള്ള മരമേശയിൽ വെച്ച് ഊണ് കഴിക്കുമ്പോൾ ഹോട്ടൽ  അടുക്കളയിൽ നിന്ന് വരുന്ന തിളച്ച മീൻകറിയുടെയും സാമ്പാറിന്റെയുമൊക്കെ വെന്ത ഗന്ധം വല്ലാതെ കൊതിപ്പിക്കും...  ചെങ്കല്ലുമടയിലെ തൊഴിലാളികളിൽ ചിലർ ഭക്ഷണം കഴിക്കാൻ അവിടേയ്ക്ക് വരുമ്പോൾ വാഴയിലയിൽ വിളമ്പിയ ചോറിനൊപ്പം ചേർത്തുവെച്ചു കൊടുക്കുന്ന പൊരിച്ച അയലമീനിൻറെ നെടുനീളൻ കഷ്ണങ്ങളും വായിൽ കപ്പലോട്ടുമായിരുന്നു!  

ചോറ്റുപാത്രങ്ങൾ കഴുകിയെടുക്കാൻ സ്കൂൾ ഗ്രൗണ്ടിലെ കിണറിനെ മാത്രമല്ല, റോഡുവക്കിലെ പൊതുടാപ്പുകളെയും  അയൽവീടുകളിലെ കിണറുകളെയും ഞങ്ങൾ ആശ്രയിച്ചിരുന്നു.  കുന്നുകളാൽ ചുറ്റപ്പെട്ട സ്കൂൾ പരിസരത്ത് ധാരാളം ചെങ്കല്ല് ക്വോറികൾ ഉണ്ടായിരുന്നു. ആഴമേറിയ മടകളിൽ നിന്ന് കല്ലുകൾ കൊത്തിയെടുക്കുന്ന രംഗങ്ങൾ കായികാധ്വാനത്തിൻറെ മികച്ച ചിത്രങ്ങളായിരുന്നു. ഉറപ്പേറിയ ഭൂതലം കുതിർന്നു കിട്ടാനായി ചെങ്കല്ലുപാറകളിൽ ദിവസങ്ങളും മണിക്കൂറുകളും വെള്ളം കെട്ടിനിർത്തിയായിരുന്നു കല്ലുകൾ വെട്ടിയെടുത്തത്. രാവിലെ മുതൽ വൈകിട്ട് വരെ പുറം കുനിഞ്ഞുനിന്ന് കല്ലിൽ കൊത്തിക്കൊത്തി 

തൊഴിലാളികൾ വെട്ടിയെടുക്കുന്ന കല്ലുകൾ മടകൾക്ക് പുറത്തേക്ക് തലച്ചുമടായി എത്തിച്ച്  അട്ടിയിട്ടു വച്ചിരുന്നു..കല്ലുകൾ കയറ്റിപ്പോകുന്ന ലോറികളും അവയ്ക്ക് മുകളിൽ നിന്നുപോകുന്ന കയറ്റിറക്കു  തൊഴിലാളികളും സദാ കാഴ്ചയായത്  ബാല്യകാല കൗതുകങ്ങൾക്കപ്പുറം പ്രകൃതിചൂഷണത്തിന്റെയും മകുടോദാഹരണങ്ങളായി. 

പഠനത്തേക്കാൾ മാറ്റ് സത്യസന്ധതയ്ക്കാണെന്ന്  ഞാൻ മനസ്സിലാക്കിയത് ആറിൽ പഠിക്കുമ്പോഴാണ്. ചാപല്യത്തിൻറെ ചാപ്പയടിക്കപ്പെട്ട ഒരു സംഭവമുണ്ടായി അന്ന്. സ്കൂളിൽ ശാസ്ത്രമേള നടക്കുന്ന ദിവസം. ബഹളപൂർണമായിരുന്നു ക്ലാസ് മുറികൾ. മേളയിൽ പങ്കാളികളാകാനായി ഓരോരുത്തരും കൊണ്ടുവന്ന സാമഗ്രികൾ അവരവരുടെ ക്ലാസ് മുറികളിൽ സംവിധാനിക്കുന്ന തിക്കുംതിരക്കും.. 

പഠിപ്പില്ലാത്ത ദിനത്തിൻറെ ആഹ്ളാദത്തിൽ ബഹളങ്ങളിൽ മയങ്ങിയങ്ങനെ നടക്കുമ്പോഴാണ് വരാന്തയിൽ നിന്ന് പത്തു രൂപയുടെ ഒരു നോട്ട് എനിക്ക് കണ്ടുകിട്ടിയത്.  ഭ്രമിക്കപ്പെട്ട്, ചുറ്റും നോക്കി ആരും കണ്ടില്ലെന്ന് ഉറപ്പാക്കിയ ഞാൻ അതെടുത്ത് കീശയിൽ തിരുകി.. പത്തു പൈസ തന്നെ അപൂർവമായി കയ്യിൽ കിട്ടുന്ന എനിക്ക് പത്തു രൂപയുടെ ധനലബ്ധിയിൽ  ശരിക്കും കണ്ണുമഞ്ഞളിച്ചു. കാശ് എങ്ങനെ ചെലവാക്കണമെന്ന ചിന്തയിൽ ഒരു ഉറ്റകൂട്ടുകാരൻറെ ഉപദേശം തേടി. അവന്റെ നിർദേശ പ്രകാരം സ്കൂൾ ഗ്രൗണ്ടിന്റെ  തെക്കുകിഴക്കേ അറ്റത്തേക്ക്  നടന്നു. മതിലിനോട്  ചാരിയുള്ള പെട്ടിക്കടയിലേക്ക്  തല നീട്ടി. കുറെ മിഠായികൾ വാങ്ങിക്കൂട്ടി ഞങ്ങൾ വീതം വച്ചു.  പണം പിന്നെയും ബാക്കിയായിരുന്നു. പത്തിന്റെയും ഇരുപതിന്റെയും ഇരുപത്തിയഞ്ചിന്റെയും  അമ്പതിന്റെയും പൈസകളുടെ,  'കോയിൻ കായ്'  കീശയിൽ കനം തൂങ്ങി. ഭയവും 'ഭാര'വും കാരണം എവിടെയെങ്കിലും  പണം ഒളിപ്പിക്കണമെന്ന ചിന്തയിൽ ഇതിനുള്ള ഇടം തേടി നടന്നു. 

ശാസ്ത്രമേളയുടെ ആരവങ്ങളിൽ തന്നെയായിരുന്നു ക്ലാസ് മുറികൾ. തിക്കിലും തിരക്കിലും കുട്ടികൾ രസം പൂണ്ടു നിൽക്കുന്നു.. അഞ്ചാം ക്ലാസ് കെട്ടിടത്തിലെ ഏതാനും മുറികളിൽ ഉപയോഗമില്ലാത്ത സാധനങ്ങൾ വാരിവലിച്ചു നിറച്ചിട്ടത് ശ്രദ്ധയിൽപ്പെട്ടു. പണം ഒളിപ്പിക്കാൻ പറ്റിയ ഇടം ഇവിടെയാണെന്ന് മനസ്സ് പറഞ്ഞു. ചുമരിനോട് ചേർത്ത് അടുപ്പിച്ചടുപ്പിച്ചിട്ട  ക്ലാസ് ഡിവൈഡറുകളോന്നിന്റെ അടിവശം പൊക്കി ചില്ലറത്തുട്ടുകൾ പൂഴ്ത്തിവെച്ച് ഞാൻ പുറത്തിറങ്ങി. 

ട്രൗസറിന്റെ  കീശയിൽ അപ്പോഴും കിടപ്പുണ്ടായിരുന്നു പമ്പരമിഠായികൾ.. വെളുപ്പും  ഇളം പച്ചയും റോസും നിറങ്ങളിൽ ചതുർ ദ്വാരത്തിലൂടെ നൂൽകോർത്ത, പെട്ടെന്ന് പൊട്ടുന്ന പമ്പരമിഠായികൾ...!! ജീവിതത്തിൽ ആദ്യമായിട്ടാണ് അന്ന് അത്രയും മിഠായികൾ തിന്നത്. കളിക്കാനും കൂട്ടുകൂടാനും വരാതെ, ദാരിദ്ര്യത്തിന്റെ  ദൃഷ്ടികോണിൽ  എന്നെ നോക്കികണ്ടവർ ആ ദിനത്തിൽ എന്റെ 'വിട്ടുപോകാത്ത ' കൂട്ടുകാരായി! 

കറുത്ത് തടിച്ച കുഞ്ഞുമോൻക്കയുടെ പെട്ടിക്കടയുടെ പുറത്ത് മുറിച്ചുവെച്ച അമ്പത് പൈസയുടെ ചക്കരമത്തയും, ഉപ്പും മുളകും ചേർത്ത് ഇരുപത്തിയഞ്ച് പൈസക്ക് വിൽക്കുന്ന ഓറഞ്ചും, പത്ത് പൈസക്ക്  അഞ്ചെണ്ണം കിട്ടുന്ന നെല്ലിക്കയും, എത്ര തിന്നാലും മതിവരാത്ത എലന്തക്ക അച്ചാറുമൊക്കെ ഇഷ്ടം പോലെ വാങ്ങി തിന്നണമെന്ന മോഹം പിടിച്ചുനിർത്തിയത് സാഹസപ്പെട്ടാണ് ! മധുര സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാനായി ഒളിപ്പിച്ചുവെച്ച പണമെടുക്കാൻ ക്ലാസിലെത്തിയെങ്കിലും ഇളിഭ്യനായി.  അവിടെയുള്ള സാധനങ്ങളെല്ലാം മാറ്റിയതായും അതോടൊപ്പം ആ  പണവും നഷ്ടപ്പെട്ടതായും തിരിച്ചറിഞ്ഞതോടെ ഞാൻ തിരിച്ചുപോന്നു.

ശാസ്ത്രമേള കഴിഞ്ഞുള്ള തൊട്ടടുത്ത പ്രവൃത്തി ദിനം. ഓഫീസിനുമുന്നിൽ ഉണ്ടായിരുന്ന വലിയ ഞാവൽമരം തണലാക്കി അസംബ്ലി കൂടി. ഹെഡ് മാസ്റ്റർ  ഹംസത്തലി മാഷ്, പതിവു  അഭിസംബോധനക്കൊടുവിൽ ഒരു പ്രത്യേക കാര്യം പറഞ്ഞു: ശാസ്ത്രമേള ദിവസം ഒരു കുട്ടിയുടെ 110 രൂപ കളഞ്ഞു പോയിരുന്നു എന്നും അതിൽ 100 രൂപ വീണുകിട്ടി ഓഫീസിൽ ഏൽപ്പിച്ച് സത്യസന്ധത കാട്ടിയ വിദ്യാർഥിയെ ഇവിടെ അസംബ്ലിയിൽ വച്ച് അഭിനന്ദിക്കുന്നുണ്ട്  എന്നും.... 

പെട്ടെന്നൊരു  മിന്നൽപിണർ എന്റെ മേനിയിലൂടെ കടന്നു പോയി.. കുറ്റബോധത്തിൻ്റെ വേലിയേറ്റത്തിനൊപ്പം  അസൂയയുടെ ശീതക്കാറ്റു വീശി....  എനിക്കു കിട്ടിയ ആ  പത്ത് രൂപ അപ്പോൾ തന്നെ ഓഫീസിൽ ഏൽപ്പിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് തോന്നി. അങ്ങനെയായിരുന്നെങ്കിൽ ഈ വലിയ അസംബ്ലിയുടെ മുന്നിൽ വന്ന് എനിയ്ക്കും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങാമായിരുന്നല്ലോ.....  ചിന്തിച്ചു നിൽക്കവേ, രണ്ടു കുട്ടികൾ അധ്യാപകർക്കിടയിലൂടെ മുന്നിലേക്ക് വന്നു. തിരിച്ചുകിട്ടിയ 100 രൂപ നഷ്ടപ്പെട്ട കൂട്ടുകാരന് തിരിച്ചു നൽകി. അവിടെ കയ്യടികൾ മുഴങ്ങി. സത്യസന്ധതയ്ക്ക് പ്രോത്സാഹനം നൽകിയുള്ള കരഘോഷംക്ലാസ്മേറ്റ് ആയിരുന്ന ബഷീറിൻ്റേ (കക്കിടിക്കൽ) തായിരുന്നു ആ പണം. സ്കൂൾ വിട്ടു വരുമ്പോൾ വീട്ടുസാധനങ്ങൾ വാങ്ങാൻ ഉമ്മ അവനെ ഏൽപ്പിച്ചതായിരുന്നത്രേ ആ 110 രൂപ. എന്നാൽ, സത്യസന്ധതയ്ക്ക് മാതൃകയായ ആ വിദ്യാർഥിയുടെ പേര് മാത്രം ഇവിടെ ഓർമയിൽ നിന്ന് മാഞ്ഞുപോയത് സങ്കടകരമെന്ന് പറയാതെ വയ്യ. 

ജീവിതത്തിലാദ്യമായി വിനോദയാത്ര പോയത് സ്കൂളിൽ നിന്നാണ്. 40 രൂപ ചെലവിൽ ഏകദിന യാത്രയായിരുന്നു അത്. 'കൊച്ചുമോൻ ട്രാവൽസ്' എന്ന വീഡിയോ കോച്ച് ബസ്സിൽ രാവിലെ 6 മണിക്കാണ് പന്താവൂരിൽ നിന്ന് ഞങ്ങൾ പുറപ്പെട്ടത്. ആദ്യമായി കടൽ കണ്ടതും സിനിമ കണ്ടതും ഈ പഠന യാത്രയിലാണ്! "ചാവക്കാട് എത്തുമ്പോൾ ചായ കുടിക്കാൻ മറക്കരുതേ.." എന്നൊരു കെട്ടിപ്പാട്ട് ബസിൽ വച്ച് ചന്ദ്രൻ മാഷ് പാടിയപ്പോൾ ഞങ്ങൾ കുട്ടികൾ എല്ലാവരും അതേറ്റുപാടി.  സന്ദർഭോചിതവും സരസപൂർണവുമായ മാഷ്ടെ ഡയലോഗുകൾ എല്ലാവരും പൊട്ടിച്ചിരിയോടെ ആസ്വദിച്ചു. 

കടൽതീരത്തെ കാഴ്ചകളും ഐസ് ഉണ്ടാകുന്ന പ്ലാൻ്റും ചാവക്കാട് നിന്ന് കണ്ട്, പാട്ടുപാടിയ പോലെ അവിടെ നിന്നും ചായ കുടിച്ച്, തൃശ്ശൂർ മൃഗശാല സന്ദർശിച്ചു പാലക്കാട്ടെത്തി ടിപ്പുസുൽത്താൻ കോട്ടയും മലമ്പുഴ ഉദ്യാനവും കൺനിറയെ കണ്ടു. മനോഹരമായ പൂന്തോട്ടത്തിനു മധ്യേ ഇരിക്കുന്ന നഗ്നയക്ഷിയുടെ പ്രതിമ കണ്ടപ്പോൾ കുട്ടികൾ എല്ലാവരും ലജ്ജിച്ചു തലതാഴ്ത്തി. രാത്രി വൈകി തിരിച്ചെത്തിയപ്പോൾ വീടകലെയുള്ള വിദ്യാർത്ഥികളെല്ലാം  വാസുദേവൻ മാസ്റ്ററുടെ വീട്ടിലാണ് കിടന്നുറങ്ങിയത്.

സ്കൂളിനു തൊട്ടടുത്തു തന്നെയുള്ള നഫീസത്തുൽ മിസ് രിയ്യ:യുടെ കൈ, മില്ലിൽ കുടുങ്ങി അറ്റുപോയത് എല്ലാവരിലും വേദനയുണ്ടാക്കിയ സംഭവമായിരുന്നു. ഉറുദു ബാച്ചിലെ കൂട്ടുകാരിയായിരുന്നു അവൾ. ധാന്യം പൊടിക്കാനായി വീടിനടുത്തുള്ള മില്ലിലേക്ക് പോയപ്പോൾ അബദ്ധത്തിൽ കൈ അകപ്പെടുകയായിരുന്നത്രേ.  മാസങ്ങൾക്കു ശേഷം ദുരന്തം പേറിയ മനസ്സും ശരീരവുമായി വീണ്ടും അവൾ സ്കൂളിൽ എത്തിയതും കൂട്ടുകാരികൾ കൂട്ടമായി അവളെ പൊതിഞ്ഞതും തുടർന്നുള്ള നാളുകളിൽ അധ്യാപകർ അവൾക്ക് പ്രത്യേകം കരുതൽ നൽകിയതും ഞങ്ങളോടൊപ്പം പഠിച്ചു വളർന്നതും ഇന്നലെയെന്ന പോലെ വന്നലക്കുന്നുണ്ട്, തീരാത്ത ഓർമകളുടെ തിരമാലകളായി......... 

സ്കൂളിൽ നിന്നും യു എസ് എസ് പരീക്ഷയെഴുതാൻ തെരഞ്ഞെടുക്കപ്പെട്ട ഞാനും നടുവട്ടത്തെ പ്രതീഷും (പ്രതീഷ് നീലകണ്ഠൻ) എടപ്പാളിലെ ഒരു കടയിൽ 'കുടുങ്ങിയ ' കഥയും ഈ കലാലയ സ്മരണകൾക്കൊപ്പം ചേർത്തുവയ്ക്കാം. എടപ്പാൾ ഗവ. ഹൈസ്കൂൾ ആയിരുന്നു പരീക്ഷാ സെൻറർ. ഉച്ചയ്ക്ക് ഒരുമിച്ച് ബസ് കയറി ചുങ്കത്ത് എത്തിയപ്പോൾ ഞങ്ങളുടെ ചങ്കിൽ വല്ലാത്ത ദാഹം. പരിസരത്ത് തന്നെ ഒരു കരിമ്പിൻ ജ്യൂസ് കട  കണ്ടതോടെ ദാഹവും കൊതിയും അധികമായി. ഞങ്ങൾ  രണ്ടുപേരും  ഓരോന്ന് ഓർഡർ ചെയ്തു. കുടി കഴിഞ്ഞ് കാശ് എത്രയായി എന്ന് ചോദിച്ചപ്പോൾ കടക്കാരൻ പറഞ്ഞു:  6 രൂപ ! 

പണമെടുക്കാൻ  കീശയിൽ  കൈയ്യിട്ട പ്രതീഷിന്റെ പ്രതീക്ഷ തെറ്റി. കിട്ടിയത് മൂന്നു രൂപ മാത്രം. എൻറെ അടുത്താണെങ്കിൽ ആകെക്കൂടി ഒരു  രൂപയും! എന്തുചെയ്യണമെന്നറിയാതെ കുഴഞ്ഞു. പരീക്ഷയ്ക്ക് പോകുന്നവർ ആണെന്ന് പറഞ്ഞ് കടക്കാരനോട് കൈമലർത്തിയെങ്കിലും അയാൾ കനിഞ്ഞതേയില്ല. ആറു രൂപ പൂർണമായും നൽകാതെ പോകാൻ പറ്റില്ലെന്ന കടക്കാരന്റെ  കടുംപിടുത്തത്തിൽ ഞങ്ങൾ ആകെ പരിഭ്രാന്തരായി. പരിഹാരമെന്ന നിലയിൽ ഒരു ഈടിൻറെ ഇടപാട് അയാൾ മുന്നോട്ടുവച്ചു. പ്രതീഷിൻറെ  കൈവശമുണ്ടായിരുന്ന  ഒരു ഇംഗ്ളീഷ് ഗൈഡ് അവിടെ വെക്കണം  എന്നതായിരുന്നു കരുണയില്ലാത്ത കടക്കാരൻ നിർദേശിച്ചത്. ഗത്യന്തരമില്ലാതെ ഞങ്ങൾക്കത് അനുസരിക്കേണ്ടി വന്നു. കൊടുക്കാൻ ബാക്കി വന്ന പണം നൽകുമ്പോൾ പുസ്തകം തിരിച്ചു തരാമെന്ന് അയാൾ പറയുകയും അതുപ്രകാരം പണം എത്തിച്ചുകൊടുത്ത കൂട്ടുകാരൻ പുസ്തകം തിരികെ പറ്റുകയും ചെയ്തു. 

ആസ്ബറ്റോസ് മേഞ്ഞ ആറാം ക്ലാസിലെ പുറം വരാന്തയിൽ നിന്ന് കിഴക്കോട്ട് നോക്കിയാൽ ഏറെ ദൂരെയുള്ള എറവക്കാടൻ ദേശം കാണാമായിരുന്നു. അവിടെ കയറ്റം കയറി വന്നു നിൽക്കും ഉച്ചയ്ക്ക് ഒന്നര മണിക്ക് ഒരു യാത്രാ ബസ്. തിങ്ങിയ തെങ്ങിൻതോപ്പുകളും ഹരിതാഭമാർന്ന മരക്കൂട്ടങ്ങളും വിശാലമായ പാടശേഖരവും ദൃശ്യവിസ്മയം തീർത്ത വിണ്ണിനുതാഴെ,  വിദൂരമായ ആ എറവക്കാടൻ ദേശവും നെല്ലിശ്ശേരിക്കാലത്തിൻറെ ഓർമപുസ്തകത്തിൽ ഒരേടായി മറിയുന്നു ..

പച്ച പുതച്ച കുറ്റിക്കാടുകളും അതിൽ വെളുത്ത മണികളാൽ മാധുര്യത്തിന്റെ  കുലചാർത്തിയ ചങ്കുർണ്ണിപ്പഴങ്ങളും, കാട്ടുവള്ളികളിൽ ആളിപ്പടർന്ന്  താഴേക്കു തൂങ്ങിയ കദളിപ്പഴങ്ങളും, ആനപ്പുറം പോലെ പാറ നിറഞ്ഞ ഭൂതലങ്ങളും, ചരൽക്കല്ലു നിറഞ്ഞ കുന്നിൻചെരിവുകളും, അവയിൽ മഞ്ഞയും ചുവപ്പും ഇട ചേർന്നു കായ്ച  പറങ്കിമാവുകളും ഓർമയിൽ മാത്രം ഇനി വീണ്ടെടുക്കാവുന്ന  പ്രകൃതിരമണീയതയുടെ സുകൃതങ്ങളായിരുന്നു...! 

മുപ്പതിന്റെ വർഷ ദൈർഘ്യത്തിലും മൂപ്പെത്തിയ നെല്ലിക്ക പോലെ മധുരിക്കുന്ന ആ ഓർമകൾ കണ്ണിലും  കാതിലും ഇന്നും നിറഞ്ഞു നിൽക്കുന്നു.. എയുപിഎസ് എന്ന ആ  ഉദ്യാന മുറ്റത്ത് ഗൃഹാതുരത്വങ്ങൾക്കും നഷ്ടബോധങ്ങൾക്കുമൊപ്പം  വിദ്യയുടെ പൂച്ചെടികൾ ഓർമയുടെ ഉമ്മറത്ത് മൊട്ടിട്ടു നിൽക്കുന്നുണ്ട്.. 

ഞാവൽ മരങ്ങളിൽ വലിഞ്ഞുകയറിയും മാവുകളിൽ കല്ലെറിഞ്ഞും  ചെമ്മൺ റോഡിൽ പൊടി പാറ്റിയും , നടന്നും ഓടിയും വിയർത്തുമൊലിച്ചുമെത്തിയ  ആ സ്കൂൾ പരിസരത്ത് എത്രയെത്ര സ്മരണകളാണ് ബാല്യത്തിന്റെ  സന്തോഷങ്ങൾ  പേറി ഹൃദയം നിറയ്ക്കുന്നത്!  അവയിൽ ഗ്രാമീണതയുടെ മണം കൂടി ചേരുമ്പോൾ നുകർന്നെടുത്ത വിജ്ഞാനങ്ങൾ മുഴുക്കെയും വർത്തമാനത്തിന്റെ ജീവിതയാത്രയിൽ ആത്മഹർഷങ്ങളുടെ അമൃതായി വർഷിക്കുന്നു!ഊർജ്ജമായി ഉന്മേഷം പകരുന്നു !!

(1990-91 ബാച്ചിലെ വിദ്യാർഥിയാണ്ലേഖകൻ. Phone: 9495808876 )


2 comments:

Anonymous said...

Super👍kurachu sankadam, oru pad santhoshavum thonni!!😊😍😍

Anonymous said...

കഥ യുടെ പേര് കലക്കി 👍"നെല്ലിക്ക പോലെ നെല്ലിശ്ശേരി ക്കാലം "!!😍