ഈ എഴുത്തുപുരയില്‍..

04 January 2021

കഴിവുറ്റവൻ കഴുങ്കിൽ മജീദ്!


പ്രിയ സാരഥീ..

ഗ്രാമീണജനതയുടെ ഹൃദയങ്ങളിൽ നിന്നാണ് പൗരസ്വപ്നങ്ങളുടെ രാജപാതയിലൂടെ താങ്കൾ, ഒരു ജനായത്ത ഭരണത്തിൻറെ അമരക്കാരനായത്!അവിശ്വസനീയമായ ഒരു അശ്വമേധം തെളിച്ചു കൊണ്ടുള്ള അധികാരത്തിൻ്റെ  പ്രസിഡൻഷ്യൽ അമരത്വം!  സമുന്നതമായ ഈ സ്ഥാനലബ്ധിയിൽ ഏറെ അഭിമാനിക്കുന്നു; ഏറെ അഭിനന്ദിക്കുന്നു.. 

*      *     *

പ്രവർത്തന പൂർണതയുടെ പ്രശംസാർഹമായ ജനസേവനങ്ങളിൽ നിന്നായിരുന്നു തെരഞ്ഞെടുപ്പ് ഗോധയിൽ താങ്കളുടെ തുടർതേരോട്ടം. സേവനമനസ്കതയുടെ സർവ്വസ്വവും ഒരു ഗ്രാമത്തിനു സമർപ്പിച്ചു കൊണ്ട്‌ ഓരോ സഹോദരൻ്റെയും ഇടനെഞ്ചിൽ താങ്കൾ ഇടംനേടി!

കക്ഷിരാഷ്ട്രീയത്തിനതീതമായി, ഗ്രാമവികസനത്തിൻ്റെയും പൗരാവകാശങ്ങളുടേയും പക്ഷത്തു നിന്നുകൊണ്ട് സർക്കാർ സംവിധാനങ്ങളുട ഗുണഫലങ്ങൾ താങ്കൾ, ഓരോ വീടുകളുടെയും പൂമുഖങ്ങളിലെത്തിച്ചു....!

ജനജ്ഞാനീയമായ ആ കൃതജ്ഞതയും കടപ്പാടും അടയാളപ്പെടുത്തലും തന്നെയാണ് ഒരു നാടിൻ്റെ ഭരണസാരഥ്യം കൈവരാൻ താങ്കളെ പ്രാപ്തനാക്കിയതും! അംഗീകാരത്തിൻ്റെ രണ്ടാമൂഴമായി ജനത വകവെച്ചു തന്ന ആ ഉത്തമ വിശ്വാസം, സുവർണനേട്ടങ്ങളുടെ ചരിത്രം രചിക്കാൻ പഞ്ചായത്തീരാജിൻ്റെ ഭരണചക്രം തിരിച്ച് ഇനി താങ്കൾ സാധ്യമാക്കുക! 

വട്ടംകുളത്തിൻ്റെ  മണ്ണിൽ സൽഭരണത്തിൻറെ തുടർദിനങ്ങൾ കാഴ്ചവയ്ക്കാൻ താങ്കൾക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.  

ഓരോ ഗ്രാമീണൻ്റെയും പുതുപ്രതീക്ഷകൾക്ക് നവോർജ്ജം നൽകാൻ...., നാടിൻറെ സർവയിടങ്ങളിലും വികസനത്തിൻ്റെ വെളിച്ചമെത്തിക്കാൻ അനുഭവക്കരുത്തും യുവത്വവും നേതൃശേഷിയും മേളിച്ച താങ്കൾക്ക് കഴിയും എന്നത് തീർച്ചയാണ്.. അഴിമതിയുടെയും സ്വജനപക്ഷപാതത്തിൻ്റെയും വികസന മുരടിപ്പിൻ്റേയും ആരോപണ _ പ്രത്യാരോപണങ്ങളുടെയും വിഴുപ്പുഭാഢങ്ങൾ വലിച്ചെറിഞ്ഞ് വട്ടംകുളത്തിൻ്റെ വെട്ടത്തിനും വെളിച്ചത്തിന്നും മാറ്റുകൂട്ടുവാൻ സഹകാരികൾക്കൊപ്പം താങ്കൾ സക്രിയനാവുക..

സൗഹൃദത്തിൻറെയും മതനിരപേക്ഷതയുടെയും ജീവിതസ്വാസ്ഥ്യങ്ങളുടെയും വിദ്യാഭ്യാസ മുന്നേറ്റങ്ങളുടെയും കാർഷിക സമൃദ്ധികളുടെയും പൗരാണിക പ്രതാപങ്ങളുടെയും ആധുനികതയുടെയുമെല്ലാം സമജ്ഞസ പൂർണമായ ഒരു ഗ്രാമവും നഗരവും പടുത്തുയർത്താൻ..., വർത്തമാനത്തിനും വരുംകാലത്തിനും അത് മാതൃകയാകാൻ...., കഴുങ്കിൽ മജീദ് എന്ന കഴിവുറ്റ നേതാവിനും നവസാരഥികൾക്കും ക്രിയാത്മകരായ പുതുപ്രതിനിധികൾക്കും സാധിക്കട്ടെ എന്നാശംസിക്കുന്നു!

✍️ റഫീഖ് നടുവട്ടം

No comments: