ഈ എഴുത്തുപുരയില്‍..

10 July 2020

ആത്മക്കുറിപ്പ്

സത്യസന്ധമായൊരു 'ഇൻട്രോ' ഇനിയും വൈകരുതെന്ന് വിചാരപ്പെട്ട നേരത്താണ് ഈ ആത്മക്കുറിപ്പ്.

മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത നടുവട്ടത്താണ് ജനനം. 
മാതാപിതാക്കളും സഹോദരന്മാരുമടങ്ങിയ സ്നേഹപരിസരങ്ങളിലായിരുന്നു പിച്ചവെച്ചത്. 
കഴിവുകളിൽ വഴികാട്ടാൻ ആരുമില്ലാതിരുന്ന ബാല്യം..

സാമ്പത്തിക പരാധീനതകൾക്കിടയിലും അടിസ്ഥാന വിദ്യാഭ്യാസത്തിലൂടെ കുടുംബം കരുതൽ നൽകി. 
മത-ഭൗതിക പഠനങ്ങൾ സമന്വയിപ്പിച്ചു കൊണ്ടായിരുന്നു വിദ്യാർഥിത്വം! 

യൗവ്വനത്തിൽ, ചെറിയ അധ്യാപന ജോലിയിലൂടെ സ്വന്തമായി സ്വരുക്കൂട്ടിയ സമ്പാദ്യം കൊണ്ട് 'ബിരുദ'ത്തിന്റെ അതിരു കടന്നു.
 
കടവരാന്തകളിലും അയൽവീടുകളിലും ചെന്നിരുന്നുള്ള പത്രവായന കൗമാരത്തിന്റെ നേരമ്പോക്കുകളായിരുന്നു.
സഹോദരൻറെ വിലാസത്തിൽ വീട്ടിലെത്തിയിരുന്ന 'രിസാല' , 'പൂങ്കാവനം' എന്നീ പ്രസിദ്ദീകരണങ്ങളാണ് വായനകളിലേയ്ക്ക് വാതായനം തുറന്നത്.
 
ഒപ്പം, ഗ്രാഹ്യവും ഗാംഭീര്യവുമായ ഭാഷാശൈലിയിലൂടെ 'മലയാള മനോരമ'യും 'മാതൃഭൂമി'യും മനസ്സിൽ വായനയുടെ വസന്തം തീർത്തു! 
കൊതിയുടെ പാതയോരങ്ങളിൽ കണ്ടുമുട്ടിയ ഇതരപുസ്തകങ്ങളും അക്ഷരസ്നേഹത്തിൻറെ അമൃതായി മാറി.. 
മാസികകളിലേയ്ക്ക് കത്തെഴുതിയും ദിനപത്രങ്ങളിലേയ്ക്ക് പ്രതികരണങ്ങൾ അയച്ചുമാണ് എഴുത്തിനെ വഴക്കിയെടുത്തത്.
 
സ്വയം എടുത്തണിഞ്ഞ 'റഫീഖ് നടുവട്ടം' എന്ന തൂലികാനാമം, പത്രക്കടലാസുകളിൽ അച്ചടിച്ചു വന്നപ്പോൾ തുടരെത്തുടരെ തൂലികയൂന്താൻ വല്ലാത്ത ആവേശമായി!
ചുറ്റും നടക്കുന്ന പ്രധാന സംഭവങ്ങൾ വാർത്തയാക്കി അയച്ചുകൊടുത്തതും മാധ്യമ ഡസ്ക്കുകളിൽ അതിനു ലഭിച്ച സ്വീകാര്യതയും ആത്മഹർഷമുണ്ടാക്കി..
 
2001ലെ കേരള നിയമസഭാ തെരഞ്ഞടുപ്പിൽ നാട്ടിക മണ്ഡലത്തെ പ്രതിനിധീകരിച്ചുള്ള ടി എൻ പ്രതാപൻ എം എൽ എ യുടെ കന്നിയങ്കത്തേയും, യശ്ശ:ശരീരനായ കൃഷ്ണൻ കണിയാംപറമ്പിലിന്റെ എതിരങ്കത്തേയും കുറിച്ചുള്ള വാർത്തയെഴുത്ത്, ഔദ്യോഗിക ലേഖകൻ അല്ലാതിരുന്നിട്ടും ബൈലൈനിൽ നൽകി 'സിറാജ് ' ദിനപത്രം അരപേജോളം പ്രസിദ്ദീകരിച്ചത് വലിയ അംഗീകാരമായി ഓർമയിലുണ്ട്!

എഴുതി അയക്കുന്നവയൊക്കെയും എഡിറ്ററുടെ അധികത്തിരുത്തുകളില്ലാതെ അച്ചടിച്ചുവന്നത് തുടരെഴുത്തുകളിൽ ഉന്മേഷത്തിന്റെ മഷി നിറച്ചു !
കുറിപ്പുകളായും വാർത്തകളായും ലേഖനങ്ങളായും കഥയായും കവിതയായും കവർസ്റ്റോറികളായും ഫീച്ചറുകളായും അച്ചടിക്കപ്പെട്ട സ്വന്തം സൃഷ്ടികൾ അതിരുകളില്ലാത്ത ആത്മപ്രശംസകളിലേയ്ക്കു മാത്രമല്ല; അനേകം അനുവാചകരുടെ ആത്മാർഥമായ അഭിനന്ദനങ്ങളിലേയ്ക്കും ആനയിച്ചു!

പ്രഥമ കവിതയുടെ മൊട്ട് വിരിഞ്ഞത്, ഒരു മഹാദുരന്തത്തിന്റെ ഞെട്ടലിലായിരുന്നു! 2001 മാർച്ചിൽ 44 പേർ വെന്തുമരിച്ച മലപ്പുറം കോട്ടക്കലിലെ പൂക്കിപ്പറമ്പ് ബസ് ദുരന്തമായിരുന്നു അതിന്റെ ഇതിവൃത്തം.

മാസ്റ്റർ ഓഫ് കൊമേഴ്സിന്പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് വിദേശജോലിയുടെ പ്രലോഭനങ്ങളിൽ പെട്ടത്.  അതിവിദൂരമായ ആഫ്രിക്കയിലേക്കായിരുന്നു ആദ്യയാത്ര. ഇരുണ്ട ഭൂഖണ്ഡത്തിന്റെ ഒരു തെക്കുദിക്കിലുള്ള 'മൊസാംബിക്കി'ലെ മൂന്നര വർഷത്തെ പ്രവാസ ജീവിതം കരിയറിലും അനുഭവങ്ങളിലും നൽകി; അനവധി അഗ്നിപാഠങ്ങൾ !

ജീവിത വൈഷമ്യങ്ങളുടെ ആ വിദേശവാസം വിട്ടെറിഞ്ഞ് 2007 ൽ, ജന്മഭൂമിയുടെ സ്വാസ്ഥ്യങ്ങളിലേയ്ക്ക് തിരിച്ചെത്തി സങ്കല്പത്തിലെ ജീവിതപങ്കാളിയെ സ്വന്തമാക്കി.
ജീവിതഭാരം ചുമലിൽ തൂങ്ങിയപ്പോഴാണ് രണ്ടു വർഷങ്ങൾക്കു ശേഷം സഊദി അറേബ്യയിലെത്തിയത്. അവിടെ പ്രതീക്ഷകളുടെ മുളപൊട്ടിയെങ്കിലും വിരിയുന്ന തളിരിലകൾ കരിയുമെന്ന് കരുതിയപ്പോൾ മടങ്ങാൻ മനസ്സ് നൊന്തു.
 
ഹജ്ജ്-ഉംറ വിശ്വാസ സ്വപ്നങ്ങൾ സാക്ഷാത്കരിച്ച് പുണ്യ മണ്ണിൽ നിന്ന് മലയാളത്തിന്റെ തണുത്ത മണ്ണിലണഞ്ഞു. തുടർന്ന്,
അറബ് - ആഫ്രിക്കൻ തൊഴിൽ പരിചയത്തിൽ നാട്ടുഭൂമികയിൽ നടാൻ ശ്രമിച്ച ജീവിതക്കൊമ്പും കുറച്ചുകാലത്തേയ്ക്കേ പൊടിച്ചു വന്നുള്ളൂ..
 
മെച്ചപ്പെട്ട ജീവിത മോഹങ്ങൾ പിന്നെയും, കടൽ കടക്കാൻ തിടുക്കം കൂട്ടി.
മാമലകളുടെ മരുഭൂമിയായ ഒമാനിലേക്കായിരുന്നു പരീക്ഷണം.
 സന്തോഷപ്രദമായും സമൃദ്ധി പൂർണമായും മുന്നോട്ടുപോയ മസ്കത്ത് വാസം പക്ഷേ, പൊടുന്നനെയാണ് തകർന്നടിഞ്ഞത്..
 
മലയാളിയായ തൊഴിലുടമയുടെ ചൂഷണാധിഷ്ഠിതമായ നയങ്ങൾക്കും നിലപാടുകൾക്കും മുന്നിൽ തൊഴിൽ പോയെങ്കിലും തോറ്റുകൊടുത്തില്ല...
 നാടിൻറെ കാറ്റേറ്റും കുടുംബത്തിൻറെ കൂറ്റേറ്റും അതിജീവനം പിറന്ന മണ്ണിലാക്കാൻ മനസ്സുറച്ചാണ് അവിടെനിന്നു മടങ്ങിയത്.
 വിവിധ വിദ്യാഭ്യാസ, വ്യാപാര സ്ഥാപനങ്ങളിൽ കണക്കെഴുത്തിന്റെ ദൈനംദിനങ്ങളിൽ മുഴുകി അങ്ങനെ, സ്വജീവിതത്തിന്റെയും കണക്കെഴുതി..
 
ഐഛിക വിഷയമായി മലയാളം പഠിക്കാതെ, ഒരു പ്രശസ്തന്റെ പോലും രചന വായിക്കാതെ സ്വയം ആർജ്ജിച്ചെടുത്ത മാതൃഭാഷയിലെ ആത്മവിശ്വാസമാണ് വർത്തമാന സർഗസാധനകളിലെ എന്റെ സന്തോഷക്കൂട്ട്!
പ്രാദേശിക പ്രാധാന്യമുള്ള പതിപ്പുകൾ പലപ്പോഴായി പ്രകാശിതമാക്കിയതും 
നടുവട്ടം എന്ന സ്വന്തം ഗ്രാമത്തിന്റെ ചരിത്ര-വർത്തമാനം 2009ൽ പുസ്തകമാക്കിയതും സാർഥകമാക്കിയ സർഗനിർവൃതികൾ....!

പ്രവാസകാലത്ത് തുടങ്ങിവെച്ച ബ്ലോഗ് ( # കടലാസും പെൻസിലും)
http://ezhuthkuth.blogspot.com സജീവമല്ലെങ്കിലും നിലവിലുണ്ട്.
2009 ൽ 'ഗൾഫ് മാധ്യമം' ബ്ലോഗിനെ പരിചയപ്പെടുത്തി കുറിപ്പ് പ്രസിദ്ദീകരിച്ചത് ധാരാളം സന്ദർശകരെയെത്തിക്കുകയും പുതു രചനകൾക്ക് പ്രചോദനമേകുകയും ചെയ്തു.

സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നതും അച്ചടി മാധ്യമങ്ങളിൽ വരുന്നതും അതേപടി അതിലേയ്ക്ക് പകർത്തിയാണ് ആ എഴുത്തുപുര നിലനിർത്തുന്നത്.
ബ്ലോഗിലെ പ്രധാന സ്റ്റോറിയായ 'ആഫ്രിക്കൻ യാത്രാ'നുഭവങ്ങളുടെ തുടരെഴുത്തിന് പ്രിയവായനക്കാരുടെ സ്നേഹ സമ്മർദ്ദമുണ്ടെങ്കിലും സാധ്യമാക്കാനായിട്ടില്ല.

മറ്റെന്തിനേക്കാളും, അനേകം സൗഹൃദ ബന്ധങ്ങളാണ് എഴുത്തുവഴിയിലൂടെ ഒഴുകിയെത്തിയത് ! 
മനസ്സറിഞ്ഞു സഹവർത്തിച്ച ഒട്ടനവധി മനുഷ്യരുടെ കളങ്കമില്ലാത്ത സ്നേഹം വല്ലാത്ത താങ്ങുകളായിട്ടുണ്ട് ചില ജീവിത പ്രതിസന്ധികളിൽ...  
പാതിവഴിയിൽ പഠനമുപേക്ഷിക്കേണ്ടി വന്ന നഷ്ടബോധവും തൊഴിലിടങ്ങളിൽ കൊഴിഞ്ഞു പോയ സ്വപ്നങ്ങളും മനസ്സിനെ മഥിക്കാറുണ്ട് ജീവിതയാത്രകളിൽ...

രാഷ്ട്രീയ സംഘടനകളിൽ അംഗത്വമില്ലെങ്കിലും സ്വകാര്യമായി നിലപാടുകൾ സൂക്ഷിക്കുന്നു.
പാരമ്പര്യ വിശ്വാസധാരകൾ പിന്തുടരുകയും സമുദായ പുരോഗതിയ്ക്ക് കാലികമായ നേതൃത്വം നൽകുകയും ചെയ്യുന്ന മതസംഘടനയിലെ വിനീതനായ പ്രവർത്തകനാണ്.
നാട്ടിൻപുറത്ത് വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എളിയ പങ്കാളിത്തവും വഹിക്കുന്നു.
കുറ്റിപ്പുറം എം ഇ എസ് കോളേജ് ഓഫ് എൻജിനീയറിങ്ങ് കാംപസ് സീനിയർ സെക്കൻഡറി സ്കൂൾ ആണ് തൊഴിലിടം.

***     ***   ***     ***

കുടുംബത്തോടൊപ്പം കഴിയുമ്പോൾ സന്തോഷങ്ങൾ ഏറെയുണ്ട്. അനിശ്ചിതമായ ആയുസ്സിന്റെ പുസ്തകത്താളുകൾക്കിടയിൽ യാഥാർഥ്യങ്ങളുടെ  മയിൽപ്പീലിത്തണ്ടുകൾ എന്നും തിരുകി വെക്കാലോ..!

പിതാവിന്റെയും രണ്ട് സഹോദരിമാരുടെയും വിയോഗങ്ങൾ കാലങ്ങൾക്കിപ്പുറവും വിങ്ങുന്ന ഓർമയായ് ഹൃദയത്തിലുണ്ടെങ്കിലും
വാർധക്യത്തിലെ വിഷമതകൾക്കു നടുവിൽ ഒരു തണലായ്.., കാരുണ്യച്ചരടായ്.... ഉമ്മ ഒപ്പമുണ്ട്..
സമ്പന്നയല്ലെങ്കിലും സ്നേഹസമ്പന്നയും വിദ്യാബോധവുമുള്ള സുലൈഖ (അയിലക്കാട്) സഖിയായി സമീപവും..
റസ് വ മർയം (12) റന ഫാത്വിമ (8) മുഹമ്മദ് റാസിൻ (7) എന്നീ
മൂന്നു പളുങ്കുകൾ ഞങ്ങളുടെ ജീവിതത്തെ പുളകിതമാക്കുന്നത് ദൈവാധീനം കൊണ്ടും സ്നേഹ മനസ്സുകളുടെ പ്രാർഥന കൊണ്ടും തന്നെ !. 

ഈ സൗഹൃദ സംഘത്തിലെ എല്ലാ ഓരോരുത്തർക്കും നിറഞ്ഞ മനസ്സോടെ ആശംസകൾ; സ്നേഹാശംസകൾ!!

- റഫീഖ് നടുവട്ടം
(എടപ്പാൾ /9495808876)

1 comment:

Dersanam Easwaram said...

നല്ല ഭാഷ തന്നെയാണ്. ഇഷ്ടം പോലെ ജീവിതാനുഭവവും. വായനയെക്കാൾ കരുത്ത് അനുഭവിച്ചു എഴുതുന്നതിലൂടെ ആണല്ലോ. ഞാൻ ഇവിടെ പുതിയ ആൾ.