ഈ എഴുത്തുപുരയില്‍..

08 June 2020

സർ, താങ്കളാണ് മനുഷ്യത്വമുള്ള ഡോക്ടർ !

സഹോദരീ പുത്രിയ്ക്ക്, ആറ്റുനോറ്റു കാത്തിരുന്നു കിട്ടിയ മകന് (രണ്ടുവയസ്സ്) കഴിഞ്ഞ ദിവസം രാത്രിയിലാണ് പെട്ടെന്നൊരു ഛർദ്ദിൽ കണ്ടത്.
ഒരു വിവാഹച്ചടങ്ങ് കഴിഞ്ഞ പകലിനൊടുവിൽ കണ്ട ഛർദ്ദിലിന് ദഹനപ്രശ്നം വല്ലതുമാകാം കാരണമെന്ന് ഞങ്ങൾ അനുമാനിച്ചു.
വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചുനോക്കിയെങ്കിലും ശമനം കാണാതെ വന്നപ്പോൾ ഡോക്ടറെ കാണാമെന്ന് വെച്ചു.
വീട്ടുപരിസരങ്ങളിലുള്ള രണ്ടു ഡോക്ടറർമാർ കോവിഡ് ഭയന്ന് പരിശോധന നിർത്തിവച്ചിരുന്നു എന്നതിനാൽ ഒരു കി.മീ മാത്രം അകലെയുള്ളള്ള ശിശുരോഗ വിദഗ്ധയെ കാണാൻ തീരുമാനിച്ചു. പെരുമാറ്റത്തിലും ചികിത്സയിലും "പേരെടുത്ത" ഈ ഡോക്ടർ ഞങ്ങളുടെ കുഞ്ഞിന് ആശ്വാസം പകരുമെന്ന വിശ്വാസമുണ്ടായിരുന്നു..
രാത്രി ഒമ്പതര കഴിഞ്ഞിട്ടുണ്ട് ഞങ്ങൾ പുറപ്പെടുമ്പോൾ. കനത്ത മഴയിൽ തകർന്ന പാതയിലൂടെ പതിയെ പോകുമ്പോഴും ചർദ്ദിച്ചു മയങ്ങിയ കുഞ്ഞ് പിന്നെയും വാഹനത്തിൽ തുടരെത്തുടരെ ഓക്കാനിച്ചു തളർന്നു...
കുഞ്ഞിൻറെ മാതാപിതാക്കൾക്കൊപ്പം വഴികാട്ടിയായിപ്പോയ ഞാൻ ഡോക്ടറുടെ വീട്ടിലെ ചെറിയ ഗേറ്റ് തുറന്ന് ഉമ്മറത്തെത്തി. മുൻവശത്ത് കസേരയിലിരിക്കുന്നു ഒരു കാരണവർ. കാര്യം പറഞ്ഞപ്പോൾ 'ഈ നേരത്താണോ വരുന്നത് ' എന്ന പരുഷ സ്വരം. വിനീതവിധേയനായി കുഞ്ഞിൻറെ രോഗവിവരം പറഞ്ഞപ്പോൾ കോളിംഗ് ബെൽ അമർത്താൻ കൽപ്പനയുണ്ടായി !
അപ്പോൾ, പുറത്തുവന്ന മധ്യവയസ്കയോട് ഞാൻ ആഗമനോദ്ദേശ്യം വ്യക്തമാക്കിയെങ്കിലും "ഇപ്പോൾ പരിശോധിക്കാൻ ആവില്ലെ"ന്ന മറുപടിയാണ് കിട്ടിയത്. അവശനായ കുട്ടിയുടെ അവസ്ഥ പറഞ്ഞിട്ടും ഡോക്ടറുടെ അമ്മയെന്ന് കരുതുന്ന അവർ "ജനപ്രിയ" ഡോക്ടറെ വീട്ടകത്തു നിന്നു വിളിച്ചു വരുത്താൻ തയ്യാറായില്ല. നിരാശയോടെ അവിടെനിന്നും തിരിച്ച എൻറെ മനസ്സിൽ അപ്പോൾ മറ്റൊരു ഡോക്ടറുടെ മുഖം തെളിഞ്ഞു. പക്ഷേ, ഫോണിൽ ബന്ധപ്പെട്ട് അദ്ദേഹം വീട്ടിലുണ്ടെന്ന് ഉറപ്പു വരുത്താൻ കൈവശം നമ്പറുണ്ടായില്ല. എന്നാൽ, മറ്റൊരു മാർഗത്തിൽ അഞ്ചു മിനിറ്റിനകം അദ്ദേഹത്തെ കിട്ടുകയും " വന്നോളൂ" എന്ന് അറിയിപ്പു ലഭിക്കുകയും ചെയ്തു.
രണ്ട് കി.മീ അകലെയുള്ള വീട്ടിലെത്തിയ ഉടനെ കുഞ്ഞിനെ പരിശോധിച്ച ആ ഡോക്ടർ, ഞങ്ങൾ അനുമാനിച്ച രോഗകാരണം ശരിവെച്ചെങ്കിലും കൂടുതൽ പരിശോധന വേണമെന്ന് നിർദ്ദേശിച്ചു. കുറഞ്ഞ സമയത്തിനിടെ ആറേഴുതവണ ചർദ്ദിച്ച കുഞ്ഞിൻറെ അവസ്ഥ കണ്ട് ഡോക്ടർ പറഞ്ഞു: "നിങ്ങൾ ഇപ്പോൾ തന്നെ ഹോസ്പിറ്റലിൽ എത്തണം; ഈ നേരത്ത് മരുന്ന് ഉൾപ്പെടെയുള്ള കൂടുതൽ സൗകര്യങ്ങൾ അവിടെയാണല്ലോ.. ഞാനും ഒപ്പം വരാം ...! "
അങ്ങനെ, 250 മീറ്റർ മാത്രം അകലെയുള്ള നടുവട്ടം ശ്രീവത്സം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ഞങ്ങൾ കാലൂന്നുമ്പോൾ പിന്നാലെ പാഞ്ഞെത്തിയിരുന്നു ഡോക്ടറും !
പൊടുന്നനെ ഒരു സ്റ്റൂൾ വലിച്ചിട്ടിരുന്ന് നേഴ്സുമാരോട് അദ്ദേഹം സംസാരിച്ചു. മുറിയിലുണ്ടായിരുന്ന ഡ്യൂട്ടിഡോക്ടറെ കതകിൽ മുട്ടി വിളിച്ചു..കുഞ്ഞിന് മരുന്ന് നൽകാനും കുറഞ്ഞ സമയം നിരീക്ഷണത്തിൽ കിടത്താനും പുരോഗതികൾ തന്നെ വിളിച്ചറി യിക്കാനും നിർദേശിച്ച് ഞങ്ങളെ ആശ്വസിപ്പിച്ചു കൊണ്ട് അദ്ദേഹം തിരിച്ചു പോകാനായി പുറത്തിറങ്ങി.
അപ്പോൾ, ഫീസ് നൽകാനായി കാറിനടുത്തേക്ക് ചെന്ന കുട്ടിയുടെ പിതാവിനോട് അദ്ദേഹം പറഞ്ഞു : "അതൊന്നും വേണ്ട. നിങ്ങളുടെ കുഞ്ഞിൻറെ അവസ്ഥ എന്നെ വല്ലാതെ പ്രയാസത്തിലാക്കിയത് കൊണ്ടാണ് ഞാനും കൂടെ വന്നത്. രണ്ടുദിവസം മുമ്പ് മറ്റൊരു കുട്ടിക്കും ഇതുപോലെയുണ്ടായി..
എനിക്കും ഇതു പോലൊരു മോനുണ്ട്. നന്നായി ശ്രദ്ധിക്കണം.. ഒരുപ്രതിഫലവും വേണ്ട; കുഞ്ഞു വേഗം സുഖപ്പെടട്ടെ..."
മുഖം നിറഞ്ഞ പുഞ്ചിരിയും ഹൃദയം നിറഞ്ഞ പ്രാർഥനയും നിറച്ച് ഡോക്ടർ സ്വന്തം വണ്ടിയിൽ തിരിച്ചു കയറുമ്പോൾ തിരിച്ചും ; ആത്മാർഥമായ നന്ദിയും സന്തോഷവും അടയാളപ്പെടുത്താൻ മറന്നു പോയില്ല...
ഒരു മണിക്കൂറിനകം കുഞ്ഞിൻറെ അവസ്ഥക്ക് ഭേദം വന്നതോടെ ആശുപത്രിയിലെ ഡ്യൂട്ടിഡോക്ടർ അദ്ദേഹവുമായി ബന്ധപ്പെട്ട് മറ്റു ചില നിർദേശങ്ങൾ കൂടി ഞങ്ങൾക്കു തന്നു.
ആശ്വാസത്തോടെ ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ ഞങ്ങൾ വീണ്ടും ആ പ്രിയ ഡോക്ടറെ - പൂക്കരത്തറയിലെ ഡോ. എസ് മുഹമ്മദ് റമീസിനെ മനസ്സ് നിറച്ചു വിളിച്ചു ; ഒരിക്കലും തീരാത്ത നന്ദി വാക്കുകൾ പറയാൻ... !
അദ്ദേഹമാണല്ലോ, വൈകിയ രാവിലും ഞങ്ങളുടെ കുഞ്ഞിന് ചികിത്സ ലഭ്യമാക്കാൻ ഓടി വന്നതും അവന്റെ മുഖത്ത് പിന്നെയും മായാത്ത കുസൃതിച്ചിരികൾ വിരിയിച്ചതും.....!
തന്റെ കരിയർ ഇടമല്ലെങ്കിലും, ഒരു കുരുന്നിന് കരുതലിന്റെ കരം പകരാൻ ആ ആശുപത്രിയിലേക്ക് സ്വമേധയാ ഓടിയെത്തിയ ഡോ. മുഹമ്മദ് റമീസ് തീർച്ചയായും സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും മഹിതമായ ഭിഷഗ്വര മാതൃകയാണ്..
അറിവിനപ്പുറം കാരുണ്യത്തിന്റെ കണിക കൂടി ചേരുമ്പോഴാണല്ലോ രോഗ ചികിത്സകൾ ഉദാത്തമാകുന്നതും ഫലവത്താകുന്നതും !
ഒരായിരം നന്ദി! പ്രിയ ഡോക്ടർ, എസ് മുഹമ്മദ് റമീസ്..
ഉപകാരങ്ങൾക്ക് ഉടയതമ്പുരാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.
[ തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ ഫിസിഷ്യനായ ഡോ. എസ് മുഹമ്മദ് റമീസ്, എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ: ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ സഅദുല്ല സാഹിബിന്റെ മകനാണ് ]

- റഫീഖ് നടുവട്ടം

1 comment:

Dersanam Easwaram said...

അതേ ചിലർ ദൈവത്തിന്റെ ദൂതന്മാരെപ്പോലെ... ഏൽപ്പിച്ച ജോലിയോട് നീതി പുലർത്തുന്നവർ ❤️