എടപ്പാൾ: കോവിഡ് രോഗത്തിന്റെ വ്യാപന ഭീതിക്കിടയിലും അധികൃതരുടെ നിർദേശം അവഗണിച്ച് യുവാക്കളുടെ കളിക്കമ്പം.
വട്ടംകുളം കുളങ്കരപാടശേഖരത്തിലെ ജനശ്രദ്ധയെത്താത്ത ഭാഗങ്ങളിലാണ് കളികളിൽ ഏർപ്പെടാനായി യുവാക്കളെത്തുന്നത്. ദിവസവും ഇരുപതോളം പേർ കളികളിൽ പങ്കെടുക്കുന്നുണ്ട്.
ഒഴിഞ്ഞ പറമ്പുകളിലും പാടശേഖരങ്ങളിലും വിവിധ തരത്തിലുള്ള വിനോദങ്ങളിൽ ഏർപ്പെടുകയാണ് കുട്ടികളും യുവാക്കളും.
ഫുട്ബോൾ, ക്രിക്കറ്റ് കളികൾക്കായാണ് വൈകുന്നേരങ്ങളിൽ ഇവർ ഒത്തുചേരുന്നത്.
കൊറോണ വൈറസ് പകർച്ചയുടെ പശ്ചാത്തലത്തിൽ എല്ലാവിധ കൂട്ടം ചേരലുകളും ഒഴിവാക്കണമെന്ന് നിർദേശിച്ച് പൊലീസും ആരോഗ്യ പ്രവർത്തകരും ബോധവൽകരണം നടത്തുമ്പോഴാണ് അതിനു വില കൽപ്പിക്കാതെയുള്ള കളിഭ്രാന്ത്.
കോവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വാട്സാപ് ഗ്രൂപ്പുകൾ നിലവിൽ വന്നിട്ടുണ്ട്.
സ്ഥലം എസ് ഐ ഉൾപ്പടെ വിവിധ വകുപ്പുമേധാവികൾ അഡ്മിൻമാരായ ഈ ഗ്രൂപ്പുകളിലെ പ്രധാന നിർദേശം കളിവിനോദങ്ങൾക്കായി എവിടെയും ഒത്തുചേരരുത് എന്നാണ്. ഇക്കാര്യത്തിൽ കുട്ടികളെ നിയന്ത്രിക്കാൻ രക്ഷിതാക്കളോട് പ്രത്യേക അഭ്യർഥനയുമുണ്ട്.
എന്നാൽ, ഓരോ വാർഡിലേയും ഒട്ടുമിക്ക ആളുകളും ഗ്രൂപ്പിൽ അംഗങ്ങളായിട്ടും പ്രതിരോധപ്രവർത്തകരുടെ മുന്നറിയിപ്പുകൾ അവഗണിച്ച് വെയിൽ നീങ്ങിയാൽ വയലേലകളിലെത്തുകയാണ് കളി പ്രേമികൾ.
ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ ആവശ്യം.

No comments:
Post a Comment