ഈ എഴുത്തുപുരയില്‍..

29 March 2020

കോവിഡിനെ പടി കടത്താം... പച്ചക്കറികൃഷി ശീലമാക്കാം...

നിർബന്ധിതമായ ഒരു 'വീട്ടുതടങ്കലി'ലാണ് നമ്മൾ.  
"കോവിഡെ"ന്നൊരു മഹാമാരിയിൽ നിന്ന് രക്ഷപ്രാപിക്കാൻ ഭരണകൂടം നിർദേശിച്ച ആഴ്ചകൾ നീളുന്ന വീട്ടുവാസം! 

ലോകം മുഴുക്കെ മനസ്സ് കത്തുമ്പോൾ ജീവനോപാധികൾക്ക് വിലകൂട്ടി 'വാഴ വെട്ടുകയാണ് ' മനുഷ്യത്വമില്ലാത്ത ചിലർ. വൈറസ് കയറി സഹജീവികൾ പിടഞ്ഞു മരിക്കുമ്പോഴും ആർത്തിമൂത്ത ഇക്കൂട്ടർ ജീവിച്ചിരിക്കുന്നവരെ എങ്ങനെയൊക്കെ ചൂഷണം ചെയ്യാമെന്നാണ് ചിന്തിക്കുന്നത്!
അവശ്യവസ്തുക്കളുടെ വിലവർധനയെ പറ്റി അനുനിമിഷം വാർത്തകളിൽ പറയുമ്പോൾ നമ്മൾ വിലപിച്ചിട്ടു കാര്യമില്ല. ബോധപൂർവമായ ചില ശ്രമങ്ങൾ നമ്മളും നടത്തിയേ പറ്റൂ... 
ഭക്ഷ്യവസ്തുക്കളുടെ പൂർണമായ ഉൽപ്പാദനം ഒരു വ്യക്തിക്ക് സാധ്യമല്ലെങ്കിലും ചെറിയ ചില ചുവടുകളിലൂടെ ഭക്ഷ്യോൽപ്പാദന സ്വയംപര്യാപ്തതയിലേക്ക് നമുക്ക് എത്തിച്ചേരാനാകും. അതുവഴി വിലവർധനക്ക് ഒരു പരിധി വരെ തടയിടാനും. 

പാരമ്പര്യമായി നമ്മൾ നടത്തിവന്നതും പിൽക്കാലത്ത് നമ്മൾ കയ്യൊഴിഞ്ഞതുമായ ശീലമാണ് സാർവ്വത്രികമായ പച്ചക്കറികൃഷി. 
വീട്ടുപറമ്പിലും ടെറസിന് മുകളിലും കുറഞ്ഞ സമയങ്ങൾ ചെലവഴിച്ച് നടത്താവുന്ന ഇത്, ഈ കർഫ്യൂ കാലത്തെ ഏറ്റവും മികച്ച വില പ്രതിരോധ തന്ത്രവും ഒഴിവുദിനങ്ങളിലെ നല്ല സമയവിനിയോഗവുമാണ്. 
വേലയും കൂലിയുമില്ലാത്ത വറുതിയുടെ കൊറോണ ക്കാലമാണിത്. നേരത്തെ അധ്വാനിച്ച നമ്മുടെ പണം പരമാവധി ധനമൂറ്റുന്ന പരിമിത സമയത്തെ മാർക്കറ്റിൽ കൊടുത്ത് വെറുതെ നഷ്ടപ്പെടുത്തുന്നതിന് പകരം സ്വന്തമായുണ്ടാക്കിയ വസ്തുക്കളുടെ ഉപഭോഗത്തിലൂടെ മിച്ചം വയ്ക്കുന്നതാണ് വിവേകം. 

ഇങ്ങനെയൊരു ഒഴിവു സമയം ഇനിയാർക്കും ഇത്തരത്തിൽ ലഭിച്ചു കൊള്ളണമെന്നില്ല. ജീവിതശൈലികൾ മാറ്റാനും നന്മകളും പരോപകാരങ്ങളും സ്നേഹവും ഉൾച്ചേർന്ന പഴയ ഉപഭോഗ സംസ്കാരം തിരിച്ചെടുക്കാനും പടച്ച തമ്പുരാൻ തന്ന അവസരമാണിത്.

അതിനാൽ, സമയത്തിന്റെ പ്രാധാന്യം തിരിച്ചറിയൂ.. വിഷരഹിത ഭക്ഷണം തെരഞ്ഞെടുക്കൂ.. പച്ചക്കറികൃഷിശീലമാക്കൂ..

നിങ്ങൾക്കു വേണ്ട എല്ലാ മാർഗനിർദേശങ്ങൾക്കും ഞങ്ങളെ ബന്ധപ്പെടുക :

[സാന്ത്വനം മെഡിക്കൽ സെന്റർ നടുവട്ടം]

No comments: