ഈ എഴുത്തുപുരയില്‍..

29 March 2020

അയിലക്കാട് രാജൻ മാസ്റ്റർ ഓർമയാകുമ്പോൾ..

ആയിരക്കണക്കിന് കുട്ടികൾക്ക് പ്രിയപ്പെട്ട അധ്യാപകനായിരുന്നു ഇന്ന് (19 മാർച്ച് 2020) രാവിലെ അന്തരിച്ച അയിലക്കാട് രാജൻ മാസ്റ്റർ.

എടപ്പാളിലെ പ്രശസ്തമായ പാരലൽ കോളേജ് ആയിരുന്ന 'ആർട്സ് ആൻഡ് സയൻസ് കോളേജ് 'സ്ഥാപകനായ ഇദ്ദേഹം, സമാന്തര വിദ്യാഭ്യാസ മുന്നേറ്റത്തിന് പ്രദേശത്ത് തുടക്കമിട്ട പ്രഗത്ഭ വ്യക്തിത്വമായിരുന്നു.

എടപ്പാൾ, ചങ്ങരംകുളം, പൊന്നാനി , തിരൂർ മേഖലകളിലെ ട്യൂഷൻ സെൻററുകളിലായി ആയിരത്തിൽ പരം വിദ്യാർഥികൾക്കാണ് രാജൻ മാസ്റ്റർ അറിവു പകർന്നത്.

എടപ്പാൾ ആർട്സ് ആൻഡ് സയൻസ് കോളേജ്, പൊന്നാനി ചൈതന്യ കോളേജ്, റീജ്യണൽ കോളേജ് എന്നിവയ്ക്കു പുറമേ, തിരുനാവായ, തിരൂർ, കോലളമ്പ്, അയിലക്കാട് എന്നിവിടങ്ങളിലും രാജൻ മാസ്റ്റർ അധ്യാപകവൃത്തിയിൽ ഏർപ്പെട്ടിട്ടുണ്ട്. 

ഹിന്ദി, മലയാളം വിഷയങ്ങളിലെ ആഴത്തിലുള്ള അറിവും വശ്യമായ അധ്യാപന ശൈലിയുമാണ് വിദ്യാർത്ഥികളെ രാജൻ മാസ്റ്റർ എന്ന മഹാഗുരുവിലേക്ക് ആകർഷിച്ചത്.
 
എസ്എസ്എൽസി പരീക്ഷാ കാലങ്ങളിൽ 54 മണിക്കൂർ തുടർച്ചയായി ക്ലാസ്സെടുത്ത് അദ്ദേഹം അത്ഭുതം സൃഷ്ടിക്കുമായിരുന്നു! 

സഹഅധ്യാപകർക്ക് ശമ്പളം നൽകാൻ സ്വന്തം ഭാര്യയുടെ സ്വർണം വിറ്റ് പോലും രാജൻ മാസ്റ്റർ തന്റെ സേവനദൗത്യത്തോട് ആത്മാർത്ഥത പുലർത്തി. 

ടിവി അനുപമ ഐഎഎസ് ഉൾപ്പെടെ സമൂഹത്തിൽ സമുന്നത സ്ഥാനം വഹിക്കുന്ന പലരും രാജൻ മാസ്റ്ററുടെ ശിഷ്യരിൽ പെട്ടവരാണ്. 

നാലു പതിറ്റാണ്ടു നീണ്ട അധ്യാപന സപര്യയ്ക്ക് തിരശ്ശീല വീഴ്ത്തി രാജൻ മാസ്റ്റർ ഓർമയാകുമ്പോൾ വിദ്യാഭ്യാസരംഗത്തെ ഊർജ്ജസ്വലമാക്കിയ ഒരു ത്യാഗിവര്യന്റെ വിടവാണ് നമുക്കിടയിൽ രൂപപ്പെടുന്നത്..
...........................................
അയിലക്കാട് രാജൻ മാസ്റ്റർ അന്തരിച്ചു 
.....................................
എടപ്പാൾ: സമാന്തര വിദ്യാഭ്യാസ രംഗത്തെ പ്രമുഖ അധ്യാപകൻ അയിലക്കാട്  തോട്ടത്തിൽ 
രാജൻ (രാജൻ മാസ്റ്റർ - 67) അന്തരിച്ചു.
എടപ്പാൾ ആർട്സ് ആൻഡ് സയൻസ് കോളേജ് സ്ഥാപകനാണ്. ദീർഘ നാളായി വീട്ടുവിശ്രമത്തിലായിരുന്ന മാഷ്, ഇന്ന് രാവിലെ 11 മണിക്കാണ് പടിഞ്ഞാറങ്ങാടി തലക്കശ്ശേരിയിലെ തൊഴുക്കരയിലുള്ള വസതിയിൽ വെച്ച് ഓർമയായത്.

എടപ്പാൾ, പൊന്നാനി, ചങ്ങരംകുളം, തിരുനാവായ, തിരൂർ എന്നിവിടങ്ങളിലെ വിവിധ പാരലൽ കോളേജുകളിൽ ദീർഘകാലം അധ്യാപകനായിരുന്നു.

സംസ്കാരം നാളെ രാവിലെ 9 മണിക്ക് ഷൊർണൂർ ശാന്തി തീരത്ത്. 

ഭാര്യ : സത്യവതി.
മക്കൾ : രതീഷ് (മലയാള മനോരമ, മലപ്പുറം) സജീഷ്. 
മരുമക്കൾ: സുനിത, ഹരിത.
സഹോദരന്മാർ: രാധാകൃഷ്ണൻ മാസ്റ്റർ, മുകുന്ദൻ (ഇരുവരും കോലൊളമ്പ്)
..........................................

No comments: