ഉമ്മറക്കോലായിൽ, കസേരയിൽ കാൽനീട്ടിയിരുന്ന് ഫോണിൽ തോണ്ടിക്കൊണ്ടിരിക്കുമ്പോഴാണ് വാഴക്കൂട്ടത്തിനിടയിൽ നിന്നൊരു പിരിപിരി ശബ്ദം.
ഇരുട്ടിൽ ഇരതേടാനിറങ്ങിയ
പെരുച്ചാഴിയായിരിക്കും... ഞാൻ കരുതി.
പതുങ്ങിവരുന്ന പോത്തെനെലിയുടെ രംഗഭാവങ്ങൾ കാണാമല്ലോ എന്ന് വിചാരപ്പെട്ട് ഞാൻ വെറുതെ
മുറ്റത്തേയ്ക്കൊന്നു നോക്കി.
കണ്ണുകളെ വിശ്വസിക്കാനായില്ല! ഇറയത്തേയ്ക്ക് തെറിച്ചു നിൽക്കുന്ന കോലായിലെ ഇത്തിരിവെട്ടത്തിൽ ഞാൻ കണ്ടു :
ഒരു ഭീമാകാരൻ ജീവി!
ആഫ്രിക്കൻ കറുപ്പിനേക്കാൾ കറുത്ത രൂപം. കനൽ കട്ട പോലെ ജ്വലിക്കുന്ന കണ്ണ്.. ചിറകുവിരിച്ചപ്പോൾ ശരീരം. നിറയെ കൂർത്ത മുള്ളുകൾ...
കൊറോണ വൈറസിന്റെ പതിന്മടങ്ങ് പതിപ്പായിരിക്കുമോ ഈ പഹയൻ എന്ന് പകച്ചുപോയ നേരം...
"എടാ... കോവിഡേ... വേഷം കെട്ട് എന്റട്ത്ത് വേണ്ട" എന്ന് പറയാൻ വെമ്പിയപ്പോഴേക്കും എന്റെ നാക്ക് ചുരുണ്ടു... തൊണ്ട വരണ്ടു...
ധൈര്യം ചോ(പോ)രാതെ ഞാൻ കോലായിലിട്ട കറുത്ത കസേര ഒരു കൈയ്യിലേന്തി.. മറുകയ്യിൽ മൊബൈലും..
ക്യാമറ ഓണാക്കിയപ്പോഴേക്കും പാതിരാ പഹയന് നാണം!
ഒറ്റ ക്ലിക്കിന്റെ ചെറുശബ്ദം കേട്ട മാത്രയിൽ "കൊറോണ " പറമ്പിലൂടെ തിരികെയോടി;
തുറന്നു കിടന്ന ഉമ്മറവാതിലിലൂടെ ഞാൻ അകത്തേയ്ക്കും..!
No comments:
Post a Comment