ഈ എഴുത്തുപുരയില്‍..

02 April 2020

കോവിഡ് - 19: നൈമിഷികമാണീ നിസ്സംഗഭാവങ്ങൾ...

വികസിതമായൊരു വിദേശരാജ്യത്ത് പുതിയൊരു രോഗം പത്തിവിടർത്തിയപ്പോൾ അത് ചൈനയിലല്ലേ എന്നായിരുന്നു ചിന്ത. 
മരണം വാരിവിതറി അയൽരാജ്യങ്ങളിലേക്ക് അത് പടർന്നപ്പോഴും ഭാരതരാജ്യത്ത് സുരക്ഷിതനായിരിക്കുമെന്ന് ഞാൻ മന:ക്കോട്ട കെട്ടി!

യൂറോപ്പിലേയ്ക്കും അമേരിക്കയിലേയ്ക്കും അതിവേഗം കുതിച്ച 'കോവിഡി'ന്റെ ചിറകടികൾ വാർത്താമാധ്യമങ്ങളിൽ മുഴങ്ങിയപ്പോഴും "വിവര"ങ്ങളിൽ അഭിരമിക്കാനായിരുന്നു ഹരം. 
രോഗം സംഹാര താണ്ഡവമാടിയ ദേശങ്ങളുടെ പട്ടികയിൽ സ്വരാജ്യത്തിൻറെ പേരും ഒരു വാലായി വന്നപ്പോൾ ഇന്ത്യൻ സംസ്ഥാനങ്ങളുടെ ഭൗമസ്ഥാനം ദൂരമാപിനിയിൽ അളന്ന് ഞാനെന്റെ 'സുരക്ഷിതത്വം' സ്വയം സൃഷ്ടിച്ചെടുത്തു!

കേരളത്തിൻറെ ശ്വാസകോശത്തിലും 'കൊറോണ' സ്ഥിരീകരിച്ചെന്ന വാർത്ത ഒരു മിന്നൽപിണരോടെയാണ് ഹൃദയത്തിൽ സ്വീകരിച്ചതെങ്കിലും അത്, തെക്കൻ ജില്ലയിലല്ലേ എന്നായിരുന്നു നിസ്സംഗഭാവം! 
ദീനത്തിന്റെ വ്യാപന വാർത്തകൾ ദിനംതോറും അറിയുമ്പോൾ ഭീതിയുടെ മാറാല കെട്ടിത്തുടങ്ങിയിരുന്നു മനസ്സിൽ..
അപ്പോഴും അത്, കാസർകോടിന്റെ കാതങ്ങൾക്കകലയല്ലേ എന്ന് ഞാൻ ആശ്വാസം കൊണ്ടു! ലോക്ഡൗണിന്റെ  പരീക്ഷണ രാപകലുകളിലൂടെ കടന്നുപോകുന്ന ഓരോ ദിനത്തിലും, മൈലുകൾക്കപ്പുറത്തെ 'കോവിഡ് ' ഇരകളെ, പെറ്റുവീണ കുഗ്രാമത്തിന്റെ സുരക്ഷിതത്വത്തിലിരുന്നാണ് ഞാൻ വായിച്ചറിഞ്ഞത്...

വീട്ടുതടങ്കലിലും നിരീക്ഷണത്തിലും ചികിത്സയിലും കഴിയുന്ന ഓരോ സഹോദരനെ പറ്റിയും അപ്പോൾ എന്റെ മനസ്സ് നൊന്തു..
അപ്പോഴും ആശ്വസിച്ചത്, ഈ കോലോഹലങ്ങളൊക്കെ കാലത്തോടൊപ്പം കുത്തൊഴുകും എന്നു തന്നെയാണ്. 
എൻറെ ജില്ലാ നഗരങ്ങളായ മഞ്ചേരിയും മലപ്പുറവുമൊക്കെ അതിർത്തി ജില്ലകളായ തൃശ്ശൂരിന്റെയും പാലക്കാടിന്റെയും ദൂരപരിധിയിൽ ഏറെ അകലെയാകുമ്പോൾ "കൊറോണ"യെങ്ങനെ ഇവിടേയ്ക്ക് കേറിവരുമെന്ന് ഞാൻ ശാസ്ത്രഭാവം പൂണ്ടു...  

ഒടുവിൽ, വീടിൻറെ ഉമ്മറപ്പടിയിൽ - എടപ്പാളിലും അത് പടികടന്നെത്തി എന്ന ഭീതിതമായ വസ്തുത സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു..
അഴിഞ്ഞു വീഴുന്നത്, ഞാൻ വലിച്ചുകെട്ടിയ നടേ പറഞ്ഞ നിസ്സംഗതകളുടെ മുഖാവരണങ്ങളും മാസ്ക്കുകളുമാണ് !
അതിവിദൂരതയിൽ നിന്ന് 'കോവിഡ് ' അന്തകൻ നമ്മുടെ പടിവാതിൽക്കൽ എത്തിക്കഴിഞ്ഞത് ജീവൻറെ ആലിലകളെ വിറകൊള്ളിപ്പിക്കുന്നു... 

നാം പുലർത്തുന്ന ജാഗ്രതകൾ ഫലവത്താകട്ടെ എന്ന് പ്രാർഥിക്കാം... 
ഒരേമനസ്സോടെ നാം തീർക്കുന്ന പ്രതിരോധങ്ങൾ മഹാമാരിക്കെതിരെയുള്ള ഉറച്ച പരിചകളായിത്തീരുമെന്ന് പ്രത്യാശിക്കാം... 

- റഫീഖ് നടുവട്ടം

No comments: