ഈ എഴുത്തുപുരയില്‍..

31 October 2019

നടുവട്ടം ഉറൂസ് നവംബർ 16ന്

വിശ്രുത പണ്ഡിതൻ കൊടക്കാട്ടു വളപ്പിൽ ശൈഖ് അഹ്മദ് മുസ് ലിയാർ അൽ ഖാദിരി (ന.മ:)യുടെ ഈ വർഷത്തെ ഉറൂസ് പരിപാടികൾ നവംബർ 16ന് ശനിയാഴ്ച നടുവട്ടത്ത് നടക്കും.

അന്നദാനം, മഖാം സിയാറത്, മൗലിദ് ജൽസ, ഖത്മുൽ ഖുർആൻ, ബുർദ, പഠനക്ലാസ്, പ്രഭാഷണങ്ങൾ, അനുഭവ വിവരണം, പ്രാർഥനാ സംഗമം എന്നിവയാണ് പരിപാടികൾ.

ഉറൂസ് നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപവൽക്കരിച്ചു.

കക്കിടിപ്പുറം സ്വാലിഹ് മുസ്‌ലിയാർ (ഉപദേശക സമിതി) കരിമ്പനക്കൽ ബാപ്പു ഹാജി (രക്ഷാധികാരി ) കൊടക്കാട്ടു വളപ്പിൽ കുഞ്ഞിമരക്കാർ സാഹിബ് (ചെയർമാൻ), ചെമ്പേല വളപ്പിൽ കുഞ്ഞിമൂസ (ജനറൽ കൺവീനർ) ചെമ്പേല വളപ്പിൽ അഹ്മദ് ബാപ്പു (ട്രഷറർ) എന്നിവരാണ് സംഘാടക പ്രമുഖർ.

മുൻവർഷങ്ങളേക്കാൾ വിപുലമായ അന്നദാനത്തോടെയാണ് ഉറൂസ് പരിപാടികളുടെ ആരംഭം.

കേരളത്തിനകത്തും പുറത്തും അറിയപ്പെട്ട സയ്യിദന്മാരുടെയും പണ്ഡിതന്മാരുടെയും പ്രഭാഷകരുടെയും സാന്നിധ്യം നടുവട്ടം ശൈഖ് അഹ്മദുൽ ഖാദിരി ആണ്ടുനേർച്ചയ്ക്ക് ആത്മീയ ശോഭയേകും.

അനവധി ആദ്ധ്യാത്മിക വേദികളിൽ അനുഗൃഹീത സാന്നിധ്യമായ സയ്യിദ് മുഹ്സിൻ തങ്ങൾ കുഞ്ചിലം അവർകളാണ് ഉറൂസിലെ മുഖ്യാതിഥി.

പ്രതിഭാധനനായ യുവ പണ്ഡിതൻ അഡ്വ. ഓണംപിള്ളി മുഹമ്മദ് ഫൈസിയാണ് മുഖ്യപ്രഭാഷകൻ.

16ന് ശനിയാഴ്ച അസർ നിസ്കാരാനന്തരം വൈകിട്ട് നാലുമണിക്ക് പിലാക്കൽ ജുമുഅത്ത് പള്ളിയിൽ മഖാം സിയാറത്തോടെ ആത്മീയ സമ്മേളനത്തിന് തുടക്കമാവും.

സാത്വികനായ പണ്ഡിത ശ്രേഷ്ഠൻ അറക്കൽ ബീരാൻ കുട്ടി മുസ് ലിയാർ സിയാറത്തിന് നേതൃത്വം കൊടുക്കും.

തുടർന്ന്, ഉറൂസ് നഗരിയിൽ വൈകീട്ട് 5 മണിക്ക് മൗലിദ് ജൽസ, ഖത്മുൽ ഖുർആൻ എന്നിവ നടക്കും. ബുർദ ആസ്വാദനത്തോടെ അവസാനിക്കുന്ന സെഷൻ മഗ്‌രിബ് നിസ്കാരാനന്തരം പുനരാരംഭിക്കും.

അനവധി പണ്ഡിതന്മാരും സയ്യിദൻമാരും പൗരപ്രമുഖരും ജനപ്രതിനിധികളും മഹല്ല് കാരണവന്മാരും മതവിദ്യാർഥികളും ഉൾപ്പെടെ, വിശ്വാസി സഞ്ചയം വന്നെത്തുന്ന അനുസ്മരണ സമ്മേളനത്തിൽ വിശിഷ്ട വ്യക്തിത്വങ്ങൾ സംസാരിക്കും.

വിവിധ ദേശങ്ങളിൽ നിന്നെത്തുന്ന വിശ്വാസി സമൂഹത്തിന്റെ വിവിധോദ്ദേശ്യ സാഫല്യങ്ങൾക്കായി സയ്യിദ് മുഹ്സിൻ തങ്ങൾ കുഞ്ചിലം പ്രാർത്ഥന നടത്തും.

ആത്മീയ സമ്മേളനത്തിന് എത്തിച്ചേരുന്നവർക്ക് തബറുക് വിതരണവുമുണ്ടാകും.

No comments: