ഈ എഴുത്തുപുരയില്‍..

18 September 2019

രാഷ്ട്രഭാഷയുടെ രാഷ്ട്രീയം

ആഫ്രിക്കൻ യാത്രയുടെ മുന്നോടിയായി ഡൽഹിയിലെത്തിയപ്പോഴാണ് 'രാഷ്ട്രഭാഷ'യുടെ പ്രാധാന്യം ബോധ്യമായത്. 15 വർഷം മുമ്പായിരുന്നു അത്.
വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങൾ സ്ഥിതി ചെയ്യുന്ന ഡൽഹി വസന്ത് വിഹാറിലെ മൊസാംബിക് ഹൈകമ്മീഷനിൽ വിസ പതിപ്പിക്കാൻ പോയതായിരുന്നു ഞാൻ.
ഉദ്യോഗസ്ഥരുടെ അന്വേഷണങ്ങൾ മുഴുവൻ 'ഹിന്ദി'യിലായത് അന്ന്, വല്ലാതെ കുഴച്ചു.
"അറിമുറിയൻ" ഇംഗ്ലീഷിൽ പിടിച്ചു നിൽക്കാൻ നോക്കിയിട്ടും രാജ്യ തലസ്ഥാനത്തെ ആ സുപ്രധാന കാര്യാലയത്തിൽ അതൊന്നും വല്ലാതെ ഏശിയില്ല!
മൂന്നാഴ്ചകൾക്കുശേഷം തെക്കേ ആഫ്രിക്കൻ രാജ്യമായ 'മൊസാംബിക്കി'ൽ എത്തിച്ചേർന്നപ്പോഴാണ് ഭാഷാ വൈഷമ്യം കൂടുതൽ അലട്ടിയത്.
ഇന്ത്യക്കാരൻ എന്ന നിലയിൽ അന്ന്, സ്വന്തം രാജ്യഭാഷയറിയാതെ വഷളായ വേളകൾ ഇന്നും ഓർക്കുവാൻ വയ്യ!
പാക്കിസ്ഥാനികൾ ഉൾപ്പടെ പലരും ഹിന്ദിയിൽ എന്നോട് സംസാരിച്ചു തുടങ്ങുമ്പോൾ ഭാഷയിലെ അജ്ഞതകൊണ്ടും കഴിവുകേടിലെ അപമാനം കൊണ്ടും ശിരസ്സ് താണുപോയിരുന്നു...
മാതൃഭാഷയൊഴികെ ആകെ കൈയ്യിലിരിപ്പുണ്ടായിരുന്ന ആംഗല ഭാഷ കൊണ്ടും, മൂന്നു മാസം കൊണ്ടു പഠിച്ചെടുത്ത പോർച്ചുഗീസ് ഭാഷ കൊണ്ടും അവരോടൊക്കെ പ്രതികരിച്ചു തുടങ്ങിയപ്പോൾ "ഹിന്ദുസ്ഥാനി ആയിട്ട് താങ്കൾക്ക് ഹിന്ദി അറിയില്ലേ...?" എന്ന പരിഹാസത്തിന്റെ മുന കൊണ്ട് എല്ലാവരുമെന്റെ നെഞ്ചിനു കുത്തി...
പ്രായം ഇരുപത്തിയഞ്ചു വരെ ഒരു തവളയായി 'കേരളക്കുള'ത്തിൽ കഴിഞ്ഞ ഞാൻ അങ്ങനെ, ഒരന്യരാജ്യത്ത് ഭാഷാ പ്രശ്നങ്ങൾ കൊണ്ട് പൊറുതിമുട്ടിയപ്പോൾ പലവട്ടം നാട്ടിലെ സഹോദരങ്ങൾക്ക് കത്തെഴുതി; നാടുവിട്ടു പോയി ഹിന്ദി പഠിക്കാൻ!

* * * * * *                                     * * * * * *                                       * * * * * *

ഹിന്ദി ഭാഷാ വിവാദത്തിൽ എരിയാൻ ഒരുങ്ങുന്ന നമ്മുടെ രാജ്യത്തിന്റെ സമകാലിക പശ്ചാത്തലങ്ങളിലാണ് മേൽ ആമുഖം പറഞ്ഞു വെച്ചത്.
ഒരു ദേശം, ഒരു ഭാഷ എന്ന നവ സങ്കൽപ്പത്തിലൂന്നി "പുതിയൊരു ഇന്ത്യയെ നിർമിക്കാൻ " ഇറങ്ങിത്തിരിച്ച ബി ജെ പി സർക്കാറിന്റെ ഉദ്ദേശ്യശുദ്ധിയെ ആരും സംശയിക്കുക സ്വാഭാവികമാണ്.
ഉന്മൂലന രാഷ്ട്രീയം കൊണ്ടും തീവ്ര ഹിന്ദുത്വം കൊണ്ടും കളങ്കിതരായ ഒരു വിഭാഗം രാജ്യത്തിന്റെ പരമാധികാരം കയ്യാളുമ്പോൾ പ്രത്യേകിച്ചും..
ഒരു ഭാഷ കൊണ്ടു മാത്രം രാഷ്ട്ര മനസ്സുകളുടെ ഏകോപനം സാധ്യമാക്കാനുള്ള ചുട്ടു വിദ്യകളും, അവയിൽ ചുട്ടുപൊള്ളാനിരിക്കുന്ന അജണ്ടകളും പല വിധത്തിൽ ഒളിഞ്ഞിരിപ്പുള്ള കാര്യം പല പ്രമുഖരും ഇതിനകം ജാഗ്രതപ്പെടേണ്ട മുന്നറിയിപ്പായി നൽകിക്കഴിഞ്ഞിട്ടുണ്ട്.
അവ ഇതര ഭാഷകളെയോ, സംസ്ഥാനങ്ങളയോ, സർക്കാറുകളേ യോ, ന്യൂനപക്ഷങ്ങളേയോ, രാജ്യതാൽപ്പര്യങ്ങളേയോ, ബഹുസ്വരതകളേയോ, വിഭിന്നമായ സംസ്ക്കാരങ്ങളേയോ ഒക്കെ സാരമായി ബാധിക്കുന്നവയുമാണ്.
എന്തു തന്നെയായാലും, അവയെ എന്തു വില കൊടുത്തും സംരക്ഷിക്കേണ്ടതും പ്രതിരോധിക്കേണ്ടതും നമ്മുടെ ബാധ്യത തന്നെ. അതേ സമയം, ഏതു ഭാഷയുടെയും കാര്യത്തിൽ ഭൂഷണമായത്, അതിനെ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങളാണ്.
നമ്മുടെ ആവശ്യമാണ് ഭാഷ വളരേണ്ടത്. ഒരുഭാഷയേയും അടിച്ചേൽപ്പിക്കുന്നതും അകറ്റി നിർത്തുന്നതും ആശാസ്യകരമല്ല.ഉത്തരേന്ത്യയിലും മറ്റും ഉപയോഗിക്കപ്പെട്ട ഒരു ഭാഷ ഉൾനാടൻ അതിർത്തികൾ ഭേദിച്ച് സംസ്ഥാനങ്ങളിലേയ്ക്ക് ഒഴുകിത്തുടങ്ങിയത് അടുത്ത കാലത്താണല്ലോ..
തമിഴ് ജനതയ്ക്കു ശേഷം ഉപജീവനം തേടിയെത്തിയ ബംഗാളിയോടൊപ്പം ഇടകലർന്ന് നമ്മളും ഹിന്ദി പഠിക്കുകയാണിപ്പോൾ !
നാട്ടിൻ പുറത്തെ പലചരക്ക് കടക്കാരനും 'കുട്ടി ബസി'ലെ കണ്ടക്ടർ പയ്യനും വരെ ഒഴുക്കോടെയ ല്ലെങ്കിലും ഹിന്ദി മൊഴിയാൻ കാരണം ബംഗാളിയുടെ ആഗമനമാണ്.മാതൃഭാഷകൊണ്ടു മാത്രം ജീവിക്കാനാവാത്ത ഒരു കാലത്താണ് നമ്മളുള്ളതെന്ന് ഓർമ വേണം.
മലയാളത്തിന് വേണ്ടി മുറവിളി കൂട്ടുന്നവരും സമരപന്തലുകളിൽ കിടന്ന് ചരിതം രചിക്കുന്നവരും ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ കൂടി പ്രാവീണ്യമുള്ളവരാണ്. അവരുടെ അനന്തരവരും തഥൈവ ! നല്ല വിദ്യാഭ്യാസത്തിലും മികച്ച ജോലിയിലും അവരൊക്കെ കയറിപ്പറ്റിയത് ഉപരിസൂചിത ഭാഷകളിൽ കാലേക്കൂട്ടി കണ്ണുവച്ചോ, സ്വയം സ്വായത്തമാക്കാനുള്ള അനുകൂല സാഹചര്യങ്ങളിൽ ജനിച്ചു വീണതുകൊണ്ടോ ആണ്.
എങ്ങനെയായാലും, മുൻവിധികളോടെയുള്ള വിരോധ സമീപനം മലയാളി സമൂഹത്തെ ചെന്നെത്തിക്കുക വ്യക്തിപരവും സ്വത്വപരവുമായ മുരടിപ്പിന്റെ പാതയിലാകും. വർഗീയ ധ്രുവീകരണവും അധികാര ലഹരിയും സമം ചേർത്ത തൽപ്പരകക്ഷികളുടെ ഒളിയജണ്ടകൾ നിരീക്ഷിക്കുന്നതോടൊപ്പം പൊതു പുരോഗതിക്കാവശ്യമായ കാര്യങ്ങളിലെ കാഴ്ചപ്പാടുകളിൽ കുറേ കൂടി നമ്മൾ മാറ്റം വരുത്തിയേ തീരൂ..

ഓരോ ഭാഷയും ദേശത്തെ ശക്തിപ്പെടുത്താനുള്ളതാണ്.
സമൂഹങ്ങളെ സമ്പർക്കപ്പെടുത്താനും.. വിദ്വേഷത്തിന്റെ നേർത്ത ശബ്ദം പോലും മനുഷ്യ സംവേദനങ്ങളുടെ എഴുത്തുമൊഴികളിൽ മുഴങ്ങുന്നുവെങ്കിൽ അത് ഭാഷയല്ല; വേഷപ്രഛന്നമായ വിഷം തന്നെയെന്ന് നമ്മൾ തിരിച്ചറിയപ്പെടണം!

No comments: