ഈ എഴുത്തുപുരയില്‍..

01 January 2020

നടുനിവർത്താൻ നടുവട്ടത്തുണ്ടാകണം !


എരിയുന്ന രാജ്യത്തിൻറെ ഓരോ തെരുവും
ജനസാഗരമാവുകയാണ്..
നിയമ നിരാസത്തിന്റെ ശബ്ദവീചികളാൽ നഗരങ്ങൾ മുഖരിതമാവുന്നു...
ജീവിക്കാനുള്ള അവകാശം ചോദ്യം ചെയ്യപ്പെട്ടവർ ജ്വലിത പന്തങ്ങളായി പാതകളിൽ നിറയുകയാണ്...
അവർക്കൊപ്പം മനുഷ്യത്വത്തിന്റെ മഹനീയത മനസ്സിലാക്കിയവർ നീതിക്കായി അണിനിരക്കുന്നു..
സാഹോദര്യത്തിന്റ കരങ്ങൾ കോർത്തു പിടിച്ച്, മാനവതയുടെ മനസ്സുകളിൽ ഹൃദയം കോർത്ത് ഞങ്ങളും വരികയാണ് ; നടുവട്ടമെന്ന നാടിന്റെ പൗരജനത !
നാടിന്റെ പരിച്ഛേദമായും, ദേശത്തിന്റെ പ്രതിഷേധമായും.!

മതസാഹോദര്യത്തിന്റെ മഹിത ഭൂമികയായ നടുവട്ടവും നാളെ (ജനുവരി 2) പുതിയ ചരിത്രത്തിനു സാക്ഷിയാവുകയാണ്.
വർഗവൈര്യത്തിന്റെ പൗരത്വ നിയമത്തിനെതിരെയുള്ള രാഷ്ട്ര ജനതയുടെ പ്രക്ഷോഭങ്ങൾക്ക് ശക്തിപകരാൻ നടുവട്ടത്തെ പ്രബുദ്ധജനത യും നാളെ നഗര പാതയിൽ ഗാഥരചിക്കും!
ഭരണകൂട ഭീകരതയ്ക്കെതിരെ മരണംവരെ പോരാടാനുറച്ച സമര പാരമ്പര്യങ്ങളുടെ പിന്മുറക്കാരാണ് നമ്മൾ!
പൂർവികർ നേടിത്തന്ന 'പൂർണസ്വാതന്ത്ര്യം' സംഘിരാഷ്ട്രീയത്തിന്റെ ദ്രംഷ്ട്രകളിൽ ഞെരിഞ്ഞമരുമ്പോൾ നിഷ്ക്രിയ പൗരനായി നോക്കി നിൽക്കാൻ നമുക്കാവില്ലല്ലോ, സോദരാ..
സക്രിയമായ സമര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം, വർത്തമാന ഇന്ത്യയിലെ ജീവിതസങ്കീർണതകളിൽ പിന്നെയും തിരിച്ചു പിടിക്കേണ്ടി വരുന്നത് മഹത്തരമാണന്ന് നമ്മളോർക്കണം!
രാഷ്ട്ര നിർമാണത്തിനു വേണ്ടി ചോരയും നീരുമൊഴുകിയ സമുദായങ്ങളുടെ സന്തതികൾ തന്നെയാണ് നമ്മൾ!
പറങ്കികളെ പറിച്ചെറിഞ്ഞ കുഞ്ഞാലിയുടെ മക്കൾ!
ബ്രിട്ടീഷുകാരനെ കെട്ടുകെട്ടിച്ച സ്വരാജ്യ സ്നേഹികളുടെ പിന്മുറക്കാർ ...!
പിറന്ന മണ്ണിൽ അന്തസ്സോടെ ജീവിക്കാൻ ഒരുത്തന്റെയും ഔദാര്യം നമുക്ക് വേണ്ട!
ഈ രാജ്യത്തിന്റെ പൗരനെന്നു പറയാൻ ഒരു ഭരണഭീകരന്റേയും തിട്ടൂരം നമുക്കു വേണ്ട!
വിഭിന്ന മതങ്ങളിലും സംസ്കാരങ്ങളിലും വിശ്വസിക്കുന്ന സഹോദരന്മാരുടെ സ്നേഹത്തണലിൽ നമ്മൾ ഇവിടെ; നമ്മുടെ ഇന്ത്യയെ പങ്കിട്ടു ജീവിക്കും!
ജനാധിപത്യത്തെ വ്യഭിചരിച്ച് മതേതരത്വം കുഴിച്ചുമൂടുന്ന ഫാസിസ്റ്റുകളാണ് സ്വതന്ത്ര ഇന്ത്യയുടെ അന്തകർ.
സാമ്രാജ്യത്വങ്ങളെ കടപുഴക്കിയ ഈ നാടിന്റെ സമരസഖാക്കളുടെ പിന്മുമുറക്കാർക്കറിയാം, നരവംശത്തെ നിഷ്ക്കാസനം ചെയ്യുന്ന ഈ ഫാസിസത്തെ നിലംപരിശമാക്കാൻ!
വെള്ളക്കാരന്റെ തോക്കിനു മുന്നിൽ തോൽക്കാത്തവർ
കാവിഭീകരതയുടെ വംശവൈര്യത്തിനു മുന്നിൽ ഉന്മൂലരാവില്ലന്ന് ഓർമ വേണം!
പൗരാഭിമാനത്തിന്റെ നെഞ്ചുവിരിച്ച് ,
തിരമാലപോലെ വന്നലച്ച്..,
തെരുവീഥികളിൽ നാം മുഷ്ടി ചുരുട്ടുക!
പൗരമുതുകിലെ 'മോദി ഭൂത'ത്തെ നടുനിവർത്തി നമ്മൾ
കുടഞ്ഞെറിയുക!
അനീതിയുടെ അസ്പൃശ്യ നിയമങ്ങളിൽ മാനവ പ്രതിരോധത്തിന്റെ അഗ്നിപടരട്ടെ...
നാളെ നിങ്ങൾ നടുവത്തുണ്ടാകണം;
നടുനിവർത്തി നിലപാട് പറയാൻ ..
നെഞ്ചുവിരിച്ച്
അഭിമാനം കാട്ടാൻ ..
മുഷ്ടി ചുരുട്ടി മുദ്രാവാക്യങ്ങൾ മുഴുക്കാൻ ..
രോഷം തിളപ്പിച്ച് പ്രതിഷേധത്തിന്റെ രൂക്ഷത കാട്ടാൻ ..
തെരുവിലുയരുന്ന മഹാറാലികൾ അധികാര കേന്ദ്രങ്ങളിൽ അലോസരം സൃഷ്ടിക്കട്ടെ..
പിറന്ന മണ്ണിൽ ജീവിക്കുന്നവന്റെ അവകാശം നിഷേധിക്കുന്ന പൗരത്വ നിയമം റദ്ദാക്കപ്പെടട്ടെ..
നാളെ, നടുവട്ടത്തെത്തുക
വൈകീട്ട് 4ന് കാലടിത്തറയിൽ നിന്നും ആരംഭിക്കുന്ന *മാസ് റാലി* യിൽ അണിനിരക്കുക.
നാം ഒന്നാണ്.
ഇവിടെ വകഭേദങ്ങളില്ല..
മതങ്ങളുടെ മതിൽ കെട്ടുകളില്ല..
ജാതീയതയുടെ വേർതിരിവുകളില്ല...
രാഷ്ട്രീയങ്ങളിലെ വിഴുപ്പലക്കലുകളില്ല..
രാജ്യത്തിനു വേണ്ടി നമ്മൾ അണിനിരക്കും..
അവകാശങ്ങൾക്കു വേണ്ടി നാം നിണം ചുരത്തും..
അനീതിക്കെതിരെ അധികാര കേന്ദ്രങ്ങളിൽ നാം പ്രതിഷേധങ്ങളുടെ അഗ്നിയെരിക്കും...
വരിക !
വരിക.. സോദരാ...
പൗരത്വം തന്നെയമൃതം!
.............................................
[റഫീഖ് നടുവട്ടം]
      

No comments: