തൃത്താലയുടെ കിഴക്കേത്തലയ്ക്കൽ മുടവന്നൂർ കുന്നിനു മുകളിൽ രാജേഷും ബിന്ദുവും ചേർന്നു വച്ച പുതിയ വീടു കാണാൻ ഇന്നലെയാണ്
പോയത്.
നിരയായി നിൽക്കുന്ന റബർ മരങ്ങൾക്കു മധ്യേ, ഹരിത മനോഹാരിത ചാർത്തിയ കുന്നിൻ ചെരിവുകൾക്കു താഴെ എന്റെ പഴയ സഹപ്രവർത്തകർ പണിത, ഒതുങ്ങിയ, ഒരു സ്വപ്ന സദനം!
പേമാരിയൊഴിഞ്ഞ് വെയിൽ കത്തി നിന്ന പകലിലാണ് മുടവന്നൂർ കുന്നിന്റെ ഇടുങ്ങിയ ദുർഘട പാതയിലൂടെ ഞാനും നല്ലപാതിയും ചേർന്നു ബൈക്കോടിച്ചു പോയത്.
ഇരുവശവും കാടുമൂടിയ വിജനമായ ഭാഗമെത്തിയപ്പോൾ പൊടുന്നനെ കനത്ത മഴ ഞങ്ങളുടെ മേൽ വന്നു വീണു!
ഒന്ന് കയറി നിൽക്കാൻ വീടോ ഇടമോ ഇല്ലാതെ കുടുങ്ങിപ്പോയ നേരം.. അതുവരെ തെളിഞ്ഞു നിന്ന മാനത്തു നിന്ന് മഴ നിനച്ചില്ലങ്കിലും ഞങ്ങളെ അത് പൂർണമായി നനച്ചു.
ഐ ഇ എസ് സ്കൂളിലെ ഓർമകൾ മനസ്സേറ്റി പഴയ സഹപ്രവർത്തകരുടെ പുത്തൻ ഭവനത്തിൽ എത്തിച്ചേർന്നപ്പോൾ തന്നെ ആതിഥേയരുടെ സ്നേഹമിഴികളും മൊഴികളും ആസകലം മഴ കുളിപ്പിച്ച ഞങ്ങളുടെ അസ്വസ്ഥതകളെ പാടേ മായ്ച്ചു കളഞ്ഞു!
മനസ്സിലെ കൊച്ചു മോഹങ്ങളും ആശയങ്ങളും യാഥാർഥ്യമാക്കിയ ഒരു ഭവനമായിരുന്നു അത്. ആഡംബരങ്ങളില്ലെങ്കിലും ആധുനികതയുടെ പ്രൗഢിയുള്ള വെടിപ്പുള്ള വീട്!
ഓരോ ഭിത്തിയും ചെന്നുതൊട്ട് അവർ വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ
അത്, ദീർഘദൃക്കോടെ ചെയ്ത നിർമിതികളാണെന്നു ഞങ്ങൾക്കു ബോധ്യമായി.
അത്, ദീർഘദൃക്കോടെ ചെയ്ത നിർമിതികളാണെന്നു ഞങ്ങൾക്കു ബോധ്യമായി.
എല്ലാ ബെഡ് റൂമുകളിലും പ്രാഥമിക ആവശ്യത്തിനായുള്ള ഇടം, അലങ്കരിച്ച അലമാരയ്ക്കു പിറകിൽ ഒളിപ്പിച്ചു വച്ചത് ആശ്ചര്യപ്പെടുത്തി!
കുട്ടികളുടെ പഠനത്തിന് പ്രാധാന്യം നൽകി ഒരു മുറിയിൽ പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു!
കുട്ടികളുടെ പഠനത്തിന് പ്രാധാന്യം നൽകി ഒരു മുറിയിൽ പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു!
പ്രശാന്തത മുറ്റി നിൽക്കുന്ന, കിളികളുടെ കളകളാരവം കേൾക്കുന്ന, ശുദ്ധവായുവിന്റെ മന്ദമാരുതൻ ഒഴുകുന്ന പച്ചപ്പിന്റെ ആ സമൃദ്ധ ഭൂതലത്തിൽ എപ്പോഴെങ്കിലുമൊക്കെ ഒന്ന് സൊറച്ചിരിക്കാനും നന്ദന, ആദികൃഷ്ണ എന്നീ മക്കൾക്കൊപ്പം വെറുതെ ഒന്ന് കാറ്റേറ്റിരിക്കാനും വീടിന്റെ മട്ടുപ്പാവിൽ ഒരിടം കൂടി ഒരുക്കിയിട്ടുണ്ട് ഈ സ്നേഹ ദമ്പതികൾ !
സന്ധ്യമയങ്ങവേ,
ആഹ്ലാദത്തോടൊപ്പം ലാളിത്യംനിറഞ്ഞ ചായസൽക്കാരത്തിനൊടുവിൽ ഞങ്ങൾ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഉപചാരം ചൊല്ലിപ്പിരിഞ്ഞു...

സന്തുഷ്ടി നിറഞ്ഞ ഞങ്ങളുടെ മനസിൽ അപ്പോഴും ഒരു മിന്നലേറ്റു പൊള്ളി ; ഇനിയും വീടാത്ത, വീടെന്ന സ്വപ്നം..
- റഫീഖ് നടുവട്ടം
എടപ്പാൾ
എടപ്പാൾ
No comments:
Post a Comment