ഈ എഴുത്തുപുരയില്‍..

22 August 2019

അയിലക്കാട് കെ വി മുഹമ്മദ് ഹാജി : ബഹുമുഖ പ്രമുഖൻ ഇനി ജനഹൃദയങ്ങളിൽ

'കെ വി' എന്ന രണ്ടക്ഷരം കൊണ്ട് ഒരു ദേശത്തെ മുഴുവൻ വിശ്രുതിയിലെത്തിച്ച വ്യക്തിത്വമായിരുന്നു മുഹമ്മദ് ഹാജി..
അയിലക്കാട് എന്ന കാർഷിക ഗ്രാമത്തിന്റെ പേരും പെരുമയും ഈ ദ്വയാക്ഷരങ്ങൾക്കൊപ്പം ദേശങ്ങൾ കടന്നു.

കടവിൽ വളപ്പിൽ ഹസൻകുട്ടി ഹാജിയുടേയും ഇയ്യാ ഉമ്മയുടേയും പത്തു മക്കളിൽ പ്രഥമനായി ജനിച്ച മുഹമ്മദ് ഹാജി, പഴുക്കടക്ക ശേഖരിച്ച് വിൽക്കുന്ന തൊഴിലിൽ ഏർപ്പെട്ടുകൊണ്ടാണ് ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ പുറപ്പെട്ടിറങ്ങിയത്.
1958ൽ ചങ്ങരംകുളത്ത് സ്ഥലം വാടകകയ്ക്കെടുത്ത് അടക്കവ്യാപാരം തുടങ്ങിയ അദ്ദേഹം വൈകാതെ ആ ഭൂമിയും കെട്ടിടവും വിലയ്ക്കു വാങ്ങി കച്ചവടം മെച്ചപ്പടുത്തി.

അടക്കവിപണിയുടെ അനന്ത സാധ്യതകൾ തേടി ഇന്ത്യയിലുടനീളം സഞ്ചരിച്ച കെവി, പ്രാദേശിക ചന്തകളുടേയും മെട്രോ മാർക്കറ്റുകളുടെയും മർമമറിഞ്ഞു വ്യാപാര തന്ത്രങ്ങളിൽ ചുവടുകൾ വച്ചു കർമനിരതനായി..
വീടുകളിൽ നിന്നും ചെറുകിട കർഷകരിൽ നിന്നും ശേഖരിച്ച പഴുത്ത അടക്ക ഉണക്കിയെടുക്കാനും പൊളിച്ചെടുക്കാനും ചങ്ങരംകുളം, നടുവട്ടം, അയിലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥലമൊരുക്കുകയും സംസ്ക്കരണ പ്രക്രിയകൾ ആരംഭിക്കുകയും ചെയ്തു. 

നിർധന സ്ത്രീകൾ ഉൾപ്പടെ ഗ്രാമ പ്രദേശങ്ങളിലെ നൂറുകണക്കിനാളുകൾക്ക് ഇതുവഴി ജീവിതമാർഗം ലഭ്യമായി. രാപകൽ ഭേതമന്യേയുള്ള അധ്വാനത്തിന് കെവി മുഹമ്മദ് ഹാജി തന്നെ നേതൃത്വം നൽകുകയും അടക്കാ കമ്പനിയെ അടിക്കടി  പുരോഗതിയിലേക്ക്കൈപിടിക്കുകയും ചെയ്തു.
ബോംബെ നാഗ്പൂർ, ഇൻഡോർ, ബാംഗ്ലൂർ, കൊൽക്കത്ത, മംഗലാപുരം, ഒറീസ, തുടങ്ങിയ സ്ഥലങ്ങളിൽ ബ്രാഞ്ചുകൾ തുറന്ന ഇദ്ദേഹം, കേരളത്തിൽ നിന്നും മുന്തിയ തരം അടക്കകൾ കയറ്റുമതി ചെയ്ത് അന്തർസംസ്ഥാന വിപണിയിൽ അതിവേഗം ഇടം പിടിച്ചു.

അടക്ക വ്യാപാരത്തിൽ കേരളത്തിന്റ കുലപതിയായി മാറിയ കെ വി മുഹമ്മദ് ഹാജി വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും മുൻപന്തിയിലുണ്ടായി.
മുസ്‌ലിം എജുക്കേഷനൽ സൊസൈറ്റി (എം ഇ എസ് ) യുടെ പ്രമുഖ കലാലയങ്ങൾ പടുത്തുയർത്തുന്നതിനു വേണ്ടി സാമ്പത്തികമായും സ്ഥലപരമായും സംഭാവനയർപ്പിച്ച ഇദ്ദേഹം, സാമുദായിക ശാക്തീകരണത്തിന് ഊർജ്ജം പകർന്നു.

കോഴിക്കോട് മർക്കസ് , പന്താവൂർ ഇർശാദ് സ്ഥാപനങ്ങളുടെ പ്രമുഖ സഹകാരികൂടിയായിരുന്നു കെവിഎം. 1980 ൽ വളാഞ്ചേരിയിൽ തുടങ്ങിയ എം ഇ എസ് കോളേജ് ഇദ്ദേഹത്തിന്റെ നാമഥേയത്തിലാണ്.
ഇതിനു പുറമെ, വിവിധ മത ഭൗതിക വിദ്യാഭ്യാസ കേന്ദ്രങ്ങൾ യാഥാർഥ്യമാക്കുന്നതിൽ കെ വി എം ഹാജിയുടെ പങ്ക് നിസ്തുലമായിരുന്നു. 
നിരവധി സാമൂഹ്യ വിഷയങ്ങളിലും സാമുദായിക പ്രശ്നങ്ങളിലും മാധ്യസ്ഥശ്രമങ്ങൾക്ക് നേതൃത്വം കൊടുത്ത അദ്ദേഹം, കേരളത്തിലെ സുന്നീ വിഭാഗീയതയുടെ മഞ്ഞുരുക്കാൻ നടത്തിയ ആത്മാർഥ ശ്രമങ്ങൾ സ്മരണീയമായി. 

കാർഷിക വൃത്തിയുടെ കർമ മണ്ഡലങ്ങളിലിറങ്ങി നൂറുമേനിയുടെ ഹരിത വിജയം കൊയ്ത ചരിത്രത്തിന് കൂടി കെവി ഹാജിയുടെ വിയോഗത്തിലൂടെ മങ്ങലേൽക്കുകയാണ്.. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന അയിലക്കാട് കോൾ പടവുകളിൽ പുഞ്ചകൃഷിയെ നെഞ്ചേറ്റിയ കർഷകപ്രമുഖനായിരുന്നു കെവി.
190 ഏക്കർ വിസ്തൃതിയുളള തേരേറ്റു കായൽ കോൾപ്പടവിലെ ഭൂരിഭാഗവും ഉടമസ്ഥതയുള്ള ഇദ്ദേഹം മുപ്പത്തിയഞ്ച് വർഷത്തിലേറെയായി ഈ സംഘത്തിന്റെ പ്രസിഡന്റാണ്. 

കാളപൂട്ടുത്സവത്തിന്റെ കേളിയും ആവേശവും വയലേലകളിൽ നിന്ന് വാനോളമുയർത്തിയ സംഘാടകനായിരുന്നു കെ വി മുഹമ്മദ് ഹാജി.
മാതൃകാ പൂർണനും സ്നേഹമസൃണനുമായ മൃഗപരിപാലകനായിരുന്നു അദ്ദേഹം. വിലപിടിപ്പുള്ള കാലികളെ ആരോഗ്യപൂർണതയിൽ വളർത്തിയും അവയെ മത്സരങ്ങളിൽ പങ്കെടുപ്പിച്ച് ജേതാവായും കെ വി ആനന്ദം കണ്ടെത്തി.
 
പതിനായിരങ്ങളും ലക്ഷങ്ങളും വിലമതിക്കുന്ന കാളകളെയും പോത്തുകളേയും എല്ലാ 'സുഖ സൗകര്യ'ങ്ങളും നൽകി വളർത്തി സംരക്ഷിക്കാൻ പ്രത്യേകം തൊഴിലാളികളെ അദ്ദേഹം നിയമിച്ചിരുന്നു.
വിവിധ പ്രദേശങ്ങളിൽ വച്ചു സംഘടിപ്പിക്കപ്പെടുന്ന കാളപൂട്ട് മത്സരങ്ങളിൽ കെ വി മുഹമ്മദ് ഹാജിയുടെ കരുത്തരായ മൃഗജോഡികൾ വിജയക്കുതിപ്പു കാട്ടി കാണികളുടെ കരഘോഷങ്ങൾ ഏറ്റുവാങ്ങി!

ഉദാരമനസ്കതയുടെ ഹൃദയം തുറന്നു വച്ച മനുഷ്യസ്നേഹിയായിരുന്നു കെവി മുഹമ്മദ് ഹാജി. നാട്ടിലും മറുനാട്ടിലുമുള്ള ഒട്ടേറെ പാവപ്പെട്ടവരെ അദ്ദേഹം അകമഴിഞ്ഞു സഹായിച്ചു. മത ജാതി വ്യത്യാസമില്ലാതെയും വിഭാഗീയ ചിന്തകൾക്കതീതമായും സംഘടനാപരമായ സങ്കുചിതത്വങ്ങൾ ഒഴിവാക്കിയും അദ്ദേഹം പടച്ചവൻ നൽകിയ ഔദാര്യങ്ങൾ കാരുണ്യപൂർവം കോരിക്കൊടുത്തു..

മത, സാമൂഹ്യ, ജീവ കാരുണ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ അദ്ദേഹത്തിന്റെ സംഭാവനകൾ എണ്ണിയെടുക്കാനാവില്ല. ഉത്തമ വിശ്വാസിയായും ആദർശങ്ങളിൽ അടിയുറച്ചും മഹല്ലിന്റെ മുഴുവൻ കാര്യങ്ങളിലും തന്റെ കരസ്പർശവും ഉദാരതയും ഉറപ്പുവരുത്തി ''കുഞ്ഞൻക്ക" എന്ന സ്നേഹ നാമം ഓരോ മനസ്സിലും അലിഞ്ഞു ചേർന്നു..
മതപരമായ വിശേഷ ദിവസങ്ങളിൽ അരിയായും ബിരിയാണിയായും മാംസമായും മധുരമായും കെ വി യുടെ കൈനീട്ടങ്ങൾ മഹല്ലു ജനത ഹൃദയപൂർവം ഏറ്റുവാങ്ങി..

അയിലക്കാട് എന്ന നാടിനും അയൽനാടുകൾക്കും നെടുംതൂണായി നിന്ന കെവിയുടെ വിയോഗം ആബാലവൃദ്ധം ജനങ്ങളേയും ഇന്ന് തീർത്തും അനാഥരാക്കിയിരിക്കുന്നു.
ഹൃദയങ്ങളിൽ വസിച്ച ഒരു തണൽ മാഞ്ഞ സത്യം സ്നേഹജനങ്ങൾക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല..

- റഫീഖ് നടുവട്ടം

No comments: