ഈ എഴുത്തുപുരയില്‍..

29 July 2019

ബൈപ്പാസുകളിലൂടെ ഭീതിപ്പെടുത്തി ബസുകളുടെ 'ബിസി'യോട്ടം

എടപ്പാൾ: ഗ്രാമീണ പാതയിലൂടെയുള്ള ദീർഘദൂര ബസുകളുടെ കുതിച്ചോട്ടം ഭീതി ജനിപ്പിക്കുന്നു.
എടപ്പാൾ മേൽപ്പാല നിർമാണത്തെ തുടർന്നുള്ള ഗതാഗത ക്രമീകരണമാണ് ഉൾനാടൻ ജനതയുടെ ഉളളുലക്കുന്നത്.

കാൽനട യാത്രികർക്കും ചെറുകിട വാഹനങ്ങൾക്കും വില കൽപ്പിക്കാത്ത വിധം ദീർഘദൂര ബസുകൾ അമിതവേഗതയിൽ സഞ്ചരിക്കുന്നതാണ് ആശങ്കയുണ്ടാക്കുന്നത്. 

എടപ്പാൾ നഗരത്തിൽ ഗതാഗതം തിരിച്ചുവിട്ടതുമൂലം തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ വട്ടംകുളം - കുറ്റിപ്പാല വഴിതിരിഞ്ഞാണ് കൂറ്റനാട് - നടുവട്ടം റോഡിലൂടെ സംസ്ഥാന പാതയിൽ എത്തുന്നത്. റബറൈസ്ഡ് റോഡാണെങ്കിലും വീതി കുറഞ്ഞതാണ് ഈ പാത.
ഇതിലൂടെയാണ് ദീർഘദൂര സർക്കാർ ബസുകളും സ്വകാര്യബസുകളും പരസ്പരം മത്സരിച്ചോടുന്നത്. 

ആറ് കിലോമീറ്ററിലധികം ചുറ്റിയെത്തുന്ന സമയം വീണ്ടെടുക്കാനുള്ള ശ്രമവും പ്രധാന സ്റ്റോപ്പുകളിലെ യാത്രികരെ കിട്ടാനുള്ള വ്യഗ്രതയും അമിതവേഗമുണ്ടാക്കി അപകടങ്ങൾക്ക് വഴിവെക്കുന്നത് നിത്യസംഭവമായിട്ടുണ്ട്.

ബൈക്ക്, ഓട്ടോ എന്നിവക്ക് പിറകെ 'ചിന്നം വിളി'ച്ചെത്തുന്ന ബസുകൾ സമാധാനത്തോടെയുള്ള സഞ്ചാരം ഇല്ലാതാക്കുന്നുവെന്നാണ് ആക്ഷേപം. 
പലപ്പോഴും ഇത്, തടഞ്ഞു നിർത്തലിനും വഴക്കിനും വഴിവെക്കുന്നുമുണ്ട്.

ധാരാളം സ്കൂൾ/ മദ്രസാ വിദ്യാർഥികളും തൊഴിലാളികളും നടന്നു പോകുന്ന ഈ പാത നേരത്തെ തന്നെ നിരവധി അപകടങ്ങൾക്കും ജീവഹാനികൾക്കും സാക്ഷിയായിട്ടുണ്ട്. മേൽപാലം വരുന്നതോടെ സംജാതമായ വാഹനത്തിരക്കും അമിതവേഗതയും ഈ സ്ഥിതിവിശേഷം വർധിപ്പിക്കുമോ എന്നതാണ് പ്രദേശവാസികളുടെ ആശങ്ക.

വട്ടംകുളത്തു നിന്ന് എളുപ്പത്തിൽ നെല്ലിശ്ശേരി - നടുവട്ടം റോഡിലെത്തി സംസ്ഥാന പാതയിൽ പ്രവേശിക്കാനുള്ള ചില ബസുകളുടെ ശ്രമം ആഴ്ചകൾക്ക് മുമ്പ് വൻ അപകടത്തിന് ഇടയാക്കിയിരുന്നു. സ്കൂൾ ബസിന് വശം കൊടുക്കുന്നതിനിടെ നെല്ലറ ഗ്രൗണ്ടിന് സമീപം കെ എസ് ആർ ടി സി സൂപ്പർഫാസ്റ്റിന് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് പൊട്ടിവീണ് തീ പാറിയെങ്കിലും യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇതിലൂടെയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം പൊലീസ് നിരോധിച്ചുവെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ച് ഈ വഴി സ്വകാര്യ ബസുകൾ കടന്നു പോകുന്നുണ്ട്.

എടപ്പാൾ നഗരത്തിൽ ഗതാഗതം നിയന്ത്രിക്കാനുള്ള ചില അനൗദ്യോഗിക സംഘടനകളുടെ ശ്രമങ്ങൾക്ക് പൊലീസ് കൂച്ചുവിലങ്ങിട്ടതു പോലെ ബൈപ്പാസ് റോഡുകളിലൂടെയുള്ള ബസുകളുടെ തിരക്കിട്ടുപ്പോക്കും നിയന്ത്രിക്കണമെന്നാണ് പൊതുജനത്തിന്റെ ആവശ്യം.
.............................
റഫീഖ് നടുവട്ടം
9495808876

No comments: