ഈ എഴുത്തുപുരയില്‍..

22 August 2019

മർഹൂം. ചളിങ്ങാട് ഇസ്ഹാഖ് മൗലവി : ഒടുങ്ങാതെ ഓർമകൾ..

മഴക്കെടുതികളും മരണങ്ങളും മനസ്സിനെ വല്ലാതെ മഥിച്ചിരിക്കുമ്പോഴാണ് തൃശൂർ കൈപ്പമംഗലത്തു നിന്ന് ഒരു വിയോഗ വാർത്തയെത്തുന്നത്.
പ്രിയപ്പെട്ട ചളിങ്ങാട് ഇസ്ഹാഖ് മൗലവിയുടെ നിര്യാണം..

കാലമേറെ മുമ്പ് സഹപ്രവർത്തകരായിരുന്നു ഞങ്ങൾ. 1999-2004 കാലഘട്ടത്തിൽ അധ്യാപനത്തിലേർപ്പെട്ട് കൈപ്പമംഗലം മേഖലയിൽ പ്രവർത്തിക്കവേ, സുന്നീ ജംഇയ്യത്തുൽ മുഅല്ലിമീന്റെ സംഘ ചലനവുമായി ഇസ്ഹാഖ് മൗലവിയോടൊപ്പം ഞാനുമുണ്ടായി.

ആത്മാർഥ ഹൃദയനും ആരോഗ്യദൃഢഗാത്രനുമായിരുന്നു അദ്ദേഹം. ആത്മീയമായ ജീവിതച്ചിട്ടകൾ ചെറുപ്രായത്തിലേ പുലർത്തിയ ഇസ്ഹാഖ് മൗലവി, ആത്മധൈര്യവും ചങ്കുറപ്പുമുള്ള വ്യക്തിത്വമായി എനിക്കനുഭവവേദ്യമായിട്ടുണ്ട്. സഹപ്രവർത്തകർക്കും യുവാക്കൾക്കും കുട്ടികൾക്കും നാട്ടുകാർക്കുമെല്ലാം അദ്ദേഹം മാതൃകയുടെ അടയാള ചിഹ്നമായി മനസിൽ കുടിയാർത്തു.

സാമുദായികമായ ഭീഷണികളും പ്രാസ്ഥാനികമായ പ്രതിസന്ധികളും പ്രാദേശിക വിഷയങ്ങളിൽ നേരിട്ടനേരത്ത് നെഞ്ചുവിരിച്ചും നിലപാടിലുറച്ചും ഇസ്സത്തു കാത്ത ഇതിഹാസികനായി ഇസ്ഹാഖ് മുസ് ലിയാർ! 

കറതീർത്ത വിശ്വാസിയാണന്നും മതാധ്യാപകനാണന്നുമുള്ള അഭിമാനബോധം അന്തരാളത്തിലേയ്ക്കു തന്നെ സ്വയം തിരിച്ചു വച്ചാണ് അദ്ദേഹം വേഷമണിഞ്ഞതും ഭാഷ മൊഴിഞ്ഞതും..
സുന്നീ പ്രസ്ഥാനങ്ങളുടെയും സംരംഭങ്ങളുടേയും പദ്ധതികളുടെയും നടുനായകനായി ഒരു ദേശത്തിന് സർവ്വതോന്മുഖമായ സേവനം നൽകുമ്പോൾ രോഗങ്ങളും വൈദ്യ നിയന്ത്രണങ്ങളും അദ്ദേഹത്തെ അലട്ടിയതേയില്ല; സ്വയം ഒരു വിശ്രമത്തിന് വിചാരപ്പെട്ടതുമില്ല..
നശ്വരമായ ജീവിത മണ്ഡലത്തിലെ സുകൃത് ഭാണ്ഡങ്ങൾ നിറയ്ക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം..

ഹൃസ്വകാലത്തെ പരിചിതങ്ങൾ ആ സാർഥക ജീവിതത്തിന്റെ എന്റെ സ്മരണകളെ സജലങ്ങളാക്കുന്നുണ്ട്...
സർവ്വാധിപൻ അദ്ദേഹത്തിന്റെ പാരത്രിക ലോകത്ത് പ്രകാശം ചൊരിയട്ടെ എന്ന് പ്രാർഥിക്കാം.. ആശ്രിതരിൽ ആശ്വാസവും സമാധാനവും..
- റഫീഖ് നടുവട്ടം
[11 ആഗസ്റ്റ് 2019]

No comments: