ഈ എഴുത്തുപുരയില്‍..

09 October 2020

റമളാൻ: ഖുർആൻ അവതീർണ മാസം

വ്രതമാസത്തിലെ ധന്യമായ ദിനരാത്രങ്ങൾ കടന്നു പോകുകയാണ്. എണ്ണമറ്റ പുണ്യങ്ങൾ ഉൾച്ചേർന്ന അനുഷ്ഠാന ചര്യയുടെ ആന്തരാർഥങ്ങളിലേയ്ക്ക് സഞ്ചരിക്കുമ്പോൾ സുപ്രധാനമായൊരു കാമ്പ് വിശ്വാസിയുടെ മനതലങ്ങളിലേയ്ക്ക് വിരുന്നെത്തണം. മാനവ സമൂഹത്തിന്റെ മാർഗദർശനത്തിനായി സ്രഷ്ടാവ് സംവിധാനിച്ചൊരുക്കിയ വിശുദ്ധ ഗ്രന്ഥത്തിന്റെ അവതീർണ വാർഷികം; അതാണ് റമളാൻ.

നബി തങ്ങൾ അരുളി:
''ആര് ഭക്ഷണമുണ്ടാക്കിയാലും മറ്റുള്ളവർ അത് കഴിക്കാൻ തൃപ്തിപ്പെടും വിധം
അല്ലാഹുവിന്റെ (ആത്മീയ) ഭക്ഷണമാണ് ഖുർആൻ.
അത് കഴിക്കണം (പാരായണം ചെയ്യണം) അതിൽ ഉപേക്ഷ കാണിക്കരുത്.
[ബൈഹഖി ] മറ്റൊരു വേളയിൽ പ്രവാചകർ ഉപമിച്ചത് ഇങ്ങനെയാണ്:
"ഇരുമ്പിൽ വെള്ളം എത്തുമ്പോൾ തുരുമ്പിക്കും പോലെ ഹൃദയങ്ങൾ തുരുമ്പിക്കും. എങ്ങനെയാണ് ആ തുരുമ്പ്  മായ്ച്ചുകളയുക ?

മരണ ചിന്തയും ഖുർആൻ പാരായണവും വർധിപ്പിക്കുക എന്നതാണ് അതിന് പരിഹാരമായി പ്രവാചകൻ നിർദേശിച്ചത്. ആർക്കങ്കിലും തന്റെ റബ്ബിനോട് സംഭാഷണം നടത്താൻ താൽപര്യമുണ്ടങ്കിൽ അവൻ ഖുർആൻ പാരായണം ചെയ്യട്ടെയെന്നായിരുന്നു തിരുമൊഴി.[ ദൈലമി ]

ഖുർആന്റെ ശ്രേഷ്ഠതയും പാരായണത്തിലൂടെ കരഗതമാകുന്ന സുകൃതങ്ങളും വിവരണാതീതമാണ്. ലോകനാഥൻ വിവിധ ജനവിഭാഗങ്ങൾക്കായി അവതരിപ്പിക്കുകയും അവയുടെ സാധുതകൾ  സമയബന്ധിതമായി പിൻവലിക്കുകയും ചെയ്ത പൂർവ ഗ്രന്ഥങ്ങളെ മുഴുവൻ ഉൾക്കൊണ്ടു കൊണ്ടു തന്നെ കാലാതീതമായ രൂപത്തിൽ  ഇറക്കിയ വിശുദ്ധ ഖുർആൻ, വിശ്വാസി സമൂഹത്തേക്കാൾ ഭൗതികതലത്തിൽ ഉപയോഗപ്പെടുത്തിയത് ബൗദ്ധിക ലോകത്തെ വിശാരദന്മാരാണ് ! ശാസ്ത്രലോകത്തെ ഗവേഷണകുതുകികൾ ഖുർആൻ സൂചനകൾ വച്ചു നോക്കി ആധുനികതയുടെ അടിത്തറയുള്ള പുതു ലോകം പണിതുയർത്തി എന്നു പറഞ്ഞാൽ അതിൽ അതിശയോക്തിക്കു വകയില്ല.

ഭൗതികവും ആധ്യാത്മികവുമായ നേട്ടങ്ങൾക്കു പിൻബലമേകുന്ന ഒരു വേദഗ്രന്ഥം മാനവ സമൂഹത്തിനു മുന്നിൽ മലർക്കെ തുറന്നു കിടക്കുമ്പോഴും അതിനെ യഥോചിതം മനസ്സിലാക്കാൻ സ്വീകൃത സമുദായം വൈകിപ്പോയി എന്നത് സങ്കടകരമാണ്. ഖുർആൻ പുണ്യത്തിന് ബലമേകുന്ന ഏതാനും തിരുമൊഴികളും ഇലാഹീ വചനങ്ങളും ഇവിടെ കുറിക്കുന്നത് ഉചിതമാകുമെന്ന് വിചാരപ്പെടട്ടെ..

"എന്റെ ഉമ്മത്തിന്റെ ശ്രേഷ്ഠമായ ആരാധന ഖുർആൻ പാരായണമാ ണ് " [ ദൈലമി] "ഖുർആൻ ഓതാൻ എന്നോട് കൽപ്പിക്കപ്പെട്ടു." [ സൂറത്തുന്നംല്] "താങ്കൾ ഖുർആൻ പാരായണം ചെയ്യുകയാണങ്കിൽ ശപിക്കപ്പെട്ട പിശാചിൽ നിന്ന്അല്ലാഹുവോട് ശരണം തേടുക ''.[സുറത്തുന്നഹ്ല്ല് ] "ഖുർആൻ സാവകാശത്തിൽ പാരായണം ചെയ്യുക "[സുറത്തുൽ മുസമ്മിൽ]"ഖുർആൻ നിങ്ങൾ പാരായണം ചെയ്യുക. തീർച്ച; അന്ത്യ നാളിൽ പരായണം ചെയ്തവർക്ക് വിശുദ്ധ ഗ്രന്ഥം ശിപാർശകനായി വരും" [മുസ്ലിം ] "നിങ്ങളിൽ ഏറ്റവും ഉത്തമർഖുർആൻ പഠിക്കുന്നവരും പഠിപ്പിക്കുന്നവരുമാകുന്നു '' [ബുഖാരി ]

ആയിശ ബീവി സാക്ഷ്യപ്പെടുത്തിയ ഒരു പ്രവാചക മൊഴി ഇങ്ങനെയാണ്:
"നല്ലത് പോലെ പഠിച്ച് മനസ്സിലാക്കിയ  ഒരു മാഹിർ ഖുർആൻ പാരായണം  ചെയ്യുന്നുവെങ്കിൽ അവൻ 'അസ്സഫറത്തിൽ കിറാമിൽ ബറ-റത്തി' എന്ന പ്രത്യേകക്കാരുടെ കൂട്ടത്തിൽ ഉൾപ്പെടും.
മറ്റൊരാൾക്ക് നല്ലത് പോലെ ഓതാൻ അറിയില്ല; എങ്കിലും വളരെ പ്രയാസപ്പെട്ട് തെറ്റ് വരാതെ ശ്രദ്ധിച്ച് തപ്പിത്തടഞ്ഞ് ഓതിയാൽ അദ്ദേഹത്തിന് രണ്ട് കൂലി നൽകപ്പെടും" [ഒന്ന്: പാരായണ പ്രതിഫലം. രണ്ട്: അതിന് വേണ്ടി കഷ്ടപ്പെട്ട കൂലി ]

അല്ലാഹുവിന്റെ പള്ളികളിൽ ഖുർആൻ പാരായണം ചെയ്യുകയും അത് ദർസ് നടത്തുകയും ചെയ്യുന്ന ഏതൊരു ജനതയിലും ശാന്തി സമാധാനം ഇറക്കപ്പെടുമെന്നും അനുഗ്രഹങ്ങൾ പൊതിയപ്പെടുമെന്നും മാലാഖമാരുടെ സാന്നിധ്യവും. സംരക്ഷണവും കൊണ്ട് വലയംനൽകപ്പെടുമെന്നും 
അല്ലാഹുവിന്റെ സാമീപ്യമുള്ളവരുടെ (മലക്കുകൾ, പുണ്യാത്മാക്കൾ) സാന്നിധ്യത്തിൽ അവർ സ്മരിക്കപ്പെടുമെന്നും പ്രവാചക മൊഴികളിൽ കാണാം! [മുസ്ലിം]

പ്രിയപ്പെട്ട സത്യവിശ്വാസികളെ, നമുക്ക് അല്ലാഹു നൽകിയ പുണ്യമാസമാണ് ജീവിതത്തിലൂടെ കടന്നുപോകുന്നത്. ഒരോ സുകൃത നിമിഷങ്ങൾക്കും എഴുപത് ഇരട്ടിയുടെ പ്രതിഫലമുള്ള പകലിരവുകൾ! ഒരു സുബ്ഹി നിസ്ക്കരിച്ചാൽ 70 സുബ്ഹി നിസ്ക്കരിച്ച പ്രതിഫലം! രണ്ട് റക്അത്ത് തറാവീഹ് നിസ്ക്കരിച്ചാൽ ഒരു ഫർള് നിസ്ക്കരിച്ച പ്രതിഫലം..! അഥവാ  ഒരു ഫർളിന് 70 ഫർളിന്റെയും ഒരു സുന്നതിന് ഒരു ഫർളിന്റെയും ശ്രേഷ്ഠതകൾ!

ഈ ഉമ്മത്തിന് മാത്രം സൗഭാഗ്യമായി സർവ്വാധിപൻ സമ്മാനിച്ച ആനുകൂല്യങ്ങളുടെ കലവറയാണിത്. നമ്മുടെ സ്നേഹ പാത്രമായ മുഹമ്മദ് നബി (സ)യെ കൊണ്ട് കിട്ടിയ ബഹുമതി! കൂടാതെ ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിച്ച്  കാത്തിരിപ്പിന്‌ സഫല പൂർണതയുണ്ടായാൽ
1000 മാസത്തെ പുണ്യം പുണരാനുമാകും! 

83 വർഷവും 4 മാസവും നാം നിസ്ക്കരിച്ചതും നോമ്പനുഷ്ഠിച്ചതും ദിക്ക്റ്സ്വലാത്തുകൾ ചൊല്ലിയതും ഖുർആൻ പാരായണം നിർവഹിച്ചതും ദാനധർമങ്ങൾ ചെയ്തതും നല്ല വാക്ക് പറഞ്ഞതും സർവ നന്മകളും വാരിക്കൂട്ടിയ പ്രതിഫലത്തിന്  ആയിരം മാസം അർഹനാകുന്ന മഹാരാവ്!

അതെ, മുകളിൽ പരാമർശിച്ച ആയത്തുകളുടെയും ഹദീസുകളുടെയും ആശയങ്ങൾ നിങ്ങൾ ഗ്രഹിച്ചുവല്ലോ?
ഖുർആൻ അവതരിക്കപ്പെട്ടു എന്നതാണ് റമളാൻ എന്ന ഈ മാസം ഇത്രക്കും വിലപ്പെട്ടതെന്നു ചുരുക്കം. ആ ഖുർആൻ ഓതിയാൽ കിട്ടുന്ന പ്രതിഫലം; അതനുസരിച്ച് പണ്ഡിതന്മാർ പറഞ്ഞ നിയമങ്ങൾ പിൻപറ്റി ജീവിച്ചാൽ ലഭിക്കുന്ന പ്രതിഫലം നൂറുമേനി മികച്ചതാകും. അങ്ങനെ പുണ്യാത്മാവായി സ്വർഗ പ്രവേശം സാധ്യമാക്കാം. അല്ലാഹുമ്മ യാഅല്ലാഹ്! അസ്അലുക്കൽ ജന്ന: വ അഊദുബിക മിന ന്നാർ .. യാ റബ്ബൽ ആലമീൻ!
..........................................................

( സയ്യിദ് സൈനുദ്ദീൻ തങ്ങൾ അൽ ബുഖാരി [കുരിക്കുഴി തങ്ങൾ ] എഡിറ്റ് ചെയ്യാനായി അയച്ചു തന്ന കുറിപ്പ് ചിട്ടപ്പെടുത്തി, 'സിറാജ് ' തൃശൂർ ജില്ലാ എഡിഷനിൽ പ്രസിദ്ദീകരിച്ചത്) 

No comments: