ഈ എഴുത്തുപുരയില്‍..

31 October 2020

പെരുനാൾ പുലരി.. ഗാസയുടെ ഗദ്ഗദം...

ജീവിതദുഃഖങ്ങളുടേയും പാപഭാരങ്ങളുടേയും കനത്ത ചുമടുകൾ ഇറക്കിവയ്ക്കാൻ ജനകോടികൾ ഒഴുകിയെത്തുന്ന മക്കയുടെ കഅ്ബാലയ മുറ്റത്ത് മൂന്നുവർഷം മുന്പ് കണ്ട ഒരു തീക്ഷണ ദൃശ്യമാണ്, ഫലസ്ഥീനിന്റെ വർത്തമാന ചിത്രങ്ങൾ കണ്ടുകൊണ്ടിരിക്കുന്പോൾ എനിക്കോർമ വരുന്നത്.

ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്നെത്തിയ പരസഹസ്രം വിശ്വാസികൾ വിശുദ്ധ കഅ്ബാലയത്തിന്റെ പ്രദക്ഷിണ മുറ്റത്ത് എളിമയുടെ മലവെള്ളപ്പാച്ചിലായി യാന്ത്രികമായി കുത്തിയൊലിച്ചുകൊണ്ടിരിക്കേ,  '' യാ ബൈത്തുൽ മുഖദ്ദിസ്.. യാ ബൈത്തുൽ മുഖദ്ദിസ്..'' എന്ന് ആർത്ത് വിലപിച്ചു കൊണ്ട് ഒരു വയോധികനെ ഞാൻ കണ്ടു.

അഭയത്തിന്റെ അടയാളമെന്നോണം കഅ്ബാലയമെന്ന ആ കറുത്ത നിർമിതിയിലേയ്ക്ക് തന്റെ ഇരുകരങ്ങളുമുയർത്തി, വിയർപ്പും കണ്ണീരും വെളുത്തുതുടുത്ത വദനത്തിലൂടെ ചാലിട്ടൊഴുക്കി ജന്മദുഖഃങ്ങളിൽ നിന്ന് മോചനം യാചിക്കുന്ന ഒരു  ഫലസ്ഥീൻ വൃദ്ധൻ !
2010ൽ ഹജ്ജ് തീർഥാടനത്തിനിടയിൽ എന്റെ കണ്ണിലും ഖൽബിലുമുടക്കിയ, ഞാൻ നേരിലനുഭവിച്ച ആ ഹൃദയനെരിപ്പോടിന്റെ ചിത്രം അന്നത്തേക്കാൾ അധികം ഇന്ന് ഗാസയുടെ വർത്തമാനങ്ങളിൽ ഗദ്ഗദമായി മാറുന്നു..

ഫലപ്രാപ്തിയില്ലാത്ത ഇടപെടലുകളുടേയും ജീവിതാവകാശങ്ങൾ അടിച്ചമർത്തുന്ന പൈശാചികതയുടേയും കരിഞ്ഞുപോകുന്ന ബാല്യങ്ങളുടേയും പുഷ്പ്പിക്കാത്ത ഉദരങ്ങളുടേയും അമ്മിഞ്ഞ വറ്റിപ്പോയ മാതൃത്വങ്ങളുടേയും വരണ്ട ഭൂമിയാണ് ഫലസ്ഥീൻ.
അവിടെ മണ്ണിലേക്ക് മുളപൊട്ടുന്ന ഓരോ മനുഷ്യജീവനും തീജ്ജ്വാലകളിൽ വെന്ത്, വെടിയുണ്ടകളിൽ പിടഞ്ഞ്, വംശവെറിയുടെ വിശപ്പുകയിൽ വീർപ്പുമുട്ടി, ഹിംസാത്മകമായ ഭോഗാസക്തിയിൽ അപമാനിക്കപ്പെട്ട് രക്തസാക്ഷിത്വം വഹിക്കുന്നു..

ഇതെഴുതുന്പോൾ വെടിനിർത്തൽ എന്ന അടവുനയം പ്രഖ്യാപിച്ച് ആയുധ സംഭരണത്തിനും സൈന്യത്തിന്റെ സുസജ്ജീകരണത്തിനും ഇടവേള നൽകിയിരിക്കുകയാണ് ഇസ്രയേൽ ഭരണകൂടം.

ഭീകരതയെന്ന മാരക മനഃശാസ്ത്രത്തിന്റെയും ആക്രമണാത്സുകമായ  അധിനിവേശത്തിന്റെയും വിത്തുവിതച്ച്, വിളകൊയ്ത്, പിന്നെയും പിന്നെയും വിഷം വമിപ്പിച്ച് മാനുഷ്യകത്തിന് ഭീഷണിയുയർത്തുകയാണ് അവരുടെ ജൂതസമൂഹവും.

ആർഭാടത്തിന്റെയും അമിതവ്യയങ്ങളുടേയും സുഖലോലുപതയുടേയും മോഹനസ്വപ്നങ്ങളുടേയും ലോകത്ത് മതിമറന്ന് മു സ് ലിം ലോകം കർമങ്ങളിൽ നിന്നും കർത്തവ്യങ്ങളിൽ നിന്നും ഇച്ഛാശക്തിയിൽ നിന്നും ആർജ്ജവങ്ങളിൽ നിന്നും അകന്നു നിൽക്കുന്നു എന്നതാണ് ഇത്തരുണത്തിൽ ഖേദകരമായിട്ടുള്ളത്.

മനുഷ്യത്വമുള്ളവർക്ക് ദുഃഖിക്കാതെ വയ്യ; വിശ്വാസികൾക്ക് പ്രാർഥിക്കാതെയും...
ദാരുണമായ ജീവിതാവസ്ഥകളിൽ നിന്ന് ദൈവം തന്പുരാൻ ആ ജനതക്ക് സന്പൂർണ സുരക്ഷയും സമാധാനവും നൽകട്ടെ.

പെരുന്നാൾ പുലരിയിൽ, ചോരയൊലിച്ചു കിടക്കുന്ന ഫലസ്ഥീൻ പൈതങ്ങളെ ഓർത്തുകൊണ്ടാണ് നമ്മുടെ ആഘോഷസ്മരണകൾ ഉണരേണ്ടത്..

ബോംബറുകൾ വേവിച്ചുതള്ളിയ  മനുഷ്യജീവനുകളെ ഓർത്ത്കൊണ്ടാകണം നമ്മുടെ തീൻമേശകളിൽ രുചിക്കൂട്ടു നിറയ്ക്കേണ്ടത്..
ഒപ്പം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമങ്ങൾക്കും അനീതികൾക്കും മാരകരോഗങ്ങൾക്കും വിവരണാതീതമായ മറ്റനേകം ദുരിതങ്ങൾക്കും ഇരയായി കഷ്ടപ്പാടിൽ കഴിയുന്ന മനുഷ്യസഹോദരങ്ങളെ മനസേ്സാട് ചേർത്തുകൊണ്ടും!

നമ്മുടെ ആഘോഷങ്ങൾ അങ്ങനെ നമുക്ക് സാർഥകമാക്കാം.
സർവർക്കും സന്തോഷവും സന്താപവും ചാലിച്ച ഈദാശംസകൾ!!

No comments: