ഈ എഴുത്തുപുരയില്‍..

06 November 2020

രക്തമൂറ്റുന്ന അട്ടകൾ


പ്രായമേറെയുള്ള ഉമ്മയുടെ പ്രമേഹ പരിശോധനയ്ക്കു വേണ്ടിയാണ് സ്വകാര്യ ലാബിനെ സമീപിച്ചത്.

കോവിഡ് പശ്ചാത്തലത്തിൽ വീട്ടിൽ വന്നു സാമ്പിൾ എടുക്കാൻ സംവിധാനമുണ്ടോ എന്നായിരുന്നു എൻറെ അന്വേഷണം.
താലൂക്കിൻ്റെ പ്രധാന ഭാഗങ്ങളിൽ ശാഖകളുള്ള, പ്രശസ്തമായ ലാബിൽ ചെന്നപ്പോൾ അവരുടെ പേര് വെച്ചുള്ള ഒരു വിസിറ്റിംഗ് കാർഡ് തന്ന് ജീവനക്കാരി പറഞ്ഞു: "ഇതിൽ വിളിച്ചോളൂ ; ആൾ വീട്ടിൽ വരും"
എപ്പോൾ വേണമെങ്കിലും കോവിഡ് പിടികൂടാൻ സാധ്യതയുള്ള എടപ്പാളിൽ നിന്ന് വേഗപ്പെട്ട് വീട്ടിലെത്തി കാർഡിലെ നമ്പറിൽ ബന്ധപ്പെട്ടു.
"ഫാർമസിസ്റ്റ് " എന്നു രേഖപ്പെടുത്തപ്പെട്ട ആൾ, എൻ്റെ പേരും സ്ഥലവും ലാൻഡ്മാർക്കുമെല്ലാം ചോദിച്ചറിഞ്ഞു.
ഫാസ്റ്റിംഗിൽ വേണ്ട ടെസ്റ്റ് ആയതിനാലും വയസ്സധികമുള്ള ഉമ്മയെ വെറും വയറോടെ അധികം ഇരുത്താൻ പറ്റാത്തതിനാലും രക്തമെടുക്കാൻ നേരത്തെ വരാനാകുമോ എന്ന് ഞാൻ അന്വേഷിച്ചു.
ആഗ്രഹിച്ച പോലെ ഉത്തരം തന്നതോടൊപ്പം 'ബുക്കിംഗി'ലേക്കു വീണ വാക്കുകൾക്കൊപ്പം അയാൾ പറഞ്ഞു: "250 രൂപയാണ് എൻ്റെ ഫീസ്. "
ഒന്ന് ഞെട്ടാതിരുന്നില്ല!
അവ്യക്തത നടിച്ച്, അയാളോട് ഞാൻ ആരാഞ്ഞു: "രക്ത പരിശോധനാ ഫീസ് ആണോ സർ? "
"അല്ല ; ഇതു നിങ്ങളുടെ വീട്ടിൽ വരുന്നതിനുള്ള എൻറെ ഫീസാണ് "
വീട് ഇവിടെ തൊട്ടടുത്താണെന്നും അവിടെ വന്നു സാമ്പിൾ എടുക്കുന്നതിന് ഇത്രയൊക്കെ ഉണ്ടോ എന്നും ചോദിച്ച എന്നോട്, അയാൾ പറഞ്ഞു: "എനിക്ക് 250 രൂപ തരണം. താല്പര്യം ഉണ്ടെങ്കിൽ വേഗം പറയണം."
ആലോചിച്ചു വിളിക്കാം എന്ന് മറുപടി നൽകി ഞാൻ സംഭാഷണം അവസാനിപ്പിച്ചു.
*** *** ***
നടുവട്ടത്ത്, സംസ്ഥാന പാതയോരത്ത് അടുത്തിടെ ആരംഭിച്ച Get Well N Day Careലേക്ക് വെറുതെയാണ് വിളിച്ചു നോക്കിയത്.
ഒരു വാഹനവുമായി വരാമെങ്കിൽ വീട്ടിൽവന്ന് ഞങ്ങൾ സാമ്പിളെടുക്കാം എന്ന് അവർ പറഞ്ഞു.
പരിചിതനായ ഒരു ഓട്ടോക്കാരനെ ഞാൻ അവിടേക്ക് വിട്ടു.
പത്തു മിനിറ്റിനകം വീട്ടിലെത്തിയ സ്റ്റാഫ് നഴ്സ് ഉമ്മയിൽ നിന്ന് ആവശ്യമായത് ശേഖരിച്ചു.
ആ വണ്ടിയിൽ തന്നെ തിരിച്ചു പോകാൻ നേരം നഴ്സ് പറഞ്ഞു: "വാടക ഞങ്ങൾ കൊടുത്തു കൊള്ളാം"
വൈകീട്ട്, പരിശോധനാ ഫലം വാങ്ങി ബില്ലടക്കുമ്പോൾ ഓട്ടോ ചാർജ് ഉൾപ്പെട്ടു കണ്ടില്ല. മറന്നതായിരിക്കുമെന്നു കരുതി ഓർമിപ്പിച്ചപ്പോൾ കൗണ്ടർ സ്റ്റാഫ് പറഞ്ഞു: ''വേണ്ട; അത് ഫ്രീയാണ് സാർ!"
പുതിയ ആശുപത്രിയല്ലേ... 'സൗജന്യങ്ങൾ' പ്രതീക്ഷിക്കാമെന്ന ആത്മഗതത്തോടെ, അതിലേറെ, ആദ്യ മതിപ്പിൻ്റെ അതിമധുരം നുണഞ്ഞ് ഞാൻ മടങ്ങി.
നാലു ദിനത്തിന് ശേഷം എൻ്റെ പത്നീഭവനത്തിലും സമാനമായ ആവശ്യം വന്നു. മുൻ അനുഭവത്തിൻ്റെ വെളിച്ചത്തിൽ വീണ്ടും Get Well ലാബിനെ ബന്ധപ്പെടുകയും ബന്ധുവീട്ടിലെത്തി അവർ സാമ്പിൾ ശേഖരിക്കുകയും ചെയ്തു.
അയച്ച വാഹനത്തിൽ അഞ്ച് കിലോമീറ്ററിലേറെ യാത്ര ചെയ്തിട്ടും ഓട്ടോക്ക് അവർ തന്നെയാണ് പണം നൽകിയത് !
മാത്രമല്ല; ടെസ്റ്റുകൾക്കെല്ലാം ഈടാക്കിയത് റീസന്ബ്ൾ ചാർജുകൾ!!
*** *** ***
സ്വകാര്യ മെഡിക്കൽ രംഗത്തെ രണ്ട് ഇടങ്ങളിൽ നിന്നും ഉണ്ടായ വ്യത്യസ്തമായ രണ്ട് അനുഭവങ്ങൾ പങ്കുവയ്ക്കാൻ ആണ് ഇത്രയും കുറിച്ചത്.
മഹാമാരിയുടെ പകർച്ചാ ഭീതികൾക്കിയിൽ വീട്ടകങ്ങളിൽ കഴിയുന്ന രോഗികളുടെ നിർബന്ധിത പരിശോധനകൾ മുതലെടുത്ത് നാട്ടിൻ പുറത്തെ പല സ്വകാര്യ ലാബുകളിലും 'അട്ട'കൾ ഒട്ടിപ്പിടിച്ചിരിക്കുന്നത് നമുക്ക് കാണാനാവും.
നമുക്ക് വേണ്ടി പ്രയത്നിക്കുന്നവർ പ്രതിഫലം ആവശ്യപ്പെടുന്നത് അപരാധമൊന്നുമല്ല. അതവരുടെ അവകാശം തന്നെയാണ്.
എന്നാൽ, നീതിയുക്തമല്ലാത്ത മെഡിക്കൽ സേവനങ്ങളും അതിലെ "നനഞ്ഞോടം കുഴിക്കുന്ന " പ്രവണതകളും അധമത്വം അല്ലാതെ മറ്റെന്താണ്!
ആവശ്യപ്പെട്ട സംഖ്യയുടെ അധിക മൂല്യത്തെക്കാൾ, പ്രതിഫലത്തിന് വേണ്ടിയുള്ള ആ ഫാർമസിസ്റ്റിൻ്റെ ദുരമൂത്ത സ്വരക്കനമായിരുന്നു എന്നെ അയാളിൽനിന്ന് പിന്മാറ്റിയത്.
ആർത്തി മനസ്സോടെയുള്ള "പ്രൊഫഷണൽ " സഞ്ചാരങ്ങൾക്കിടയിൽ കാത്തുവെച്ച സിറിഞ്ചുകളിലൊന്ന്, ബലഹീനമായ എൻറെ ഉമ്മയുടെ ശരീര സിരകളിൽ കുത്താതിരുന്നത് എത്ര നന്നായി എന്ന് ഞാൻ ആലോചിച്ചു പോകുന്നു!

No comments: