ബഹുമുഖ മേഖലകളിൽ പേരെടുത്ത ഒരു പ്രതിഭയെപ്പറ്റി ഒരാൾ പറയാനാരംഭിച്ചു. പ്രകീർത്തനമാകുമെന്ന് കരുതി ചെവിയോർത്തപ്പോൾ കേൾക്കേണ്ടി വന്നത് അയാളുടെ പ്രശസ്തിക്കു ചേരാത്ത ചില ദുർഗുണങ്ങൾ.
സർഗസമ്പന്നനാണ് കഥാനായകൻ!
എറണാംകുളം ജില്ലയിൽ പത്രപ്രവർത്തകൻ, എഴുത്തുകാരൻ, പ്രഭാഷകൻ, പ്രചോദകൻ, അധ്യാപകൻ.. തുടങ്ങി, തൊട്ടറിയാത്തതും മൊട്ടു വിരിയ്ക്കാത്തതുമായ മേഖലകളില്ല!
ജനാവലിയുടെ കൈയ്യടി നേടിക്കൊണ്ടിരിക്കുന്ന പ്രകടിതമായ ഈ വിശേഷണങ്ങൾക്കു പുറമെ, മുട്ടുശാന്തിക്കെന്ന നിലയിൽ വശമുണ്ട് അൽപസ്വൽപം 'നെറ്റ് സർട്ടിഫൈഡ്' വൈദ്യവും!!
ഉപരി സൂചിത ഉത്തമവൃത്തികളിലൂടെ മാസം തോറും ടിയാൻ സ്വന്തമാക്കുന്നത് പതിനായിരങ്ങളും. അതിൽ അസൂയപ്പെടേണ്ട കാര്യമില്ല; ദൈവം തന്ന സാധനകൾ ധനാർജ്ജനത്തിനും ജീവിതത്തിനുമല്ലാതെ പിന്നെന്തിനാണ്?!
പത്രമാധ്യമങ്ങളിലും ആനുകാലികങ്ങളിലും നിരന്തരം പേരച്ചടിച്ചു വരുന്ന ഒരുവന്റെ 'വീരസ്യ'മാണ് പറഞ്ഞു വരുന്നത്.
ആരും ആഗ്രഹിച്ചു പോകുന്ന കഴിവുകൾ കൂടെയുണ്ടായിട്ടും അതുപയോഗപ്പെടുത്തി അസംഖ്യം സമ്പത്തു സമാഹരിച്ചിട്ടും മറ്റൊരാൾ നൽകിയ പണം തിരിച്ചു കൊടുക്കാതെ മുങ്ങി നടക്കുന്നുവെന്നാണ് പരാതി.
നമ്മുടെ കഥാനായകന് പേരിന്റെ പെരുമക്ക് പുറത്താണ് ഒരു പരിചയക്കാരൻ "കുറച്ച് ആയിരങ്ങൾ" കൈമാറിയത്. അടുത്ത ദിവസം തന്നെ തിരിച്ചു തരാമെന്ന സ്വയം സാക്ഷ്യപ്പെടുത്തലിന്റെ ബലത്തിൽ.
പണമില്ലാതെ വിഷമിക്കുന്നതു കണ്ട പെട്ടെന്നുള്ളുരു സന്നിഗ്ദ്ധ ഘട്ടത്തിൽ സഹായിച്ചതായിരുന്നു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും നേരിട്ടു കണ്ടിട്ടും ഓർമപ്പെടുത്തിയിട്ടും ഫലമില്ലാതെ സം'കട 'ത്തിൽ തന്നെ കൊടുത്തവൻ നിൽക്കുമ്പോൾ നിസ്സംഗഭാവം നടിച്ച് 'ഉടനെ'യെന്ന പല്ലവിയിൽ നടന്നു നീങ്ങുകയാണ് കഥാനായകൻ.
ഔദാര്യവാനായൊരു സഹോദരനെ ഇവ്വിധം ചതിച്ച് ഇയാൾ ജീവിതത്തിൽ എന്തു നേടാനാണ്?
നാടൊട്ടും ഓടുമേയുന്ന ആശാരിക്ക് സ്വന്തം പുരയിലെ ചോർച്ച മാറ്റാൻ നേരമില്ലെന്നൊരു ചൊല്ലുണ്ട്.
എഴുതിയും മൊഴിഞ്ഞും സമൂഹത്തെ സമുദ്ധരിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർ സ്വജീവിതത്തിലേയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലതാണ്. സ്വന്തം ന്യൂനതകൾ തിരിച്ചറിയാതെയും അറിഞ്ഞിട്ടും മറച്ചുവെച്ചും കേമത്തം കാട്ടുന്നവർ കോമാളികൾ ആയി കളം നിറയട്ടെ.
പൊതുപ്രവർത്തനങ്ങളിലും മത പ്രവർത്തനങ്ങളിലും കലാ പ്രവർത്തനങ്ങളിലും മൂല്യങ്ങൾ പകർത്തിക്കൊണ്ടുള്ള മുന്നേറ്റങ്ങൾക്കേ ഫലപ്രാപ്തിയുണ്ടാകൂ..
വ്യക്തി ജീവിതം സംശുദ്ധമാക്കാതെ വേഷത്തിന്റെയും വിലാസത്തിന്റെയും മറവിൽ ജനതയെ വിഢികളാക്കുന്ന വൃഥാ വ്യായാമങ്ങൾ സ്വന്തംആത്മ നാശങ്ങൾക്കേ വഴിവെക്കൂ എന്ന് പറയാതെ വയ്യ!
- റഫീഖ് നടുവട്ടം
[21/ഒക്ടോബർ/2018]
No comments:
Post a Comment