ഈ എഴുത്തുപുരയില്‍..

06 October 2018

നജ്മൽ ബാബു: അന്ത്യാഭിലാഷങ്ങൾക്കു മേൽ അഗ്നിപടരുമ്പോൾ..

ഒരു വ്യക്തിയുടെ അന്ത്യാഭിലാഷങ്ങൾക്കു മേൽ ആചാരങ്ങളുടെ അഗ്നിപടർന്ന സംഭവം, ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഇടനെഞ്ചു വിരിച്ചു നിൽക്കുന്നുവെന്ന് ഊറ്റം കൊള്ളുന്ന നമ്മുടെ കേരളത്തിനേറ്റ അപമാനകരമായ ദുര്യോഗമാണ്.

ഇസ് ലാം വിശ്വാസത്തെ പുൽകിയിട്ടും നിര്യാണാനന്തരം ചിതയിലൊടുങ്ങേണ്ടിവന്ന, കൊടുങ്ങല്ലൂരിലെ ജനപക്ഷ രാഷ്ട്രീയത്തിന്റെ മതേതര മുഖമായിരുന്ന നജ്മൽ ബാബുവിന്റെ ( ടിഎൻ ജോയ് ) തിക്താനുഭവം തീപൊള്ളൽ പോലെ വെന്തു നീറുന്നു..

ഒരാൾ വേണ്ടെന്നു വച്ച വിശ്വാസ സംഹിതകളെ അയാൾ പുലർത്തിയ പൂർവബന്ധങ്ങളുടെ പേരിൽ മൃതദേഹത്തിൽ അടിച്ചേൽപ്പിച്ചത് രക്തബന്ധങ്ങളുടെ പേരിലായാൽ പോലും മഹാപാതകമായിപ്പോയി.. പ്രബുദ്ധരും സാംസ്കാരിക സമ്പന്നരുമായ നമ്മുടെ സമൂഹത്തിന് എത്ര അചിന്ത്യമാണീ ചെയ്തികൾ എന്ന് ആലോചിച്ചു പോകുന്നു!

പുരോഗമന ചിന്താധാരകൾക്കും സാമുഹ്യ മുന്നേറ്റങ്ങൾക്കും വളക്കൂറുള്ള മണ്ണിൽ, അതിനു നേതൃത്വം കൊടുത്ത ഒരു വ്യക്തിത്വത്തിന്റെ 'ആത്മീയാഭിമാനം' അഗ്നിവിഴുങ്ങാൻ വിധിക്കപ്പെട്ടത് സാംസ്ക്കാരിക /മത സ്വാതന്ത്ര്യങ്ങൾക്കു മേൽ പാരതന്ത്ര്യങ്ങളുടെ പാര വീഴ്ത്തിയ ദു:ഖ സംഭവമാണ്.

ഭരണഘടനയിൽ എഴുതിവച്ചവ മരണക്കിടക്കയിലും ലഭ്യമാക്കേണ്ട ചുമതല ഭരണകൂടങ്ങൾക്കുണ്ട്; പരലോകം പുൽകിയാലും പൗരാവകാശങ്ങൾ അവന് വകവച്ചു കൊടുത്തേ മതിയാകൂ..
- റഫീഖ് നടുവട്ടം
[04/Oct/2018]

No comments: