പൊന്നാനി: റമസാൻ ദിനങ്ങൾ പാതി പിന്നിട്ടതോടെ പ്രഭാഷകരുടെ 'പരിശീലനക്കളരി'യിൽ തിരക്കേറി.
നാടൊട്ടും, വലിപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ മസ്ജിദുകൾ മത വിദ്യാർഥികളുടെ പ്രസംഗങ്ങൾക്ക് വേദിയാവുകയാണ്.
വരുമാനത്തോടൊപ്പം മികച്ച പരിശീലനം ലക്ഷ്യമിട്ട് കൊച്ചു പ്രഭാഷകർ ആദർശ വാഗ്ധോരണികളുടെ അരങ്ങേറ്റം നടത്തുകയാണ് പളളികളിൽ!
കേരളത്തിലെ വിവിധ മതകലാലയങ്ങളിലും ദർസുകളിലും പഠിക്കുന്ന വിദ്യാർഥികളാണ് ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള പള്ളികളിൽ പ്രഭാഷണം നടത്താൻ അവസരം തേടിയെത്തുന്നത്.
റമസാൻ കാലത്തെ പതിവുള്ള കാഴ്ചയായി ഇത് മാറിക്കഴിഞ്ഞിട്ടുണ്ടെങ്കിലും പുതുമയുള്ള വിഷയങ്ങളെ അധികരിച്ചാണ് അധികപേരും സംസാരിക്കുന്നത് എന്നതിനാൽ പള്ളികളിൽ പ്രാർഥനക്കെത്തുന്ന വിശ്വാസികൾ നല്ല കേൾവിക്കാരായി മാറുന്നുണ്ട്.
സംസ്ഥാനത്തെ വിവിധ ദർസ് / കോളേജുകളിൽ നിന്ന് ജില്ലകളിലെ മുസ് ലിം ഭൂരിപക്ഷ പ്രദേശത്തെ പ്രധാന സ്ഥലത്തെത്തി പള്ളികൾ അന്വേഷിച്ചു കണ്ടെത്തുകയാണ് വിദ്യാർഥികൾ ചെയ്യുന്നത്. പള്ളികളിൽ നേരിട്ടെത്തി ഇവർ പ്രഭാഷണ ദിവസവും സമയവും തരപ്പെടുത്തുന്നു.
മധ്യാഹ്ന, വൈകുന്നേര സമയങ്ങളിലെ നിസ്കാര ശേഷവും തറാവീഹ് കഴിഞ്ഞുള്ള സമയത്തുമാണ് സാധാരണ നിലയിൽ അവസരം ലഭിക്കുന്നത്. എങ്കിലും, ചില വലിയപള്ളികളിൽ പ്രഭാത സമയത്തും പ്രഭാഷണം അനുവദിക്കാറുണ്ട്.
പതിനഞ്ചു മിനുട്ടിലധികം കവിയാത്ത ധാർമികോദ്ബോധനമാണ് കൊച്ചു പ്രഭാഷകർ കാഴ്ചവയ്ക്കുന്നത്. ഇസ് ലാമിക ചരിത്രവും ദൈവീക സ്വത്വവും നീട്ടിപ്പരത്തിപ്പറഞ്ഞുള്ള പഴയ ആഖ്യാനശൈലിക്കൊപ്പം ആനുകാലിക സംഭവങ്ങൾ പ്രതിപാദിച്ചുകൊണ്ടുള്ള ആധുനിക ശൈലിയും പ്രഭാഷകർ പയറ്റുന്നത് ശ്രോതാക്കളെ ആകർഷിക്കുന്നു.
ഒരു നേരത്തെ പ്രസംഗത്തിന് പ്രോത്സാഹനമായി പിരിഞ്ഞു കിട്ടുന്ന സംഖ്യ പള്ളികളുടെ തരമനുസരിച്ച് വ്യത്യാസപ്പെടുന്നുണ്ട്. ചെറിയ നമസക്കാര പള്ളികളിൽ ചുരുങ്ങിയത് മൂന്നൂറ്റമ്പത് രൂപക്ക് മുകളിലാണ് ഒരു നേരത്തെ സംഭാവനയുടെ തോത്. വിശ്വാസികൾ അധികമെത്തുന്ന വലിയ പള്ളികളിൽ ഇത് എണ്ണൂറ് രൂപക്ക് മുകളിലാണ്!
ഇതിനു പുറമെ, പ്രഭാഷകനായി എത്തുന്ന മതവിദ്യാർഥിയെ നോമ്പ് തുറപ്പിക്കാനും വീട്ടിലേക്ക് ക്ഷണിക്കാനും വിശ്വാസി ഹൃദയങ്ങൾ കാട്ടുന്ന വിശ്വാല മനസ്കത സ്നേഹ സമ്പൂർണം; മാതൃകാപരം!
ധാനധർമങ്ങൾക്ക് ഇരട്ടിയിരട്ടി പ്രതിഫലം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന വ്രത മാസത്തിൽ പ്രഭാഷണ കലയെ നെഞ്ചോടു ചേർത്ത് പ്രോത്സാഹിപ്പിക്കുകയാണ് മലബാറിലെ മുസ് ലിംകൾ.
അതു കൊണ്ടു തന്നെ ജില്ലയിലും സമീപ ജില്ലകളിലും കൊച്ചു പ്രഭാഷകർക്ക് ഇത് 'പണങ്ങളുടെ പൂക്കാലം' !
അതെ; സാരോപദേശങ്ങളുടെ വചനാമൃതങ്ങൾ മൊഴിഞ്ഞും സഭാകമ്പം തീർത്തും പ്രോജജ്വലരായ പ്രഭാഷകരായി മാറാൻ ഒരവസരം തേടി വരികയാണ് ശുഭ്ര വസ്ത്ര ധാരികളായ കൗമാരക്കാർ..
No comments:
Post a Comment