ഈ എഴുത്തുപുരയില്‍..

09 June 2018

അധിമധുരമാകട്ടെ അധ്യയന വർഷം!

സാർഥകമായ സംവത്സരങ്ങൾ വിദ്യാഭ്യാസ ചരിത്രത്തിൽ എഴുതിച്ചേർത്തുകൊണ്ടാണ് പന്താവൂർ ഇർശാദ് തലമുറകൾക്ക് ദിശാബോധം നൽകുന്നത്.

സാമുഹ്യ ബോധങ്ങളിൽ അനുദിനം വരുന്ന മാറ്റങ്ങൾ, ബോധന പ്രക്രിയകളിൽ ഉൾക്കൊണ്ടു കൊണ്ട് സ്ഥാപനം, മായം കലരാത്ത മഴത്തുള്ളികൾ പോലെ ജ്ഞാന തീർഥങ്ങളുടെ തണുപ്പുകണങ്ങൾ കൊണ്ട് കുരുന്നു മനസ്സുകളിൽ കുളിരുപകരുകയാണ്!
വിദ്യാഭ്യാസം; അത് സംഭവിച്ചു പോകേണ്ട സമൂഹങ്ങളിൽ മുഴുവൻ - കുട്ടികളിൽ, കുടുംബങ്ങളിൽ, ഗുരുവര്യന്മാരിൽ ആശങ്കാകുലമായ അവസ്ഥകൾ രൂപപ്പെട്ടു വരുന്ന കാലഘട്ടമാണിത്.

പരിഷ്കൃത സമൂഹമാകുംതോറും പരസ്പരം മനസുകളിൽ തിരസ്കൃതമാകുന്ന ദുരവസ്ഥയെ നേരിടുകയാണ് നമ്മൾ. വിദ്യാലയത്തിൽ ചേർക്കപ്പെട്ട കുഞ്ഞു മുതൽ വീട്ടു വരാന്തയിൽ കാത്തിരിക്കുന്ന രക്ഷിതാവ് വരെ ഭീതികൾ വീതം വയ്ക്കുന്നു സമകാലികത്തിൽ..

പ്രകൃതിയെ കുറിച്ചുള്ള അവബോധമാണ് വിദ്യാഭ്യാസത്തിന്റെ ആത്മസത്ത.

ഇത് പഠിക്കാനും പകർത്താനും കൈമാറ്റം ചെയ്യുവാനും സ്വാതന്ത്ര്യം നൽകുവാനും ജ്ഞാനമണ്ഡലത്തിലെത്തിപ്പെട്ടവർ അജ്ഞാതമായ ഭീതിതാവസ്ഥയെ അഭിമുഖീകരിക്കുന്നു. സംരക്ഷണ കവചങ്ങൾ തീർക്കുമ്പോഴും അവകാശങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുമ്പോഴും നമ്മുടെ മക്കൾ മനസ്സും ചിന്തയും തകർന്ന് മുരടിപ്പ് കാതൽ വെച്ച മനുഷ്യരായിത്തീരുന്നു.

ഇവിടെ, ഇർശാദിന്റെ വിദ്യാഭ്യാസ രീതി ശാസ്ത്രം ആശങ്കകളുടെ കാർമേഘങ്ങളെ മനസ്സിന്റെ മാനത്തു നിന്നും മായ്ച്ചു കളയുന്നു.

പാരമ്പര്യത്തിന്റെ പരിശുദ്ധിയും ആധുനികതയുടെ പ്രൗഢിയും ഉൾച്ചേർത്തുള്ള ജ്ഞാന സംവേദനം സാധ്യമാക്കുകയാണ് കഴിഞ്ഞ കാൽനൂറ്റാണ്ടോളമായി ഇർശാദ്!

വളർച്ചാ ഘട്ടങ്ങളിൽ ആർജ്ജിച്ചെടുക്കേണ്ട അക്കാദമിക് നിലവാരവും അതിനനുസൃതമായ ജീവിതച്ചിട്ടയും വിദ്യാർഥി സമൂഹത്തിൽ രൂപപ്പെടുത്തിയെടുത്ത് ഈ വിദ്യാലയം മാതൃകയുടെ ഗോപുരങ്ങളായി തലയുയർത്തി നിൽക്കുന്നു.

നെറ്റ് വർക്കുകളിൽ നിന്ന് 'തെറ്റ് വർക്കു'കളിലേയ്ക്ക് പരിണമിപ്പിക്കപ്പെടുന്ന കൗമാരങ്ങളുടെ ചുറ്റുപാടും കാഴ്ചപ്പാടുകളും സങ്കീർണതകളുടെ ജീവിത സങ്കേതങ്ങളിൽ രക്ഷിതാക്കളെ ബന്ധനസ്ഥരാക്കുന്ന കാലത്ത്, ഇർശാദ് വിദ്യാഭ്യാസ സ്ഥപനങ്ങൾ നിർണയിച്ച സാമുഹ്യ സംരക്ഷണം സമാന സ്ഥാപനങ്ങളേക്കാൾ നൂറിരട്ടിയാണെന്ന് സാഭിമാനം പറയാം!

മാതാവിന്റെ പരിലാളനയും പിതാവിന്റെ രക്ഷാധികാരവും സുഹൃത്തിന്റെ സഹായമനസ്ക്കതയും മേളിച്ച ഞങ്ങളുടെ അധ്യാപക വൃന്ദം അഭിമാന സ്വത്തായി ഞങ്ങൾക്കൊപ്പമുണ്ട്..

ഈ പതിപ്പ്, വർഷം തോറും നിങ്ങളുടെ കൈകളിലെത്താറുള്ള അധ്യയന സമാരംഭ സന്തോഷങ്ങളുടെ ഒരുക്കങ്ങളിൽ ഒന്നു മാത്രം. 

പതിവു പതിപ്പുകൾ പോലെ ഈ കൈപുസ്തകത്തിലും നിങ്ങളുടെ പ്രിയ സന്താനങ്ങളുടെ പള്ളിക്കൂടത്തിലേയ്ക്കുള്ള കൊച്ചു പടിവാതിലുകളുണ്ട്.

പുതിയ കൂട്ടുകാരെ മധുര ഗീതികൾ പാടി നമുക്ക് വരവേൽക്കാം!

എല്ലാ സ്നേഹ മനസ്സുകൾക്കും പുതിയ അധ്യയന നാളുകളിലേയ്ക്ക് സ്വാഗതം!!

No comments: