ഈ എഴുത്തുപുരയില്‍..

17 June 2018

സ്വലാത്തിലൂടെ സമാധാനത്തിലേയ്ക്ക്..

സമ്പത്തും സൗകര്യങ്ങളും പൂർവോപരി വർധിച്ച പുതിയ കാലത്ത്  കൂടുതൽ കുടുസ്സാവുകയാണ് മനുഷ്യ ജീവിതം.

ആഢംബര വാഹനങ്ങളിലും ആധുനിക ഭവനങ്ങളിലും  ആയുസ്സു തീർക്കുന്നവൻ രോഗപീഡകൾക്ക് കീഴടങ്ങി, കുടുംബ ശൈഥില്യങ്ങളിൽ സമാധാനം നഷ്ടപ്പെട്ട്, സാമ്പത്തികത്തകർച്ചകൾക്കു വിധേയരായി വിഷമാവസ്ഥകളെ അഭിമുഖീകരിക്കുന്നു..

പണത്തിന്റെ പിൻബലത്തിൽ പ്രതാപത്തോടെ സഞ്ചരിച്ചവൻ അപകടങ്ങളിൽ പെട്ട് നിസ്സഹായനാകുന്നു..

വിലയേറിയ ഭോജ്യങ്ങൾ യഥേഷ്ടം ഭുജിച്ചവൻ മാരകമായ അവസ്ഥകളിൽ കിടന്ന് മരണത്തെ മുന്നിൽ കാണുന്നു..

തറവാട്ടു മഹിമയിൽ മേനി നടിച്ചവൻ സ്വകുടുംബങ്ങളിലെ ഛിദ്രതകൾ കൊണ്ട് പൊറുതി മുട്ടുന്നു.. ആരോഗ്യം ചെലവഴിച്ച് പോറ്റി വളർത്തിയവർ തന്നെ ജീവിത സായന്തനത്തിൽ ഉറ്റവരെ ഒറ്റപ്പെടുത്തുന്നു... 

അതെ; 'സ്വസ്ഥത '  'സമാധാനം' എന്നീ വാക്കുകൾ മോഹിപ്പിക്കുന്നവ മാത്രമായി മാനവഹൃദയങ്ങളിൽ ദാഹിച്ചുവലയുന്നു! 

ആശയ വിനിമയ സംവിധാനങ്ങളിൽ വന്ന സാങ്കേതിക മികവുകൾ മനുഷ്യന്റെ സാമൂഹിക ജീവിതത്തിൽ അനുദിനം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. മൊബൈൽ ഫോൺ /ഇന്റർനെറ്റ് കൂട്ടുകെട്ടുകൾ വഴി പൊട്ടിച്ചെറിയപ്പെട്ട ഒട്ടേറെ കുടുംബ ബന്ധങ്ങളെ നമുക്ക് ചുറ്റും കാണാം.

നാടിന്റെ വികസന പ്രക്രിയകൾക്കും വിദ്യാഭ്യാസ പുരോഗതികൾക്കും ഇന്റർനെറ്റ് വ്യാപകമാവുന്ന കാലത്ത് അതിന്റെ കെടുതികൾ ഓരോ കുടുംബവും അനുഭവിക്കുന്ന ദുരിതകാഴ്ചകളും..

സോഷ്യൽ മീഡിയകളെ 'സോഷ്യൽ പേടി'യകളായി സമൂഹം വിലയിരുത്തിയ സാഹചര്യങ്ങൾ സംജാതമായി!

ജീവിക്കുന്ന ചുറ്റുപാടിൽ നാനാവിധത്തിലുള്ള  പ്രശ്നങ്ങളിൽപ്പെട്ടുഴലുകയാണ് ഓരോ മനുഷ്യനും.

ആധികളിലും വ്യാധികളിലും ദുരന്തങ്ങളിലും ജീവിതായോധന വഴികളിലെ വ്യത്യസ്ഥമാർന്ന പ്രതികൂലകങ്ങളിലും മനസ്സുനീറി സങ്കടപ്പെടുന്നവന് സമാശ്വാസത്തിന്റെ  സാന്ത്വനമാണ് സർവരും തേടിക്കൊണ്ടിരിക്കുന്നത്.

"ഇലാഹീ സ്മരണകൾ കൊണ്ട് മാത്രമേ മനസ്സുകൾക്ക് ശാന്തിയുണ്ടാകൂ" എന്നാണ് ഖുർആൻ വചനം. സമാധാനം കിട്ടാതെയലയുന്ന മനുഷ്യന് ആശ്വാസത്തിന്റെ തുരുത്തായി വിശുദ്ധ ഗ്രന്ഥം സൂചനകൾ നൽകുന്നുണ്ട്..
അവയിൽ സ്വലാത്തുകളുടെ പ്രാധാന്യം പ്രമാണങ്ങളാൽ തെളിയിക്കപ്പെട്ടതാണ്.

അനവധി വൈഷമ്യങ്ങൾ കൊണ്ട് പ്രയാസമനുഭവിക്കുന്നവർക്ക് അവയിൽ നിന്ന് മോചിതരാകാൻ സഹായിക്കുന്നു സ്വലാത്തുകളും ഇലാഹീ സമരണകളും..

റബ്ബിന്റെ മഹാത്മ്യങ്ങൾ എണ്ണിപ്പറഞ്ഞ്, പ്രവാചകന്റെ ശ്രേഷ്ടതകളെ വർണ്ണിച്ച്  ആത്മീയ വഴിയിൽ ഒരു ഒത്തുചേരലാണ് ഓരോ സ്വലാത്ത് സംഗമവും. അത്തരം ആത്മീയ വേദികൾ നമ്മുടെ അടുത്തുണ്ടാകുമ്പോൾ പാഴാക്കിക്കളയുന്നത് പോഴത്തം തന്നെയല്ലേ?

വിശ്രുതമായ മത പ്രമാണങ്ങളിൽ നിന്ന് പണ്ഡിത മഹത്തുക്കൾ തിരഞ്ഞെടുത്ത് ക്രോഡീകരിച്ച വചനങ്ങളുടെ അമൂല്യധാരയാണ് മഹ്ളറത്തുൽ ബദരിയ്യ: മജ് ലിസ്.

എല്ലാ മാസവും ആദ്യ........ ഴ്ച നടുവട്ടം' നന്മയിൽ മഗ് രിബ് നിസ്ക്കാരാനന്തരം ഈ പ്രാർഥനാ വേദിയുണ്ട്. അനേകം പേർ പ്രാർഥനയ്ക്കായ് ഒത്തുകൂടുന്ന ഒരു രാവ്.

സ്വകാര്യ ദു:ഖങ്ങൾക്കും ശമനമില്ലാത്ത രോഗങ്ങൾക്കും സഫലമാകാത്ത മോഹങ്ങൾക്കും അനുഭവിക്കുന്ന വേദനകൾക്കും ഇവിടെ പരിഹാരങ്ങളുണ്ട്. റബ്ബിനോട് പറയാൻ ഉത്തമ വേദിയുണ്ട്..

ദു:ഖങ്ങൾ പങ്കുവയ്ക്കാൻ ആരുമില്ലാത്ത ഘട്ടങ്ങളിൽ, രഹസ്യമായി അനുഭവിക്കുന്ന ഹൃദയവേദനകളിൽ.. നമ്മുടെ മാനസിക സംഘർഷങ്ങൾ മായ്ച്ചു കളയാൻ ഈ ഔഷധം നിങ്ങൾക്കാവശ്യമില്ലേ..?

ഉണ്ടാകും;
വിലപിടിപ്പുള്ള മരുന്നുകളും വൈദഗ്ധ്യമുള്ള ഭിഷഗ്വരന്മാരും തോറ്റു പോകുന്ന സന്ദിഗ്ധാവസ്ഥയിൽ സ്വലാത്തിന്റെ ശാദ്വല തീരത്ത് തീർച്ചയായുംനിങ്ങൾക്കാശ്വാസമുണ്ടാകും..

വരിക; വ്യഥകളെ നമുക്ക് വിപാടനം ചെയ്യാം..

ഖൽബ് നിറഞ്ഞ് നമുക്ക് ആശ്വാസം അനുഭവിക്കാം..

പണ്ഡിതർ നേതൃത്വം നൽകുന്ന പ്രൗഢ സദസ്സ്.

2017............. ന് നടുവട്ടം 'നന്മ' സെന്ററിൽ.

No comments: