ഈ എഴുത്തുപുരയില്‍..

08 March 2018

കൊച്ചി മെട്രോയുടെ നിലവിളികൾ

പുതുക്കം തീർന്ന കല്യാണപ്പെണ്ണിന്റെ കണ്ണീരാണിപ്പോൾ കൊച്ചി മെട്രോയ്ക്ക്!

കൊട്ടിഘോഷിച്ചു കൊണ്ടാടിയ ഉദ്ഘാടനവും രാജ്യം മുഴുവൻ വീമ്പു പറഞ്ഞ വരുമാനാരവവും കഴിഞ്ഞ് പൊട്ടിക്കരച്ചിലിന്റെ വക്കിലാണ് കേരളത്തിന്റെ പ്രഥമ മെട്രോ.

വ്യവസായ നഗരത്തിൽ ശതകോടികൾ മുടക്കി സ്വപനങ്ങൾ പടുത്തുയർത്തുമ്പോൾ വികസനക്കുതിപ്പിന്റെ സംഗീകാത്മക ചൂളം വിളികൾക്കാണ് സംസ്ഥാനം കാതോർത്തതെങ്കിലും ഇപ്പോളുയരുന്നത് നിലവിളികളാണ്; നഷ്ടക്കണക്കുകളുടെ നിലവിളികൾ.

എന്തൊക്കെയായിരുന്നു പുകിലുകൾ!

മെട്രോയുടെ പേരിൽ ഭരണപക്ഷവും പ്രതിപക്ഷവും തൻപൊരിമകൾ നിരത്തിയപ്പോൾ, അവകാശവാദങ്ങളും വിവാദങ്ങളുമായി വാക്പോരുകൾ തീർത്തപ്പോൾ കോമാളിക്കൂട്ടങ്ങളായി മാറിയ രാഷ്ട്രീയ നേതാക്കളെ ട്രോളുകളിൽ തളക്കേണ്ടി വന്നു ജനപക്ഷത്തിന് !

പ്രതിദിന വരുമാനങ്ങളുടെ ലക്ഷക്കണക്കുകൾ അക്ഷരങ്ങളായി പത്രങ്ങളിൽ നിറഞ്ഞപ്പോൾ, ആഴ്ചകൾ കൊണ്ടുണ്ടായ ലാഭക്കാഴ്ചകൾ ശിൽപ്പികളെ ആശ്ചര്യപ്പെടുത്തിയപ്പോൾ മറ്റു നഗരങ്ങളിൽ കൂടി മൊട്ടിട്ടു പുതിയ മെട്രോ മോഹങ്ങൾ!

എന്നിട്ടിപ്പോൾ എന്തായി?

കൊച്ചി മെട്രോ നഷ്ടത്തിലാണെന്നാണ് വാർത്തകൾ. നിയമസഭയിൽ സർക്കാർ അവതരിപ്പിച്ച റിപ്പോർട്ടും സം'കട'ത്തിൽ നിന്ന് കരകയറ്റാനുള നിർദേശങ്ങളും ഇതു ശരിവെക്കുന്നു.

ഗതാഗതക്കുരുക്കിൽ ഗതിമുട്ടിയ കൊച്ചിക്കു വേണ്ടിയിരുന്നത് ആഢംബരങ്ങളിലും അത്യാധുനികതകളിലും ധനം മുടക്കിയ സംവിധാനങ്ങളായിരുന്നില്ല.

ആലുവയ്ക്കും കലൂരിനുമിടയിൽ യാത്ര ചെയ്യാൻ നിരവധി സർക്കാർ/സ്വകാര്യ ബസുകൾ നിരത്തിലുണ്ടായിരിക്കേ, ഇതര വാഹനങ്ങളുടെ തിരക്കും കുരുക്കുമഴിക്കാൻ മേൽപ്പാലങ്ങൾ വേണമായിരുന്നു അവിടെ.

മെട്രോയുടെ അടിസ്ഥാന സൗകര്യങ്ങൾക്കു വേണ്ടി മാത്രം പൊടിപൊടിച്ച കോടികളുടെ ചെറിയൊരു ഭാഗം മതിയായിരുന്നു നഗരത്തിലെ കുരുക്കഴിക്കാനുള്ള ചെറുപദ്ധതികൾക്ക്.

ഏതായാലും, കുത്തഴിഞ്ഞ സംവിധാനങ്ങളുടെ ബ്രാൻഡായി മാറി കുത്തുപാളയെടുത്ത
കെഎസ്ആർടിസിയുടെ ദുർഗതി പുത്തൻ യാത്രയുടെ അനുഭൂതി പകരുന്ന കൊച്ചി മെട്രോയ്ക്കും വരാതിരിക്കട്ടെ.

No comments: