ഈ എഴുത്തുപുരയില്‍..

12 March 2018

അബൂബക്കർ അശ്റഫിക്ക് അറേബ്യൻ മണ്ണിൽ അന്ത്യനിദ്ര

വിനയത്തിന്റെ സൗമ്യ മുഖം അനശ്വരതയിലേയ്ക്കു മടങ്ങി.

ജീവിതം തേടിയ വിദൂര നാട്ടിൽ വിധിയുടെ പുടവ ധരിച്ച് അബൂബക്കർ അശ്റഫി ആറടി മണ്ണിൽ മറഞ്ഞു..

ഞായറാഴ്ച അന്തരിച്ച പണ്ഡിതനും സുന്നീ നേതാവുമായ നടുവട്ടം അബൂബക്കർ മുസ് ലിയാരുടെ മയ്യിത്ത് സഊദി അറേബ്യയിലെ ഹാഇലിൽ ഖബറടക്കി.

ദിവസങ്ങൾ നീണ്ട നടപടിക്രമങ്ങൾക്കു ശേഷം ഇന്ന് (മാർച്ച് 11, ഞായർ) സൗദി സമയം ഉച്ചയോടെയാണ് ജനാസ ബന്ധപ്പെട്ടവർക്ക് വിട്ടുകിട്ടിയത്. അസർ നിസ്ക്കാരാനന്തരം ബർസാലെ പള്ളിയിൽ മയ്യിത്ത് നിസ്ക്കാരം നിർവഹിച്ച് ഇന്ത്യൻ സമയം വൈകീട്ട് ഏഴ് മണിയോടെ സദ് യാൻ ഖബറിസ്ഥാനിൽ മറവു ചെയ്തു.

സ്വദേശികളുംമറുനാട്ടുകാരും
മലയാളി സംഘടനാ നേതാക്കളും പ്രവർത്തകരുമുൾപ്പടെ  നൂറുകണക്കിനാളുകൾ അന്ത്യകർമങ്ങളിൽ പങ്കെടുത്തു.

വിവിധ മത, സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ വ്യക്തികളുടെയും സംഘടനകളുടെയും  ഇടപെടലുകൾ വിദേശ രാജ്യത്തെ മരണാനന്തര നടപടിക്രമങ്ങൾക്ക് താങ്ങായി മാറി.

ഐ സി എഫ്, ആർ എസ് സി നേതാക്കളായ അബ്ദുറഹ്മാൻ മദനി, ഇബ്റാഹീം സഖാഫി, ഹാരിസ് മൗലവി,  മുനീർ ബാഖവി, ഖാദർ ബാഖവി, ബഷീർ സഅദി, സലാം റഷാദി, നൗഫൽ അമാനി , അബ്ദു റഹ്മാൻ ഓമശ്ശേരി, നസീർ മുക്കം, ഷൗക്കത്ത് ചെമ്പിലോട്, അൻവർ അമാന ഇരിട്ടി, മുസ്തഫ അത്തോളി, ബഷീർ നല്ലളം, അബ്ദുലഥീഫ്‌ സാഹിബ്‌ സബാറ, യൂനുസ്‌ ആറളം, ശംസുദ്ധീൻ മുസ്‌ലിയാർ, നൗഫൽ ദാരിമി തുടങ്ങിയവരും സാമൂഹ്യ രംഗത്തെ പ്രമുഖരായ ജോൺ ഗ്ലാഡറെ മറ്റം, മൊയ്‌ദു മൊകേരി, ബഷീർ മാള, തുടങ്ങിയവരും അന്ത്യകർമങ്ങളിലും സേവന രംഗത്തും സംബന്ധിച്ചു.

പതിനഞ്ച് വർഷത്തിലേറെയായി സഊദിയിൽ ജോലി നോക്കുകയായിരുന്നു അബൂബക്കർ അശ്റഫി.
കഴിഞ്ഞ ഞായറാഴ്ച ജോലിക്കിടെ നെഞ്ചുവേദനയനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആറു മാസം മുമ്പ് നാട്ടിൽ വന്നു പോയ അദ്ദേഹം ഉടനെ വരാനിരിക്കുകയായിരുന്നു.

മലയാളി പ്രവാസിസമൂഹത്തിന്നിടയിൽ മത, സാംസ്കാരിക, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഇദ്ദേഹം നാട്ടിലും മറുനാട്ടിലും സർവസ്വീകാര്യനായിരുന്നു.

അബൂബക്കർ അശ്‌റഫിയുടെ ആകസ്മിക വിയോഗത്തിൽ ഇസ് ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) സെൻട്രൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. സനാഇയ്യ പ്രവിശ്യയിലെ വിവിധ സുന്നീ സംഘടനാ യൂണിറ്റുകളിൽ പരേതനു വേണ്ടി സംഘ കുടുംബം പ്രാർഥനാ മജ് ലിസുകൾ സംഘടിപ്പിച്ചു. 
സംഘടനാ ബന്ധങ്ങൾ വഴി കൂടുതൽ ആളുകളിലേയ്ക്ക് പ്രത്യേക പ്രാർഥനാ നിർദേശം നൽകുമെന്ന് ഐ സി എഫ് സിദ് യാൻ സെക്ടർ ഘടകം സെക്രട്ടറി അൻവർ സാദിഖ് കണ്ണൂർ അറിയിച്ചു.
..............................................................
ജനാസ നിസ്ക്കാരവും പ്രാർഥനാ മജ് ലിസും വെള്ളിയാഴ്ച
...............................................................
എടപ്പാൾ: അബൂബക്കർ അശ്റഫിയുടെ മയ്യിത്ത് നിസ്ക്കാരം മാർച്ച് 16ന് വെള്ളിയാഴ്ച ജുമുഅ: നിസ്ക്കാരാനന്തരം നടുവട്ടം പിലാക്കൽ മഹല്ല് പള്ളിയിൽ നടക്കും. അന്നു വൈകീട്ട് ഏഴുമണിക്ക് അബൂബക്കർ മുസ് ലിയാരുടെ വീട്ടിൽ  പ്രത്യേക പ്രാർഥനാ മജ് ലിസ് ഉണ്ടാകും. സയ്യിദന്മാരും പണ്ഡിതശേഷ്ഠരും നേതാക്കളും പ്രസ്ഥാന പ്രവർത്തകരും പങ്കെടുക്കും.
നടുവട്ടത്തെ 'നന്മ' സംഘകുടുംബത്തിന്റെ നേതൃത്വത്തിലാണ് പരിപാടി.

എല്ലാ സ്നേഹ ജനങ്ങളും പരസ്പരം അറിയിപ്പുകൾ നൽകി ആളുകളെ എത്തിക്കണമെന്നും ദുആകളിൽ പങ്കാളികളാകണമെന്നും മർഹൂം.അബൂബക്കർ അശ്റഫിയുടെ സഹോദരന്മാരായ മുഹമ്മദ് കുട്ടി മുസ് ലിയാർ, ഉമർ ഇർഫാനി, മുസ്ഥഫ മാസ്റ്റർ എന്നിവർ അഭ്യർഥിച്ചു.

-റഫീഖ് നടുവട്ടം
(11 മാർച്ച് 2018)

No comments: