ഈ എഴുത്തുപുരയില്‍..

26 September 2017

തിരുത്തിയിലെ ഉമ്മ: സഹന ജീവിതത്തിന്റെ തിരശ്ശീല താഴ്ന്നു..

തീരാ ദുരിതങ്ങളുടെ അധ്യായങ്ങൾ അടച്ചു വെച്ച്, സഹന ജീവിതത്തിന്റെ തിരശ്ശീല താഴ്ത്തി തിരുത്തിയിലെ ഉമ്മ യാത്രയായി.. ഇന്നാലില്ലാഹ്.....

കുഴഞ്ഞ ശരീരവുമായി കഴിഞ്ഞ ഇരുപത് വർഷങ്ങൾ രോഗശയ്യയിൽ കഴിഞ്ഞ ഉമ്മ, സങ്കടക്കാഴ്ചയായിരുന്നു സ്നേഹ ജനങ്ങളിൽ..

അനവധി പ്രയാസങ്ങളുടെ വിവിധ ങ്ങളായ വേദനകൾ അനുഭവിച്ച് ഈ ഉമ്മ വിധിയുടെ വീട്ടകത്ത് കിടന്നു പോയത് ഏതാനും ദിനങ്ങളായിരുന്നില്ല; രാപകലറിയാത്ത രണ്ടു പതിറ്റാണ്ടുകൾ!

ശരീരം കീഴ്പ്പെടുത്തിയ രോഗാവസ്ഥകൾ ഏറിയും കുറഞ്ഞും ആ ദുർബല മേനിയെ വേദന കൊണ്ട് നിറച്ചപ്പോൾ കൊച്ചു കുട്ടികളെ പോലെ അവർ വാവിട്ടു നിലവിളിച്ചു..

മരുന്നുകളുടെ ഫലപ്രാപ്തിയിൽ ആശ്വാസം കൊണ്ട് കണ്ണുതുറന്ന് കിടന്നപ്പോൾ അടുത്തെത്തിയവരോടെല്ലാം അവർ ആവോളം സംസാരിച്ചു..

ഓർമകൾ മറവി മൂടിയ മാതൃഹൃദയത്തിൽ തൊട്ട് ശുശ്രൂഷകളിൽ മുഴുകിയ മക്കളേയെല്ലാം 'ഉമ്മാ ' എന്നവർ മാറി വിളിച്ചു !

ശാരീരികാസ്വാസ്ഥ്യങ്ങളിൽ ഞെരിപിരി കൊള്ളുമ്പോഴും വേദനകളിൽ പുളയുമ്പോഴും അവരുടെ ചുണ്ടുകൾ ചലിച്ചു കൊണ്ടേയിരുന്നു;
പരീക്ഷണങ്ങളുടെ പേമാരി പെയ്യിക്കുന്ന റബ്ബിന്റെ ഖുർആൻ വചനങ്ങളാൽ...
ആരോഗ്യ കാലത്ത് ഹൃദിസ്ഥമാക്കിയ അദ്കാറുകളാൽ...

ഒടുവിൽ, വിട വാങ്ങിയിരിക്കുന്നു മറിയം എന്ന ആ മാതൃ മുഖം..

ആയുസ്സിന്റെ സായംസന്ധ്യയിൽ ദുരിതങ്ങൾ മാത്രം ഏറ്റുവാങ്ങിയ ആ മഹതി ഇനി ഓർമകളിൽ...

അവർ സ്വർഗലോകത്ത് സുഖാനുഭൂതികൾ ആസ്വദിക്കുന്നുണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം..

അവർക്കായി നമുക്ക് പ്രാർഥനകളിൽ മുഴുകാം..

സർവാധിപാ..
ഞങ്ങളുടെ ഉമ്മയുടെ പരലോക ജീവിതം നീ പരമാനന്ദകരമാക്കേണമേ.. (ആമീൻ)

No comments: