ഈ എഴുത്തുപുരയില്‍..

26 September 2017

പാലം പണിയുമ്പോൾ പാലം വലിക്കുന്നവർ

എപ്പോഴോ യാഥാർഥ്യമാകേണ്ടിയിരുന്ന എടപ്പാൾ മേൽപ്പാലം സ്വപ്നങ്ങളിൽ മാത്രം തളച്ചിടപ്പെട്ടതിനു പിന്നിൽ ചുരുക്കം ചില ദുർവാശിക്കാരുണ്ടെന്ന് പറയാതെ വയ്യ. ഗതാഗതക്കുരുക്കിൽ ഞെരിഞ്ഞമരുന്ന നഗരത്തെ നോക്കി, ജനങ്ങളെ നോക്കി രസിച്ചു ചിരിക്കുന്ന അംഗുലീപരിമിതരായ ചില ബിസിനസ് സാഡിസ്റ്റുകൾ! പൗരന്റെ വിലപ്പെട്ട സമയത്തെ പാഴാക്കിക്കളഞ്ഞ്, സഞ്ചാരസ്വാതന്ത്ര്യത്തിനു തടയിട്ട്, വികസന പ്രക്രിയകൾക്ക് നേരെ പിന്തിരിപ്പൻ ചിന്ത മുളപ്പിച്ച് നാടിനെ എന്നും പിന്നിലേക്ക് പിടിച്ചുവലിച്ച് എല്ലാം 'വെടക്കാക്കി തനിക്കാക്കുക'യാണിവർ. 

നഗരവികസനത്തെ ഒളിഞ്ഞും തെളിഞ്ഞും എക്കാലവും എത്തിർത്തു വന്ന ഇക്കൂട്ടർ കച്ചവടക്കണ്ണുമാത്രം തുറന്നു പിടിച്ച് ലാഭം മാത്രം ലാക്കാക്കുന്ന ലോബിയാണ്. സംസ്ഥാനതലത്തിൽ തന്നെ സ്വപ്ന പദ്ധതിയായ ഈ പാലത്തിന്റ നിർമാണം മൂന്നു മാസത്തിനകം  തുടങ്ങാൻ പോകുന്നുവെന്ന പുതിയ പ്രഖ്യാപനം നാട്ടുകാരെയും ഈ പ്രധാന പാതയുടെ ഗതാഗത പ്രാധാന്യം അറിയുന്നവരേയും സന്തുഷ്ഠരാക്കിയിട്ടുണ്ടെങ്കിലും മേൽ പറയപ്പെട്ടവരെ അസ്വസ്ഥരാക്കിയിട്ടുണ്ട് എന്നു വേണം കരുതാൻ!

പൊടിശല്യം പറഞ്ഞും രോഗ ദുരിതം " മുന്നറിയിപ്പ്" നൽകിയും പാലംനിർമാണത്തിൽ നിന്ന് ബന്ധപ്പെട്ടവരെ 'പാലം വലിപ്പിക്കാ'നാണ് കച്ചവട ലോബിയുടെ പുതിയ ശ്രമം. 

സാങ്കേതിക തടസ്സങ്ങളും സാമ്പത്തിക ഞ്ഞെരുക്കങ്ങളും മറികടന്ന് യാഥാർഥ്യത്തിന്റെ വക്കോളമെത്തിനിൽക്കുന്ന പദ്ധതി പൂർത്തിയാക്കാൻ സംസ്ഥാന സർക്കാറും വകുപ്പു മന്ത്രിയും പ്രാദേശിക ഭരണകൂടവും വികസനത്തെ സ്നേഹിക്കുന്ന പ്രതിപക്ഷവും ഇഛാശക്തി കാട്ടുമെന്ന് തന്നെ പ്രതീക്ഷിക്കാം..

No comments: