ഈ എഴുത്തുപുരയില്‍..

09 September 2017

ഫണം വിടർത്തുന്ന ഫാസിസം

മൂല്യങ്ങൾക്കു വേണ്ടി മോഹിച്ച ഒരു 'മഹാത്മ ' വെടിയേറ്റുവീണ വീർഭൂമിയാണിത്..

സ്വാതന്ത്ര്യത്തിനു വേണ്ടി ദാഹിച്ച ആയിരങ്ങൾ യമപുരി പുൽകിയ തെരുവാണിത്..

കരുത്തു സൂക്ഷിച്ച ഒരു പെൺനെഞ്ചകം തീതുപ്പിപ്പിളർത്തിയ നാടാണിത്..

സമഭാവനയ്ക്കായി യത്നിച്ച ഒരു രാഷ്ട്രപുത്രൻ ചിതറിത്തെറിച്ച മണ്ണാണിത്..

അവകാശങ്ങൾക്കായി മുഷ്ടി ചുരുട്ടിയ യൗവ്വനങ്ങൾ ദുരൂഹതയിൽ തിരോഭവിച്ച മണ്ണിൽ,

അവഗണനകൾക്കെതിരെ അഗ്നിയെരിച്ച തീപ്പന്തങ്ങൾ പാതിയിൽ കെട്ടുപോയ നാട്ടിൽ,

വിശുദ്ധദൈവങ്ങൾ മേയുന്ന പുൽമേടുകളിൽ വിഷം ചീറ്റിയകലുന്നുണ്ട് ഫണം വിടർത്തിയ ഫാസിസം...

കൽ ബുർഗിയും പാൻസാരെയും ധാബോൽക്കറും അഖ് ലാഖും ജുനൈദും ഒടുവിൽ, ഗൗരി ലങ്കേഷും ചില പ്രതീകങ്ങളാണ്;

അഹങ്കാരത്തിന്റെ ആകാരഭാഷയുമായി ദേശാന്തരങ്ങളിൽ ഊരുചുറ്റുന്ന ജനാധിപത്യ രാജ്യത്തെ ഒരധിപന്റെ "സ്വസ്ഥ ഭാരത " സങ്കൽപ്പത്തിലെ പ്രതിബന്ധപ്രതീകങ്ങൾ!

No comments: