ഈ എഴുത്തുപുരയില്‍..

27 August 2014

സുമതി: ഒരു സുസമ്മത ജീവിതത്തിന്റെ സ്മരണാജ്ഞലിയാണ്..

(ജീവിതത്തിൽ നിന്ന് പടിയിറങ്ങിയ സഹപ്രവർത്തകയെ കുറിച്ച് )
---------------------------------

സ്വാതന്ത്ര്യപ്പുലരിയിൽ ത്യാഗസ്മരണകൾ കൊടിയുയരുമ്പോൾ ഒരു വിദ്യാലയത്തിന്റെ സേവന മൈതാനം സായൂജ്യം വീക്ഷിച്ച്, ഹൃദയങ്ങളിൽ വിയോഗസ്മരണകൾ നെയ്തു തുടങ്ങിയിരിക്കണം അവർ..

കരളോളം സ്നേഹിച്ച കലാലയത്തിന്റെ നീളൻ വരാന്തകളിൽ ജീവിതസായാഹ്നങ്ങളെ തളച്ചിട്ട ഒരു സ്ത്രീജന്മം, അങ്ങനെയാണ്; പ്രാണനെ ഊട്ടിയ അറിവിന്റെ കേന്ദ്രത്തിൽ ആയുസ്സിന്റെ അവസാന ദിനത്തിലും ആത്മാവിനെ സമർപ്പിക്കാനെത്തി ജീവിതത്തിന്റെ പടിയിറങ്ങിപ്പോയത്...

സുമതിച്ചേച്ചി ;
പാലക്കാട് പട്ടാമ്പിക്കടുത്ത ഉള്ളനൂർ ദേശത്തെ സുമതി എന്ന മുൻസഹപ്രവർത്തകയെ സ്മരിക്കുമ്പോൾ എന്റെ ഈ അക്ഷരാജ്ഞലികളിൽ നൊമ്പരം പടരുന്നു..

മൂന്നുവർഷം മുമ്പ് , പാലക്കാട് ജില്ലയിലെ തൃത്താലക്ക് സമീപമുള്ള മുടവന്നൂർ എെഇഎസ്  ഇംഗ്ളീഷ് ഹയർസെക്കൻഡറി സ്കൂളിൽ സീനിയർ അക്കൗണ്ടന്റായി നിയമിതനാകുന്പോഴാണ് സ്കൂളിലെ സുമതി എന്ന മുതിർന്ന വ്യക്തിത്വത്തെ ഞാനടുത്തറിയുന്നത്.

വിദ്യാർഥി പരിചരണ വിഭാഗത്തിന്റെ ചുമതലയുള്ള പരിചയസന്പന്നയായ ഒരാൾക്കപ്പുറം എെഇഎസ് എന്ന വിജ്ഞാന നികേതനം പ്രദേശത്ത്  നാന്പെടുത്തതു മുതൽ അതിന്റെ വളർച്ചക്കൊപ്പം നടന്നുവന്നവർ!
ആ ജ്ഞാനസമുച്ചയത്തിന്റെ
ഓരോ നിലവാരപ്പടവിലും ചവിട്ടിക്കയറി, അവയെ ആഹ്ളാദപൂർവം നോക്കിക്കണ്ട്, വിദ്യാമൃതം നുകരാൻ അവിടെയെത്തിയ അനേകം അന്യപൈതങ്ങളെ മക്കളെപ്പോലെ മനസ്സിൽ കണ്ട് നിസ്വാർഥ സേവനം ചെയ്തു വരികയായിരുന്നു അവർ.

ഒടുവിൽ, ഒരു വേദനയായി ആ വയോധിക മാധ്യമങ്ങളിൽ വാർത്തയായത് കഴിഞ്ഞയാഴ്ചയാണ്.
ആഗസ്റ്റ് 15ന്റെ ആഘോഷപ്പുലരിയിൽ സാന്നിധ്യമറിയിച്ച് പിറ്റേന്നത്തെ പ്രത്യേക ഡ്യൂട്ടിക്കായി സ്കൂളിലെത്തി വീട്ടിലേയ്ക്ക് മടങ്ങവേ, ഈശ്വരൻ അവരെ അനശ്വരതയിലേയ്ക്ക് മടക്കിവിളിക്കുകയായിരുന്നു..

ബസ്സിറങ്ങി റോഡുമുറിച്ചു കടക്കവേ.....

ഹൃദയങ്ങളിലെല്ലാം ദുഃഖങ്ങൾ തളംകെട്ടി അവർ സ്മരണയായി മാറി..
☆☆☆

പരിചിത നാൾമുതൽ ഒരമ്മയുടെ സ്ഥാനമായിരുന്നു സുമതിച്ചേച്ചിക്ക് എന്റെ മനസ്സിൽ.
ഓഫീസിലെ ഒരുന്നത സ്ഥാനത്തിരുന്ന എനിക്ക്, തൊഴിൽപരമായി താഴെയായിരുന്ന അവരുമായി ഇടപഴകാൻ അക്കാദമിക് യോഗ്യതകളൊന്നും മതിൽകെട്ടുകളായില്ല.

നൽകി നേടുന്ന സ്നേഹബഹുമാനങ്ങളുടെ വിലയും മൂല്യവുമറിഞ്ഞാണ് അവർ സൗഹൃദങ്ങളെല്ലാം പടുത്തുയർത്തിയത്!
അങ്ങനെ, കരുതലിന്റെയും ആദരവിന്റെയും മിശ്രിത മനസ്സുമായി ഞങ്ങൾ സംവദിച്ചു..

മാനേജ്മെന്റംഗങ്ങളോട് മാത്രമല്ല, എല്ലാ അധ്യാപകരോടും അധ്യാപകേതര ജീവനക്കാരോടും സുമതി സ്നേഹത്തോടെ ഇടപഴകി. മക്കളെപ്പോലുള്ള ഇളംതലമുറക്കാരോട് അവർ ചിലപ്പോൾ കാർക്കശ്യത്തിന്റെയും ശാസനകളുടേയും ഉപദേശങ്ങൾ ഉതിർത്തപ്പോഴും മുതിർന്ന മനസ്സിന്റെ സ്നേഹസ്വരമായി അത് മാറി!

സ്കൂളിലെ തുച്ഛമായ വേതനത്തിന്റെ മേച്ചിൽപുറങ്ങളിൽ ജീവിതപ്പച്ചപ്പ് നിലനിർത്തിയപ്പോഴും തന്റെ കീഴിലുള്ള പാവപ്പെട്ട സഹപ്രവർത്തകരുടെ സന്കടം തുടയ്ക്കാനും സഹായങ്ങൾ സ്വരൂപിക്കാനും സുമതിച്ചേച്ചി മുന്നിലുണ്ടായിരുന്നു !

ഇനിയില്ല, ആ സ്നേഹസാന്നിധ്യം..

ഉണർവു പകരാൻ മൂന്നുമണി നേരം കട്ടൻചായയുമായി ഓഫീസ് കയറി വരുന്ന സേവനമുഖം..

ദേശോത്സവങ്ങളുടെ വിശിഷ്ടവിഭവങ്ങൾ തന്ന് വീരസ്യം പറയുന്ന സരസസ്വരം..

അരവണപ്പായസത്തിന്റെ അധിമധുരം കൈക്കുന്പിളിൽ വിളന്പിയ അമ്മമുഖം..

വിദ്യാലയ മുറ്റത്തെ ഞാവൽമരച്ചോട്ടിൽ ഞങ്ങളെക്കാത്തിരുന്ന സേവന സുസമ്മതത്തിന്റെ  സ്നേഹ സുമതി....
★★★

സന്തപ്ത കുടുംബത്തിൽ സമാധാനം പുലരട്ടെ..
എന്റെ എല്ലാ സഹപ്രവർത്തകർക്കുമൊപ്പം ഞാനുംi ദുഃഖങ്ങളിൽ പന്കു ചേരുന്നു.. 
മസ്ക്കത്തിലെ പ്രവാസമണ്ണിൽ നിന്ന് ആദരാജ്ഞലികൾ..

3 comments:

ajith said...

ആദരാഞ്ജലികള്‍

ബഷീർ said...

ആദരാജ്ഞലികൾ..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

സുമതി ചേച്ചിയോടുള്ള ബഹുമാനാദരം താങ്കളുടെ വരികളില്‍ നിറഞ്ഞു നില്‍ക്കുന്നു .
അവരുടെ ആത്മാവിനു ശാന്തി നേരുന്നു .