ഈ എഴുത്തുപുരയില്‍..

23 May 2014

അനുസ്മരണങ്ങളിൽ അവസാനിക്കുന്നില്ല, ആലിക്കുട്ടി ഹാജിയാർ..



ഓർമയിലെ ഒരു കാരണവരെ കുറിച്ച്..

******************************

ഒരു ഉപ്പയെ പോലെ ഉപദേശിക്കുകയും ഒരു ശിഷ്യനെ പോലെ  ശാസിക്കുകയും ഒരു അധ്യാപകനെന്ന നിലയിൽ ആദരവുകൾ നൽകുകയും ചെയ്ത ഒരു വയോധികന്റ  വേർപാട് , അദ്ദേഹത്തിന്റ ആണ്ടറുതിയോടടുത്ത സമയത്താണ് കനത്ത കദനഭാരം ചാർത്തി എന്റെ കാതിലെത്തിയത്.

തൃശ്ശൂർ- ഇരിങ്ങാലക്കുടക്ക് സമീപം താണിശേ്ശരി എന്ന കൊച്ചു ദേശത്ത് പാരന്പര്യ പ്രൗഢിയോടും മാനവിക ഹൃദയത്തോടും വിശ്വാസ വെളിച്ചത്തിന്റെ വദനശോഭയോടും കൂടി ജീവിതം സൂക്ഷിച്ച കെ.ബി. ആലിക്കുട്ടിഹാജി എന്ന വന്ദ്യ വ്യക്തിയുടെ നിര്യാണം..
കൃത്യം 17 വർഷം മുൻപ്, 18-ാം വയസ്സിൽ കോളേജ് വിദ്യാർഥിയായും ഒരു മതാധ്യാപകനായും വേഷമിട്ട് താണിശേ്ശരിയുടെ തണലിൽ യൗവനം തുടങ്ങുന്പോഴാണ് അനുസ്മരണീയനായ ആലിക്കുട്ടി ഹാജിയുമായി എന്റെ ആത്മബന്ധം.
ഏതാനും വർഷത്തെ ജീവിതത്തിനു ശേഷം ആ നാടിനോട് ഞാൻ വിട പറഞ്ഞെന്കിലും അദ്ധേഹവുമായും കുടുംബവുമായും ആ നാട്ടിലെ മറ്റു സ്നേഹജനങ്ങളോടെന്ന പോലെ ദീർഘമായ ഇടവേളകളിലാണെന്കിൽ കൂടി നല്ല ബന്ധം നിലനിർത്തിയിരുന്നു.

മഹല്ലിന്റെ കാരണവസഥാനത്ത് കാര്യപ്രാപ്തി കൊണ്ടും മിതഭാഷിത്വം കൊണ്ടും അനുകരണീയ മാതൃകയായിരുന്നു ആലിക്കുട്ടി ഹാജിയാർ.
അറേബ്യൻ ഐക്യനാടുകളിൽ മൂന്നരപ്പതിറ്റാണ്ടിലേറെ നീണ്ട  പ്രവാസജീവിതത്തിൽ നിന്ന് സ്വായത്തമാക്കിയ സ്വാധീനങ്ങൾ സാർഥകമായി ഉപയോഗപ്പെടുത്തിയാണ് ആദ്ദേഹം, പരിമിത സൗകര്യങ്ങളിൽ നിലനിന്നിരുന്ന പുരാതനമായ ജുമുഅത്ത് പള്ളി  ഔദാര്യവാനായ ഒരു അറബ് വംശജന്റെ സഹായത്തോടെ മനോഹരമായി പുനർനിർമിച്ചത്.


പള്ളിയുടെ പറന്പുമായി അതിർത്തി പന്കിടുന്ന, വിളിപ്പുറത്തുള്ള വീടായിരുന്നു അദ്ദേഹത്തിന്റേത്.


അന്ജു നേരവും പ്രാർഥനയ്ക്കായി വിളി മുഴങ്ങുന്പോൾ അദ്ദേഹം കടന്നു വരും; വീട്ടിൽ നിന്നും അംഗശുദ്ധി വരുത്തി, ഒതുക്കവും പാകവുമുള്ള ഒരു വലത്തൊപ്പി കൊണ്ട് ശിരസ്സു മറച്ച്, ഒരു എടുപ്പുള്ള നടത്തത്തോടെ..

പള്ളിയുടെ പ്രധാന കേന്ദ്രമായ മിഹ്റാബിന്റെ മധ്യ ഭാഗത്തായി വിരിച്ചിട്ട നിസ്കാരപ്പടങ്ങളിൽ ഇടതുകൈ പിറകിലേയ്ക്ക് പിടിച്ചുവച്ച്, നമ്രശിരസ്ക്കനായി പ്രാർഥനാ വചസ്സുകളുരുവിട്ടിരിക്കുന്ന ആ ആദര പൗരുഷത്തിന്റെ ആകാരം എന്റെ ഓർമയിൽ തെളിയുന്നു...
ക്രൈസ്തവരും ഹൈന്ദവരും തിങ്ങിപ്പാർക്കുന്ന താണിശ്ശേരി ദേശത്ത് മഹല്ല് മുസ് ലിംകളെ സൗഹാർദ്ധത്തിന്റെയും സ്നേഹത്തിന്റെയും ഒരുമയുടേയും സഹവർത്തിത്വങ്ങളുള്ള ഹൃദയങ്ങളായി നയിച്ചു പോന്നതിൽ ആലിക്കുട്ടി ഹാജി അനൽപ്പമായ പന്കു വഹിച്ചിട്ടുണ്ട്.
വിശ്വാസപരവും ആദർശനിഷഠവുമായ ജീവിതം ചിട്ടപ്പെടുത്തിയതോടൊപ്പം, പള്ളി പരിപാലന കാര്യങ്ങളിൽ വിഭാഗീയതയും വിരുദ്ധതയും വിതക്കാതെ സഹകരണ മനസ്ക്കതയോടെ പുരോഗമന പാതയുടെ പുതുതലങ്ങളിലേയ്ക്ക് അദ്ദേഹം ഇളം തലമുറയെ തെളിച്ചു.
താൻ ഹൃദയത്തിലേറ്റുന്ന വിശ്വാസങ്ങളെ ദൃഢപ്പെടുത്താനും മൂല്യങ്ങളെ മിനുക്കിയെടുക്കാനും ആലിക്കുട്ടി
ഹാജിയാർ എന്നും പുണ്യങ്ങളെ പുണർന്നിരുന്നു..

പണ്ഢിതരെ ആദരിക്കുന്നതിലും മതവിദ്യാർഥികളെ സൽക്കരിക്കുന്നതിലും അദ്ദേഹം കാണിച്ച ഔത്സുക്യം മാതൃകാപരമാണ്.
പ്രാർഥനക്കായി വരുന്നവർക്കും കോംബൗണ്ടിൽ സഥിതി ചെയ്യുന്ന 'രിയാളുൽ ഉലൂം മദ്രസ' യിലെ വിദ്യാർഥികൾക്കും ദാഹമകറ്റാനായി ഒരു ശുദ്ധജല വിതരണ സംവിധാനം തന്റെ വീട്ടിൽ നിന്ന് അദ്ദേഹം പള്ളിയിലേക്ക് സഥാപിച്ചു.
സ്വഭവനത്തിൽ സ്വാദിഷ്ഠമായ എന്തുണ്ടാക്കിയാലും അതിൽ ഒരു പന്കുമായി അദ്ദേഹം പള്ളിയിലേക്ക് കടന്നു വരും.
ചക്കയും ചീർനിയും (പുണ്യം കരുതി ഒരുക്കുന്ന ഭക്ഷണം)  മാംബഴവും മധുര പലഹാരങ്ങളും... പിന്നെ, അന്നൊക്കെ അന്യമായിരുന്ന അറേബ്യൻ അനുകരണങ്ങളിലുള്ള ഭക്ഷണ വിഭവങ്ങളുമെല്ലാം അതിലുണ്ടായിരുന്നു. വാത്സല്ല്യനിധിയായ ഒരുപ്പയുടെ ആഭിമുഖ്യം പോലെയാണ് അന്ന് അതൊക്കെ ഞാനാസ്വദിച്ചത്!

തന്റെ മക്കളെല്ലാം സ്നേഹത്തിലും പാരസ്പര്യത്തിലും കഴിയണമെന്ന് അതിയായി കൊതിച്ചിരുന്നു ആലിക്കുട്ടി ഹാജിയാർ.

ഒരു സന്താനത്തിന്റെ വീടുനിർമാണവുമായി ബന്ധപ്പെട്ട് ഒരിക്കൽ സംസാരിക്കവെ എന്നോട് അദ്ദേഹം പറഞ്ഞു; ''മക്കളെ അവരുടെ സ്നേഹകാലത്ത് തന്നെ പിരിക്കണം. എന്കിലേ ആ സ്നേഹം എക്കാലത്തും നില നിൽക്കൂ..''

ആ വചനപ്പൊരുളിലെ വെളിച്ചം എല്ലാ മനുഷ്യ ജീവിതങ്ങളിലേയ്ക്കുമുള്ള ചൂണ്ടു പലകയാണ്!
ഒരിക്കൽ, ഗൾഫിൽ വളർന്ന ചെറുമകന്റെ വിരൽ പിടിച്ച് എന്റെ ക്ളാസിലേക്ക് കയറിവന്ന് ആലിക്കുട്ടി ഹാജിയാർ പറഞ്ഞു ; 'ഇവനെ ഇനി മുതൽ ഇവിടെ ചേർക്കുകയാണ്. ഇവൻ മിടുക്കനാണ്. നിങ്ങൾ ഇനിയും നന്നായി പഠിപ്പിക്കണം'


അനസ് എന്നു പേരായ അന്നത്തെ ആ പേരക്കുട്ടി ഇന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ വൈദ്യശാസ്ത്ര വിദ്യാർഥിയാണ്.

അക്കാലത്തെ എന്റെ ശിഷ്യഗണങ്ങളിൽ പെട്ട അവന്റെ അനുജത്തി റമീസ ഹസ്ന ഇപ്പോൾ പാലക്കാട് എന്ജിനീയറിംഗ് പഠനം പൂർത്തീകരിക്കുന്നു!
ഓർമയുടെ ഓളങ്ങളായി എന്റെ  മനസ്സിന്റെ അക്ഷരക്കരയിലേയ്ക്ക് വരുന്നത് ആലിക്കുട്ടി ഹാജിയാർ എന്ന ആദരവ്യക്തിത്വം പരത്തിയ അനവധി അനുഭവങ്ങളുടെ തിരയടികളാണ്...
നെറ്റിയിൽ പതിഞ്ഞുകിടക്കുന്ന നിത്യപ്രാർഥനകളുടെ നിദർശനച്ഛായയും വെളുത്ത രോമങ്ങൾ വരിതീർത്ത ആ വദനകാന്തിയും ഞാനേറെ സ്നേഹിച്ച, ഞാനേറെ ആദരിച്ച, ആലിക്കുട്ടി ഹാജിയുടെ അകം പ്രകാശത്തെ പുറത്തേയ്ക്കും പ്രോജ്ജ്വലിപ്പിക്കുന്നു!
ഇനി എന്താണ് പറയേണ്ടത്..!
സന്തപ്ത കുടുംബത്തിന് സാന്ത്വനം നേരുന്നതോടൊപ്പം ആ പരലോക പ്രാപ്തന് പ്രാർഥനകളല്ലാതെ എന്നിൽ മറ്റൊന്നുമില്ല..
സർവ്വാധിപാ.. അദ്ദേഹത്തിനും ഞങ്ങൾക്കും നീ സ്വർഗം നൽകേണമേ.....

2 comments:

പട്ടേപ്പാടം റാംജി said...
This comment has been removed by the author.
പട്ടേപ്പാടം റാംജി said...

മറക്കാന്‍ കഴിയാത്ത ഇത്തരം ചില ഓര്‍മ്മകള്‍ അമൂല്യമാണ്‌.