ഈ എഴുത്തുപുരയില്‍..

28 February 2011

അടിമത്തത്തിന്‍റെ അകംവിളികള്‍

ഡയറിക്കുറിപ്പുകള്‍ ഇതുവരെ:




അന്യദേശക്കാരുടെ അധിനിവേശത്തിനു മുമ്പ് വര്‍ഷങ്ങളോളം 'സിങ്ക് സിറ്റി' എന്ന പേരിലാണ് ബൈറ അറിയപ്പെട്ടത്.
പുരാതനമായ 'സോഫാല' തുറമുഖം വികസനത്തിന് വിധേയമായപ്പോള്‍ കടല്‍ നിലകൊണ്ടിരുന്ന ചതുപ്പ് പ്രദേശത്ത് സിങ്കിനാല്‍ നിര്‍മിക്കപ്പെട്ട ആദ്യ കെട്ടിടത്തിന്‍റെ സ്മരണാര്‍ഥമായിരുന്നു  ഈ നാമകരണം.


ജന്മനാടിന്‍റെ ചൂടും ചൂരും അനുഭവേദ്യമാക്കിയ ഭൂപ്രകൃതിയും കാലാവസ്ഥയും പ്രശാന്തമായ നഗര പരിസരങ്ങളും പഴയ 'സിങ്ക് സിറ്റി'യിലെ മൊസാംബിക്കന്‍  മണ്ണില്‍ അതിവേഗം തന്നെ എന്‍റെ 'ആഫ്രിക്കന്‍പ്രവാസ'ത്തിന്‍റെ വേരുപടര്‍ത്തി.

               ഒരു ബസ്സ്റ്റാന്റ് പരിസരത്ത് അതിസുരക്ഷയോ അലങ്കാരമോ ഇല്ലാത്ത വ്യാപാര സമുച്ചയത്തിലായിരുന്നു ഞങ്ങളുടെ കമ്പനിയുടെ ശാഖ പ്രവര്‍ത്തിച്ചത്.
ഒരു 'സുക്രുസാല്‍' (Branch) എന്ന നിലയിലുള്ള ആ കടയില്‍ രാവിലെ മുതല്‍ തന്നെ നല്ല കച്ചവടത്തിരക്കാണ്. വിദേശ രാജ്യങ്ങളില്‍ വിലക്കുറവില്‍ ലഭ്യമാകുന്ന തുണിത്തരങ്ങളും മറ്റും ഇറക്കുമതി ചെയ്ത് മൊത്തമായും ചില്ലറയായും വിറ്റഴിക്കുകയായിരുന്നു അവിടെ.

നഗരത്തിലെ മാര്‍ക്കറ്റുകളിലും നിരത്തുകളിലും വെച്ചുവില്‍ക്കാനായും അകലെയുള്ള ചെറുപട്ടണങ്ങളിലും സിംബാവെ, മലാവി തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ കൊണ്ടുപോയി വിപണനം ചെയ്യാനായും സാധനങ്ങളെടുക്കാന് ‍ധാരാളം പേര്‍അവിടെയെത്തിയിരുന്നു.
യുവതീ യുവാക്കളായിരുന്നു കച്ചവടക്കാരില്‍ കൂടുതലും!

               മപ്പുട്ടോയിലെ പ്രധാന കേന്ദ്രത്തിലേയ്ക്ക് തിരിച്ചു വിളിക്കപ്പെട്ടതിനെ തുടര്‍ന്ന് മുഹമ്മദ്‌കുട്ടി പോയിക്കഴിഞ്ഞിരുന്നെങ്കിലും നിയാസ്  എന്നൊരാളുണ്ടായിരുന്നു  എനിക്ക്  കൂട്ട്. പ്രായം അമ്പത് കവിഞ്ഞ ഒരു സ്ത്രീയ്ക്ക് പുറമെ തോമസ്‌, സാന്തു, അര്‍മാന്‍ഡു എന്നിങ്ങനെ വിളിപ്പേരുള്ള മൂന്ന് സ്വദേശികളും.

വിളിക്കുമ്പോഴൊക്കെ മോണകാട്ടി ചിരിക്കുകയും എന്തിനും തയ്യാറായി ഭവ്യതയോടെ ഓടിയെത്തുകയും ചെയ്യുന്ന തോമസ്‌, കാബിനുള്ളിലും മറ്റു രണ്ടുപേര്‍ ഒന്നിടവിട്ട ദിനങ്ങളില്‍ കടയ്ക്ക് കാവല്‍ക്കാരായും ജോലി ചെയ്തു.


സാധനങ്ങള്‍ വാങ്ങാനെത്തുന്നവരേക്കാള്‍ ഏറെ, ഒപ്പമുള്ള ഈ ജീവനക്കാരെ 'ഇമ വെട്ടാതെ' ശ്രദ്ധിക്കലായിരുന്നു കമ്പനിയധികൃതര്‍  എന്നെയേല്‍പ്പിച്ച യഥാര്‍ത്ഥ ദൗത്യം! 
'തരം കിട്ടിയാല്‍ തസ്ക്കരന്‍മാരാ'കുമെന്ന  അനുഭവസാകഷ്യം, ബൈറയിലേക്ക് പുറപ്പെടുന്നതിന്‍റെ തലേന്ന് വരെ എന്‍റെ തലയില്‍ മാനേജര്‍ സന്നിവേശിപ്പിച്ചു കഴിഞ്ഞിരുന്നു. ആ 'ബ്രെയിന്‍ വാഷിംഗ്' എന്‍റെ ജോലിയെ കൂടുതല്‍ ജാഗ്രത്തവുമാക്കി.


               പറിച്ചു നടപ്പെട്ട പ്രവാസ ജീവിതം പതിയെ ചലിച്ചു തുടങ്ങിയെങ്കിലും ഭാഷയുടെ വൈഷമ്യങ്ങള്‍ പ്രധാന പ്രതിബന്ധങ്ങളായി നേര്‍ക്കുനേര്‍ വന്നു.പേര്‍ത്തും പേര്‍ത്തും കേട്ടിട്ടും പോര്‍ച്ചുഗീസ് ഭാഷ ഹൃദയത്തില്‍ പതിയാതെ അന്യനെ പോലെ അകന്നുനിന്നു..
മപ്പുട്ടോയില്‍ നിന്നുള്ള ഫോണ്‍ കാളുകളിലെല്ലാം മാനേജരുടെ അന്വേഷണം ഭാഷാപുരോഗതിയെ കുറിച്ചായത് കുറച്ചൊന്നുമല്ല വലച്ചതും!


അന്യഭാഷയുടെ അലകും പിടിയും കിട്ടാതെയുള്ള ജോലി തീര്‍ത്തും ദുസ്സഹമാണെന്ന്  അനുദിനം ബോധ്യപ്പെടുകയായിരുന്നു.
കടയിലെത്തുന്ന കസ്റ്റമേഴ്സ് മുഴുവന്‍ പോര്‍ച്ചുഗീസ് മാത്രമാണ് സംസാരിച്ചത്. വല്ലപ്പോഴുമെത്തുന്ന ഇന്ത്യന്‍ വംശജരുടെയും സ്ഥിതി വിഭിന്നവുമായിരുന്നില്ല. കമ്മ്യൂണിക്കേഷന്‍ പ്രശ്നം വലിയൊരു 'പാര'യാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ദിവസവും കേള്‍ക്കുന്ന വാക്കുകള്‍ ഒരു നോട്ടുബുക്കില്‍ കുറിച്ച് വെച്ചാലെന്താ എന്നൊരു ചിന്ത മനസ്സില്‍ ഉടലെടുത്തത്.

ബോന്തിയാ (Good morning)
  ബോതാര്‍ദ് (Good afternoon)
  ബോനോയിറ്റ് (Good evening)

കൂടുതലായി കാതില്‍ പതിഞ്ഞു കൊണ്ടേയിരുന്ന സമയം തിരിച്ചുള്ള ഈ അഭിവാദ്യ വചനങ്ങള്‍ മുതല്‍ എല്ലാ വാക്കുകളും ഞാന്‍ കുറിച്ചു തുടങ്ങി. തദ്ദേശിയര്‍ പരസ്പരം  കണ്ടുമുട്ടുമ്പോള്‍- കുട്ടികള്‍ പോലും സംസാരിച്ചു തുടങ്ങുമ്പോള്‍ അവരുടേതായ ഈ സമയവചനങ്ങളുടെ ഉപചാര മര്യാദകള്‍ ആദ്യം കൊണ്ടു വരുന്ന അനുഭവങ്ങള്‍ എന്നെ വല്ലാതെയാകര്‍ഷിച്ചു.
മാത്രമല്ല, നമ്മുടെ തനത് സാംസ്ക്കാരിക വാങ്ങ്മൊഴികളില്‍ സംഭവിക്കുന്ന അനുഷ്ടാലംഭാവങ്ങളെ കുറിച്ച് അത് ആലോചിതനാക്കുകയും ചെയ്തു.

സ്വന്തം നാട്ടില്‍ സഹോദരനെ അഭിവാദ്യം ചെയ്യാന്‍ പിശുക്കുന്ന 'പൈതൃക മലയാളി'യുടെ ഒരു വിരൂപ ചിത്രം സ്വന്തം മുഖത്ത് പ്രകടമാകും പോലെ തോന്നിയിരുന്നു അപ്പോഴൊക്കെ.
വിഭിന്നമായ ഭൂദേശങ്ങളിലെ സ്വത്വപരമോ മതപരമോ  ആയ സംസ്കൃതികള്‍ അവിടുത്തെ ജനസമൂഹം തലമുറകളിലേയ്ക്ക് കൈമാറിക്കൊണ്ടിരിക്കുമ്പോഴും വൈവിധ്യങ്ങളുടെ വിധാതാക്കളെന്നു
പറയപ്പെടുന്ന നാമൊക്കെ ഈ പശ്ചാത്തലത്തില്‍ എവിടെ എത്തിനില്‍ക്കുന്നുവെന്ന ചോദ്യം മനസ്സില്‍ നിറയുന്നുണ്ട്..

               എന്‍റെതായ 'കോഡു'കളിലായി നോട്ട് ചെയ്തുകൊണ്ടിരുന്ന വാക്കുകളുടെ ശരിയായ പോര്‍ച്ചുഗീസ് പദം എന്തെന്നറിയാനുള്ള അഭിവാഞ്ജ പലപ്പോഴുമുണ്ടായിരുന്നു. കടയിലെ ഏക ജീവനക്കാരിയും വയോധികയുമായ 'മാര്‍ത' യെ ഇതിനു വേണ്ടി ഞാനൊരിക്കല്‍ സമീപിച്ചു. അപ്പോഴാണ്‌ ആശ്ചര്യപ്പെടുത്തുന്ന കാര്യങ്ങള്‍ മനസ്സിലായത്‌.

ഉച്ചാരണത്തില്‍ ‍വ്യത്യാസപ്പെട്ടിരിക്കുന്നെങ്കിലും ലിപിയിലും,
കുറെയൊക്കെ വാക്കുകളിലും ഇംഗ്ലീഷ് ഭാഷയോട്  സാമ്യമുള്ളതാണ് പോര്‍ച്ചുഗീസ്! എഴുതാന്‍ ആംഗല അക്ഷരങ്ങള്‍ ഉപയോഗിക്കുമ്പോഴും നീട്ടാനും ചുരുക്കാനും അവ ചില സ്വാതന്ത്ര്യങ്ങള്‍ എടുക്കുന്നു എന്ന് മാത്രം.വാക്യങ്ങളെ (Sentence) പരസ്പരം ബന്ധിപ്പിക്കുന്ന Conjunctions  പോര്‍ച്ചുഗീസ് ഭാഷക്ക് പ്രത്യേകമായി ഉണ്ട് താനും!

(ഉദാ:- For =para, Of = de )കാവല്‍ക്കാരന്‍ എന്ന അര്‍ഥത്തില്‍ അവിടുത്തുകാര്‍ 'ഗോര്‍ദ' എന്ന് പറയുമ്പോള്‍ അത്, guard എന്ന ഇംഗ്ലീഷ് പദത്തിന്‍റെ നേരിട്ടുള്ള വായനയാണ്.

ഏഴുതിക്കൊണ്ടുള്ള ഭാഷാധ്യായനം പുരോഗതി തന്നെങ്കിലും പുതിയ ജീവിതം തന്നുകൊണ്ടിരുന്ന അനുഭവങ്ങളും ഗൃഹാതുരത്വങ്ങളും പകര്‍ത്തി വീട്ടിലേക്കയച്ച ആദ്യ കത്തില്‍ ഞാനെന്‍റെ ഭാഷാ പ്രശ്നങ്ങളും ഉള്‍ക്കൊള്ളിച്ചിരുന്നു.


ആശിച്ചു  വന്നത് സായ്പ്പിന്‍റെ ഭാഷ
ശേഷിച്ചു പോകുന്നതോ ഗാമയുടെ ഭാഷ!
ഈ ഇരുണ്ട വന്‍കരയില്‍ 
തൊണ്ട വരളുന്നു..
തരൂ.. മലയാളം തെളിനീര്‍...!

ഭാഷാ വൈഷമ്യങ്ങളുടെ ശ്വാസം മുട്ടല്‍ ഇങ്ങനെ കവിതയാക്കിയും രസകരമായി തോന്നിയ പോര്‍ച്ചുഗീസ് വാക്കുകളും അവയുടെ അര്‍ഥങ്ങളും ലിസ്റ്റ് ചെയ്തും നാട്ടിലേക്ക് വിട്ടപ്പോള്‍ നല്ല പ്രതികരണമാണ് ലഭിച്ചത്.

അലി = അവിടെ
അസി = അങ്ങനെ
സേദു = നേരത്തെ
എന്‍കുമാര്‍ = ഇസ്തിരിയിടുക
ഗലീന = കോഴി
മാനു = മാന്യന്‍
സുബീര്‍ = കയറുക
അമഞ്ഞ = നാളെ
ദിമഞ്ഞ = രാവിലെ
മലൂകു = മന്ദബുദ്ധി/വിഡ്ഢി
അമീഗു(ഗ) = കൂട്ടുകാരന്‍(രി)
അമോര്‍ = കാമുകന്‍
മഷുബോംബ്‌ = ബസ്
തുടങ്ങി ആളുകളുടെ പേരുകളോട് സാദൃശ്യമുള്ളതും അല്ലാത്തതുമായ കുറെ പദങ്ങളുണ്ടായിരുന്നു വീട്ടിലേക്കു വിട്ട ആ ലിസ്റ്റില്‍!

രസകരമെന്നു പറയട്ടെ, സ്കൂളിലും കോളേജിലും പഠിച്ചിരുന്ന കുടുംബത്തിലെ കുട്ടികള്‍ ആ പദങ്ങളൊക്കെ സഹപാഠികള്‍ക്കിടയില്‍ വിളമ്പുന്നുണ്ട് എന്നും പരിഹസിക്കാന്‍ വിളിക്കുന്നുണ്ട് എന്നൊക്കെയുള്ള വാര്‍ത്തകള്‍ വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഞാനറിഞ്ഞു!
***         ***            ***


               മപ്പുട്ടോയിലെ ആദ്യാനുഭവത്തില്‍ ചിന്തയിലാഴ്ത്തുകയും മനസ്സില്‍ വിയോജിപ്പുണ്ടാക്കുകയും ചെയ്ത ജീവനക്കാരുടെ 'ശാരീരിക പരിശോധന' ബൈറയിലും ഉണ്ടായിരുന്നു.
എന്നാല്‍, 'തൊഴില്‍ പരിശീലന'ത്തിന്‍റെ ഭാഗമായി ആ 'ഉത്തരവാദിത്തം' എന്നിലാണ് അവിടെ എത്തിയതു മുതല്‍ വന്നു ചേര്‍ന്നത്‌.

അങ്ങനെ, ഉച്ചയ്ക്കും വൈകീട്ടും എന്തെങ്കിലുമൊക്കെ ആവശ്യങ്ങള്‍ക്കായി പുറത്തേക്കയക്കുമ്പോഴും തൊഴിലാളികളെ ഞാന്‍ പരിശോധിച്ചു തുടങ്ങി.
എന്നേക്കാള്‍ പ്രായവും അതിലേറെ സാമൂഹ്യപരമായി പരിവട്ടവും ചൂടിയ പച്ചമനുഷ്യരെ കള്ളനെന്നു കല്‍പ്പിക്കുന്ന തൊലി വെളുത്തവന്‍റെ വര്‍ണ മനസ്ഥിതി, അപ്പോഴൊക്കെ എന്നെയും വല്ലാതെ ഭരിച്ചിരുന്നു. ഒപ്പം, മനുഷ്യത്വപരവും ദയാപരവുമായ ഒരു ആത്മനിന്ദയും ലജ്ജാവസ്ഥയും എന്‍റെ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ അടിഞ്ഞു കൂടുകയും ചെയ്തു..


എന്തായാലും, നവാഗതനായത് കൊണ്ടും ജോലിയുടെ ഭാഗമായതിനാലും ആ കൃത്യം നിര്‍വഹിക്കാതിരിക്കാന്‍ എനിയ്ക്ക് നിര്‍വാഹമുണ്ടയിരുന്നില്ല.
എന്നാല്‍, മനസ്സാക്ഷിക്കുത്ത് വല്ലാതെയനുഭവപ്പെട്ട സന്ദര്‍ഭങ്ങളിലെല്ലാം കര്‍ശനമായ പരിശോധനകള്‍ ഒഴിവാക്കി അവരെ ഞാന്‍ പുറത്തേക്കയക്കുമായിരുന്നു. കളങ്കമേല്‍ക്കാത്ത കര്‍മകുശലതയോടെ തോളോടുതോള്‍ ചേര്‍ന്ന് പണിയെടുത്തിരുന്ന 'തോമ' യേയും 'സാന്തു'വിനെയും അങ്ങനെയാണ് അവരുടെ അഭിമാനക്ഷതങ്ങളില്‍ നിന്ന് ഞാന്‍ മോചിതരാക്കിയത്.

               അപ്പോഴും അവരെന്നെ 'പത്രാവു റഫീഖ്' എന്നാണ് വിളിച്ചത്.
ബൈറയില്‍ കാല്‍ കുത്തിയ നാള്‍ മുതല്‍ കേട്ടു തുടങ്ങിയിരുന്നു ഈ വിളി. എന്നാല്‍, ദിവസങ്ങള്‍ ഏറെയായിട്ടും എനിക്കറിയുമായിരുന്നില്ല ഈ വിളിയുടെ അര്‍ഥം.
എന്തെങ്കിലുമൊക്കെ ആവശ്യങ്ങള്‍ക്കായി എങ്ങനെ അവരോടൊക്കെ
നിര്‍ദേശിച്ചാലും 'പത്രാവു' എന്ന് ആദ്യം പ്രതിവചിച്ച അവരുടെ മുഖം, അടിമത്തത്തിന്‍റെ നുകം എടുത്തു മാറ്റപ്പെട്ടവന്‍റെ അകം പോലെ ആഹ്ലാദകരമായി അനുഭവപ്പെട്ടിരുന്നില്ല.
നീണ്ട നാല് നൂറ്റാണ്ടുകാലം കോളനി ഭരണത്തിന്‍റെ കെടുതികളിലമര്‍ന്നു  കഴിഞ്ഞ ഒരു ജനത, വീറുറ്റ പോരാട്ട വഴികളിലൂടെ സ്വാതന്ത്ര്യത്തിന്‍റെ ശുദ്ധവായു
തിരിച്ചു പിടിച്ചെങ്കിലും തലമുറകളിലൂടെ ഒലിച്ചിറങ്ങിയ വൈദേശികമായ വിധേയത്വങ്ങളും പാരതന്ത്ര്യത്തിന്‍റെ പരാശ്രയ ഭാവങ്ങളും  അന്നും അവരുടെ കുഴിഞ്ഞ കണ്ണുകളില്‍ ഞാന്‍ കണ്ടു.

ചുരുണ്ട മുടിയും ഇരുണ്ട ചര്‍മവുമില്ലാത്ത  ഏതൊരു  വിദേശിയെ  പോലും, തൊഴിലുടമയോ അല്ലയോ എന്ന് പരിഗണിക്കാതെ മുതലാളി എന്ന അര്‍ഥത്തില്‍ അവര്‍ 'പത്രാവു' എന്ന് വിളിച്ചപ്പോള്‍ 
അതിജീവനത്തിന്‍റെ നാണ്യം തേടി അന്യദിക്കുകളില്‍ നിന്നെത്തിയ എന്നെ പോലുള്ള സാധാരണക്കാരന്‍ പോലും മൊസാംബിക്കന്‍ മനുഷ്യന്‍റെ മനസ്സില്‍ ‍സമ്പന്നതയുടെയോ കാരുണ്യത്തിന്‍റെയോ  ആള്‍ രൂപമായി 
അടയാളപ്പെട്ടു കാണണം.


               അതെ, ആഞ്ഞാപിച്ചാലും ആക്രോശിച്ചാലും അധിക്ഷേപിച്ചാല്‍  പോലും  മുഖത്തുനോക്കിയുള്ള 'പത്രാവു' പ്രതിവചനങ്ങളില്‍ ആ നീഗ്രോ ജന്മങ്ങള്‍ കരുതി വെച്ചത്, കൂരയില്‍ കാത്തിരിക്കുന്ന തന്‍റെ
കുരുന്നുകള്‍ക്കായുള്ള ഒരു നേരത്തെ അന്നത്തിന്‍റെ 'സഹ്യത' യായിരുന്നുവെന്നതാണ്‌ സത്യം!

(അവസാനിച്ചില്ല)

18 comments:

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ബോതാര്‍ദ്..
സേദു അലി മാനു-വായി ജോലിചെയ്തിട്ടും 'പത്രാവു'ആവാന്‍ താങ്കള്‍ക്ക് കഴിഞ്ഞില്ലല്ലോ.
മലയാള ഭാഷയുടെ മാദകഭംഗി പ്രസരിപ്പിച്ച വരികളിലൂടെ മൊസാംബിക്കിന്റെ അവസ്ഥയെ വരച്ചുകാട്ടി.
ഒപ്പം,ഒരു നാടന്‍ പ്രവാസിയുടെ ഗൃഹാതുരത്വവും.

mini//മിനി said...

വായിച്ചിട്ട് മതിയാവുന്നില്ല. ഇനി സെയ്‌വ് ചെയ്ത് വായിക്കും. മനോഹരമായ ശൈലി.

Anonymous said...

Bonoite Patrao, esta andar isto?
'Patrakkanmarude' full story koduthekkalle, pinne ippol avaril kanunnathonnum avarudethalla ketto
90% anukarichathanu portuguese karil ninnum. Real culture (cultura) v can c where they live in rural areas (mato).
adutha postinayi estou estirar

pallikkarayil said...

ആസ്വാദ്യകരം.

തുടരുക.

പട്ടേപ്പാടം റാംജി said...

കുറച്ച് വരികളിലൂടെ എങ്കിലും മൊസാംബിക്കിന്റെ ഇന്നത്തെ മനസ്സ്‌ വരച്ചത് നന്നായി. മലയാള പേരുകള്‍ക്ക് സാമ്യമായ വാക്കുകള്‍ രസമായി തോന്നി.അവസാനത്തെ പത്രാവു മാത്രം മതിയായിരുന്നു അവരെ മനസ്സിലാക്കാന്‍ എന്ന് തോന്നിപ്പിക്കും.

Sabu Hariharan said...

നന്നായി എഴുതി.
ഹൃദയസ്പർശം.

Sidheek Thozhiyoor said...

ഭാഷാശൈലി വല്ലാതെ ആകര്‍ഷിച്ചു റഫീഖ് ..നന്നായി പറയുകയും ചെയ്തു ..

അലി said...

പതിവു പോലെ മനോഹരമായി എഴുതി...
തുടർഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
പത്രാവു അലി.

Pranavam Ravikumar said...

വളരെ നനായി എഴുതി.. ഇഷ്ടപ്പെട്ടു

Anonymous said...

നല്ല വിവരണം ..ആഘർഷകമായ എഴുത്ത്,പലവാക്കുകളും കേൾക്കാൻ രസമുണ്ട്..പത്രാവു റഫീഖ് എന്ന്കേൾക്കുമ്പോൾ ഒരു പത്രാസൊക്കെയുണ്ട് ഈ ബോസ് വിളിയേക്കാൾ സുഖം തോന്നുന്നു. പ്രവാസിയുടെ നാടിനെ കുറിച്ചുള്ള ഓർമ്മകൾ വരികൾക്കിടയിലൂടെ വായിച്ചെടുക്കാൻ സാധിച്ചു.. വായനക്കാരിൽ ബൈറയുടെ ഒരു നല്ല ചിത്രം നൽകാൻ എഴുത്തിലൂടെ കഴിഞ്ഞു ആശംസകൾ..

Naushu said...

നല്ല വിവരണം ....

pallikkarayil said...

ആസ്വാദ്യകരം..
തുടരുക.

ചന്തു നായർ said...

നല്ല ഭാഷയിൽ, നല്ല അവതരണം..അറിവില്ലാത്ത കുറേകാര്യങ്ങൾ മനസ്സിലക്കാൻപറ്റി..പുതിയ കുറേ വാക്കുകളും മനസ്സിലാക്കി........ അനുമോദനങ്ങൾ

yousufpa said...

നാടും അനുഭവങ്ങളും നന്നായി അവതരിപ്പിച്ചു. നന്ദി റഫീഖ്.

ഒരു യാത്രികന്‍ said...

വളരെ ഹൃദ്യമായ രചന. ഏറെ ഇഷ്ടമായി.....സസ്നേഹം

Unknown said...

നല്ല ഭാഷയിലൂടെ നന്നായി വിവരിച്ചു......

rafeeQ നടുവട്ടം said...

@ ഇസ്മയില്‍ കുറുമ്പടി
അതിരസകരമായി ആദ്യകമന്റ്. നന്ദി.

@ mini//മിനി
വാക്കുകളില്‍ സന്തോഷം. എനിയ്ക്കും എഴുതിയിട്ട് മതിയാവുന്നില്ല.

@ സുബൈര്‍
eao saber bem..Obrigado!

@ pallikkarayil
സന്തോഷകരം.

@ പട്ടേപ്പാടം റാംജി
ഉള്‍ക്കൊണ്ടുള്ള വായനക്ക് വളരെയധികം നന്ദി.

@ Sabu M H
പ്രോത്സാഹന വാക്കിനു നന്ദി.

@ സിദ്ധീക്ക..
പതിവു പോലെ വന്നതിനും പറഞ്ഞതിനും അതിയായ നന്ദി.

@ അലി
''പത്രാവു അലി''
അത് നല്ല രസായി!

@ Pranavam Ravikumar a.k.a. Kochuravi
@ Naushu
നന്ദി വാക്കില്‍ ഒതുക്കുന്നില്ല..

@ ഉമ്മു അമ്മാര്‍
നിറഞ്ഞ നന്ദി; അറിഞ്ഞു പറഞ്ഞതിന്!

@ ചന്തു നായർ,ആരഭി
പ്രചോദനമേകുന്ന വാക്കുകളില്‍ സന്തോഷഭരിതനാകുന്നു. നന്ദി..

@ ഒരു യാത്രികന്‍
ഇഷ്ടമായതില്‍ ഇഷ്ടം. നന്ദി

@ യൂസുഫ്പ
നന്ദി. വിശേഷങ്ങളുമായി ഇനിയും വരാം.

@ പാലക്കുഴി
വായനക്ക് നന്ദി. അനുമോദനത്തിനൊപ്പം നിരൂപണവും വേണേ..!

റഷീദ് കോട്ടപ്പാടം said...

നല്ല എഴുത്ത് റഫീക്ക്..
താങ്കളുടെ ആത്മാര്‍ഥമായ സമീപനം തന്നെയാണ് ഈ അനുഭവ സാക്ഷ്യം ഇത്രമേല്‍ മധുരമാകുന്നത്..